*മുരളീധരൻ ആനപ്പുഴ വിടപറയുമ്പോൾ*
ശ്രീനാരായണ ജയന്തി ആഘോഷങ്ങളുടെ ഭാഗമായി കൊടുങ്ങല്ലൂർ എസ്എൻഡിപി യൂണിയൻ പ്രതിഭകളെ ആദരിക്കുന്ന ചടങ്ങിൽ ഇന്ന് ആദരിക്കപ്പെടുന്നവരുടെ കൂട്ടത്തിൽ മുരളീധരൻ ആനാപ്പുഴയുടെ പേരും ഉണ്ടായിരുന്നു. എന്നാൽ ആ ചടങ്ങിന് മണിക്കൂറുകൾ ബാക്കി നിൽക്കെ മാഷ് നമ്മെ വിട്ടുപിരിഞ്ഞു. അക്ഷരമുത്തുകൾ മുരളീധരൻ ആനാപ്പുഴയുടെ 101 ബാലകവിതകൾ - എന്ന പുസ്തകം അച്ചടിച്ച് വീട്ടിൽ കൊണ്ടുവന്നു വച്ചിട്ടുണ്ട്. പ്രകാശനം എന്ന് വേണമെന്ന് തീരുമാനിച്ചിരുന്നില്ല, നാളെ ബാലസാഹിത്യ സമിതിയുടെ കമ്മിറ്റി യോഗം ചേരുമ്പോൾ അതും തീരുമാനിക്കാനിരുന്നതാണ്.
ബാല സാഹിത്യകാരന്മാരുടെ ഒരു സംഘടന രൂപീകരിക്കുന്നതുമായി ബന്ധപ്പെട്ട ചർച്ചയ്ക്കിടയിലാണ് മുരളീധരൻ ആ നാപ്പുഴയെ പരിചയപ്പെടുന്നത്. 27 വർഷങ്ങൾക്കു മുമ്പ് കൊടുങ്ങല്ലൂർ വച്ച് ബാലസാഹിത്യ സമിതിയുടെ രൂപീകരണകാലം മുതൽ അദ്ദേഹവുമായുള്ള സൗഹൃദം വളരെ ദൃഢമായിരുന്നു. 25 വർഷക്കാലവും മാഷ് തന്നെയായിരുന്നു സെക്രട്ടറി.
കഴിഞ്ഞമാസം ആ നാപ്പുഴയിലെ വീട്ടിൽ ചെന്നപ്പോൾ ഒരുപാട് കാര്യങ്ങൾ സംസാരിക്കുകയും കവിതകൾ ചൊല്ലുകയും ചെയ്തു. മിനിഞ്ഞാന്ന് വിളിക്കുമ്പോൾ ബാലസാഹിത്യ സമിതിയെക്കുറിച്ചും മറ്റു പല കാര്യങ്ങളെ കുറിച്ചും സംസാരിച്ചു. തിങ്കളാഴ്ച നേരിൽ കാണാമെന്നു പറഞ്ഞാണ് സംസാരം അവസാനിപ്പിച്ചത്.
കുടുംബത്തോടൊപ്പം സന്തോഷകരമായ ഓണം പങ്കിട്ട് എല്ലാവരുടെയും മനസ്സിൽ നല്ല ഓർമ്മകൾ മാത്രം സമ്മാനിച്ച് അടുപ്പമുള്ള വരെയെല്ലാം ദുഃഖത്തിലാഴ്ത്തി മാഷ് കടന്നുപോയി.
പാട്ടും കവിതയും കഥയും കളിതമാശകളുമായി കേരളത്തിലങ്ങോളമിങ്ങോളമുള്ള കുട്ടികളുടെയും രക്ഷിതാക്കളുടെയും ഹൃദയങ്ങളിലൂടെ കടന്നുപോയ ആളാണ് മുരളീധരൻ ആനാപ്പുഴ. ബാലസാഹിത്യ രംഗത്തെ ഏറ്റവും സുപരിചിതമായ പേരുകളിൽ ഒന്നാണ് മുരളീധരൻ ആനപ്പുഴയുടേത്. രചനകൾ നടത്തുന്നതോടൊപ്പം ബാലദർശനം മാതൃസംഗമം സാഹിത്യസല്ലാപം തുടങ്ങിയ പരിപാടികൾ നിരന്തരം അവതരിപ്പിച്ചിരുന്നു .
തൃശ്ശൂർ ജില്ലയിലെ ആനാപ്പുഴ പൊയ്യത്തറ കൃഷ്ണന്റെയും കുമാരിയുടെയും മകനായി ജനിച്ചമുരളീധരൻ പതിനെട്ടാം വയസിലാണ് കൊടുങ്ങല്ലൂർ പാലിയം തുരുത്ത് വിദ്യാർഥിദായിനി യു പി സ്കൂളിൽ അധ്യാപകനായത്. അടുത്ത വർഷം തന്നെ പ്രധാന അധ്യാപകനാവുകയും ചെയ്തു. പിന്നീടാണ് മലയാള സാഹിത്യത്തിൽ എം. എ ബിരുദം എടുത്തത്. ആകാശവാണിയുടെ വിവിധ നിലയങ്ങളിലും ദൂരദർശൻ ഉൾപ്പെടെ വിവിധ ചാനലുകളിലും കുട്ടികൾക്കായുള്ള നിരവധി പരിപാടികൾ അവതരിപ്പിച്ചിട്ടുണ്ട്. വിദ്യാരംഗം കലാസാഹിത്യവേദിയുടെ പ്രവർത്തനങ്ങളിൽ സജീവ സാന്നിധ്യമായിരുന്നു. നിരവധി വിദ്യാർത്ഥികളെ സാഹിത്യ ലോകത്തേക്ക് കൈ പിടിച്ചുയർത്താൻ മാഷ് പ്രത്യേകം ശ്രദ്ധിച്ചിട്ടുണ്ട്.
ആകാശവാണി 1986-ൽ നടത്തിയ സഹകരണ പ്രസ്ഥാനത്തെക്കുറിച്ചുള്ള പഠന പരിപാടിയിൽ പങ്കെടുത്ത് വിജയിക്കുക വഴി അഖിലേന്ത്യാ പര്യടനം നടത്തുന്നതിന് അവസരം ലഭിച്ചു. ഇത് തന്റെ ജീവിതത്തിലെ ഏറ്റവും വിലപ്പെട്ട അനുഭവമായി മാസ്റ്റർ വിലയിരുത്തിയിരുന്നു .
ചരിത്ര ഗവേഷണ കൗൺസിലും വിദ്യാഭ്യാസ വകുപ്പും ചേർന്ന് നടത്തിയ ചരിത്രാന്വേഷണ യാത്രയിൽ മാഷ് ഗൈഡ് ആയ ടീം തൃശൂർ ജില്ലയിൽ ഒന്നാം സ്ഥാനത്തെത്തുകയുണ്ടായി . അക്ഷരച്ചെപ്പ്, ഒറ്റയിരട്ട, നാടൻ ക്രിക്കറ്റ് , പുതുമഴത്തുള്ളികൾ മുരളീധരൻ ആനപ്പുഴയുടെ നൂറ്റെട്ട് കുട്ടിക്കവിതകൾ , ഉണ്ണിയുടെ ചേച്ചി , കിഞ്ചന വർത്തമാനം എന്നീ ഏഴ് കവിതാസമാഹാരങ്ങളും, മാന്ത്രികവടി, രാമുവും രാക്ഷസനും, ചിന്നുവും കൂട്ടുകാരും , കുസൃതിക്കുരുന്നുകൾ, സുന്ദരിപ്പാവ, നല്ല നല്ല കഥകൾ, എന്നീ കഥാസമാഹാരങ്ങളും അമ്മമാരോട് എന്ന പഠന ലേഖനങ്ങളും രചിച്ചു. പതിനാറ് കുട്ടിക്കഥകൾ, പാലിയം തുരുത്തും പരിസര പ്രദേശങ്ങളും അന്നും ഇന്നും, ബാലസാഹിത്യ സമിതി ഡയറക്ടറി എന്നിവയുടെ എഡിറ്റിങ് നിർവഹിച്ചു . ഡിസി ബുക്സിന്റെ വിശ്വസാഹിത്യ ചൊൽക്കഥകൾ , ലോക ക്ലാസിക് കഥകൾ എന്നിവയിൽ ഏതാനും കഥകൾ ഇംഗ്ലീഷിൽ നിന്ന് മലയാളത്തിലേക്ക് മൊഴിമാറ്റം നടത്തിയിട്ടുണ്ട്.
1997-ലാണ് ആദ്യ പുരസ്കാരം ലഭിച്ചത്. തൃശൂർ സഹൃദയവേദിയുടെ ജി കെ കുറുപ്പ് മാസ്റ്റർ അവാർഡ്. തുടർന്ന് വേറെയും പതിനഞ്ച് പുരസ്കാരങ്ങൾ ഇതിനകം ലഭിച്ചിട്ടുണ്ട്. അവസാനമായി ലഭിച്ച പുരസ്കാരം സമഗ്ര സംഭാവനയ്ക്ക് ബാലസാഹിത്യ സമിതിയുടെ പി. നരേന്ദ്രനാഥ് പുരസ്കാരമായിരുന്നു. മാഷിന്റെ സുഹൃത്തുക്കൾ ഒത്തുകൂടിയ അവാർഡ് ദാന സമ്മേളനം ആനാപ്പുഴയിലാണ് നടത്തിയത്.
1997-ൽ കൊടുങ്ങല്ലൂർ കേന്ദ്രമാക്കി കേരളത്തിലെ ബാലസാഹിത്യകാരന്മാരുടെ സംഘടന രൂപീകരിക്കുകയുണ്ടായി. തുടക്കം മുതൽ ഇരുപത്തഞ്ചു വർഷം മാസ്റ്റർ തന്നെയായിരുന്നു സെക്രട്ടറി. കേരളത്തിലെ ഏറ്റവും സജീവമായ ബാലസാഹിത്യ സംഘടനയാണ് ഇത്. ഇപ്പോൾ വർഷത്തിൽ നാല് അവാർഡുകൾ ബാലസാഹിത്യത്തിന് ഈ സംഘടന നൽകി വരുന്നുണ്ട്. സംഘടനയുടെ മുഖപത്രമായ ബാലശ്രീയുടെ മുഖ്യപത്രാധിപരും ഇദ്ദേഹമാണ്. പ്രായത്തിന്റെ കാര്യത്തിൽ എൺപതുകളിലൂടെ സഞ്ചരിച്ചു കൊണ്ടിരിക്കുമ്പോഴും എഴുത്തുകാരും കുട്ടികളുമായും എപ്പോഴും ബന്ധപ്പെടുന്നതിനും വായനയുടെയും എഴുത്തിന്റെയും ലോകത്തേക്ക് കുട്ടികളെ ആകർഷിക്കുന്നതിനുമുള്ള പ്രവർത്തനങ്ങളാണ് എന്നും തന്റെ ലക്ഷ്യമെന്ന് മാഷ് പറഞ്ഞിരുന്നു. ഭാര്യ സാവിത്രിയും അധ്യാപികയായിരുന്നു.
മകൾ മിൽസ അദ്ധ്യാപികയും, മകൻ മിത്രൻ സോഫ്ട് വെയർ എഞ്ചിനീയറുമാണ്.
...........................................
(വി ആർ നോയൽ രാജ് )
kerala
SHARE THIS ARTICLE