2017 -ലാണ് ശക്തിപദ മിശ്ര എന്ന 70 -കാരന്റെ ഭാര്യ മരിക്കുന്നത്. അയാളുടെ രണ്ട് പെൺമക്കൾ വിവാഹിതരായി ഭർത്താക്കന്മാർക്കൊപ്പമായിരുന്നു താമസം. പിന്നെയുള്ള രണ്ട് ആൺമക്കളും വേറെയായിരുന്നു താമസിക്കുന്നത്. ഏതായാലും ഭാര്യ മരിച്ചതോടെ ശക്തിപദ ആ വീട്ടിൽ തനിച്ചായി. അദ്ദേഹത്തിന്റെ തനിച്ചുള്ള ജീവിതം വളരെ കഠിനമായിരുന്നു. അതിനിടയിലാണ് അദ്ദേഹം 65 -കാരിയായ തേജസ്വിനി മണ്ഡാലിനെ കണ്ടുമുട്ടുന്നത്. നാല് വർഷം മുമ്പ് ഭർത്താവ് മരിച്ച തേജസ്വിനിയുടെ അവസ്ഥയും ശക്തിപദയുടെ ജീവിതത്തിന് സമാനമായിരുന്നു. അവരും കൂട്ടിന് ആരുമില്ലാതെ ഒരു ഏകാന്ത ജീവിതമാണ് നയിച്ചു കൊണ്ടിരുന്നത്. ഏതായാലും, കുറച്ച് ദിവസങ്ങൾക്ക് മുമ്പ് കേന്ദ്രപാദ ജില്ലയിലെ ഗോഗുവാ ഗ്രാമത്തിലുള്ള ജഗന്നാഥ ക്ഷേത്രത്തിൽ വച്ച് തനിച്ച് കഴിഞ്ഞിരുന്ന ശക്തിപദയും തേജസ്വിനിയും വിവാഹിതരായി. വളരെ ലളിതമായിരുന്നു വിവാഹ ചടങ്ങുകൾ. ക്ഷേത്രത്തിലെ പുരോഹിതരും വളരെ കുറച്ച് അയൽക്കാരുമാണ് അതിൽ പങ്കെടുക്കാൻ ഉണ്ടായിരുന്നത്. അഞ്ച് വർഷം മുമ്പ് എന്റെ ഭാര്യ മരിച്ചു. ആൺമക്കൾ രണ്ടും വേറെയാണ് താമസിച്ചിരുന്നത്. അതോടെ ഞാൻ തീർത്തും തനിച്ചായി. തനിച്ചുള്ള ജീവിതം വളരെ ബുദ്ധിമുട്ട് നിറഞ്ഞത് തന്നെ ആയിരുന്നു എന്നാണ് ശക്തിപദ പറയുന്നത്. അതിനിടെയാണ് അദ്ദേഹം തേജസ്വിനിയെ കാണുന്നത്. അവരുടെ മൂന്ന് മക്കളും വലിയ നഗരങ്ങളിൽ കൂലിപ്പണിക്കാരായിരുന്നു. തേജസ്വിനി മൺകുടങ്ങൾ വിറ്റാണ് ജീവിച്ചിരുന്നത്. തേജസ്വിനിയുടെ ജീവിതത്തെ കുറിച്ച് അറിഞ്ഞ ശക്തിപദ അവരോട് ഒരുമിച്ച് ജീവിച്ചാലോ എന്ന് അന്വേഷിക്കുകയായിരുന്നു. അവർ അത് അംഗീകരിച്ചതോടെ സമീപത്തെ ക്ഷേത്രത്തിൽ വച്ച് വിവാഹം നടത്താൻ തീരുമാനമായി. ഇരുവരുടെയും വിവാഹത്തിന്റെ ചിത്രങ്ങളും വീഡിയോകളും അധികം വൈകാതെ സാമൂഹിക മാധ്യമങ്ങളിൽ വൈറലായി.

വൈപ്പിൻ
SHARE THIS ARTICLE