All Categories

Uploaded at 1 year ago | Date: 11/08/2022 10:47:57

കവിത

*കുഴിപ്പാട്ട്* 

യാത്രക്കാരുടെ അസ്ഥികളെ
സ്ഥാനം തെറ്റിക്കും കുഴികൾ
നിറഞ്ഞു വിലസും പാതകളെ
നിങ്ങളീ നാടിന് അപമാനം
നമ്മുടെ പാതകളന്യോന്യം
കുഴിയെണ്ണത്തിൽ മത്സരമാം
അപകടമെത്ര ദിനം തോറും അണയുന്നേറെഅകാലത്തിൽ
ഉൽക്കകൾ വീണത് കുഴിയായോ
ഭൂഖനനത്തിന് തീർത്തവയോ
ഭൂപാതാള ബന്ധങ്ങൾ
ഭാസുരമാക്കാൻ തീർത്തവയോ 
സഹസ്ര മീറ്ററിലിത്ര കുഴി
നിജപ്പെടുത്തിയതാരാണ്
കരാറുകാരോ പൊതുജനമാം
കഴുതകൾ നമ്മുടെ ദുർവിധിയോ
കുഴികൾ മഴയിൽ നിറയുമ്പോൾ
ചതി അറിയാതെ ചാടുന്നു
ഞൊടിയിടയിൽ നടുവൊടിയു മ്പോൾ
വിളിച്ചിടുമറിയാതീശ്വരനെ
കുഴി തൻ കാരണഭൂതർക്ക്
ശാപവുമേൽക്കും നിശ്ചയമായ്
എണ്ണ, കുഴമ്പുകൾ, തൈലങ്ങൾ
വില്പന തകധിമി കെങ്കേമം
കുഴിമൂലം കിഴി പലവിധവും
കഴിയാതെ നടുവുയരില്ല
പ്രസവമടുത്ത സഹോദരിമാർ
വാഹനമേറി പോകുമ്പോൾ
കുഴികളിലങ്ങനെ ചാഞ്ചാടി
വഴിയിൽ പിറവി നടക്കുന്നു
രോഗീവാഹക വാഹനവും
കുഴികൾ താണ്ടി ചെല്ലുമ്പോൾ
കൊഴിയും ജീവിതമല്ലെങ്കിൽ
ഭാഗ്യം കൂട്ടിനിരിക്കേണം
കേവലം അരമണി യാത്രക്കായ്
എത്ര മണിക്കൂർ കുഴി താണ്ടും
ഇന്ധനമൊത്തിരി എരിയുന്നു
സമയ ധനാദികൾ തുലയുന്നു
കൽനടയായി പോയാലോ
നായ്ക്കൂട്ടത്തിൻ കടി സുലഭം
ഭാവി തുലഞ്ഞ് പെരുവഴിയിൽ
പാവം മാനവർ കേഴുന്നു
ദൈവത്തിൻ തിരു നാട്ടിലിതാ
കുഴികൾകോർത്തവഴികൾതരാം
സഞ്ചാരികളെ വരുവേഗം
കുഴികൾ താണ്ടി വിനോദിക്കൂ
കോടിമുടക്കി കോടി ഉടുക്കും
വേനൽക്കാലെ പൊതുവഴികൾ
താറും മെറ്റൽകൂട്ടുകളും
നിജ പാകത്തിൽ വിളമ്പാതെ
പാത വരച്ച് ബാക്കി വിഴുങ്ങി
"കുഴിവിത്തു" നടും വിരുതന്മാർ
മഴയിൽ ടാറിൻ അതിലോല
മേലാടയുമടി ആടകളും
അഴിഞ്ഞു മുളക്കും കുഴിജാലം!
ടാറും മെറ്റലുമലിയിക്കും
ദ്രാവകമാണോ മാരിജലം?
അടുത്ത വേനൽവരും വരെയും
കുഴികൾ വളർന്നു വിലസുന്നു
പുനർജനി എത്ര ലഭിച്ചാലും
അല്പായുസ്സുകൾ പൊതുവഴികൾ
ആരവതാരം എടുത്താലീ
പാതകൾ നേടും ചിരരക്ഷ?
ഗർദ്ദഭമെന്ന വിളിപ്പേര്
കളയുക ഉണരുക അതിവേഗം
നമ്മുടെ നികുതികൾ ഉടലാർന്ന
പാതകളെ സംരക്ഷിക്കാൻ
കണ്ടെത്തുക നാം ചൂഷകരെ
അറിയിക്കുക നിജ അധികൃതരെ
ബന്ധിക്കട്ടെ ചൂഷകരെ
ചട്ടത്തിൻ ദൃഢ പാശത്താൽ.

(മത്തായി കെ. വി, നെടുങ്ങാട്)

peoms

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.