All Categories

Uploaded at 2 years ago | Date: 09/10/2021 20:55:41

കഥ

 

         *ഊഴം കാത്ത്*

 

    ( ജിന മാളിയേക്കൽ )

 

എന്റെ നമ്പർ ആയോ എന്ന് ഇടയ്ക്കിടെ സ്ക്രീനിൽ നോക്കി നെടുവീർപ്പിട്ടും ഡിസ്ക്കവറി ചാനലിലെ സായിപ്പിന്റെ മുതലപിടുത്തം കണ്ട് മടുത്തും ..

 

ബാഗിലിരുന്ന് കേയാർ മീര വിളിക്കുന്നുണ്ട്."ഖബർ" ആണ് സഞ്ചിയിൽ,ആസ്റ്ററാണ് സ്ഥലം! എടുക്കണോ..? വേണ്ട.

മണിക്കൂറുകൾ നീണ്ട കാത്തിരിപ്പാണെന്നറിയാവുന്നതു കൊണ്ട് ഒരു പുസ്തകം കയ്യിലെടുക്കാറുണ്ട്. ഇന്നെടുത്ത പുസ്തകത്തിന്റെ പേരിനൊരു വശപ്പെശകുണ്ട്. ഖബർ..!!

       Do not sit here ന്റെ അപ്പുറത്തിരിക്കുന്ന പട്ടാളക്കാരൻ(?) ധർമപത്നിയോട് കണ്ണു കൊണ്ട് പറഞ്ഞതനുസരിച്ച് അവരൊന്ന് നിവർന്നിരുന്നു.ആറടി ഉയരവും കത്രിച്ച തലമുടിയും കട്ടിക്കണ്ണടയും .. പോരാത്തതിന് റിസപ്ഷനിലെ അതിവിനയനോട് ഇടയ്ക്കിടെ ബില്ലിലെ സംശയം തീർക്കുന്നുമുണ്ട്. 

     എതിരെ ഇരിക്കുന്ന താടിക്കാരൻ ഈ സമൂഹത്തോടുള്ള വൈരാഗ്യം മുഴുവൻ സ്വന്തം താടിയിൽ തീർത്തു കൊണ്ടിരിക്കുന്നു. ഓരോരുത്തർ അവരവരുടേതായ ലോകത്ത് വിഹരിക്കവെ  പെട്ടെന്ന്  ഒരു കൊച്ചു ബോംബ് വന്നു വീണു.

   പലവിധ അംഗഭംഗങ്ങൾ കൊണ്ട് സമ്പന്നമായ "ഓർത്തോ"വാർഡാണ് വേദി.

ബോംബിന്റെ പ്രായം5-6 വയസ്സ്. ഇടം കാൽ മുട്ട് മുതൽ താഴോട്ട് പ്ളാസ്റ്റർ.(കാണുന്നവർക്ക് മാത്രം)

    ഈ ബോംബ് താഴെ വച്ചതേ ഓർക്കുന്നുള്ളൂ.. പിന്നെ നടന്ന അഭ്യാസ പ്രകടനങ്ങൾ വല്ലപ്പോഴും ഇംഗ്ലീഷ് ചാനലുകളിൽ മാത്രം കണ്ട് പരിചയമുള്ളവയാണ്. ഒരു കാലേ തത്കാലം ഉള്ളെങ്കിലെന്താ..? ഒരു കുറവും ഒരു കുറവല്ലെന്ന് അവൻ തെളിയിച്ചു കൊണ്ട് അശ്വമേധം തുടരുകയാണ്. കസേരകളിൽ നിന്ന് കസേരകളിലേക്ക് ചാടുന്നു..

മറിയുന്നു..

ഓടുന്നു..

വീഴുന്നു...

അടുത്ത കാലു കൂടി ഒടിയുന്നതു കാണാമെന്ന് പ്രതീക്ഷയോടെ താടിക്കാരൻ!

എന്റെ കയ്യിലെങ്ങാനും കിട്ടിയിരുന്നെങ്കിൽ..എന്ന് പട്ടാളക്കാരൻ!

മൊത്തം തകരാറിലായ ചെറുപ്പക്കാരൻ സ്ട്രെച്ചറിൽ കിടന്ന് ഇടയ്ക്കിടെ തല പൊന്തിച്ചു നോക്കുന്നു.."വല്ലതുമായോ.?

ഇടയ്ക്ക് എന്നിലെ ഹെഡ്മിസ്ട്രസ്സ് ഉണർന്ന് കണ്ണുരുട്ടിയെങ്കിലും അത് തൃണവൽഗണിച്ചു കൊണ്ട് പ്രകടനങ്ങൾ പൂർവാധികം ശക്തിയോടെ മുന്നേറിക്കൊണ്ടിരിക്കുകയാണ്.

     പട്ടാളക്കാരൻ കണ്ണടയ്ക്ക് മുകളിലൂടെ കൂരമ്പുകൾ എറിയുന്നുണ്ടെങ്കിലും അത് വെറും പൂവമ്പുകൾ..!

ആസ്റ്റർ മെഡ്സിറ്റിയാണ് സ്ഥലം..മാന്യത കൈവിടരുത്..!!

എവിടന്ന്...

     ഇതിനിടെ ഒരു സമപ്രായക്കാരനെ പ്രകടനങ്ങൾ കൊണ്ട് പ്രലോഭിപ്പിക്കുന്നുണ്ട്. അമ്മയുടെ കൈ മുറക്കത്തിൽ ബുദ്ധിമുട്ടിയിരിക്കയാണ് അദ്ദേഹം.അവസാനം ഒരു പഴുതിൽ ..

"ഇതിന്റപ്പുറം ചാടിക്കടന്നിട്ടുള്ളവനാണീ..." എന്നും പറഞ്ഞ് അമ്മയുടെ മടിയിൽ നിന്ന് ഊർന്നിറങ്ങിയതും.. അച്ഛന്റെ ചെറിയ കൈ പ്രയോഗം കൊണ്ട് തിരിച്ചു കയറിയതും ഒന്നിച്ചായിരുന്നു.

രംഗം കൂടുതൽ ഉഷാറാകുമെന്ന് കരുതിയിരുന്നവർക്ക് വലിയ നിരാശയായി.

ഇതിനിടെ പലപ്രാവശ്യം നായകനെ ഫീൽഡിൽ നിന്ന് കരകയറ്റാൻ ശ്രമിച്ച് പരാജയപ്പെട്ട അമ്മ ഇടയ്ക്കിടെ അച്ഛനെ നോക്കി..

"തളരരുത് രാമൻ കുട്ടീ..

തളരരുത്..."

പ്രകടനങ്ങളിൽ  പുളകം കൊണ്ട് സ്ട്രെച്ചറിൽ കിടന്നിരുന്നവൻ എഴുന്നേറ്റിരുന്ന് മുഴുനീള ആസ്വാദകനായി.

പലപ്രാവശ്യം നെഞ്ചത്ത് കൈവച്ച്  ഞെളിപിരി കൊണ്ട പട്ടാളഭാര്യ അല്പം ഉറക്കെ ആത്മഗതം ചെയ്തു..

 

" സ്കൂളൊന്ന് തൊറന്നാ മത്യാര്ന്ന്..!!!"

story

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.