All Categories

Uploaded at 6 days ago | Date: 25/08/2025 00:49:22

ആരോഗ്യം


ആയുർവേദത്തിലെ ആഹാര നിയമങ്ങൾ ഭാഗം -1

ആയുർവേദം ഭക്ഷണത്തിനും അത് കഴിക്കുന്ന രീതിക്കും തുല്യ  പ്രാധാന്യം നൽകുന്നു. ആരോഗ്യം നിലനിർത്തുന്നതിലും രോഗകാരണങ്ങളിലും ഭക്ഷണവും ഭക്ഷണക്രമ നിയമങ്ങളും അടിസ്ഥാന ഘടകങ്ങളാണ്. ഭക്ഷണക്രമ നിയമങ്ങൾ പാലിക്കുന്നതിലൂടെ, ഊർജ്ജസ്വലമായ ആരോഗ്യവും രോഗശമനവും സാധ്യമാവും. 
പാചകരീതികൾ, ഭക്ഷണം കഴിക്കുന്ന സ്ഥലം, ഭക്ഷണം കഴിക്കുന്ന സമയം, അനുചിതമായ ഭക്ഷണ സമയത്തിന്റെ ദോഷങ്ങൾ, രുചികരമായ ഭക്ഷണങ്ങളുടെ പരിഗണനകൾ, ഭക്ഷണത്തിനു ശേഷം ഉടൻ ചെയ്യേണ്ടതും ചെയ്തുകൂടാത്തതുമായ കാര്യങ്ങൾ, ഭക്ഷണങ്ങളുടെ ക്രമം എന്നിങ്ങനെ നിരവധി കാര്യങ്ങൾ ആയുർവേദത്തിലെ ഭക്ഷണക്രമത്തിൽ ചർച്ച ചെയ്യുന്നുണ്ട്. അവയിൽ ചിലത് മാത്രമാണ് ഇവിടെ പരാമർശിക്കുന്നത്.
പുതിയ ലോകക്രമത്തിലും ജീവിതശൈലിയിലും ബോധപൂർവ്വമോ അല്ലാതെയോ നാം തള്ളിക്കളയുന്നവയാണ് ഈ രീതികൾ എന്ന് നിസ്സംശയം പറയാം. വലിയ തത്ത്വങ്ങളെക്കാൾ ശ്രമിച്ചാൽ നമുക്കു സാധ്യമാകുന്ന ചെറിയ ചെറിയ കാര്യങ്ങളാണ് ആരോഗ്യം സംരക്ഷിക്കുന്നതിൽ വളരെ വലുത് എന്ന് നമുക്കു മനസ്സിലാവും
ചൂടോടെ കഴിക്കണം
വർദ്ധിച്ച വാതം, വർദ്ധിച്ച പിത്തം, കുറഞ്ഞ കഫം എന്നതാണ് വിശപ്പിന്‍റെ ത്രിദോഷാവസ്ഥ. ചൂടുള്ള ഭക്ഷണം കഴിക്കുന്നതിലൂടെ, വാത അനുലോമനം കൈവരിക്കപ്പെടുന്നു, പിത്തം ഉത്തേജിപ്പിക്കപ്പെടുകയും സ്രവിക്കപ്പെടുകയും ചെയ്യുന്നു. അതുവഴി അഗ്നി അല്ലെങ്കിൽ ദഹനശക്തി വർദ്ധിക്കുന്നു. ഭക്ഷണത്തിന്റെ ശരിയായ രുചി തിരിച്ചറിയുന്നതിനായി ബോധക കഫം സ്രവിക്കുന്നു. കൂടാതെ ദഹന പ്രക്രിയ ശരിയായ സമയത്ത് പൂർത്തിയാകുകയും ചെയ്യുന്നു. 
സ്നിഗ്ധമായിരിക്കണം
സ്നിഗ്ധം എന്നു പറയുന്ന ഗുണം എണ്ണ അല്ലെങ്കിൽ നെയ്യ് പോലെയുളള സ്നേഹ ദ്രവ്യങ്ങളുടെ സ്വഭാവമാണ്. അതിൽ മാത്രമല്ല  ഗോതമ്പ്, അരി പോലെയുളള  ധാന്യങ്ങൾ, വിവിധതരം പയർ വർഗ്ഗങ്ങൾ മുതലായ എല്ലാ ഭക്ഷണപദാർഥങ്ങളിലും  ഏറ്റക്കുറച്ചിലോടെ അടങ്ങിയിട്ടുളള ഒരു ഗുണമാണ്.  സ്നിഗ്ധ ദ്രവ്യങ്ങൾ ദഹനത്തേയും  പിന്നീട് നടക്കുന്ന അവസ്ഥാപാകത്തേയും പ്രോത്സാഹിപ്പിക്കുന്നു.  ചർമ്മ ആരോഗ്യം, നിറം, ശരീര ശക്തി, ഇന്ദ്രിയങ്ങളുടെ പ്രവർത്തനക്ഷമത എന്നിവയെ വർദ്ധിപ്പിക്കുകയും ചെയ്യുന്നു.
ആവശ്യമായ അളവിൽ മാത്രം കഴിക്കുക
നല്ല ആരോഗ്യം നിലനിർത്താൻ ശരിയായ അളവിൽ ഭക്ഷണം കഴിക്കണം, അത് ഒരു വ്യക്തിയുടെ ദഹനശക്തിയെ ആശ്രയിച്ചിരിക്കുന്നു. ഓരോ മനുഷ്യനും മറ്റുള്ളവരിൽ നിന്ന് ശാരീരിക മാനസിക ഘടകങ്ങളാൽ വ്യത്യസ്തനാണെന്നു ആയുർവേദം വിശ്വസിക്കുന്നു, അതിനാൽ ആവശ്യമായ ഭക്ഷണത്തിന്റെ അളവും ഓരോ വ്യക്തിക്കും വ്യത്യസ്തമായിരിക്കും. ആവശ്യമായ ഭക്ഷണത്തിന്റെ അളവ് തീരുമാനിക്കുന്നതിന്, ത്രിദോഷ സന്തുലിതാവസ്ഥയെ തടസ്സപ്പെടുത്താതെ ശരിയായ സമയത്ത് ദഹിക്കുകയും ഉപാപചയപ്രക്രിയക്ക് വിധേയമാകുകയും ചെയ്യുന്ന ഭക്ഷണത്തിന്റെ അളവ് എത്രയാണോ അത് ആരോഗ്യകരമായ അളവായി കണക്കാക്കണമെന്ന് നിർദ്ദേശിച്ചിരിക്കുന്നു. ഉചിതമായ ആഹാര മാത്രയുടെ ലക്ഷണങ്ങൾ ഇനി പറയുന്നവയാണ്. ഭക്ഷണം മൂലം വയറ്റിൽ അനാവശ്യമായ സമ്മർദ്ദം ഉണ്ടാകരുത്, ഹൃദയത്തിന്റെ ശരിയായ പ്രവർത്തനത്തിൽ തടസ്സമുണ്ടാകരുത്, പാർശ്വത്തിൽ (നെഞ്ചിന്റെ വശങ്ങളിൽ) സമ്മർദ്ദം ഉണ്ടാകരുത്, അടിവയറ്റിൽ അമിതമായ ഭാരം ഉണ്ടാകരുത്, ഇന്ദ്രിയങ്ങളുടെ ശരിയായ പോഷണം ഉണ്ടാകണം, വിശപ്പ്, ദാഹം എന്നിവയിൽ നിന്നുള്ള ആശ്വാസം ഉണ്ടാകണം, നിൽക്കുക, ഉറങ്ങുക, നടക്കുക, സംസാരിക്കുക തുടങ്ങിയ എല്ലാ പ്രവർത്തനങ്ങളിലും ആശ്വാസം അനുഭവിക്കണം. രാവിലെ കഴിക്കുന്ന ഭക്ഷണം വൈകുന്നേരത്തോടെ ദഹിക്കുകയും വൈകുന്നേരം കഴിക്കുന്ന ഭക്ഷണം പിറ്റേന്ന് രാവിലെയോടെ ദഹിക്കുകയും വേണം.
ഭക്ഷണങ്ങളിലെ പൊരുത്തക്കേട് ഒഴിവാക്കുക
'വിരുദ്ധ ഭക്ഷണക്രമം' എന്ന് വിളിക്കുന്ന ഭക്ഷണരീതിയിലെ ഈ പൊരുത്തക്കേട് പല തരത്തിലാണ്. വിരുദ്ധ ഭക്ഷണക്രമം മൂലം പല രോഗങ്ങൾ ഉണ്ടാകാം. ഭക്ഷണത്തിന്‍റെ രുചിക്കും നിറത്തിനും മാത്രം പ്രാധാന്യം നൽകുന്ന ഇന്നത്തെ ഭക്ഷണരീതിയിൽ നാം കഴിക്കുന്നത് മിക്കവാറും വിരുദ്ധാഹാരങ്ങളാണ് എന്നതിനാൽ ഉദാഹരണങ്ങൾ നിരവധിയാണ്. മീൻ, മോര്/ മത്തങ്ങ, ധാന്യങ്ങൾ/ പോത്തിറച്ചി, പാൽ/ പൈനാപ്പിൾ, തൈര്/ ചൂടുളള ചോറ്, തൈര്, മീൻ/ മോര് അങ്ങനെ നിരവധി കോമ്പിനേഷനുകൾ വിരുദ്ധമായി കണക്കാക്കപ്പെടുന്നു. പതിവായി വിരുദ്ധാഹാരം കഴിച്ചാൽ ത്വക് രോഗങ്ങളും വാത രോഗങ്ങളും വരാനുള്ള സാധ്യത കൂടും. പതിനെട്ടോളം രീതിയിൽ നാം കഴിക്കുന്ന ആഹാരം ശരീരത്തിനു വിരുദ്ധമാകാമെന്ന് ആയുർവേദം കണ്ടെത്തിയിട്ടുണ്ട്. അവയെക്കുറിച്ചു മാത്രം പിന്നീട് ചർച്ചചെയ്യാം.

Dr. കെ.എ. രവി നാരായണൻ BAMS, PG Dip in Journalism
ഫോൺ - 8301040304

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.