All Categories

Uploaded at 4 months ago | Date: 02/12/2023 09:25:56

പരിചയം  

( *സുരേഷ് മുതുകുളം* )
                -------------------------

          *ഡോ.കെ.നിഹാദ്*

                                 ഏത് പ്രസിദ്ധീകരണത്തിൻറെ കാര്യമായാലും അതിൻറെ നിലനിൽപ് നല്ല എഴുത്തുകാരെ ആശ്രയിച്ചുകൂടെയാണ് എന്നത് കാലം തെളിയിക്കുന്ന യാഥാർഥ്യം.എഡിറ്റർ എന്ന തലപ്പൊക്കത്തിൽ ഇരുന്നാലും കൃത്യനിഷ്ഠയുള്ള എഴുത്തുകാരുടെ സഹായമില്ലെങ്കിൽ സംഗതി കുഴയും എന്നതും വാസ്തവം . 

                                    "കേരളകർഷകൻ" മാസികയുടെ എഡിറ്റർ ആയി വീണ്ടും എത്തിയപ്പോൾ എനിയ്ക്ക് ഫാം ഇൻഫർമേഷൻ ബ്യുറോയിൽ ആത്മാർഥതയും കഴിവുമുള്ള നല്ല ചില സഹപ്രവർത്തകരെ കിട്ടി എന്ന് പറഞ്ഞേ തീരൂ. നേരത്തെയും ഇതുതന്നെ ആയിരുന്നു അനുഭവം.ആദ്യ ചുമതലക്കാലത്തു എനിക്ക് പൂർണ പിന്തുണയായത് ഇപ്പോഴത്തെ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ ആയ ശ്രീമതി.ആശ .എസ് .കുമാറും സ്റ്റേറ്റ് ഹോർട്ടികൾച്ചർ മിഷനിൽ ഡെപ്യൂട്ടി ഡയറക്ടർ ആയ ശ്രീമതി.ബിന്ദു വിവേക ദേവിയും ആയിരുന്നു.ഇവരുടെ നിസ്വാർഥ സഹകരണത്തോടുകൂടിയാണ് "കേരളകർഷകൻ" മാസികയുടെ നവീകരണം എന്ന ദീർഘനാളത്തെ ആവശ്യം 2004 ൽ യാഥാർഥ്യമാക്കുന്നത്.

രണ്ടാം വരവിൽ ഇവരുടെ റോളിൽ നല്ല എഴുത്തുകാരിയും മാധ്യമപ്രവർത്തകയുമായ  ശ്രീമതി.അനിത സി .എസ് ആയിരുന്നു മാസികയുടെ എഡിറ്റോറിയൽ ചുമതലയുള്ള അസിസ്റ്റൻറ് എഡിറ്റർ.(നിലവിൽ ഫാം ഇൻഫർമേഷൻ ബ്യുറോയിൽ വീഡിയോ പ്രൊഡക്ഷൻ ചുമതലയുള്ള അസിസ്റ്റൻറ് ഡയറക്റ്റർ).ഓരോ ലക്കത്തിനും അനുയോജ്യമായ വിഷയങ്ങൾ തെരഞ്ഞെടുക്കാനും ,എഴുത്തുകാരെ കണ്ടെത്താനും ,അവരിൽ നിന്ന് സമയബന്ധിതമായി അവ എഴുതി വാങ്ങാനും ഫോളോ അപ് ജോലികളും ഒക്കെ അനിത ഭംഗിയായി നിർവഹിച്ചു പോന്നു. മാത്രമല്ല കേരളകർഷകൻ മാസികയ്ക്ക് ഒരു "ഇംഗ്ലീഷ് ഇ -ജേണൽ"ആരംഭിയ്ക്കുന്നതും ഈ കാലത്താണ്.

                             പുതിയ പുതിയ എഴുത്തുകാരിലേക്ക് ബ്യുറോയുടെ ഫോൺ കോളുകൾ അനിത മുഖേന  എത്തിക്കൊണ്ടേയിരുന്നു. ഇതൊക്കെ അനിത എൻറെകൂടെ അറിവോടെയാണ് ചെയ്യാറ് .അങ്ങനെയൊരവസരത്തിൽ അനിത ഒരു പുതിയ പേര് ഒരവസരത്തിൽഎൻറെ ശ്രദ്ധയിൽ  പെടുത്തി.പേര് എനിയ്ക്കു പുതിയത് ,പരിചയവും പോരാ ;പക്ഷെ അനിതയ്ക്ക് നന്നായറിയാം .വെള്ളായണി കാർഷിക കോളേജിൽ പഠിച്ച ആളാണ് .നന്നായി എഴുതുമെന്നും അനിത പറഞ്ഞു.അങ്ങനെ കുറച്ചുദിവസം  കഴിഞ്ഞു ലേഖനം എത്തി .മറ്റു രചനകളുടെ കൂട്ടത്തിൽ അനിത അതും എനിയ്ക്ക് തന്നു;നല്ല ശൈലിയിൽ എഴുതിയിരിക്കുന്നു ".ഈ പയ്യൻ നന്നായി എഴുതിയിരിക്കുന്നല്ലോ അനിതേ" എന്ന എൻറെ ആത്മഗതം അനിത തിരുത്തി ..ലേഖന രചയിതാവ് പയ്യനല്ല ഒരു പെൺകുട്ടിയാണെന്ന്!അന്ന് വളരെ നല്ല ശൈലിയിൽ എഴുതിയത് ഹെലിക്കോണിയ എന്ന പുഷ്‌പസുന്ദരിയെ കുറിച്ചായിരുന്നു എന്നാണോർമ.ഏകദേശം 12 വർഷം മുൻപുള്ള കഥയാണിത്.(ഇതിനൊരു അനുബന്ധം കൂടെ -"നിഹാദ്" എന്നത് അറബിഭാഷയിൽ നിന്നെത്തിയ ഒരു ജൻഡർ ന്യൂട്രൽ പദമാണ്;കരുത്തുള്ളത് ,ശക്തമായത് ,സന്തോഷം എന്നെല്ലാം ഇതിനർഥ ഭേദങ്ങളുമുണ്ട്.നിഘണ്ടു പരതിയപ്പോൾ കിട്ടിയതാണ്)

                     മറ്റൊരു മാസികയുടെ എഡിറ്റർ ചുമതലയുമായി വർഷങ്ങൾ കഴിഞ്ഞു  ഒരവസരത്തിൽ എഴുത്തുകാരെ തിരയുമ്പോഴാണ് വീണ്ടും ഇതേ വ്യക്തി ഫോക്കസിൽ വരുന്നത് ;അന്നാകട്ടെ ഇതേക്കുറിച്ചു പറഞ്ഞത് കാർഷിക സർവ്വകലാശാലയിലെ അസിസ്റ്റൻറ് പ്രൊഫസ്സറും കശുമാവ് ഗവേഷണ കേന്ദ്രം മേധാവിയുമായ ഡോ.ജലജ ടീച്ചറും. കായംകുളം കേന്ദ്ര തോട്ടവിള ഗവേഷണ സ്ഥാപനത്തിൽ നന്നായി എഴുതുന്ന ഒരു കുട്ടിയുണ്ടെന്നും അതിന് ലേഖനങ്ങൾ എഴുതിത്തരാൻ കഴിയുമെന്നും-പേര് ചോദിച്ചപ്പോൾ പറഞ്ഞതും മുൻപ് അനിത പറഞ്ഞ അതേ പേര്-"അതു താനല്ലയോ ഇത്" എന്ന ആശങ്ക നീങ്ങിക്കിട്ടി ;ഞാൻ നേരിട്ട് വിളിച്ചു -പേരിൽ ഏറെ സവിശേഷതയുള്ള ഈ പേരുകാരി -ഡോ.നിഹാദ് -"പരിചയം" പംക്തിയുടെ സെഞ്ച്വറി കഴിഞ്ഞുള്ള ആദ്യലക്കത്തിൽ വിശിഷ്ട അതിഥിയായി എത്തുകയാണ്.

സി.പി .സി .ആർ .ഐ യുടെ കായംകുളം പ്രാദേശിക കേന്ദ്രത്തിൽ ഹോർട്ടികൾച്ചർ വിഭാഗത്തിൽ സീനിയർ സയൻറ്റിസ്റ് ആണ് ഡോ.നിഹാദ് .

                      കേരളകാർഷിക സർവകലാശാലയിൽ നിന്ന് 2002 ൽ കൃഷിശാസ്ത്രത്തിൽ ബിരുദം ,2006 ൽ ഹോർട്ടികൾച്ചറിൽ ബിരുദാനന്തര ബിരുദം(രണ്ടാം റാങ്ക്),2013 ൽ പി.എച്ച് .ഡി .നിഹാദിൻറെ ജീവിതത്തിൽ വഴിത്തിരിവായത് നേരത്തെ 2009 ൽ തന്നെ നെറ്റും ഹോർട്ടികൾച്ചറൽ ഫ്ലോറികൾച്ചറിൽ എ.ആർ .എസും മൂന്നാം റാങ്കോടെ തന്നെ വിജയിച്ചു എന്നതാണ്.ഒരർഥത്തിൽ ഇതാണ് കായംകുളം സി പി സി ആർ .ഐയിൽ എത്താൻ ഇടയാക്കിയത് .കായംകുളം സ്വദേശി ആയ നിഹാദ് ഔദ്യോഗികവൃത്തി തുടങ്ങുന്നത് 2009 ൽ ഹൈദരാബാദ് നാമിൽ (എൻ .എ .ആർ .ആർ .എം ) നിന്നാണ് .തുടർന്ന് ഹോർട്ടികൾച്ചർ വിഭാഗം സയൻറിസ്റ്റ്  ആയി കായംകുളം കേന്ദ്രത്തിൽ എത്തുന്നു .എഴുത്തിലും ,പ്രഭാഷണങ്ങളിലും ,ഔദ്യോഗിക ജോലികളിലും പ്രഗത്ഭയായ നിഹാദ് നിരവധി പുരസ്കാരങ്ങളും നേടി .ഇതിൽ കാർഷിക സർവകലാശാലയുടെ മെറിറ്റ് അവാർഡ് മുതൽ ശാസ്ത്ര സാങ്കേതിക കൗൺസിലിൻറെ ഫെലോഷിപ് ,അമേരിക്കയിലെ ഇന്റർനാഷണൽ ഹെലിക്കോണിയ സൊസൈറ്റിയുടെ പുരസ്‌കാരം വരെ ഉൾപ്പെടുന്നു .കൂടാതെ വിവിധ ദേശിയ-അന്തർദേശീയ പ്രൊഫെഷണൽ ശാസ്ത്ര സംഘടനകളിൽ അംഗത്വവും .ഇതിൻറെ ഭാഗമായി ഡോ.നിഹാദ് അറിയപ്പെടുന്ന ഒരു ശാസ്ത്രവിഷയപ്രഭാഷകയുമാണ്.

                         ശ്രദ്ധേയവും പഠനാർഹവുമായ എണ്ണമറ്റ ഗവേഷണപ്രബന്ധങ്ങളുടെ ഉടമയായ ഡോ .നിഹാദ് എന്നാൽ ജനപ്രിയ ശാസ്ത്രലേഖനരചനയിൽ അഗ്രഗണ്യയുമാണ്.ഇവ രണ്ടിലും  ഒരുപോലെ ശോഭിയ്ക്കുക ,കഴിവ് തെളിയിക്കുക എന്നത് അത്ര സാധാരണമല്ല എന്നേ പറയേണ്ടു .നല്ലൊരു വായനക്കാരി കൂടെയാണ് ഈ യുവശാസ്ത്രജ്ഞ .ഗവേഷണത്തിൻറെ തിരക്കുകളിൽ മുഴുകുമ്പോഴും എഴുത്തിനെ പ്രണയിക്കുന്ന ഗവേഷക എന്ന് നിഹാദിനെ വിശേഷിപ്പിക്കാം .മലയാളത്തിലെ എല്ലാ പ്രമുഖ കൃഷിമാസികകൾ ,പത്രപംക്തികൾ എന്നിവയിലെല്ലാം നിഹാദിൻറെ ഈടുറ്റ നിരവധി രചനകൾ പ്രസിദ്ധീകരിച്ചിട്ടുണ്ട് .ചിലതൊക്കെ മികച്ച പരമ്പരകളായും.ഇനിയും നിഹാദിനെ പോലെ തികഞ്ഞ ശാസ്ത്രജ്ഞാനവും പൊതുബോധവും  ഒരുപോലെ സമന്വയിച്ച പ്രതിഭകളിൽ നിന്നും കൂടുതൽ രസകരവും വിജ്ഞാനപ്രദവും ഈടുറ്റതുമായ നിരവധി രചനകൾ ഉണ്ടാകേണ്ടിയിരിക്കുന്നു .കൃഷി ശാസ്ത്രത്തെ സംബന്ധിച്ചു ഗവേഷണവിവരങ്ങൾ അതിൻറെ യഥാർഥ ഉപയോക്താക്കളായ കർഷകരിലേക്കും കൃഷിസ്നേഹികളിലേക്കും എത്തിയ്ക്കുക എന്നതും മഹത്വമുള്ള പ്രവൃത്തി തന്നെയാണ് എന്ന കാര്യത്തിൽ രണ്ടുപക്ഷമില്ല .അതിന് ഏതുപാധിയുടെയും സഹായം തേടുകയും ചെയ്യാം.

                         പുഷ്പക്കൃഷി ,ഉദ്യാനവൃത്തി എന്നിവയോട് പ്രത്യേക പ്രതിപത്തി പുലർത്തുന്ന നിഹാദ് ,ഇടക്കാലത്തു "ഹെലിക്കോണിയ-വിസ്‌മയപുഷ്പങ്ങൾ " എന്ന പേരിൽ ഒരു ശാസ്ത്രപുസ്തകവും പ്രസിദ്ധീകരിച്ചു .ഔദ്യോഗികമായി തന്നെ തൻറെ പ്രവർത്തന മേഖലയെ കുറിച്ച് നിരവധി ക്ളാസുകളും ഡോ.നിഹാദ് കൈകാര്യം ചെയ്യുന്നുണ്ട്.ഗവേഷണം ,എഴുത്തു് ,വായന തുടങ്ങിയവയിൽ മുഴുകി ഡോ.നിഹാദ്  കായംകുളത്തു സകുടുംബം താമസം.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.