പരിചയം
-----------------------
*ഡോ.രജനി ചന്ദ്രൻ*
ഇതര ശാസ്ത്രശാഖകളുമായി താരതമ്യം ചെയ്യുമ്പോൾ ഗൃഹവിജ്ഞാന ശാസ്ത്രത്തിന് എത്രത്തോളം പ്രാധാന്യം സമൂഹം കല്പിച്ചുനൽകുന്നു എന്നറിയില്ല. എന്നാൽ എല്ലാ ശാസ്ത്ര പുരോഗതിയുടെയും നേട്ടങ്ങളുടെയും അന്തിമലക്ഷ്യം കുടുംബത്തിൻറെയും അതുവഴി സമൂഹത്തിൻറെയും നന്മയും സൗഖ്യവും ആണ് എന്ന യാഥാർഥ്യം ഓർക്കുമ്പോഴാണ് "ഗൃഹവിജ്ഞാനശാസ്ത്രം" അഥവാ "ഹോം സയൻസ്" എന്ന ശാസ്ത്ര ശാഖയ്ക്ക് അനുപമമായ പ്രാധാന്യവും പ്രസക്തിയും നമുക്ക് അനുഭവവേദ്യമാകുന്നത്. ഗഹനമായ ശാസ്ത്ര തത്വങ്ങളും സിദ്ധാന്തങ്ങളും ഒന്നുമില്ലെങ്കിൽക്കൂടിയും പഠനകാലത്തു് അത്ര ഗൗരവം തോന്നാത്ത ഈ ശാസ്ത്രശാഖയുടെ നിത്യജീവിതത്തിലുള്ള പ്രസക്തിയും പ്രാധാന്യവും തീർച്ചയായും വളരെ വലുതാണ്. ഒരർഥത്തിൽ കൃഷി ശാസ്ത്രത്തിൻറെയും മൃഗപരിപാലനത്തിൻറെയും ഉപശാഖയോ തുടർച്ചയോ തന്നെയല്ലേ ഇത് ?കാരണം ഗ്രാമപ്രദേശങ്ങളിൽ പണ്ട് പുരുഷന്മാർ കൃഷിപ്പണികളുമായി പാടത്തും പറമ്പിലും കർമ്മനിരതരാകുമ്പോൾ വീട്ടമ്മമാരായ സ്ത്രീകളാണ് ഗൃഹപരിപാലനവും ശിശുപരിപാലനവും ശിശുപോഷണവും ഒക്കെ സമർഥമായി കയ്യാളിയിരുന്നത്.കാർഷികമേഖലയിലെ വനിതാപങ്കാളിത്തം ചർച്ചചെയ്യുന്ന വേദികളിലെല്ലാം വനിതകളുടെ വേറിട്ട ഈ പ്രവർത്തനങ്ങൾ ചർച്ചയാകാറുമുണ്ട്. ഇവിടെയുമുണ്ട് ഗൃഹവിജ്ഞാന ശാസ്ത്രത്തിൻറെ ഒരു അദൃശ്യസ്പർശം.ഇതുതന്നെയാണ് ഈ ശാസ്ത്രശാഖയുടെ പെരുമയും.
ഗൃഹവിജ്ഞാന ശാസ്ത്രത്തിൽ അഗ്രഗണ്യയായ ഒരു വനിതയാണ് അധ്യാപികയും എഴുത്തുകാരിയും ഈ മേഖലയിലെ ഗവേഷകയുമായ ഡോ.എം.രജനി."രജനി ചന്ദ്രൻ" എന്ന തൂലികാനാമത്തിൽ നിരവധി ലേഖനങ്ങളും പുസ്തകങ്ങളും രചിച്ച ,നിരവധി പ്രക്ഷേപണ-സംപ്രേഷണ പരിപാടികളിൽ പങ്കെടുത്ത ഡോ.രജനി ചന്ദ്രൻ.
രജനി ടീച്ചർ എനിക്ക് പരിചിതയായിട്ട് ഏകദേശം രണ്ടര പതിറ്റാണ്ട് കഴിയുന്നു.വളരെ സൗമ്യയായ വ്യക്തിത്വം;സംസാരത്തിലും പെരുമാറ്റത്തിലും എല്ലാം വേറിട്ട ഈ സൗമ്യത തെളിഞ്ഞു കാണാം.വെള്ളായണി കാർഷിക കോളേജിൽ ദീർഘനാൾ ,ഏകദേശം 24 വർഷം ടീച്ചർ ഹോം സയൻസ് വിഭാഗത്തിൽ അദ്ധ്യാപിക ആയിരുന്നു.എൻറെ ബാച്ച് കൃഷിബിരുദധാരികൾ 1982 ൽ പഠിച്ചിറങ്ങി നാലു വർഷം കൂടെ കഴിഞ്ഞാണ് ഡോ.രജനി കോളേജിൽ എത്തുന്നത്.അതുകൊണ്ടുതന്നെ ടീച്ചറെ എനിക്ക് കോളേജിൽ വച്ച് പരിചയമില്ല.എങ്കിലും എഴുത്തിൻറെ വഴികളിലൂടെയുള്ള സഞ്ചാരത്തിനിടയ്ക്ക് ടീച്ചറെ പരിചയപ്പെടാനിടയായി.അതിന്നും തുടരുന്നു.യാതൊരു ഔപചാരികതകളും കാട്ടാതെ ടീച്ചർ പലപ്പോഴും ആവശ്യമനുസരിച്ചു നിരവധി നല്ല ലേഖനങ്ങൾ കേരളകർഷകൻ മാസികയ്ക്ക് എഴുതി തന്നിരുന്നത് ഓർക്കുന്നു.
തിരുവനന്തപുരം സ്വദേശിയാണ് രജനി ടീച്ചർ.ഹോളി എയ്ഞ്ചേൽസ് കോൺവെന്റിലും കോട്ടൺ ഹിൽ സ്കൂളിലും തിരുവനന്തപുരം വിമെൻസ് കോളേജിലുമായി ആദ്യകാല പഠനം.പ്രീ ഡിഗ്രിയും ഡിഗ്രിയും വിമെൻസ് കോളജിൽ ;മദ്രാസ് യൂണിവേഴ്സിറ്റിയുടെ അവിനാശലിംഗം ഹോം സയൻസ് കോളേജിൽ സ്കോളർഷിപ്പോടെ ഹോം സയൻസ് എക്സ്റ്റൻഷൻ ബിരുദാനന്തര പഠനം;ഗാന്ധിഗ്രാം റൂറൽ യൂണിവേഴ്സിറ്റിയിൽ നിന്ന് ഹോം സയൻസ് എക്സ്ടെൻഷനിൽ പി .എച്ച് .ഡി ; കൂടാതെ ന്യൂട്രിഷൻ ആൻഡ് ഡയറ്റെറ്റിക്സ് മാനേജ്‌മെന്റിൽ പി .ജി ഡിപ്ലോമയും കേരള സർവകലാശാലയിൽ നിന്ന് ജർമൻ സർട്ടിഫിക്കറ്റും ജർമൻ ഡിപ്ലോമയും.തിരുവനന്തപുരം വിമൻസ് കോളേജിൽ ഒരു വർഷം ഹോം സയൻസ് അദ്ധ്യാപിക ;നാലുവർഷക്കാലം മിത്രാനികേതൻ കൃഷി വിജ്ഞാന കേന്ദത്തിൽ ട്രെയിനിങ് അസോസിയേറ്റ് ;തുടർന്ന് വെള്ളായണി കാർഷിക കോളേജിലേക്ക്.2012 ജൂൺ മാസം അസോസിയേറ്റ് പ്രൊഫസർ ആയി വിരമിക്കുന്നതുവരെ ഇവിടെ അധ്യാപികയായിരുന്നു.മികച്ച എഴുത്തുകാരി കൂടെയായ ഡോ.രജനി ഗവേഷണ പ്രബന്ധങ്ങൾക്കു പുറമെ ആറു പുസ്തകങ്ങൾ ,അറുപതോളം ജനപ്രിയലേഖനങ്ങൾ ,വിവിധ പുസ്തകങ്ങളിലായി പന്ത്രണ്ടോളം അധ്യായങ്ങൾ ,എന്നിവ രചിച്ചു.ആകാശവാണി ,ദൂരദർശൻ ,കൈരളി ,സൂര്യ എന്നിവയ്ക്ക് വേണ്ടി നിരവധി പരിപാടികൾ തയാറാക്കി അവതരിപ്പിച്ചു.മികച്ച വിവർത്തക കൂടെയാണ് ടീച്ചർ.യൂണിസെഫിനു വേണ്ടി ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്കും തമിഴിലേക്കും വിവർത്തനങ്ങൾ ചെയ്‌തിട്ടുണ്ട്.വേൾഡ് ബാങ്ക് ,കോമൺ
വെൽത്ത് ഓഫ് ലേണിങ് എന്നിവർക്കു വേണ്ടിയും നിരവധി വിവർത്തനങ്ങൾ ചെയ്തിരുന്നു.നവസാക്ഷരർക്കു വേണ്ടി ഡോ.രജനി തയാറാക്കിയ പുസ്തകങ്ങൾ ഏറെ ശ്രദ്ധേയമാണ്.കൂടാതെ ഹോം സയൻസ് അസോസിയേഷൻ ഓഫ് ഇന്ത്യ ,ഭാരത് കർഷക സമാജ് ,കേരള സ്റ്റേറ്റ് ചൈൽഡ് വെൽഫെയർ കൗൺസിൽ എന്നിവയിൽ ആജീവനാന്ത അംഗമാണ്.
ഹോം സയൻസിനോട് ഇത്ര താൽപര്യം ഉണ്ടാകാനുള്ള കാരണം തിരക്കിയപ്പോൾ ടീച്ചർ തൻ്റെ മാതാപിതാക്കൾ ഇതിനു നൽകിയ പ്രോത്സാഹനമാണ് ഓർത്തെടുത്തത് ;ചെറുപ്പത്തിൽ തന്നെ ഈ ശാസ്ത്ര ശാസ്ത്രശാഖയോട് തോന്നിയ പ്രത്യേക താൽപര്യം പിന്നീട് തുടർപഠനത്തിനും ഗവേഷണത്തിനും അധ്യാപനത്തിനും ഒക്കെ മുഖ്യപ്രേരകമായി,വിരമിച്ചതിനു ശേഷവും ഡോ.രജനി ചന്ദ്രൻ ഈ ശാസ്ത്രശാഖയുമായി ബന്ധപ്പെട്ട നിരവധി സംഘടനകളിൽ അംഗമായി സജീവം പ്രവർത്തിക്കുന്നു.വിവിധ തരം പഴവർഗങ്ങളിൽ നിന്നും പച്ചക്കറികളിൽ നിന്നും സ്വാദും മേന്മയും മൂല്യവുമുള്ള മികച്ച ഉൽപന്നങ്ങൾ നിരന്തരം തയാറാക്കുന്ന ,തയാറാക്കാൻ ഇഷ്ടപ്പെടുന്ന ഡോ.രജനി ചന്ദ്രന് ഏറ്റവും ഇഷ്ടപ്പെട്ട വിഷയം ഏത് എന്ന് ചോദിച്ചാൽ ഉത്തരം ഒന്നുമാത്രം ...."ഫുഡ് പ്രോസസിങ് ഈസ് എ പാഷൻ"..ഭക്ഷ്യസംസ്കരണം ഒരു ഹരമായി ഇന്നും തുടരുന്നു.തിരുവനന്തപുരം മുടവൻമുകൾ എന്ന സ്ഥലത്തു ടീച്ചർ സകുടുംബം താമസിക്കുന്നു.
(സുരേഷ് മുതുകുളം)
kerala
SHARE THIS ARTICLE