കർക്കിടക കഞ്ഞികൾ
ത്രിദോഷങ്ങളുടെ സമാവസ്ഥ, പചനാഗ്നികളുടെ സന്തുലിതമായ ചയാപചയങ്ങൾ, മലമൂത്രങ്ങളുടെ ശരിയായ പ്രവർത്തനം, ഗാഢമായ ഉറക്കം, മനസ്സ്, ഇന്ദ്രിയങ്ങൾ എന്നിവയുടെ കൃത്യമായ പ്രവർത്തനം മുതലായവയാണ് ആരോഗ്യത്തിന്റെ ലക്ഷണങ്ങൾ. ഇവയൊക്കെ തകിടം മറിയാവുന്ന അന്തരീക്ഷവും, സാഹചര്യങ്ങളും സംജാതമാകുന്ന കാലമാണ് വർഷകാലം. മഴ കേരളത്തിൽ ഏറ്റവും കൂടുതൽ ശക്തിപ്രാപിക്കുന്ന സമയമാണ് കർക്കിടകം. സ്വാഭാവികമായും രോഗങ്ങൾ കടന്നാക്രമിക്കുന്ന കാലം. അതുകൊണ്ടാണ് ആരോഗ്യ സംരക്ഷണത്തിനും രോഗപ്രതിരോധത്തിനും വേണ്ടി ആയുർവേദം കർക്കിടക ചികിത്സയുടെ പ്രാധാന്യം എല്ലാവരേയും ഓർമ്മിപ്പിക്കുന്നത്.
കേരളീയ ചികിത്സാവിധികളായ ധാരകൾ, കിഴികൾ, അഭ്യംഗം മുതലായവയും പഞ്ചകർമ്മചികിത്സകളും ഇക്കാലത്ത് ചെയ്യുന്നത് കാലങ്ങളോളം കരുത്തുറ്റ ആരോഗ്യം നിലനിർത്താൻ സഹായിക്കും. ഒപ്പം ജീവിതചര്യകളിലും ആഹാരങ്ങളിലും രോഗത്തിനനുസരിച്ച് വരുത്തേണ്ട മാറ്റങ്ങളും ഉണ്ട്. ആയുർവേദ കർക്കിടക ചികിത്സയുടെ ഭാഗമായി നിർദ്ദേശിക്കുന്ന വിവിധതരം കഞ്ഞികൾ ഉണ്ട്. എളുപ്പം ദഹിക്കുന്നതും ദഹനം വർധിപ്പിക്കുന്നതുമായ ഔഷധങ്ങളിട്ടാണ് ഇവ തയ്യാറാക്കുന്നത്. വാതവ്യാധികൾ, ധാതുക്ഷയം, ചർമ്മരോഗങ്ങൾ, അസ്ഥി സന്ധി രോഗങ്ങൾ ദഹന പ്രശ്നങ്ങൾ, ഹോർമോൺ തകരാറുകൾ, വിഷാദാവസ്ഥകൾ മുതലായവ നിയന്ത്രിക്കാൻ ഇവ സഹായിക്കുന്നു. രോഗ പ്രതിരോധ ശക്തി നി ലനിർത്തുകയാണ് ഇതിന്റെ മറ്റൊരു ലക്ഷ്യം. വർഷകാലത്ത് തുടങ്ങിവയ്ക്കാവുന്ന ഈ ശീലം ജീവിതകാലം മുഴുവൻ ഒപ്പംകൂട്ടാവുന്നതാണ്.
വിവിധ തരം കർക്കിടക കഞ്ഞികൾ
ജീരകക്കഞ്ഞി- പൊടിയരി - 100 ഗ്രാം, തേങ്ങ (ചിരകിയത്) – 3/4 കപ്പ്
ജീരകം - 3 ടീസ്പൂൺ, ചുവന്നുള്ളി - 10 അല്ലി, മഞ്ഞൾപ്പൊടി – 1/2 ടീസ്പൂൺ
ഉപ്പ് – ആവശ്യത്തിന്, വെളളം – ½ ലീ. അരി നന്നായി വേവിച്ച് ബാക്കി ചേരുവകൾ അരച്ച് ചേർത്ത് തിളപ്പിക്കുക. ദഹനശക്തിക്കും മലബന്ധം ഇല്ലാതാക്കാനും ശരീരതാപനില നിയന്ത്രിക്കാനും നല്ലതാണ്.
പഞ്ചകോല കഞ്ഞി- 30 ഗ്രാം പഞ്ചകോല ചൂർണം (തിപ്പലി, തിപ്പലിവേര്, അത്തിതിപ്പലി, കൊടുവേലി, ചുക്ക്) 150 ഗ്രാം ഞവരഅരി ചേർത്ത് കഞ്ഞി വച്ചു ഉപയോഗിക്കാം. ചർമ്മരോഗങ്ങൾ, വയറു വേദന, വായു ക്ഷോഭം, ഗുന്മൻ, നെഞ്ചെരിച്ചിൽ, അതിസാരം എന്നിവയ്ക്കും രോഗ പ്രതിരോധത്തിനും നല്ലതാണ്.
. ഓട്സ് കഞ്ഞി -ഓട്സ് – 6 ടീ സ്പൂൺ, വെള്ളം – 1ലീ, ഉപ്പ് - ആവശ്യത്തിന്
ഓട്സ് വെള്ളത്തിൽ കലക്കി തിളപ്പിച്ച് വേവിക്കുക. കുരുമുളക്, തിപ്പലി, മല്ലിപ്പൊടി എന്നിവ 2ഗ്രാം വീതം ചേർക്കണം. ഇത് ദഹനശക്തി
കൂട്ടുന്നു, അമിതവണ്ണം, കൊളസ്ട്രോൾ, രക്തസമ്മർദ്ദം മുതലായവ
കുറക്കുന്നു. ഉറക്കപ്രശന്ങ്ങൾക്കും നല്ലതാണ്.
ദശപുഷ്പ കഞ്ഞി--ചെറൂള, കറുക, ഉഴിഞ്ഞ, നിലപ്പന, പൂവാംകുറു ന്തൽ,
കൈയ്യോന്നി, മുയൽച്ചെവിയൻ, മുക്കുറ്റി, തിരുതാളി, വിഷ്ണു ക്രാന്തി
എന്നിവ എല്ലാം ചതച്ചിട്ട വെളളത്തിൽ ഞവരയരി ചേർത്തുണ്ടാക്കാം.
ശരീരത്തിൽ ചയാപചയ പ്രവർത്തനങ്ങളിലൂടെ ഉണ്ടാകു ന്ന വിഷാംശങ്ങളെ നീക്കുന്നു. നീർക്കെട്ടുകൾ, വിവിധതരം വേദനകൾ, ശ്വാസവൈഷമ്യങ്ങൾ, നടുവേദനകൾ എന്നിവയിൽ ഫലപ്രദം.
ദശമൂല കഞ്ഞി - കൂവളം, കുമിഴ്, മുഞ്ഞ, പാതിരി, പലകപ്പയ്യാനി, ചെറുവഴുതിന,കണ്ടകാരി, ഒരില, മൂവില, ഞെരിഞ്ഞിൽ എന്നിവയാണ് ചേരുവകൾ. 30 ഗ്രാം ദശമൂലചൂർണ്ണവും 450 ഗ്രാം ഞവരയരിയും ചേർക്കണം ശ്വാസരോഗം, ചുമ, തലവേദനകൾ ആസ്ത്മ, സന്ധികളിലെ നീര്, വേദന എന്നിവ മാറാൻ സഹായിക്കുന്നു. ഉറക്കക്കുറവിനും ഫലപ്രദമാണ്.
കുറുന്തോട്ടി കഞ്ഞി - കുറുന്തോട്ടിവേര്, കരിങ്കുറിഞ്ഞി, ജീരകം, ഉലുവ, അയമോദകം, ആശാളി, പുത്തരിച്ചുണ്ട വേര്, ചുക്ക് എന്നിവയാണ് ഇതിലെ പ്രധാന മരുന്നുകൾ. കുറുന്തോട്ടി 10 ഗ്രാം, ബാക്കി യുളളവ 2 ഗ്രാം വീതം, ഞവര അരി - 70 ഗ്രാം എന്നതാണ് ഒരു അളവ്. കഴുത്തുവേദന, പുറം വേദന മുതലായവയ്ക്കും,വാത രോഗങ്ങൾക്കും ശരീര പുഷ്ടിക്കും നല്ലതാണ്.
ഞെരിഞ്ഞിൽ കഞ്ഞി- ഞെരിഞ്ഞിൽ, കണ്ടാകാരി ചുണ്ട വേര് പുളിയാറില, കൂവള വേര്, മോര്, ഇന്തുപ്പ് എന്നിവ ചേർത്ത പൊടിയരിക്കഞ്ഞി മൂത്രാശയരോഗങ്ങളിലും നടുവേദനകളിലും ഗുണപ്രദമാണ്.
ധാന്യ കഞ്ഞി -പൊടിയരി, ഗോതമ്പ്, പച്ചരി, ചെറുപയറ് തുടങ്ങിയ ധാന്യങ്ങൾ ഒറ്റയ്ക്കോ ഒരുമിച്ചോ കഞ്ഞിവച്ച് അതിൽ ചു വന്നുള്ളി, ജീരകം, ഏലക്കാ, ഗ്രാമ്പൂ എന്നിവ വറുത്തുപൊടിച്ച് ചേർത്ത് തയ്യാറാക്കാം. ആവശ്യമെങ്കിൽ പശുവിൻ പാലോ തേങ്ങാപ്പാലോ ചേർക്കാം. ക്ഷീണം, വിളർച്ച, രക്തദോഷം മുതലായവ മാറിക്കിട്ടും.
ഉലുവക്കഞ്ഞി 100 ഗ്രാം ഉലുവ കഴുകി തലേദിവസം വെള്ളത്തിൽ ഇട്ടുവെയ്ക്കുക. അടുത്ത ദിവസം രാവിലെ 1 ലീ വെള്ളത്തിൽ വേവിക്കുക. വെന്ത് ഉടഞ്ഞശേഷം 50 ഗ്രാം ശർക്കര ഉരുക്കി ഒഴിക്കുക. 250 മി ലീ നാളികേരപ്പാൽ ചേർത്ത് കഴിക്കാവുന്നതാണ്. വാതരോഗങ്ങളിലും പ്രമേഹനിയന്ത്രണത്തിനും ഫലപ്രദമാണ്.
Dr. കെ.എ. രവി നാരായണൻ BAMS, PG Dip in Journalism
kerala
SHARE THIS ARTICLE