All Categories

Uploaded at 1 year ago | Date: 24/03/2023 14:03:39

പരിചയം -

*മുരളീധരൻ തഴക്കര*

              ----------------------

                                  "ആകാശവാണി" എന്ന ജനപ്രിയമാധ്യവുമായി നേരത്തെതന്നെ വളരെ അടുത്ത ഒരു ബന്ധമുണ്ടായിരുന്നു. വെള്ളായണി കാർഷിക കോളേജ് പഠനകാലത്തുതന്നെ തിരുവനന്തപുരം ഭക്തിവിലാസത്തിൽ ഇടയ്ക്കും മുറയ്ക്കും പോകാൻ അവസരങ്ങൾ ലഭിച്ചിരുന്നു; പ്രധാനമായും "യുവവാണി" പരിപാടിയിൽ ചെറുകഥകൾ അവതരിപ്പിക്കാൻ വേണ്ടിയായിരുന്നു അത്. അന്ന് കിട്ടിയ സുഹൃത്തുക്കളിൽ ചിലരായിരുന്നു ശ്രീമാന്മാർ അരുവിക്കര വിജയകുമാർ,രവീന്ദ്രൻ ചെന്നിലോട്,സതീഷ് ചന്ദ്രൻ തുടങ്ങിയവർ.ഇവരിൽ ഒരു നല്ല ഓർക്കിഡ് പ്രേമി കൂടെയായിരുന്ന ശ്രീ.രവീന്ദ്രൻ ചെന്നിലോടും,നാടകവിഭാഗം ചുമതലയുണ്ടായിരുന്ന ഒരു നല്ല നടൻകൂടെയായിരുന്ന ശ്രീ.സതീഷ് ചന്ദ്രനും ഇന്ന് ജീവിച്ചിരിപ്പില്ല.പിൽക്കാലത്തു ഫാം ഇൻഫർമേഷൻ ബ്യുറോയിൽ ജോലിയായി എത്തുമ്പോൾ മുതലായിരുന്നു ആകാശവാണിയിൽ വയലും വീടും പരിപാടിയുമായി ബന്ധപ്പെട്ട് പ്രഭാഷണങ്ങളും മറ്റും അവതരിപ്പിക്കാൻ അവസരം കിട്ടുന്നത്.1992 ആദ്യം മുതൽക്കായിരുന്നു അത്.അന്ന് ആകാശവാണിയിൽ ഫാം റേഡിയോ ഓഫീസർ ആയിരുന്ന ശ്രീ.എബ്രഹാം ജോസഫ്.പിൽക്കാലത്തു സ്റ്റേഷൻ ഡയറക്ടർ ആയ ശ്രീ.എൻ.എസ്.ഐസക്,കഥാകൃത്തായ ശ്രീ.ശശികുമാർ തുടങ്ങിയവർ  വയലും വീടും പരിപാടിയുടെ ചുമതലക്കാരായിരുന്നു.ഏതാണ്ട് ഇതേ കാലഘട്ടത്തിലാണ് മാതൃഭൂമിയുടെ കാർഷികരംഗം പംക്തിയിൽ നല്ല ഓണാട്ടുകര ഭാഷാവഴക്കത്തിൽ സ്ഥിരമായി ലേഖനങ്ങളും മറ്റും എഴുതിവരുന്ന ഒരാളുടെ പേര് ശ്രദ്ധയിൽപ്പെടുന്നത്.ഇവിടം മുതൽക്കാണ് വ്യക്തിപരമായി ഇദ്ദേഹത്തെ അറിയാനും പിന്നീട് തിരുവനന്തപുരം ആകാശവാണിയിൽ എത്തുമ്പോൾ ഒരു ചിരകാല സൗഹൃദത്തിന് വഴിതുറക്കുന്നതും;"പരിചയം" പംക്തിയുടെ ഇന്നത്തെ വിശിഷ്ട അതിഥി പ്രഗത്ഭപ്രക്ഷേപകനും എഴുത്തുകാരനും ഒക്കെയായ ബഹുമുഖപ്രതിഭ ശ്രീ.മുരളീധരൻ തഴക്കര.1992 കാലഘട്ടത്തിൽ ആകാശവാണിയിൽ കോഴിക്കോട് നിലയത്തിലാണ് പ്രിയസുഹൃത്തു മുരളി ജോലിയ്ക്കു ചേരുന്നത്.1998 ൽ മുരളി തിരുവനന്തപുരം ആകാശവാണിയിൽ എത്തുന്നത് മുതൽക്ക് തുടങ്ങുന്നു ഈ ദീർഘസൗഹൃദം.

        കേരളകാർഷിക സർവ്വകലാശാലയിൽ നിന്ന് കൃഷിശാസ്ത്ര ബിരുദധാരിയായ ശ്രീ.മുരളി കാർഷികപ്രക്ഷേപണ രംഗത്ത് തൻറെ കയ്യൊപ്പ് ചാർത്തിയാണ് 2019 ൽ ഔദ്യോഗിക ജീവിതത്തിൽ നിന്ന് വിരമിക്കുന്നത്.വയലും വീടും പരിപാടിയിൽ കാലാനുസൃതമായ നിരവധി മാറ്റങ്ങൾ വരുത്താനും അത് കർഷകഹൃദയങ്ങളിലേക്ക് കൂടുതൽ സന്നിവേശിപ്പിക്കാനും കഴിഞ്ഞു എന്നതാണ് ശ്രീ.മുരളിയുടെ ഈ രംഗത്തെ ഏറ്റവും വലിയ നേട്ടം.മുരളിയുമായുള്ള സൗഹൃദം പറയാനും എഴുതാനും ഏറെയുണ്ട്.എന്നെ പോലെ ഈ മേഖലയിൽ പ്രവർത്തിക്കുന്ന നിരവധി പേർക്ക് ഒരിക്കൽ മുരളിയെ പരിചയപ്പെട്ടു കഴിഞ്ഞാൽ  പിന്നെ എക്കാലവും ഓർമയിൽ തങ്ങുന്ന നല്ല നിമിഷങ്ങൾ മനസ്സിൽ സൂക്ഷിക്കാനുണ്ടാവും എന്ന് തീർച്ച. മൂന്നു പതിറ്റാണ്ടിലേറെ നീളുന്ന ഒരു നിതാന്ത സൗഹൃദം ചുരുക്കിയെഴുതുക എന്നത് ശ്രമകരമായ ദൗത്യമാണ്. വ്യക്തിപരമായ സൗഹൃദം എന്നതുപോലെ തന്നെ ഞാൻ ജോലി ചെയ്ത സ്ഥാപനവും മുരളിയുമായും "വയലും വീടും" വിഭാഗവുമായും ദിനംതോറും നിരന്തര ബന്ധം പുലർത്തിയിരുന്നു.അങ്ങനെ ഔദ്യോഗികമായും വ്യക്തിപരമായും സൗഹൃദം തുടരുകയായിരുന്നു. അതിന്നും അനുസ്യൂതം തുടരുന്നു എന്ന് പറയാൻ വളരെ സന്തോഷവും ചാരിതാർഥ്യവുമുണ്ട്.

         ആകാശവാണിയിൽ റെക്കോഡിങ്ങിനെത്തുന്നവർക്ക് മുരളിയുടെ തികഞ്ഞ സൗഹൃദവും ഔപചാരികതകൾ തെല്ലുമില്ലാത്ത പെരുമാറ്റവും വളരെ ഇഷ്ടപ്പെടും എന്ന കാര്യത്തിൽ സംശയമില്ല.മുരളിയുടെ മറ്റൊരു പ്രത്യേകത ആയി എനിക്ക് തോന്നിയിട്ടുള്ളത് സ്റ്റുഡിയോയിൽ വെറുതെ പ്രഭാഷണം തയാറാക്കി വായിക്കുന്നതിനേക്കാൾ എല്ലായ്‌പ്പോഴും ഇഷ്ടപ്പെട്ടിരുന്നത് സംഭാഷണ രൂപത്തിൽ അഭിമുഖം നടത്തി വിഷയത്തിൻറെ സാരാംശം വെളിപ്പെടുത്തുന്ന സവിശേഷമായ രീതിയായിരുന്നു.ഓണാട്ടുകര മൊഴിവഴക്കത്തിൽ മുരളിയുമായി സംസാരിച്ചിരിക്കുമ്പോൾ തന്നെ ഇദ്ദേഹം വിഷയവുമായി ബന്ധപ്പെട്ട് തനിക്കാവശ്യമുള്ള കാര്യങ്ങളും റെക്കോർഡ് ചെയ്തുകഴിഞ്ഞിരിക്കും.മികച്ച പ്രക്ഷേപകൻ എന്നതുപോലെതന്നെ കൃതഹസ്തനായ ഒരു എഴുത്തുകാരൻ കൂടെയാണ് ശ്രീ.മുരളി.പുസ്തകരചനയിലായാലും ലേഖനരചനയിലായാലും  മുരളിയുടെ ശൈലി തീർത്തും വ്യത്യസ്തമാണ്-നിത്യജീവിതത്തിൽ ,കാർഷികമേഖലയിൽ ഒക്കെ നമ്മുടെ പൂർവസൂരികൾ പറഞ്ഞും പ്രയോഗിച്ചും ഇപ്പോൾ പലതും വിസ്‌മൃതിയിലുമായ നിരവധി പഴമൊഴികൾ.കൃഷിയറിവുകൾ.നാടൻചൊല്ലുകൾ ഒക്കെ ശേഖരിക്കാനും സമാഹരിക്കാനും മുരളി കാട്ടുന്ന താല്പര്യം പ്രശംസനീയം എന്നേ പറയേണ്ടു.കൃഷിയിലെ നാട്ടറിവ്,ഓർമയിലെ കൃഷിക്കാഴ്ചകൾ,നാട്ടുനന്മൊഴികൾ,നന്മയുടെ നടവഴികൾ,പഴമൊഴിപ്പെരുമ,നന്മയുടെ സങ്കീർത്തനം,മായുന്ന ഗ്രാമക്കാഴ്ചകൾ,കൃഷിയുടെ നന്മപാഠങ്ങൾ തുടങ്ങി മുരളിയുടെ പുസ്തകങ്ങളെല്ലാം തന്നെ ഈ രംഗത്തെ നിധിശേഖരങ്ങൾ ആണ് എന്ന് സംശയമില്ല.ഇപ്പോൾ മുരളി കൃഷിജാഗരൺ മാസികയ്ക്കു വേണ്ടി എഴുതുന്ന "പഴമൊഴിപ്പത്തായം" എന്ന പംക്തിയും ഈ ഗണത്തിലെ രചനയാണ്‌.ഇതിനു പുറമെ വിവിധ ദിനപ്പത്രങ്ങൾ ,കേരളത്തിലെ എല്ലാ പ്രമുഖ കൃഷിമാസികകൾ എന്നിവയുടെ സ്ഥിരം പംക്തികാരനും കൂടെയാണ് പ്രിയ സുഹൃത്ത്.നാലാം ക്‌ളാസ്സിലെ മലയാളം പാഠവലിയിൽ "പത്തായം" എന്ന പാഠഭാഗവും അഞ്ചാം ക്‌ളാസ്സിലെ സി.ബി.എസ്.ഈ മലയാളം പാഠാവലിയിൽ "നാട്ടുപൂക്കൾ" എന്ന പാഠഭാഗവും മുരളിയുടെ രചനകളാണ്.

        മികച്ച പ്രക്ഷേപണപ്രവർത്തനങ്ങൾക്ക് നിരവധി പുരസ്കാരങ്ങളും ശ്രീ.മുരളിയെ തേടിയെത്തി.ഏറ്റവുംമികച്ച വയലും വീടും പരിപാടിക്കുള്ള ദേശീയ പുരസ്‌കാരം,സർക്കാരിൻറെ അംബേദ്‌കർ ശ്രവ്യ മാധ്യമ അവാർഡ്,കോട്ടയം സോഷ്യൽ സർവീസ് സൊസൈറ്റിയുടെ അവാർഡ്,ഐ.സി.എ.ആറിൻറെ തേനീച്ച വളർത്തൽ വ്യാപനത്തിനുള്ള സംസ്ഥാന മാധ്യമ പുരസ്‌കാരം.സംഗീത നാടക അക്കാഡമിയുടെ പ്രക്ഷേപണ കലയ്ക്കുള്ള അവാർഡ്,നാളീകേര വികസന ബോർഡിൻറെ വിജ്ഞാന വ്യാപനത്തിനുള്ള ദേശീയ അവാർഡ് തുടങ്ങിയവ ഇവയിൽ ചിലതുമാത്രം.

       ഔദ്യോഗികരംഗത്തുനിന്ന് പിരിഞ്ഞെങ്കിലും ഇന്നും ആകാശവാണിയുടെ വയലും വീടും എന്ന് കേൾക്കുമ്പോൾ എന്നെപ്പോലെ പരശ്ശതം ശ്രോതാക്കളുടെ മനസ്സിൽ ആദ്യം ഓടിയെത്തുന്നത് സദാ പുഞ്ചിരി തൂകുന്ന,ഓണാട്ടുകര മൊഴിവഴക്കത്തോടെ സംസാരിക്കുന്ന മുരളിയുടെ മുഖമാണ്.തൻറെ പുതിയ ചില പുസ്തകങ്ങളുടെ രചനയുമായി ഈ പ്രിയചങ്ങാതി ആലപ്പുഴ ജില്ലയിൽ തഴക്കര പോത്തന്നൂർ "കൃഷ്ണകൃപയിൽ" സകുടുംബം താമസിക്കുന്നു.

(സുരേഷ് മുതുകുളം)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.