ആരോഗ്യം
അഭ്യംഗം ( എണ്ണതേപ്പ്)
ശരീരം മുഴുവൻ എണ്ണ തേച്ച് പിടിപ്പിക്കുന്ന രീതിയാണ് അഭ്യംഗം. നമ്മുടെ പരമ്പരാഗത വൈദ്യശാസ്ത്ര സമ്പ്രദായമായ ആയുർവേദത്തിലെ ഒരു പ്രധാന ചികിത്സ കൂടിയാണ് ഇത്. ശരീരത്തിൽ ചൂടുള്ള ഔഷധ എണ്ണകൾ പുരട്ടുന്നതും അമർത്തി തിരുമ്മുന്നതും ഇതിൽ ഉൾപ്പെടുന്നു, നിത്യജീവിതത്തിൽ നമുക്ക് തന്നെ ചെയ്യാവുന്ന അഭ്യംഗരീതികൾ ഉണ്ട്. തലയിലും ചെവികളിലും പാദങ്ങളിലും എണ്ണ തേച്ച് പിടിപ്പിക്കുന്നതാണ് ആ രീതി. എന്നാൽ പല രോഗാവസ്ഥകളിലും ശരീരം മുഴുവൻ അനുയോജ്യമായ എണ്ണകളോ കുഴമ്പുകളോ ഉപയോഗിച്ച് ഒരു നിശ്ചിത സമയമത്രയും പ്രത്യേക രീതിയിൽ ഇത് ചെയ്യേണ്ടി വരാറുണ്ട്.
രക്തചംക്രമണം മെച്ചപ്പെടുത്തുക, മാംസപേശികളുടെ ദൃഢത വീണ്ടെടുക്കുക, ശരീരത്തിന്റെ സമ്മർദ്ദം കുറയ്ക്കുക, ത്രിദോഷങ്ങൾ സന്തുലിതമാക്കുക, ശരീരത്തിന്റെ പോഷണം ക്രമീകരിക്കുക മുതലായവയാണ് ഈ ചികിത്സ ലക്ഷ്യമാക്കുന്നത്.
വൈകാരികവും മാനസികവുമായ ആരോഗ്യം മെച്ചപ്പെടുത്താനും ഇത് സഹായിക്കുന്നു.
ത്വക്കിലൂടെ ശരീരത്തിൽ നിന്ന് വിഷവസ്തുക്കളെയും മാലിന്യ ഉൽപ്പന്നങ്ങളെയും നീക്കം ചെയ്യാൻ അഭ്യംഗത്തിന് കഴിയും.എണ്ണകൾക്ക് ചർമ്മത്തെ പോഷിപ്പിക്കാനും ഈർപ്പമുള്ളതാക്കാനും മൃദുത്വവും തിളക്കവും നൽകാനും കഴിയും. മുടിയുടെ വളർച്ചയുമായി ബന്ധപ്പെട്ട ഒട്ടേറെ പ്രശ്നങ്ങൾക്ക് അഭ്യംഗം മികച്ച പ്രതിവിധിയാണ് .അഭ്യംഗം വിശ്രമകരമായ ഉറക്കം ക്രമപ്പെടുത്താൻ സഹായിക്കും.നാഡീവ്യവസ്ഥയെ ബാധിക്കുന്ന രോഗങ്ങളിൽ വളരെ വേഗം ശമനം നൽകുന്ന ചികിത്സയാണ് ഇത്.
അഭ്യംഗത്തിനായുളള എണ്ണ കുഴമ്പ്, തൈലം എന്നിവ തിരഞ്ഞെടുക്കൽ വളരെ പ്രധാനമാണ്. ഓരോ വ്യക്തിയുടേയും ശാരീരിക മാനസിക പ്രകൃതിയും രോഗാവസ്ഥകളും പരിഗണിച്ച്, സൂക്ഷ്മതയോടെ വേണം ഇത് ചെയ്യേണ്ടത്.
ശരീരത്തിന്റെ വിവിധ സ്ഥലങ്ങളിൽ പ്രത്യേകമായ വിവിധതരം തിരുമ്മൽ രീതി അവലംബിക്കുന്നതും അഭ്യംഗത്തിൽ പ്രധാനമാണ്.
വ്യക്തിയുടെ ആവശ്യങ്ങൾക്കും സാഹചര്യങ്ങൾക്കും രോഗത്തിന്റെ ദോഷാവസ്ഥകൾക്കും അനുസൃതമായിട്ടാണ് അഭ്യംഗത്തിന്റെ രീതിയും സമയദൈർഘ്യവും നിശ്ചയിക്കുന്നത്.
മസ്കുലോസ്കെലിറ്റൽ ഡിസോർഡേഴ്സ്, വിവിധതരം ആർത്രൈറ്റിസ്, ലംബാർ സ്പോണ്ടിലൈറ്റിസ്, സെർവിക്കൽ സ്പോണ്ടിലൈറ്റിസ്, ന്യൂറോളജിക്കൽ ഡിസോർഡേഴ്സ് പ്രത്യേകിച്ചും പാർക്കിൻസോണിസം, അൽഷിമേഴ്സ് (മറവിരോഗം), എക്സിമ, ഡെർമറ്റൈറ്റിസ്, സ്ട്രെസ്, ക്രോണിക് ഫാറ്റിഗ് സിൻഡ്രോം, ഫൈബ്രോമയാൾജിയ, ഉറക്കമില്ലായ്മ, ഉറക്ക തകരാറുകൾ, രക്താതിമർദ്ദം, ആസ്ത്മ, ദഹന സംബന്ധമായ തകരാറുകൾ, ആർത്തവ ക്രമക്കേടുകൾ, ഗർഭധാരണ സംബന്ധമായ പ്രശ്നങ്ങൾ, പ്രതിരോധശേഷി വൈകല്യങ്ങൾ, അകാല വാർദ്ധക്യം, കണ്ണിന്റെ ആരോഗ്യം, കാഴ്ച മെച്ചപ്പെടുത്തൽ , പലതരം തലവേദനകൾ എന്നിങ്ങനെയുളളവയ്ക്ക് ഈ ചികിത്സ വളരെ ഫലപ്രദമാണ്.
ഇത്തരം രോഗങ്ങളെ അകറ്റിനിർത്താൻ അഭ്യംഗ ചികിത്സ ആരോഗ്യ പ്രശ്നങ്ങൾ ഇല്ലാത്തവർക്കും ആയുർവേദ ഡോക്ടർമാരുടെ ഉപദേശപ്രകാരം ചെയ്യാവുന്നതാണ്.
Dr. കെ.എ. രവി നാരായണൻ BAMS, PG Dip in Journalism
kerala
SHARE THIS ARTICLE