All Categories

Uploaded at 1 year ago | Date: 13/06/2023 11:53:18

പരിചയം
           -------------------- 

*ഡോ.മേഴ്‌സിക്കുട്ടി ജോസഫ്*


                കേരളത്തിലെ മൂന്നു പ്രധാന കമോഡിറ്റി ബോർഡുകളാണ് റബ്ബർ ബോർഡ് ,കോക്കനട്ട് ഡെവലപ്മെൻറ് ബോർഡ് ,സ്പൈസസ് ബോർഡ്..ഇവ മൂന്നും മറ്റു നിരവധി ശ്രദ്ധേയമായ പ്രവർത്തനങ്ങൾ നടത്തുമ്പോഴും അതാത് വിളകളുടെ പ്രചാര പ്രവർത്തനങ്ങൾക്കും വലിയ പ്രാധാന്യം നൽകിവരുന്നു;സമാന പ്രവർത്തനസ്വഭാവമുള്ളതിനാൽ ഇവയെല്ലാമായും ഇവയിലെ പ്രഗത്ഭരായ ഉദ്യോഗസ്ഥരുമായും അടുത്ത സൗഹൃദത്തിനും ഏതാണ്ട് മൂന്നു ദശാബ്ദത്തിലേറെ പഴക്കം.

     എല്ലാവരും അതാത് മേഖലകളിൽ ഗവേഷണത്തിലും പ്രചാരണപ്രവർത്തനങ്ങളിലും അഗ്രഗണ്യർ;ഇവരൊക്കെ സുഹൃത്തുക്കളാണ് എന്ന് പറയുന്നതുതന്നെ എത്രയോ അഭിമാനകരം.

     പരസ്യമായി കേരളം "റബ്ബറളം" ആയി എന്നൊക്കെ പരിഭവം പറയുമെങ്കിലും കേരളത്തിൻറെ സാമ്പത്തികമുന്നേറ്റത്തിന് കുതിപ്പ് നൽകിയ സുവർണവിളയാണ് റബ്ബർ.കാരണം വൻകിട തോട്ടമുടമകളേക്കാൾ ചെറുകിട റബ്ബർ കർഷകർ ധാരാളം ഉണ്ട് എന്നതുതന്നെ.റബ്ബർ ബോർഡിൽ പബ്ളിസിറ്റി വിഭാഗത്തിൽ പ്രിയങ്കരനായ ബെന്നി ഉൾപ്പടെ നിരവധി സുഹൃത്തുക്കൾ;സതീഷ്‌ചന്ദ്രൻ നായർ,കെ.ജി.സതീഷ് കുമാർ എന്നിങ്ങനെ നീളുന്നു.ഇക്കൂട്ടത്തിൽ ഭാഷാ ഇൻസ്റ്റിട്യൂട്ടിലെ എൻറെ സേവനകാലത്തു് വളരെ നാളുകൾക്കു ശേഷം ഇൻസ്റ്റിട്യൂട്ടിൽ നിന്നും റബ്ബറിനെ കുറിച്ച് ഒരു പുസ്തകം പ്രസിദ്ധീകരിക്കാൻ ഞാൻ അനുവാദം നേടി;എഴുത്തുകാരൻ പ്രിയപ്പെട്ട സതീഷ് കുമാറും.സാമാന്യം നല്ല ഒരു പുസ്തകം തന്നെ പ്രസിദ്ധീകരിച്ചു.അപ്പോഴാണ് ഗ്രന്ഥകാരൻറെ ആഗ്രഹപ്രകാരം അതിൻറെ പ്രകാശനം റബ്ബർ ബോർഡിൽ വച്ച് തന്നെ നടത്താൻ തീരുമാനിക്കുന്നത്.തിളക്കമാർന്ന ഒരു ചടങ്ങിൽ വച്ച് പ്രൗഢമായ ഒരു സദസിനെ സാക്ഷിനിർത്തി പുസ്തകം പ്രകാശനം ചെയ്‌തു.എഡിറ്റർ എന്ന നിലയ്ക്ക് ഞാൻ പുസ്തക പരിചയം നടത്തി.അന്ന് റബ്ബർ ബോർഡ് ചെയർമാൻ  ആയിരുന്ന സാജൻ പീറ്റർ സാറിന് പ്രഥമകോപ്പി നൽകി പ്രകാശനവും നടത്തി.

ഈ ചടങ്ങിന് അവിടെ എത്തുമ്പോഴാണ് എൻറെ പ്രിയപ്പെട്ട ഒരു സഹപാഠിയെ അവിടെ കാണുന്നത്;റബ്ബർ ബോർഡിൽ ഉണ്ട് എന്നറിയാമെങ്കിലും പഠനാനന്തരം ആദ്യമായി കാണുന്നതും അവിടെ വച്ചാണ്; ആ വിശിഷ്ട അതിഥി ആണ് മികച്ച ശാസ്ത്രജ്ഞയായ ഡോ.മേഴ്‌സിക്കുട്ടി ജോസഫ്.

         വെള്ളായണി കാർഷിക കോളേജിൽ നിന്ന് കൃഷിശാസ്ത്രബിരുദം നേടിയതിനുശേഷം ഒരു വർഷക്കാലം മേഴ്‌സി കൃഷി വകുപ്പിൽ കൃഷി ഓഫീസർ ആയി ജോലിനോക്കി.തുടർന്നാണ്  തമിഴ്‌നാട് കാർഷിക സർവകലാശാലയിൽ നിന്ന് സോയിൽ സയൻസിൽ ബിരുദാനന്തര ബിരുദവും സോയിൽ കെമിസ്ട്രിയിൽ പി എച്.ഡിയും പൂർത്തീകരിക്കുന്നത്‌.1986 ൽ തന്നെ റബ്ബർ റിസർച്ച് ഇൻസ്റ്റിട്യൂട്ടിൽ ജൂനിയർ സയൻറ്റിസ്റ്റ് ആയി ജോലിയിൽ പ്രവേശിക്കുകയും ചെയ്‌തു.ഗവേഷണപ്രവർത്തനങ്ങളെ  കുറിച്ച് പറയുമ്പോൾ ഡോ.മേഴ്‌സി,മണ്ണിൻറെ ഭൗതിക-രാസസ്വഭാവങ്ങളെ ദീർഘകാലവിളയായ റബ്ബറുമായി പൊരുത്തപ്പെടുത്തിയെടുക്കുന്നതിലെ ശ്രമകരമായ, സൂക്ഷ്മമായ ,ക്ഷമയേറെ വേണ്ടുന്ന കാലയളവുകൾ ഓർത്തെടുക്കുന്നു.മണ്ണിൻറെ പ്രത്യേകതകളുമായി റബർ പോലെ വാണിജ്യപ്രാധാന്യമുള്ള ഒരു വിളയെ സമരസപ്പെടുത്താൻ സമയവും കാലവും കുറച്ചൊന്നും പോരാ.കാരണം പാഠപുസ്തകത്തിൽ പഠിച്ച അറിവുകളുമായി പലപ്പോഴും റബ്ബറിൻറെ വളർച്ചയെയോ പോഷകനിലവാരത്തെയോ വിളവിനെയോ ഒക്കെ തുല്യപ്പെടുത്തുക എന്നത് ഭഗീരഥപ്രയത്നം തന്നെ എന്ന യാഥാർഥ്യം.മാത്രവുമല്ല ഏകദേശം 80000 ലധികം ഉത്പന്നങ്ങളുടെ ഒരു വ്യാവസായിക അസംസ്‌കൃത വസ്തുവാണ് പ്രകൃതിദത്ത റബ്ബർ എന്നത് ഗവേഷണങ്ങളുടെ ഗൗരവം പതിന്മടങ്ങു് വർധിപ്പിക്കുകയും ചെയ്യുന്നു.തികഞ്ഞ കയ്യടക്കമുള്ള ഒരു ഗവേഷകയായ ഡോ.മേഴ്‌സി,മണ്ണിലെ പുളിരസത്തിൻറെ വിശേഷഗുണങ്ങൾ കണ്ടെത്തൽ,സൂക്ഷ്മമൂലകമായ സിങ്കിൻറെ രസതന്ത്രവും പോഷണവും ,റബ്ബർ കൃഷിയിലെ സൂക്ഷ്മമൂലക പരിപാലനം , മണ്ണിലെ സൂക്ഷ്മാണു പരിസരത്തിൻറെ രസതന്ത്രം ,മണ്ണിലെ രാസത്വരകങ്ങൾ ,സംയോജിത പോഷകപരിപാലനം തുടങ്ങിയ മേഖലകൾ കേന്ദ്രീകരിച്ചു ശ്രദ്ധേയമായ ഗവേഷണപഠനങ്ങൾ നടത്തി.അന്നോളം റബ്ബറിന് കുമ്മായം ചേർക്കേണ്ടതില്ല എന്ന ധാരണ തിരുത്തിയെഴുതാൻ മേഴ്‌സിയുടെ ഗവേഷണം ഇടയാക്കി.ശുപാർശയിൽ കുമ്മായപ്രയോഗം ആദ്യമായി ഉൾപ്പെടുത്തി!സിങ്ക് ,ബോറോൺ തുടങ്ങിയ സൂക്ഷ്മമൂലകങ്ങളുടെ കാര്യത്തിലും മേഴ്‌സിയുടെ ഗവേഷണം വഴികാട്ടിയായി.അമേരിക്കയിലെ ജോർജിയ സർവ്വകലാശാലയിലും ജർമനിയിലെ ഹോഹെൻഹെയിം സർവ്വകലാശാലയിൽ ഫെലോഷിപ്പോടെയും ഡോ.മേഴ്‌സി വിദഗ്‌ധപരിശീലനം നേടിയിട്ടുണ്ട്.കോട്ടയം എം.ജി സർവ്വകലാശാലയിൽ നിരവധി ശാസ്ത്ര വിദ്യാർഥികളുടെ ബിരുദാനന്തരബിരുദ പഠനത്തിൻറെയും -ഗവേഷണപഠനത്തിന്റെയും  ഗൈഡും ആയിരുന്നു ഡോ.മേഴ്‌സിക്കുട്ടി ജോസഫ്.

          അതിസങ്കീർണവും ശ്രമകരവുമായ ഗവേഷണവൃത്തിക്കിടയിലും നിരവധി പോപ്പുലർ ലേഖനങ്ങൾ,,അറുപതോളം ഗവേഷണ പ്രബന്ധങ്ങൾ ,വിവിധശാസ്ത്ര ഗ്രന്ഥങ്ങളിൽ അധ്യായങ്ങൾ ഇങ്ങനെ നീളുന്നു മേഴ്‌സിയുടെ എഴുത്തുവഴികൾ.കൂടാതെ "ജേണൽ ഓഫ് നാച്ചുറൽ റബ്ബർ റിസർച്ച്" എന്ന പ്രസിദ്ധീകരണത്തിൻറെ അസോസിയേറ്റ് എഡിറ്റർ ആയി ഒരു ദശാബ്ദക്കാലം പ്രവർത്തിക്കുകയും ചെയ്‌തു.പിന്നീട് "റബ്ബർ സയൻസ്" എന്ന് പുനർനാമകരണം ചെയ്‌ത ഈ ജേണലിൻറെ എഡിറ്റർ ആയി വീണ്ടും അഞ്ചു വർഷം കൂടെ പ്രവർത്തിച്ചു.ദേശിയ റബ്ബർ ഗവേഷണ സ്ഥാപനത്തിലെ ഫാക്കൽറ്റിയും ആണ് ഡോ.മേഴ്‌സി.കൂടാതെ കേന്ദ്ര മണ്ണ്-ഇല പരിശോധനശാലയുടെ പ്രവർത്തനങ്ങൾ ഏകോപിപ്പിക്കുകയും വൻകിട-ചെറുകിട തോട്ടഭേദമില്ലാതെ നിരവധി ഒരു വർഷം തന്നെ ഇത്തരം 1000-1500 ശുപാർശകൾ നൽകുക പതിവായിരുന്നു.റബ്ബറിൻറെ വളപ്രയോഗം സംബന്ധിച്ച സംശയങ്ങൾക്ക് നിരന്തരം മറുപടി നൽകിവരുന്നു.കർഷകർക്ക് യഥാസമയം റബ്ബറിന് പ്രാദേശികതലത്തിൽ തന്നെ വളപ്രയോഗ ശുപാർശ നൽകുകയും ചെയ്യുന്നു.33 വർഷത്തെ സ്തുത്യർഹമായ സേവനത്തിനു ശേഷം ഇന്ത്യൻ റബ്ബർ ഗവേഷണ സ്ഥാപനത്തിൽ നിന്ന് പ്രിൻസിപ്പൽ സയന്റിസ്റ്റ്  ആയി 2021 ൽ വിരമിച്ചിട്ടും ഡോ.മേഴ്‌സി,റബ്ബർ കർഷകരുടെ സംശയങ്ങൾക്ക് ഇന്നും മറുപടി നൽകിവരുന്നു.

തൻറെ പ്രവർത്തനമേഖലയിൽ മാതൃകാപരമായ നിരവധി ഗവേഷണനേട്ടങ്ങൾക്കുടമയായ ഡോ.മേഴ്‌സി കോട്ടയത്താണ് താമസം.

              സ്വതവേ തികഞ്ഞ സൗമ്യതയും മന്ദസ്‌മിതവും മൃദുഭാഷണവും-നാലര പതിറ്റാണ്ടിൻറെ ഇടവേളയ്ക്കു ശേഷവും മേഴ്‌സി തൻറെ മുഖമുദ്രകൾ തെല്ലും കൈമോശം വരാതെ സൂക്ഷിക്കുന്നു .

( *സുരേഷ് മുതുകുളം* )

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.