All Categories

Uploaded at 1 year ago | Date: 11/08/2022 21:37:37

ആദി കൈലാസ യാത്ര - 8

  * പാതാള ഗുഹയിലെ അത്ഭുതങ്ങൾ*

"കാശിശ്വരായ വിശ്ശ്രരായ ത്രയംബകയാ ആദികൈലാസശ്ശരായ 
നമോ നമ.."

 ഡി ഡിഘട്ടിലെ ചൗകോരി കോട്ടേജിലെ തണുപ്പുള്ള  പ്രഭാതം . എല്ലാവരും വൈകിയാണ് എഴുന്നേറ്റത്. ഗസ്റ്റ് ഹൗസിലേക്ക് നടന്ന് ഒരു ചായ കുടിക്കാം എന്നോർത്ത് പുറത്തിറങ്ങി. വെളിച്ചം പരന്നങ്കിലും സൂര്യഭഗവാൻ മൂടൽമഞ്ഞിൽ മറിഞ്ഞിരിക്കുന്നു. കുറച്ചു സമയം ഗായത്രി ജപിച്ചു. പുറത്തിരുന്ന് പ്രകൃതിയിലെ ആ സൗന്ദര്യം ആസ്വദിച്ചു. മനോഹരമായ പൂക്കളിൽ മഞ്ഞുകണങ്ങൾ പതിഞ്ഞിരിക്കുന്നു. 
മലകളിൽ നിന്നും മൂടൽമഞ്ഞ് താഴേക്കിറങ്ങി വരുന്നു. ഈ മനോഹാരിതയിൽ ലയിച്ചിരിക്കുമ്പോൾ ശുദ്ധമായ വായു ശ്വസിച്ച് പ്രാണായാമം ചെയ്തു.  ശാന്തമായ പ്രകൃതിയും ശാന്തമായ മനസ്സും. ബാല സൂര്യൻ പൊൻ രശ്മികൾ വാരിവിതറി തുടങ്ങി. അവിടെയുള്ള ചീർ മരങ്ങളിൽ തട്ടി പതിക്കുമ്പോൾ മഞ്ഞുകണങ്ങൾ എല്ലാം നക്ഷത്രങ്ങളെപ്പോലെ വെട്ടിത്തിളങ്ങുന്നു.  ഈ മനോഹരമായ പ്രഭാതത്തിൽ മനസ്സിനെ ഈ കുളിർമയിൽ ചേർത്തു വച്ചു.

 ഓരോരുത്തരായി കോട്ടേജിൽ നിന്നും പുറത്തു വന്ന്  ജപവും ചെറിയ നടത്തവുമാക്കെ ആയിട്ട് ഗസ്റ്റ് ഹൗസ്സി ലേ പ്രഭാതം ധന്യമാക്കി.
  കുളിച്ച് റെഡിയായി പ്രഭാതഭക്ഷണത്തിന് ഒത്തുകൂടി . എല്ലാവരും സന്തോഷത്തിലാണ്. നേരത്തെ പാതാള ഭുവനേശ്വരി ലേക്കുള്ള യാത്രയുടെ ആകാംക്ഷയും.  പ്രഭാതഭക്ഷണം കഴിഞ്ഞതിനുശേഷം ഹോട്ടലിലെ ജീവനക്കാർ ഞങ്ങളെ തിലകവും മാലയും ചാർത്തി  അഭിനന്ദനങ്ങൾ അറിയിച്ചു. അവരുടെ ആദരവും സ്നേഹവും പങ്കുവെച്ചു. മൂടൽമഞ്ഞ് പരന്ന് എങ്ങും പുക പോലെയായി. അപ്പോഴേക്കും ഞങ്ങളുടെ വണ്ടിയിൽ ബാഗുകൾ  കയറ്റി യാത്രക്ക് റെഡിയായി.   മനോഹരമായ പർവ്വതങ്ങളും പ്രകൃതിരമണീയതയും മനസ്സിൽ ഏറ്റുവാങ്ങി ഞങ്ങൾ യാത്രയായി .
 വീണ്ടും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വളഞ്ഞും തിരിഞ്ഞും മലകളിലൂടെ വണ്ടി ഓടിക്കൊണ്ടിരുന്നു. പല ഗ്രാമങ്ങളും പിന്നിട്ടു. വീടുകളും കടകളും കൃഷിയിടങ്ങളും എല്ലാം കണ്ടു. മലമ്പ്രദേശമായ പാതാൾ ഭുവനേശ്വറിൽ വണ്ടി എത്തി. സമുദ്രനിരപ്പിൽ നിന്ന് 5300 അടി ഉയരത്തിലാണ് ഈ പ്രദേശം. ഇവിടം അധികം ആൾതാമസം ഇല്ല . ആയിരം അടി താഴെ കുറച്ചു വീടുകൾ ഉണ്ടാകും. വിജനമായ മലമ്പ്രദേശം ഫലഭൂയിഷ്ടമായ പ്രദേശമാണെങ്കിലും ജനസംഖ്യ വളരെ കുറവാണ്. ദേവദാരു, ഓക്ക് മരങ്ങൾ തണൽ വിരിച്ചു നിൽക്കുന്ന പ്രദേശം. 

ഗവൺമെന്റിന്റെ പുരാവസ്തു വകുപ്പിനു കീഴിലാണ് ഈ സ്ഥലം.  ചുറ്റും വളരെ ഭദ്രമായ രീതിയിൽ മുള്ളു കമ്പിവേലികൾ ഉണ്ട് . ചെറിയൊരു കവാടം കടന്ന് കയ്യും കാലും കഴുകിയ ശേഷം കയ്യിലുള്ള  സകല സാധനങ്ങളും അവരെ ഏൽപ്പിച്ചതിനു ശേഷം മാത്രമേ അകത്തേക്കു കയറാനാകു.
 എല്ലാവരും ഫോട്ടോ എടുക്കാൻ ഉള്ള തയ്യാറെടുപ്പിലായിരുന്നു. അകത്തുകയറുമ്പോൾ ചിലർക്ക് ഛർദിയും ഓക്സിജൻ പ്രശ്നവും ഉണ്ടാകുമെന്ന് പറഞ്ഞു.  കേട്ടപ്പോൾ മാറേണ്ട വർ മാറിനിന്നു. ചേട്ടന്റെ മുഖത്തേക്കു ഞാൻ നോക്കി. സാരമില്ല എന്തായാലും കയറി നോക്കാം എന്നു പറഞ്ഞു. ഗുഹാമുഖം വളരെ ഇടുങ്ങിയതാണ്. മനസ്സിൽ ഭഗവാനെ വിളിച്ചു പ്രാർത്ഥിച്ചു. ഈ ദൗത്യം ഞങ്ങൾക്ക് പൂർത്തീകരിക്കണം. പഞ്ചാക്ഷരി ജപിച്ചുകൊണ്ടേയിരുന്നു. ശേഷ നാഗഫണ രൂപമാണ് ഗുഹ മുഖത്തിന് . ഈ സർപ്പ ശ്രേഷ്ഠന്റെ അധിവാസ സ്ഥലമായിരുന്നു ഇവിടത്തെ പാതാളലോകം എന്നാണ് വിശ്വാസം. ഞങ്ങൾ ഇരുന്നു നിരങ്ങി  നീങ്ങി കഷ്ടത യോടെ ഒരു സ്ഥലത്തെത്തി. ശരിക്കുപറഞ്ഞാൽ പാമ്പ് ഇഴയുന്നത് പോലെ . സൈഡിൽ ചങ്ങല ഇട്ടിട്ടുണ്ട്. ഒരാൾക്ക് ഇരുന്ന് ഇഴുകുവാൻ പറ്റുകയുള്ളൂ. സൈഡിൽ അവിടവിടെ പാറയിൽ ബൾബുകൾ വച്ചിട്ടുണ്ട് . 150 അടിയോളം താഴേക്കു ചെരിഞ്ഞു കിടക്കുന്ന ഈ മുഖാമുഖത്തിന് നടുവിൽ എത്തിയപ്പോൾ ഭയവും ആകാംക്ഷയും കൊണ്ട് മനസ്സ് നിറഞ്ഞു.  ശേഷ നാഗത്തിന്റെ വാരിയെല്ലുകൾ ആണ് ഗുഹയിലെ പാറകളിൽ എന്നാണ് സങ്കല്പം.  എല്ലാം സ്വയമേ രൂപപ്പെട്ടിരിക്കുന്നു. മനസ്സിൽ മന്ത്രങ്ങൾ ഉരുവിടാതെ ഒരടി വയ്ക്കുവാൻ പറ്റില്ല . കാൽ തെന്നിയാൽ പാറകളിൽ അടിച്ചു വീഴും. സെക്യൂരിറ്റി ടോർച്ച് അടിച്ചാണ് നമ്മളെ കാണിച്ചുതരുന്നത്.  ശരിക്കും പാതാള ലോകത്തിൽ എത്തിയ അനുഭവം. ആത്മീയതയുടെ അത്യുന്നതിയിൽ സിരകളിലൂടെ ഊർജ്ജപ്രവാഹം അനുഭവപ്പെടുന്നതായി തോന്നി. ആശ്ചര്യകരമായ ഒരു ലോകം 50 അടിയോളം നീളവും മുപ്പതടിയോളം വീതിയുമുള്ള ഗുഹയുടെ പൊക്കം പലവിധത്തിലാണ്. കുനിഞ്ഞു നടക്കണം. പലവിധത്തിലുള്ള കൊത്തുപണികൾ പോലെയാണ് ഇവിടെ സ്വയമേ രൂപപ്പെട്ടിരിക്കുന്നത്. പ്രകൃതിയുടെ മനോഹരമായ രചന തന്നെ. 

 ബദരിനാഥ് , കേദാർനാഥ്,അമർനാഥ് പ്രതിഷ്ഠകളുമുണ്ട്. എല്ലാ ദർശനങ്ങളും അവിടെ നമുക്ക് അനുഭവപ്പെടുന്നു.. അതിന്റെ അടുത്തായി വാ തുറന്ന് ഭയത്തോടെ നോക്കുന്ന കാല വൈഭവൻ്റെ ശിരസ്സ് . നാവിൽ നിന്നും വെള്ളം ഇറ്റു വീഴുന്ന സംഭ്രമജനകമായ കാഴ്ച . ഐരാവതത്തിന്റെ കാലുകളും തലയും മുകളിൽ നിന്ന് താഴേക്ക് തൂങ്ങി നിൽക്കുന്നത് പോലെ കാണുന്നു.. ചതുർ കവാടങ്ങളാണ്. ഒരു ഭാഗത്ത് ഇതേ നാലു യുഗങ്ങളെ പ്രതിനിധാനം ചെയ്യുന്നു. ഒന്നാമത്തേത് പാപത്തിന്റെ.. രാവണൻ കൊല്ലപ്പെട്ടപ്പോൾ ഇത് അടഞ്ഞുപോയി.. രണ്ടാമത്തെത് യുദ്ധത്തിന്റെതാണ് .  മഹാഭാരത യുദ്ധത്തിനു ശേഷം ഇതും അടഞ്ഞു. മൂന്നാമത്തെ വാതിൽ ധർമ്മത്തിന്റെതാണ്. കലിയുഗം അവസാനിക്കുമ്പോൾ ഇതും അടഞ്ഞു പോകും. നാലാമത്തെ കവാടമായ മോക്ഷമാർഗ്ഗം ഇത് ലോക അവസാനം വരെ നിലനിൽക്കും.. 

ധർമ്മ വാതിലിലൂടെ അകത്തുകയറി മോക്ഷ മാർഗ്ഗത്തിലൂടെ പുറത്തേക്ക് വരിക എന്നതാണ് ഇവിടെ ചെയ്യാവുന്ന ഏറ്റവും വലിയ കർമ്മം. പാണ്ഡവന്മാർ തപസ്സ് ചെയ്തിരുന്ന ഒരു പീഠം വലത്തെ മൂലയിലും കാണാം. ശങ്കരാചാര്യർ കൈലാസത്തിലേക്ക് പോയിരുന്നത് ഈ ഗുഹയിൽ കൂടെ ആയിരുന്നു. പാണ്ഡവന്മാർ  സ്വർഗ്ഗാരോഹണത്തിനായി  പാതാള ഭൂമി വഴി ബദരിയിലേക്ക് എത്തിച്ചേർന്നത് ഇതുവഴിയാണ്.
 യാഗശാലയിലെ അഗ്നികുണ്ഡത്തിലേക്ക് തല നീട്ടി നിൽക്കുന്ന വാസുകി, തക്ഷക സർപ്പങ്ങളുടെ രൂപം ഭീതിജനകമാണ്.

ചതുരാകൃതി യിലുള്ള കുഴിയിൽ വാസുകി തല നീട്ടി നിൽക്കുന്നു. ഇത് ജനമേജയ മഹാരാജാവ് നടത്തിയ സർപ്പ നിഗ്രഹ യജ്ഞത്തെയാണ് അനുസ്മരിപ്പിക്കുന്നത്.. ഗണപതി ഭഗവാന്റെ ജന്മത്തെ അനുസ്മരിപ്പിക്കുന്ന മറ്റൊരു ദൃശ്യമുണ്ട്. മുറിച്ചെടുത്ത ആന കുട്ടിയുടെ തല മനുഷ്യശരീരത്തിൽ പ്രതിഷ്ഠിക്കുന്നതാണ്. മുകളിലെ പാറയുടെ വിധാനത്തിൽ കൂടി ബ്രഹ്മകമല പുഷ്പം വഴി വെള്ളം വീണു കൊണ്ടിരിക്കുന്നു. മറ്റൊരു അത്ഭുതം എട്ടിഞ്ച് മാത്രം വ്യാസമുള്ള ഒരു ദ്വാരത്തിൽ കൂടി നോക്കിയാൽ 50 അടിയോളം നീളമുള്ള ദ്വാരത്തിലെ അവസാനത്തിൽ ഓം തിളങ്ങി ജ്വലിച്ചു നിൽക്കുന്നു. മനുഷ്യനിർമ്മിതങ്ങളല്ല ഈ ഗുഹയിലെ വിസ്മയങ്ങൾ ഒന്നും . മൂന്നാമത്തെ ഗുഹയിൽ കുനിയതെ നടന്നു പ്രവേശിക്കാം. ഇത് രാവണവധം  കഴിഞ്ഞപ്പോൾ  തനിയെ അ ടഞ്ഞതാണ്. ഈ ഗുഹയിൽ ചെവി ചേർത്തുവച്ചാൽ സമുദ്ര തിരമാലകളുടെ ഇരമ്പം കേൾക്കാം. ഇത് രാമേശ്വരത്തെ അലയടിയായി വിശ്വസിക്കുന്നു. 

 നാലാമത്തെ ഗുഹ വളരെ വലിപ്പമുള്ളതാണ്. ഇതിന്റെ വിസ്താരം നമ്മെ അതിശയപ്പെടുത്തും. വലിയൊരു കരിങ്കല്ലിനു മുകളിൽ പാരിജാത വൃക്ഷം നിൽക്കുന്നു. ദേവേന്ദ്രന്റെ അമരാവതിയിൽ നിന്നും ശ്രീകൃഷ്ണൻ കൊണ്ടുവന്നതാണ്. ഇനി ഹനുമാന്റെ കദളിവനത്തിലേക്ക് പോകുന്ന  ഭാഗത്താണ് സപ്തർഷികൾ തപസ്സ് ചെയ്തിരുന്നത്. അതിനടുത്ത് മാർക്കണ്ഡേയ മുനി തപസ്സുചെയ്തിരുന്ന പീഠം. മാർക്കണ്ഡേയ പുരാണ രചനയും ഇവിടെ വെച്ചാണ് നടത്തിയത്. 
 ഇനിയത്തെ അത്ഭുതം, സപ്തനദികളിൽ നിന്നുള്ള ജലം മുകളിൽ നിന്ന് ഇറ്റിറ്റ് വീഴുന്നു. പാലാഴിയിൽ നിന്നുള്ള ജലവും ഇവിടെ വീഴുന്നുണ്ടെന്നാണ് വിശ്വാസം.
 അടുത്ത അത്ഭുതം മുകളിലത്തെ പാറയിൽ നിന്നും ശിവ ജഡ വെഞ്ചാമരം പോലെ തൂങ്ങിക്കിടക്കുന്നു. പാറകളിൽ നിന്നുള്ള സപ്ത നദികളുടെ ജലം ഇവിടെയുമുണ്ട്. ഹിമാ കാരമായ ജഡയിൽ ഈ ജലം വീണുകൊണ്ടിരിക്കുന്നു. ഇതിന് താഴെയായി ബ്രഹ്മകുണ്ട്. ബ്രഹ്മ വിഷ്ണു മഹേശ്വരൻമാരുടെ രൂപങ്ങൾ കുണ്ടിനു മുകളിൽ ആയി രൂപപ്പെട്ടിരിക്കുന്നു. പരമശിവൻ  ഛേദിച്ച ബ്രഹ്മാവിന്റെ ദക്ഷിണ ശിരസ്സ് ഈ തീർഥ കുണ്ടിന്റെ മുകൾഭാഗത്തായി ഉണ്ട് . ഇവിടെ പിതൃക്കൾക്ക് ബലിയർപ്പിക്കാൻ സാധിക്കും. അവിടെ നിന്ന് ചെല്ലുന്നിടത്ത് വൃത്താകൃതിയിലുള്ള സ്വർണ നിറത്തിലുള്ള ഒരു പീഠം ഉണ്ട് . ഇത് ബ്രഹ്മ സ്ഥലമായി സങ്കൽപ്പിക്കുന്നു. ഇവിടെ ചുറ്റുമിരുന്ന് പൂജയും പ്രാർത്ഥനയും നടത്താം. ശക്തി ആരാധനയും നടത്തുന്നത് ഇവിടെയാണ്. ഇവിടെ ഒരു പൂജാരിയും ഉണ്ട് . ബ്രഹ്മ സ്ഥലത്തിന്റെ മുകളിലായി തൂങ്ങി കിടക്കുന്ന വിവിധ ദേവതാ രൂപങ്ങൾ. ശക്തി ആരാധന നടത്തുന്നതും ഇതിനടുത്താണ് . ഗുഹയുടെ ഹൃദയമായി ഇതിനെ കണക്കാക്കുന്നു. ഇതിനോട് ചേർന്ന് സ്ഥലത്തെ അഗ്നി സ്വയംഭൂവായി ആവിർഭവിക്കുന്നു.  ശങ്കരാചാര്യർ ചെമ്പ് പൊടി ഉപയോഗിച്ച് ദ്വാരം അടച്ചു എന്നും ഈ സംഭവത്തിനു ശേഷമാണ് കാളിദേവിക്കായി നടത്തിയിരുന്ന നരബലിക്ക് അന്ത്യമായതെന്നും പറയുന്നു.

 എത്രയെത്ര സങ്കീർണ്ണ നിമിഷങ്ങളാണ് ഈ ഗുഹയിൽ ഉള്ളത്. വിവരിക്കാൻ ആകാത്ത അത്ഭുത പ്രതിഭാസം. എല്ലാ ചൈതന്യങ്ങളും ഇവിടെ ഒന്നിക്കുന്നു. 32 മുക്കോടി ദൈവങ്ങളും ഇവിടെ ഒന്നിക്കുന്നു. പാറയിൽ അലിഞ്ഞുചേരുന്ന എത്രയെത്ര ദേവതാ രൂപങ്ങൾ .  കൈലാസത്തിലേക്ക് പോകാനുള്ള ഒരു മാർഗ്ഗവും ഇതിലേ ഉണ്ട്. കാശി വിശ്വനാഥി ലേക്കുള്ള പാതാള മാർഗ്ഗവുമുണ്ട്.. 
പാതാള ഭുവനേശ്വർ എന്ന പാതാള ലോകം വിസ്മയങ്ങളുടെ ഒരു ലോകം തന്നെ. കുറച്ചു സമയം അവിടെ ഇരുന്ന് ധാനി ച്ചപ്പോൾ അനുഭൂതിയിൽ ശൂന്യ ലോകത്തിൽ എത്തപ്പെട്ടു.. ഈ അനശ്വര ശക്തി സാന്നിധ്യം അറിയണമെങ്കിൽ ഇവിടെ തന്നെ എത്തിച്ചേരണം. ഈ ഗുഹ മനുഷ്യനിർമ്മിതം അല്ല  ഈ ഗുഹയിൽ ഉള്ളതെല്ലാം പ്രകൃത്യാ നിർമ്മിതമാണ്. ആദ്ധ്യാത്മിക പ്രഭാവം മറ്റെന്തിനേക്കാളും മുന്നിൽ ആണല്ലോ. ഞങ്ങൾ കണ്ട ഈ ലോകം കാണാൻ ഭാഗ്യം ഉണ്ടായത് ജന്മ ജന്മ പുണ്യം. ഈ അത്ഭുത ലോകത്തുനിന്ന് വീണ്ടും പണിപ്പെട്ട് ഇഴഞ്ഞ് കയറാൻ ഒരുപാട് പ്രയാസപ്പെട്ടു. പലപ്രാവശ്യവും കാൽവഴുതി താഴേക്ക് പോവുകയായിരുന്നു. ഏറെ കഷ്ടപ്പെട്ട് സെക്യൂരിറ്റിയുടെ ടോർച്ച് ലൈറ്റ് വെളിച്ചത്തിൽ വഴുവഴുപ്പുള്ള പാറയിൽ നിന്നും തെന്നിതെന്നി എങ്ങനെയോ പുറത്തെത്തി.  പുറത്തെത്തിയപ്പോഴും മനസ്സു മുഴുവൻ പാതാള ലോകത്തിന്റെ മാസ്മരിക ശക്തിയിൽ ആയിരുന്നു..
 അവിടെ നിന്ന് ഇറങ്ങിയപ്പോൾ ഗൈഡ്മാർ തിരക്ക്  കൂട്ടാൻ തുടങ്ങി. വേഗം ചെന്ന് ടൂറിസം വകുപ്പിന്റെ ഉച്ച ഭക്ഷണം കഴിക്കുവാൻ പറഞ്ഞു. രുചികരമായ ഭക്ഷണം വച്ച് ഞങ്ങളെ അവർ കാത്തിരിക്കുന്നുണ്ടായിരുന്നു.

 ഭക്ഷണം കഴിഞ്ഞ് ഞങ്ങൾ വേഗം തന്നെ യാത്ര പുറപ്പെട്ടു. ഈ സ്ഥലം ഉത്തരാഖണ്ഡ് സംസ്ഥാനത്തിന്റെ കുമയൂൺ ഭാഗത്തുള്ള പിതോര ജില്ലയിൽ ആണ് . വീണ്ടും ഞങ്ങളുടെ യാത്ര മലകൾ കയറിയിറങ്ങി തുടർന്നുകൊണ്ടിരുന്നു. മല കളിലെ ദേവദാരൂ ചീർ  വൃക്ഷങ്ങളും ഭംഗിയായി വളർന്നു നിൽക്കുന്നു. ഗ്രാമീണരും കൃഷിയിടങ്ങളും ഒക്കെ കാണാം. വൈകിട്ട് ചായ കുടിക്കാൻ ഞങ്ങൾ കടയിൽ ഇറങ്ങി. കയ്യിൽ ഉള്ള സാധനങ്ങളൊക്കെ പങ്കുവെച്ച് അവിടെയിരുന്നു കഴിച്ചു. വീണ്ടും പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഞങ്ങളുടെ യാത്ര തുടർന്നു. ഇനി നൈനിറത്താൾ വഴി ഭീംതാൾ  ഗസ്റ്റ് ഹൗസിൽ എത്തണം.

 സൂര്യകിരണങ്ങൾ ശക്തികുറഞ്ഞ മലകളിൽ തട്ടി സ്വർണ്ണ പ്രഭ തൂകുന്നു. ഞങ്ങളുടെ യാത്രയിൽ പ്രകൃതിയിൽ കണ്ട എല്ലാ സൗന്ദര്യവും മനസ്സിൽ വരച്ചിട്ട ചിത്രങ്ങൾ ആയി മാറി. കണ്ണടച്ചാലും തുറന്നാലും മായാതെ മനസ്സിൽ കോരിയിട്ട വർണ്ണങ്ങൾ വെളിച്ചം മങ്ങി തുടങ്ങുമ്പോഴും എത്ര എത്ര തരം പച്ചപ്പുകൾ ആണ് പ്രകൃതിയിൽ പതിയുന്നത്. ഞാൻ എന്നും ഈ പുണ്യ ഭൂമിയെയും ഈ പർവ്വതങ്ങളെയും സ്നേഹിക്കുന്നു.
 നൈനിത്താൾ വഴിയുള്ള യാത്ര വളരെ ദുർഘടമായിരുന്നു. കഴിഞ്ഞ നവംബറിൽ ഉണ്ടായ മേഘ വിസ്ഫോടനത്തിൽ ഇവിടെ ഏറെ ഭാഗവും നശിച്ചിരുന്നു. വലിയ വലിയ മലകൾ പലതും ഇടിഞ്ഞു. ഇപ്പോഴും  അന്നത്തെ ആ ഭീകരത ഈ വഴിയിലൂടെ പോകുമ്പോൾ നാം അറിയുന്നു. ഞങ്ങളുടെ കൂടെയുണ്ടായിരുന്ന മുംബൈക്കാരെ മുന്നിൽ ഇരുത്തിയിട്ട് ചേട്ടനും ഞാനും മനോജും ബാക്ക് സീറ്റിൽ തന്നെയാണ് ഇരുന്ന് യാത്ര ചെയ്തത് . അവർ നിർബന്ധിച്ചിട്ടും ഞങ്ങൾ അവരുടെ വാക്കുകൾക്ക് നന്ദി പറഞ്ഞു.  യാത്രയിൽ  നമ്മൾ എല്ലാത്തിലും സന്തോഷം കണ്ടെത്തണം. ഞങ്ങൾ വൈകിയാണ് ഗസ്റ്റ് ഹൗസിൽ എത്തിയത്. വേഗം തന്നെ മുറിയിലേക്ക് പോയി കുളിച്ചു ഫ്രഷ് ആയി . ഞാൻ കുറച്ചു സമയം അവിടെ കിടന്നു . പാതാള ഭൂമിയിലേക്കുള്ള യാത്രയുടെ ക്ഷീണം ഉണ്ടായിരുന്നു. പിന്നെ ഡിന്നർ കഴിക്കാൻ ചെന്ന് ഞങ്ങളുടെ ഗൈഡ് മാർക്കുള്ള ടിപ്സ് ഒക്കെ കൊടുത്തു. അവരുടെ സ്നേഹവും പരിചരണവും നമുക്ക് മറക്കാനാവില്ല.
 അതിൽ ഗൗരവ അന്ന് രാത്രി തന്നെ പോയി. അങ്ങനെ ഞങ്ങളുടെ പുണ്യമായ് തീർത്ഥയാത്ര ഇവിടെ അവസാനിച്ചു.

 ഭീമൻ പാഞ്ചാലിക്കു വേണ്ടി കാൽ കൊണ്ട് കുഴിച്ച തടാകമാണ് ഭീംതാൾ.  അതിന്റെഉർന്ന തീരത്താണ് കെ എം വി എൻ റസ്റ്റ് ഹൗസ് . ഈ മനോഹരമായ സ്ഥലത്ത് ഇന്ന് രാത്രി കൂടി .
 നൈനിത്താൾ തടാകം ദീപ പ്രഭയാൽ വെടി തിളങ്ങുകയാണ്. തടാകത്തിന് ചുറ്റുമുള്ള മലമടക്കുകളിൽ നിറയെ കെട്ടിടങ്ങളാണ്. അവിടത്തെ വൈദ്യുതിയുടെ വിളക്കുകളുടെ പ്രകാശം തടാകത്തിൽ പ്രതിഫലിച്ചു കിടക്കുന്നു. മനോഹരം ദൃശ്യങ്ങൾ കൊണ്ട് രമണീയമായ സ്ഥലമാണല്ലോ നൈനിത്താൾ .

  ഞങ്ങൾ നാളെ ഉച്ചയോടെ ഇവിടെ നിന്ന്  തിരിക്കും. ഇത്രയും ദിവസത്തെ കഠിന യാത്ര - കുമയൂൺ പർവ്വതനിരകളിലൂടെ, ഇന്ത്യ ചൈന അതിർത്തിയിലൂടെ വടക്കോട്ടുള്ള പ്രയാണം, ഞങ്ങൾ ഈശ്വരകൃപയാൽ ഭംഗിയായി പൂർത്തീകരിച്ചു. അതോടൊപ്പം ഞങ്ങളുടെ കൂടെയുള്ള ശീതളിന്റെ മരണം - അതൊരു നൊമ്പരമായി മനസ്സിൽ ഉണ്ട് .

 ഈ ജന്മത്തിൽ കഴിയുന്ന തീർത്ഥാടനങ്ങൾ ഇനിയും വന്നുചേരാൻ എന്റെ കണ്ണനോടു പ്രാർത്ഥിച്ചു. ആ രാത്രി ജീവിതത്തിൽ വലിയൊരു ദൗത്യം പൂർത്തീകരിച്ച സന്തോഷത്തോടെ സുഖമായുറങ്ങി...

 രാവിലെ വൈകിയാണ് കണ്ണുതുറന്നത്. കർട്ടൻ മാറ്റി ചില്ലു പാളിയിലൂടെ പുറത്തേക്ക് നോക്കി തടാകത്തിലെ സൗന്ദര്യം ആസ്വദിച്ചു. കുളിരാർന്ന അന്തരീക്ഷം, ആ സൗന്ദര്യം ആസ്വദിച്ച് കുറേ സമയം ഇരുന്നു. പിന്നെ ഒരു കപ്പ് ചായ കുടിച്ചു. സാധനങ്ങൾ എല്ലാം ബാഗുകളിൽ അടക്കി യൊതുക്കി.

 ട്രെയിനിൽ യാത്ര ചെയ്തു ഡൽഹിയിൽ എത്തണം.  എല്ലാം കഴിഞ്ഞ് കുളിച്ച് താഴെ പോയി പ്രാതൽ കഴിഞ്ഞ് എല്ലാവരും ചേർന്ന് ഫോട്ടോയെടുക്കലും യാത്ര പറച്ചിലുമായി  കുറച്ച് സമയം കൂടി തടാകത്തിൽ അടുത്ത് പോയി നിന്നു .
 വീണ്ടും  ജീവിതയാത്രയിൽ നേടിയ മറ്റെന്തിനേക്കാളും വിലമതിക്കുന്ന ഈ തീർത്ഥാടന പുണ്യം ഓർത്തു നിന്നു . എല്ലാവരും പരസ്പരം സ്നേഹവും വിഷമവും പങ്കുവെച്ചു. ജീവൻമരണ പോരാട്ടത്തിലൂടെയുള്ള യാത്രയായിരുന്നുവല്ലോ ഈ ദിവസം വരെയും .
 ആത്മീയ യാത്ര കൊണ്ട് ഒന്നായി തീരുന്നവർ . ഞങ്ങളുടെ ഗൈഡ് ആഷിക് എല്ലാവരെയും വിളിച്ചുചേർത്ത് ഈ പുണ്യഭൂമിയിൽ ജീവൻ വെടിഞ്ഞ ശീതളിനുള്ള മൗന പ്രാർത്ഥന നടത്തി. യാത്രയിലുള്ള എല്ലാവരുടെയും അനുഭവങ്ങൾ യൂട്യൂബ് ബ്ലോഗർമാർ പകർത്തി. പിന്നെ  ഞങ്ങൾക്കുള്ള സർട്ടിഫിക്കറ്റുകൾ തന്നു . ഓരോരുത്തർക്കുമുള്ള വണ്ടികൾ വന്ന് പല സ്ഥലങ്ങളിലേക്കുള്ള യാത്ര. 
 മുംബൈക്കാർ കണ്ണീരോടെ യാത്രപറഞ്ഞു. ഞങ്ങൾ റൂം വെക്കേറ്റ് ചെയ്ത് അവിടെ തന്നെ ഇരുന്നു. ഉച്ചകഴിഞ്ഞ് ഞങ്ങൾക്കുള്ള വാഹനം വന്ന് കാത്തകോടം റെയിൽവേ സ്റ്റേഷനിൽ കൊണ്ടാക്കി. കുറച്ചുസമയം റെയിൽവേ സ്റ്റേഷനിൽ ഇരുന്നു. വൈകിട്ടായിരുന്നു ഞങ്ങൾക്കുള്ള ട്രെയിൻ . വെളുപ്പിന് മൂന്നു മണിക്ക് ട്രെയിൻ ഡൽഹിയിലെത്തും. 

 ട്രെയിൻ കൃത്യസമയം പാലിച്ച് എത്തി. ഞങ്ങളുടെ യാത്ര തുടർന്നു. ബർത്തിൽ കയറി കിടന്നു എപ്പോഴോ ഉറങ്ങിപ്പോയി.  ഉറക്കം ഉണർന്നപ്പോൾ ഒരു മണിക്കൂർ യാത്ര ബാക്കി. 

ദില്ലിയിൽ ഇറങ്ങി യൂബർ വിളിച്ച് മോന്റെ വീട്ടിലേക്ക് പോയി. അന്ന് പകൽ അവിടെ കഴിച്ചു കൂട്ടി. മോൻ ലീവെടുത്ത് ഞങ്ങളെ ശക്തി സ്ഥലത്ത് കൊണ്ടു പോയി. ഇന്ദിരാഗാന്ധിയുടെ വസതിയിൽ കയറി നടക്കുമ്പോൾ  ഏടുകളിൽ ജീവൻ തുടിക്കുന്ന ആ രൂപം തെളിഞ്ഞു വന്നു.
 ഞാൻ ഗൾഫിൽ ആയിരുന്ന സമയത്താണ് ഇന്ദിരാഗാന്ധിയുടെ ദാരുണ മരണം നടക്കുന്നത്.
 കുറച്ച് സമയം അവിടെ ചെലവഴിച്ചു ഞങ്ങൾ പോന്നു. അന്നുരാത്രി 10 മണിക്ക് തന്നെ  എയർപോർട്ടിലേക്ക് പോന്നു. ഡൽഹിയിൽ നല്ല ചൂടായിരുന്നു. വെളുപ്പിനെ അഞ്ചരക്ക് ആയിരുന്നു വിസ്താര ഫ്ലൈറ്റ്. ഞങ്ങൾ നേരെ അകത്തുകയറി ചെക്കിങ് എല്ലാം കഴിഞ്ഞു ലോഞ്ചിൽ പോയിരുന്നു. ചാരിയിരുന്നു കുറെ സമയം ഉറങ്ങി. 
നാല് മണിക്ക്  ഞങ്ങൾ ഫ്ലൈറ്റിൽ കയറി. അഞ്ചരക്ക്  വിസ്താര പറന്നുയർന്നു. 29 ആം തീയതി രാവിലെ 8 45 കൊച്ചിൻ എയർപോർട്ടിൽ ഫ്ലൈറ്റ് ലാൻഡ് ചെയ്തു .  നല്ല മഴയായിരുന്നു എങ്കിലും, രാവിലെ മഴ കുറഞ്ഞിരുന്നു.  എയർപോർട്ട് ടാക്സി വിളിച്ച് ഞങ്ങൾ വീട്ടിലേക്ക് വന്നു. മനോജിനെ ആക്കി  വീട്ടിൽ എത്തിയപ്പോൾ മകൾ ധന്യാജി വിളക്കുവച്ച് ദീപപ്രഭയിൽ ഞങ്ങളെ സ്വീകരിച്ചു.  ഞങ്ങളുടെ കാൽ തൊട്ടു വന്ദിച്ചു അനുഗ്രഹം വാങ്ങി.. 
ജീവിതസായാഹ്നത്തിൽ കിട്ടുന്ന ഈ തീർത്ഥാടനങ്ങൾക്കായി ഞങ്ങളെ നയിക്കുന്ന എന്റെ കണ്ണന്റെ മുമ്പിൽ തൊഴുകയ്യോടെ കണ്ണീരോടെ യാത്ര പുണ്യം ചേർത്തുവച്ച് നമസ്കരിച്ചു.
 
 ഹിമാലയസാനുക്കളിൽ തീർത്ഥ  യാത്ര നടത്തുമ്പോൾ അതിൽനിന്നു നമുക്ക് ലഭിക്കുന്നത് ബ്രഹ്മാനന്ദ അനു ഭൂതി ആണ് . ഇനിയും തീർത്ഥാടന പുണ്യത്തിൻ ആയി ഈശ്വര പാദങ്ങളിൽ ഈ ജീവിതം അർപ്പിക്കുന്നു. 

"ശിവശക്തി ഐക്യ സ്വരൂപിണ്യൈ " എന്ന മന്ത്രത്തിൽ എന്റെ മനസ്സിന്റെ നിശ്ചലത ലയിക്കട്ടെ .
 
"വന്ദേ ശംഭുമുമാ പതിം സുര ഗുരു വന്ദേ ജഗത് കാരണം വന്ദേ പന്നഗ ഭൂഷണം മൃഗധരം വന്ദേ പശൂനാം പതി വന്ദേ ശിവം ശങ്കരം "

(ഷാനി നവജി)
9497035122

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.