All Categories

Uploaded at 1 year ago | Date: 15/07/2023 12:35:47

കോഴിക്കോട്: മലയാളത്തിന്റെ അതുല്യ കഥാകാരൻ എംടി വാസുദേവൻ നായർക്ക് ഇന്ന് 90ാം പിറന്നാൾ. ജീവിതാനുഭവങ്ങളെ, മനസ്സിന്റെ ഉലയിൽ ഊതിക്കാച്ചി, അനശ്വരമായ നിരവധി ക്ലാസിക് സൃഷ്ടികൾക്ക് ഇന്ധനമാക്കിയ അനുഗ്രഹീതനായ എഴുത്തുകാരനാണ് എംടി. വീട്ടിലും നാട്ടിലും എംടി കണ്ടുപരിചയിച്ച പല മനുഷ്യരും കഥാപാത്രങ്ങളായി ആ തൂലികയിലൂടെ പിറവിയെടുത്തു. കഥകളുടെ ഒരു കണ്ണാന്തളിപ്പൂക്കാലമായിരുന്നു എംടിയുടെ എഴുത്ത്. 


ജീവിതത്തിന്റെ നിസഹായതക്കും പ്രസാദാത്മകതക്കുമിടയിലെലോകത്തെപ്പറ്റിയാണ് അദ്ദേഹം എഴുതിയത്. വറുതിക്കും സമൃദ്ധിക്കുമിടയിലെ ജീവിതത്തിന്റെ നേർമ്മയറി‌ഞ്ഞ ബാല്യകാലത്തെപ്പറ്റിയുള്ള തീക്ഷ്ണമായ ഓർമ്മകൾ എംടിയുടെ എഴുത്തിലെ കരുത്തായി. തൊണ്ണൂറാം പിറന്നാൾ ദിനത്തിൽ സാംസ്കാരിക കേരളം എംടിക്ക് ആയുരാരോഗ്യ സൗഖ്യങ്ങൾ നേരുകയാണ്. ജീവിതപരിസരങ്ങളില്‍ നിന്ന് കാലാതിവര്‍ത്തിയായ കഥകള്‍ എംടി എഴുതിത്തുടങ്ങിയത് സ്കൂള്‍ കാലഘട്ടം മുതലാണ്. ബിരുദം നേടുമ്പോള്‍ രക്തം പുരണ്ട മണ്‍തരികളെന്ന കഥാസമാഹാരം എംടിയുടെ പേരിലുണ്ടായിരുന്നു. കാലത്തിലെ സേതുവും അസുരവിത്തിലെ ഗോവിന്ദന്‍കുട്ടിയും, രണ്ടാമൂഴത്തിലെ ഭീമനും മുന്നില്‍ മലയാള വായനാലോകം പിന്നെയും അലിഞ്ഞു. കാത്തിരിപ്പിന്‍റെ കഥ പറഞ്ഞ മഞ്ഞും, എഴുത്തിലും കടല്‍കടന്നുപോയ ഷെര്‍ലക്കുമെല്ലാം എംടിയുടെ കീര്‍ത്തിമുദ്രാകളാണ് ഇപ്പോഴും. തന്‍റെ വരുതിയില്‍ വായനക്കാരനെ നിര്‍ത്താന്‍ എഴുത്തുശൈലി തന്നെയായിരുന്നു എംടിയുടെ കൈമുതല്‍.എഴുതുക മാത്രമല്ല, എഴുത്തുകാരെ വളര്‍ത്തുകയും ചെയ്തു. ഗദ്യസാഹിത്യത്തെ ജനപ്രിയമാക്കിയ വലിയ വിപ്ലവം ആധുനിക മലയാള സാഹിത്യത്തില്‍ കൊണ്ടുവന്നത് എംടിയായിരുന്നു. പുരാണങ്ങളെ പുനരാഖ്യാനം ചെയ്ത് ഇതിഹാസമായി മാറിയ എഴുത്തുകാരനായി എംടി. മഹാമൗനത്തിന്‍റെ വാത്മീകത്തിലിരിക്കുമ്പോഴും മനുഷ്യന്‍റെ ആത്മസംഘര്‍ഷങ്ങളുടെ അടരുകള്‍ തേടുകയാണ് എംടി വാസുദേവൻ നായർ ഇപ്പോഴും.

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.