All Categories

Uploaded at 2 years ago | Date: 18/12/2021 10:47:46

വ്യക്തിമുദ്രകൾ 

 

                  *ഡോ. ലീന എൻ*

 

     മൂന്നു പതിറ്റാണ്ടു കാലത്തെ സർക്കാർ സേവനത്തിന് ശേഷവും കർമ്മരംഗങ്ങളിൽ ഏറെ സജീവമാണ് ഡോ. ലീന. അനീമിയ ഇറാഡിക്കേഷൻ പ്രോഗ്രാമായ അരുണിമയുടെ പറവൂരിലെ പ്രൊജക്ട് കോർഡിനേറ്റർ, കോവിഡ് കാലത്തെ ആയുർ ഹെൽപ്പ് പ്രതിനിധി, ആയുർവേദ മെഡിക്കൽ അസോസിയേഷൻ ഓഫ് ഇന്ത്യ ഭാരവാഹി എന്നീ നിലകളിൽ തൻ്റെ കഴിവുകൾ പ്രയോജനപ്പെടുത്തി വരികയാണ്. കൂടാതെ റസിഡൻസ് അസോസിയേഷൻ, ശാന്തി സമിതി, മദ്യ നിരോധന സമിതി എന്നീ സംഘടനകളിലും സജീവ സാന്നിധ്യമുണ്ട്.

      പറവൂരിലെ പ്രശസ്ത ആയുർവേദ ഡോക്ടർ  ചെറിയ പല്ലംതുരുത്ത് ശ്രീസദനത്തിൽ നാണപ്പൻ്റെയും ഡോക്ടർ കാർത്ത്യായനിയുടെയും മകളാണ്. 

ഉദയ ഫാർമസി എന്നപേരിൽ അവർ നടത്തിയിരുന്ന ആയുർവേദ ചികിത്സാ സ്ഥാപനം ഇന്നും പറവൂരിലെ മികച്ച ആയുർവ്വേദ സ്ഥാപനമാണ്. സർക്കാർ സർവീസിൽ മെഡിക്കൽ ഓഫീസർ ആയിരുന്ന ഡോ. നാണപ്പൻ സംസ്ഥാനത്തിൻ്റെ വിവിധഭാഗങ്ങളിൽ ജോലി ചെയ്തിരുന്നു. പറവൂരിലെ ആയുർവേദ ആശുപത്രിക്ക് വേണ്ടി സ്ഥലം കണ്ടെത്തുന്നതിലും ആശുപത്രി കെട്ടിടംസ്ഥാപിക്കുന്നതിലും മുൻപന്തിയിൽ നിന്ന് പ്രവർത്തിച്ചിരുന്ന ഇദ്ദേഹം ഏറെക്കാലം ഇവിടെ മെഡിക്കൽ ഓഫീസർ ആയും സേവനമനുഷ്ഠിച്ചിരുന്നു. മെഡിക്കൽ ഓഫീസർമാരുടെ സംഘടനയുടെ മുഖപത്രമായ ഫിസിഷ്യൻ മാസികയുടെ ആദ്യ എഡിറ്ററായിരുന്നു.

      മാതാപിതാക്കളിൽ നിന്നാണ് ഡോ.ലീനയ്ക്ക് ആയുർവേദത്തിലുള്ള താൽപര്യം ലഭിച്ചത്. വീട്ടിൽ ഔഷധങ്ങളുടെ നിർമ്മാണം ഉണ്ടായിരുന്നതിനാൽ മരുന്നുകളുമായി ചെറുപ്പ കാലം തൊട്ടേ അടുപ്പമുണ്ടായിരുന്നു.

     പറവൂർ ഗവ.ആയുർവേദ ആശുപത്രി സ്ഥലത്ത് പിതാവ് ധാരാളം മരങ്ങൾ വച്ചു പിടിപ്പിച്ചിരുന്നു. ഈ മരങ്ങൾ നടുന്നതിന് ഡോ. നാണപ്പൻ മക്കളെയും കൂടെ കൊണ്ടു പോകുമായിരുന്നു. മരങ്ങൾ പലതും ഇന്ന് ഇല്ലെങ്കിലും ലീന ഡോക്ടർ നട്ട കാഞ്ഞിരമരം ഇപ്പോഴും തഴച്ചു വളർന്നു നിൽക്കുന്നത് സന്തോഷകരമാണ്.  വർഷങ്ങൾക്കു ശേഷം ഇതേ സ്ഥാപനത്തിൽ ആദ്യത്തെ വിഷ സ്പെഷലിസ്റ്റ് ആയി ജോലി ചെയ്യാൻ കഴിഞ്ഞതും അഭിമാനകരം തന്നെ.

      തൃപ്പൂണിത്തുറ ആയുർവേദ കോളേജിൽ നിന്നാണ്  ബിരുദം കരസ്ഥമാക്കിയത്. വിഷചികിത്സയിൽ ഉള്ള താൽപര്യത്തെ തുടർന്ന് തിരുവനന്തപുരം ആയുർവേദ കോളേജിൽ ഉപരി  പഠനത്തിനു ചേർന്നു.  വിഷചികിത്സാ പഠനത്തിൻ്റെ ഭാഗമായി പാപ്പിനിശ്ശേരി, കോട്ടക്കൽ തുടങ്ങിയ ഇടങ്ങളിലും പരമ്പരാഗത വിഷചികിത്സകരുടെ കീഴിലും പരിശീലനം നേടിയിട്ടുണ്ട്.

      ഒറ്റപ്പാലത്താണ് ആദ്യമായി മെഡിക്കൽ ഓഫീസറായി ജോലി തുടങ്ങിയത്. പിന്നീട് കണ്ണൂർ കാസർകോട് അതിർത്തിയിലെ പെർള എന്ന കുഗ്രാമത്തിൽ. തുടർന്ന് വിഷ സ്പെഷലിസ്റ്റ് ആയി ഒറ്റപ്പാലം ,പെരുമ്പാവൂർ ,തൃശ്ശൂർ, പറവൂർ 

എന്നിവിടങ്ങളിൽ ജോലി ചെയ്തു. വർക്കലയിൽ ചീഫ് മെഡിക്കൽ ഓഫീസർ ആയും, തൊടുപുഴയിൽ സൂപ്രണ്ടായും, കൊല്ലം, മലപ്പുറം ജില്ലകളിൽ ജില്ലാ മെഡിക്കൽ ഓഫീസർ ആയും പ്രവർത്തിച്ചു.

      വർക്കല ആശുപത്രിയിൽ ജോലിയിൽ പ്രവേശിക്കുമ്പോൾ കഷായ ആശുപത്രി എന്ന പേരിൽ അറിയപ്പെട്ടിരുന്ന സ്ഥലമാണ്.  ഡോക്ടർ ചാർജെടുത്ത ശേഷം എം എൽ എ യുടെ ശ്രദ്ധയിൽപ്പെടുത്തി നിരവധി പ്രൊജക്ടുകൾ വഴി ആശുപത്രിയെ നല്ല രീതിയിൽ ഉയർത്തിക്കൊണ്ടുവരാൻ കഴിഞ്ഞത് അഭിമാനകരമായ നേട്ടമാണ്.

     ശിവഗിരി മഠത്തിനടുത്ത് ശാരദാ ഗിരിയിൽ ആയിരുന്നു താമസം. ശിവഗിരി മഠത്തിലെ ആധ്യാത്മികവും ശാന്തവുമായ അന്തരീക്ഷത്തിൽ എല്ലാദിവസവും കുറെ സമയം ചെലവഴിക്കാൻ കഴിഞ്ഞത് ജീവിതത്തിലെ ഭാഗ്യമായി കരുതുന്നു. തീർത്ഥാടന കാലത്തെ മെഡിക്കൽ ക്യാമ്പിന് രണ്ടു വർഷം നേതൃത്വം നൽകാനും കഴിഞ്ഞു.

     അലോപ്പതി സർജനായ സഹോദരൻ ഡോക്ടർ മധുവിൻ്റെ ചൈതന്യ ആശുപത്രിയിലെ ആയുർവേദ വിഭാഗം കൈകാര്യം ചെയ്തു വരുന്നുണ്ട്. പാരമ്പര്യമായി നടത്തി വരുന്ന ഉദയ ഫാർമസിയിൽ ആണ് കൂടുതൽ സമയവും ജോലി ചെയ്യുന്നത്. പറവൂരിൽ തന്നെയുള്ള ഫാർമസിയുടെ ശാഖയിൽ സഹോദരൻ ഡോ. മനോജും മറ്റൊന്നിൽ സഹോദര ഭാര്യ ഡോ. ബിന്ദുവും സേവനമനുഷ്ഠിക്കുന്നു. മകൾ ശാരികയും ബി എ എം എസ് ബിരുദം നേടിയിട്ടുണ്ട്. ഇപ്പോൾ കാനഡയിൽ ഹോസ്പിറ്റൽ അഡ്മിനിസ്ട്രേഷനിൽ ഉപരിപഠനം നടത്തുന്നു. മകൻ ശരത് ഇലക്ട്രോണിക്സ് എഞ്ചിനീയർ ആണ്.

      ഭാരതത്തിൻ്റെ തനതായ ചികിത്സാ പദ്ധതിയായ ആയുർവേദം സമഗ്ര ആരോഗ്യ രംഗത്ത് സമാനതകളില്ലാത്ത ചികിത്സാപദ്ധതിയാണെന്ന ഉറച്ച ബോദ്ധ്യത്തിലാണ് ഡോക്ടറുടെ പ്രവർത്തനങ്ങൾ. 

 

(വി ആർ നോയൽ രാജ്)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.