കവിത
കാത്തിരിപ്പൂ ഞാൻ
ആകാശം എത്രയോ അകലെയാണ്...
നോക്കെത്താ ദൂരത്തോളമകലെ..
എല്ലാരും മൊഴിയുന്ന
ഈ നഗ്നസത്യം
എന്തോ എൻ്റെ
ചിന്തകളിൽ വ്യത്യസ്തമാണ്..
കാത്തിരിപ്പിൻ്റെ തപസ്യയിൽ എൻ്റെ ദൂരക്കാഴ്ച്ചകൾക്കകലമേയില്ല..
ഇതത്രെ ഞാൻ കണ്ട യാഥാർഥ്യം...
വിദൂരമേലാപ്പിൽ മേഘമാലകൾ നനുനനുത്ത പഞ്ഞിക്കെട്ടുകൾ കോർത്ത് ആരോ തീർത്ത ധവള കമ്പളങ്ങൾ പോലെ കൂട്ടം തെറ്റാതെ പാറി നടന്നിടുന്നു...
ധരിത്രി തൻ മേലാപ്പിൽ മാറാല പോലെ പടർന്നു വളരുന്ന കാർമേഘശകലങ്ങൾ എന്തോ നിഗൂഢതകൾ ഉള്ളിലൊതുക്കി തിരക്കിട്ടു പായുന്നു..
വാനത്തിൻ്റെ നോക്കെത്താ അനന്തതയിൽ ആരെയോ പരതുന്നോരെൻ മിഴികളെ തളച്ചിട്ടുവോ നീ സഖേ?
നിറച്ചാർത്തിലാറാടി വിടരാൻ കൊതിച്ചൊരു മഴവില്ലിനെ ആരോ എവിടെയോ ഒളിപ്പിച്ചിരിക്കുന്നു!
കാർമേഘമാലകൾ മൗനം വെടിഞ്ഞ് പെയ്തൊഴിയുമ്പോൾ മമ ഹൃത്തിന് സാന്ത്വനമായ് നീ
വാനിൻ മാറിൽ വിടരില്ലേ?
ഈ ചാറ്റൽമഴ ആരോരും കേൾക്കാതെ എന്നോട് മൗനാനുരാഗം മന്ത്രിക്കുന്നു..
ഇനിയും പിറക്കാത്ത അക്ഷരക്കുരുന്നുകൾക്കായി..
ഇനിയും കാണാത്ത നിൻ്റെ മധുരമന്ദഹാസത്തിനായി...
ഇനിയും വിടരാത്ത നിൻ്റെ നിറച്ചാർത്തുകൾക്കായി...
കാർമേഘങ്ങളൊഴിയുന്ന മാനത്തിൻ്റെ വിരിമാറിലേക്ക് കണ്ണും നട്ട് ഞാൻ കാത്തിരിപ്പൂ..
കാതോർത്തിരിപ്പൂ.
സൊപ്ന ചിത്രലേഖ,
കുളത്തൂപ്പുഴ
peoms
SHARE THIS ARTICLE