കവിത
നീളുന്ന വിരലുകൾ
ഇ ജിനൻ
അണക്കെട്ടി
നിർത്തിയതാണ് നമ്മൾ
അരുവിയായൊഴുകിയ ജലപാതയെ.
പുഴയുടെ വഴികളി
ലൊക്കെ നമ്മൾ
പുരവെച്ചു മതിൽ കെട്ടി താമസിച്ചു.
മലകളിൽ
വേരാഴ്ത്തി പന്തലിച്ച
മരമൊക്കെ നമ്മൾ മുറിച്ചു മാറ്റി
ഉരുൾപൊട്ടി
ഉരഗങ്ങൾ പോലെ മണ്ണി-
ന്നടരുകൾ താഴേക്കിഴഞ്ഞു വന്നു
ചിറകെട്ടി നിർത്തിയ
പുഴകളൊക്കെ
പ്രളയക്കടലായ് തിളച്ചു പൊന്തി.
കാക്ക കേറാത്ത
കറുത്ത പാറ-
ക്കെട്ടുകൾ കെട്ടു പൊട്ടിച്ചു വീണു.
മലയുടെ
അതിലോല മല തുളച്ച്
മറുലോകത്തേക്ക് വഴികൾ വെട്ടി.
ഉടൽ പൊട്ടി
മണ്ണിന്റെ നെഞ്ചു പൊട്ടി
ഉരുൾപൊട്ടി ഞെട്ടിത്തെറിച്ചു ലോകം.
ആരുടെ നേർക്കു നാം
വിരൽചൂണ്ടുമിപ്പോൾ?
തിരിയുന്നു വിരൽത്തുമ്പ് നമുക്ക് നേരെ.
peoms
SHARE THIS ARTICLE