All Categories

Uploaded at 1 year ago | Date: 27/07/2022 10:33:15

ആദി കൈലാസയാത്ര -5

       *ആദി കൈലാസത്തിലേക്ക്*

"വാഗർത്ഥ വിവ സംപൃക്തൗ..
 വാഗർത്ഥ പ്രതിപത്തയേ.
 ജഗത പിതരൗ വന്ദേ..
 പാർവതി പരമേശ്വരൗ.."

 ഇന്ന് 23.6.22. വ്യാഴാഴ്ച..
 ഗുഞ്ചയിലെ പ്രഭാതം . നാലുമണിക്ക് തന്നെ വെളിച്ചം ഉണ്ട് . കിടക്ക പുതച്ച് കിടക്കുന്നിടത്ത് നിന്ന് എഴുന്നേൽക്കാൻ തണുപ്പിന്റെ ആധിക്യം കൊണ്ട് വളരെ ബുദ്ധിമുട്ടാണ്. 
 ഓരോരുത്തർ എഴുന്നേറ്റ് പ്രഭാതകൃത്യങ്ങൾ ചെയ്തു തുടങ്ങി. കൈ മരവിച്ചു പോകുന്ന വിധമാണ് വെള്ളത്തിന്റെ തണുപ്പ്.  ഞങ്ങൾ ഏഴുപേരും കുറച്ചു പ്രണായാമം  ചെയ്തു അടുക്കളയിൽ പോയി ഓരോ ബക്കറ്റ് ചൂട് വെള്ളം വാങ്ങി കൊണ്ടുവന്ന് അത്യാവശ്യം കാര്യങ്ങൾ നടത്തി.  ഇനി എത്രയെത്ര ഡ്രസ്സുകൾ ഇട്ടു വേണം യാത്രയ്ക്ക് ഒരുങ്ങാൻ . എല്ലാം ഇട്ട് ഒരുങ്ങി   അഞ്ചര ആയപ്പോഴേക്കും പുറത്തിറങ്ങി. 

 ചുറ്റും മലകൾ മഞ്ഞുറഞ്ഞു കിടക്കുന്നു. ഒരു മല പച്ചപുതച്ച് ഇരിക്കുന്നു . ഇവിടെയുള്ളവർ പറഞ്ഞു ആ മലയിലേക്കു നോക്കി ധ്യാനിച്ചു നിന്നാൽ ഭഗവാന്റെ രൂപം തെളിഞ്ഞുവരുമെന്ന് . 15 മിനിറ്റോളം അവിടെ നിന്നാൽ ആ ദർശനം നമുക്കു ലഭിക്കും. അതൊരു പ്രത്യേക അനുഭവം ആയി തോന്നി. പറഞ്ഞ സമയത്ത് തന്നെ എല്ലാവരും റെഡി ആയി വന്നു.  ബ്രേക്ഫാസ്റ്റ് കഴിച്ചു വേഗം വണ്ടിയിൽ കയറാൻ തിരക്ക് കൂട്ടുകയാണ് ഗൈഡ്മാർ. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് ഈ തണുപ്പിൽ പോലും അറിയാതെ നിന്ന് പോകുന്നു. ആകാശം ഈ മഞ്ഞുറഞ്ഞ മലകളിൽ തൊട്ടു കിടക്കുന്ന പോലെ. ഈശ്വര ചൈതന്യവും ഇവിടെയെല്ലാം ഉണ്ട് . ആത്മീയ യാത്രയിൽ കാണുന്നതെല്ലാം അവിടത്തെ പുണ്യ ദർശനങ്ങൾ ആയി കാണണം..

നേപ്പാൾ ടിബറ്റ് ചൈന അതിർത്തിയിലൂടെ വടക്കോട്ടുള്ള യാത്രയാണ്.
 ആറുമണി കഴിഞ്ഞ് വീണ്ടും ഞങ്ങളുടെ യാത്ര തുടങ്ങി. പന്തീരായിരം അടി ഉയരത്തിലൂടെ ഞങ്ങൾ യാത്ര ചെയ്യുന്നു.  ഭയത്തോടെയും ഭക്തിയിലൂടെയും ഞങ്ങൾ ആദി കൈലാസനാഥനെ ദർശിക്കുവാനുള്ള മനസ്സിന്റെ ഉയർന്ന തലത്തിലേക്ക് എത്തി. ഇപ്പോൾ ഈ വഴികളെല്ലാം ഭയത്തിൽ നിന്നും ഭക്തിയുടെ ഉത്തുംഗതയിൽ  എത്തിച്ചിരിക്കുന്നു. കുറച്ചു സമതലത്തിലൂടെ വണ്ടി ഓടുമ്പോൾ കാളിയും രൗദ്രഭാവം മാറി ശാന്തതയിൽ ആകുന്നു. അട്ടഹസിച്ചു ഒഴുകുമ്പോൾ ഉള്ള നിറം മാറി വെള്ള പുതച്ച് ഒഴുകുന്നു. ഞാൻ മനസ്സിലോർത്തു, ഭഗവാന്റെ അടുത്തെത്താറാകുന്നതു കൊണ്ടാണോ ഇവളുടെ രൗദ്രഭാവം മാറിയത്. വലിയ പർവതനിരകളുടെ താഴെക്കൂടി ശാന്തതയിലും ഒഴുകാൻ അറിയാം. കുറെ ഓടി വണ്ടി ചെക്ക്പോസ്റ്റിൽ നിർത്തി. അവിടെയാണ് പഞ്ചപാണ്ഡവന്മാർ ഒളിവിൽ താമസിച്ചിരുന്ന മല. കുന്തി പർവ്വതവും കാണാം . അജ്ഞാതവാസക്കാലത്ത് ഈ കുമയൂൺ പർവ്വതനിരകൾ ഈശ്വര ചൈതന്യം തുളുമ്പി നിൽക്കുന്ന സ്ഥലമായി പാണ്ഡവർ കണക്കാക്കിയിരുന്നു. 

 ഇതൊക്കെ കണ്ട്  നീങ്ങുമ്പോൾ വഴികൾ വീണ്ടും തീരെ മോശമായി കൊണ്ടിരിക്കുന്നു. ഇതെല്ലാം തരണം ചെയ്തു ഞങ്ങൾ ഭഗവാന്റെ അടുത്തേക്ക് എത്തിക്കൊണ്ടിരിക്കുന്നു .....

എട്ടര കഴിഞ്ഞ് ഞങ്ങൾ ജോളികോങ്ങിൽ എത്തി. അന്തരീക്ഷം നല്ലതുപോലെ തെളിഞ്ഞു. ഹിമാവൃതമായ ഗിരിശൃംഗങ്ങളിൽ സൂര്യരശ്മി തട്ടിയപ്പോൾ ജോളികോങ്ങ് പരിസരവും കണ്ണഞ്ചിപ്പിക്കുന്ന പ്രകാശത്തിൽ വെട്ടിത്തിളങ്ങി.  ദേവഭൂമി പോലെ തോന്നിക്കുന്ന ഈ പ്രദേശം മാസ്മരിക സൗന്ദര്യത്തിൽ  കുളിച്ചു കിടക്കുന്നു.

 തണുപ്പ്  ഒരുപാടുണ്ടെങ്കിലും വണ്ടിയിൽ നിന്ന് വളരെയധികം ഊർജ്ജത്തോടെ പുറത്തിറങ്ങി. ഞങ്ങളെ കാത്തു ഗവൺമെന്റ് പ്രതിനിധികളും ട്രിപ്പ് ടു ടെമ്പിൾസ്  പ്രതിനിധികളും ഉണ്ടായിരുന്നു. നാരങ്ങ വെള്ളം തന്നു സ്വീകരിച്ചശേഷം എത്രയും പെട്ടെന്ന് മുകളിലേക്ക് കയറി കൊള്ളാൻ പറഞ്ഞു.  അവിടെ ഒരു കുതിരയെ ഉണ്ടായിരുന്നുള്ളൂ. അതിനാൽ ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. കയറാൻ പറ്റാത്തവർ താഴെയിരുന്നു ആദ്യ കൈലാസനാഥനെ പ്രാർത്ഥിക്കുവാൻ തീരുമാനിച്ചു.  ഞങ്ങൾ നടന്നു തുടങ്ങി, അതാ ആദി കൈലാസനാഥൻ - വെട്ടിത്തിളങ്ങി പ്രഭ ചൊരിയുന്ന ആ രമണീയതയിൽ  അറിയാതെ ലയിച്ചു പോകുന്നു.  ഇതൊരു സ്വർഗ്ഗ ഭൂമി തന്നെ. ഏതു ദേവശില്പി ആണോ ഇതു വരച്ച് ചേർത്തത്. ഹിമാലയത്തിലെ സൗന്ദര്യങ്ങൾ എല്ലാം ഒന്നിച്ചു ചേർന്ന താണോ ഇവിടം. പച്ചപ്പരവതാനി വിരിച്ച മല കൾ. പർവ്വതങ്ങളിൽ ആകാശം അലിഞ്ഞു ചേർന്നു കിടക്കുന്നു. പ്രകൃതിയുടെ ഈ സൗന്ദര്യത്തിൽ മതിമറന്ന് കൈലാസനാഥനും സതിയും ഒരുമിച്ചു കഴിഞ്ഞതല്ലേ ഇവിടം. സ്വർഗ്ഗ ഭൂമി ആസ്വദിച്ച് കുറച്ചുസമയം അവിടെ നിന്നു . അപ്പോഴേക്കും ഗൈഡ്മാർ തിരക്ക് കൂട്ടാൻ തുടങ്ങി.  സാവധാനം നടന്നു കൊള്ളാൻ പറഞ്ഞു, പറ്റാത്തവർ താഴെ ഇരിക്കാനും . ചേട്ടനും ശ്വാസത്തിനു ബുദ്ധിമുട്ട് ഉണ്ടായി. 
 ഞാനും മനോജും നടന്നു.  നന്നേ ബുദ്ധിമുട്ടിയാണെങ്കിലും പഞ്ചാക്ഷരി ജപിച്ച് നടന്നുകൊണ്ടിരുന്നു.  കുറച്ചു സമയം പോലും ഇരിക്കാൻ ഗൈഡ് സമ്മതിക്കുന്നില്ല. കാരണം രണ്ടു മണിക്ക് മുൻപ് താഴെ തിരിച്ചു ഇറങ്ങണം. കാലാവസ്ഥ മാറിയാൽ ആകെ പ്രശ്നമാണ്. 18000 അടി ഉയരത്തിലേക്കാണ് ഞങ്ങൾ കയറി കക്കാണ്ടിരിക്കുന്നത് . ഓക്സിജൻ പ്രശ്നവുമുണ്ട് . 

തളർന്നു  കുഴഞ്ഞു ഒരു കണക്കിന് മുകളിലെത്തി. പാർവ്വതി സദസ്സും ക്ഷേത്രമുണ്ട്. അവിടെ എത്തണം. കുറച്ചു സമയം അവിടെ തന്നെ ഇരുന്നു. കൈലാസനാഥനെ നോക്കിയിരുന്നു. അത്യുജ്ജല പ്രഭയോടെ ദർശനപുണ്യമേകി.  മനസ്സും ശരീരവും ഭഗവാനിൽ അലിഞ്ഞുപോകുന്നു , ഭക്തിയുടെ മറ്റൊരു തലം . ബ്രഹ്മ പർവ്വതവും കഴിഞ്ഞു നടക്കുമ്പോൾ തളരുകയായിരുന്നു. അവിടെയിരുന്നു നോക്കിയാൽ പാണ്ഡവർ ഒളിച്ചു താമസിച്ചിരുന്ന സ്ഥലവും അവരുടെ കൃഷിയിടവും കാണാം. ഭഗവാൻ കൃഷ്ണൻ ആയിരിക്കും ഇത്രയും നല്ലൊരു പുണ്യഭൂമി അവർക്ക് ഒളിവിൽ താമസിക്കുവാൻ കാണിച്ചു കൊടുത്തത് - ഭഗവാന്റെ ലീലാവിലാസം .

വളരെ ഉയരത്തിൽ നിന്ന് താഴെയായി പാർവതി സരസ്. അവിടെ എത്താൻ ഞാൻ ഒരുപാടു  വിഷമിച്ചു. ശരീരം തളർന്നു , ഒരടി മുന്നോട്ടു വയ്ക്കാൻ പറ്റാത്ത അവസ്ഥ. ഭക്തിയുടെ ഉത്തുംഗ സീമയിൽ നാം എത്തണം , പാർവ്വതി സരസ്സിലെ തീർത്ഥം ധരിച്ച് അവിടെനിന്ന് ശങ്കര ശിവശങ്കര മഹാപ്രഭോ എന്ന് വിളിച്ച് ആദി കൈലാസനാഥനെ വണങ്ങി. ഊർജ്ജം  നമ്മെ എത്തിക്കുന്നത് ഭഗവാന്റെ പാദങ്ങളിൽ തന്നെ. കണ്ണഞ്ചിപ്പിക്കുന്ന പ്രഭ മനസ്സിൽ മായാതെ മങ്ങാതെ നിൽക്കുന്നു. അവിടത്തെ ശിവപാർവ്വതി ക്ഷേത്രം തൊഴുതു. കുറച്ച് സമയം അതിനുള്ളിൽ ഇരുന്നു , പുറത്തു വന്നപ്പോഴേക്കും എനിക്ക് ഓക്സിജൻ ലെവൽ നന്നായി കുറയുന്നതായി അനുഭവപ്പെട്ടു.  കുറച്ച് ഛർദ്ദിക്കുകയും ചെയ്തു. സഹായവുമായി മനോജ് ഗൈഡും കൂടെയുണ്ടായിരുന്നു. ഇവിടെയും നമ്മുടെ ഇന്ത്യൻ മണ്ണിനെ കാക്കുന്ന പട്ടാളക്കാർക്ക് ഉണ്ട്. 

അവിടന്ന് പതുക്കെ ഇറങ്ങിത്തുടങ്ങി. ഏതോ മാസ്മരിക ശക്തി പ്രവാഹം ഇവിടെയുണ്ട്. ഇതെല്ലാം കാണാനും ഈ പുണ്യഭൂമിയിൽ പാദങ്ങൾ പതിയാനും ജന്മജന്മാന്തര പുണ്യം വേണമല്ലോ. കണ്ണനോട് അലിയുന്ന ഭക്തിയിൽ കണ്ണൻ തരുന്നതാണ് ഇതെല്ലാം എന്ന് ഞാൻ അറിയുന്നു. നമ്മൾ ഒന്നുമല്ല, നമ്മെ നയിക്കാൻ ഭഗവാന്റെ കൃപ അല്ലാതെ മറ്റെന്തുണ്ട്.

മലകളിലൂടെ യാത്ര ചെയ്യുമ്പോൾ വളരെയധികം ഭയഭക്തിയോടെ കൂടി മാത്രമേ ഇവിടം ദർശിക്കാനാവു, അത്രയധികം പവിത്രത ഈ മലനിരകൾക്കുണ്ട്. പരീക്ഷണങ്ങൾക്കും  ഉല്ലാസത്തിനുമായി ആരു വന്നാലും ഇവിടെ നിന്ന് തിരിച്ചു പോകാനാകില്ല.  ഇവിടെ സംഭവിച്ച ദുരന്തങ്ങളെല്ലാം അതിന് ഉദാഹരണങ്ങളാണ്

 21,000 അടി ഉയരത്തിലാണ് ആദി കൈലാസം.  ശിവ ഭഗവാനും സതിയും ഒരുമിച്ചു ജീവിച്ചിരുന്ന സ്ഥലം. അതിനടുത്ത് സതീദേവി കുളിച്ചിരുന്ന ഗൗരികുണ്ട് -പവിത്രമായ തടാകം. അവിടെയെത്തുമ്പോഴേക്കും നമ്മൾ ഭഗവാന്റെ പാദങ്ങളിൽ എത്തിയെന്നാണ്. ഇപ്പോൾ എത്തിനിൽക്കുന്നത് ഒരു 19000 അടി ഉയരത്തിൽ ആയിരിക്കണം. ഓക്സിജൻ ലെവൽ കുറയുന്നത് എന്നെ നല്ലപോലെ ബുദ്ധിമുട്ടിക്കുന്നുണ്ട്. എങ്കിലും ഭഗവാന്റെ അനുഗ്രഹത്തിൽ നിന്നു കിട്ടിയ ഊർജ്ജം ഓരോ അടി വയ്ക്കുന്നതിനും സഹായിച്ചു.  ഒരു മായിക ലോകത്തിൽ ആയിരുന്നു ഞാൻ . ഇല്ലെങ്കിൽ ഒരിക്കലും ഞാൻ തിരിച്ചെത്തുമായിരുന്നില്ല എന്റെ ബുദ്ധിമുട്ടുകൾ അറിഞ്ഞപ്പോൾ മനോജ് വഴിയിൽ നിന്നും കുതിരക്കാരെ വിളിച്ചു. അങ്ങിനെ ഞങ്ങൾ രണ്ടുപേരും കുതിരപ്പുറത്തു കയറി ഗൗരി കുണ്ട്ലേക്ക് യാത്ര തുടങ്ങി. ആ യാത്ര നടത്തത്തേക്കാൾ കഷ്ടമായിരുന്നു. കുതിരക്കു മാത്രം നടക്കാൻ ഇടമുള്ള വഴികൾ . അവിടെ നിന്ന് അടിവാരം കണ്ടാൽ  ഭയമാകും. 
എവിടെയും മലകളിലെ മഞ്ഞുറഞ്ഞു താഴത്തേക്ക് വീണു കിടക്കുന്നു. ഭയവും അതിലേറെ തളർച്ചയും കുതിരപ്പുറത്തുള്ള ഇരുപ്പ് എന്നെ ഏറെ വിഷമിപ്പിച്ചു.
 മനസ്സിൽ പഞ്ചാക്ഷരി മന്ത്രത്തോടെ ഇരുന്നു. എന്തായാലും എല്ലാം ഭഗവാന്റെ കയ്യിലാണല്ലോ എന്ന സമാധാനം.

 ഗൗരി കുണ്ടിൽ എത്തി കുതിരപ്പുറത്തു നിന്ന് ഇറങ്ങിയതും ഞാൻ കുഴഞ്ഞു പോകുകയായിരുന്നു.   കുറച്ചു കൂടി നടന്നാൽ ഗൗരി കുണ്ടിനടുത്ത് എത്താം എന്ന് മനോജ് പറഞ്ഞു. പക്ഷേ ഞാൻ ഒരടി മുന്നോട്ടു വച്ചില്ല. കാരണം എന്റെ അവസ്ഥ എനിക്ക് ശരിക്കും മനസ്സിലായിരുന്നു. ഞാൻ അവിടെ ഇരുന്നു ഭഗവാനെ  മനസ്സിൽ ധ്യാനിച്ചു. ഞാൻ ആശിച്ചത് എല്ലാം ഭഗവാൻ ദർശനമായി എനിക്ക് തന്നു . അങ്ങനെ എന്റെ മനസ്സിന് ധൈര്യമായി. ഇനി ഞാൻ താഴെ എത്തും എന്ന ഒരു വിശ്വാസം എന്നിൽ ഉറച്ചു .

 ഞങ്ങൾ വീണ്ടും താഴേക്ക് ഇറങ്ങി. കുതിരപ്പുറത്തുള്ള ഇറക്കം അതികഠിനം തന്നെ. ആദി കൈലാസത്തിൽ എന്നെ എത്തിച്ചത് ഈശ്വരനിശ്ചയം തന്നെയായിരുന്നു. ഒരു തയ്യാറെടുപ്പും മുൻകൂട്ടി ഇല്ലായിരുന്നു. ഈ അനുഭവങ്ങളും സ്വർഗ്ഗതുല്യമായ ഈ മലനിരകളും ഈ മാസ്മരിക സൗന്ദര്യവും ആസ്വദിക്കാൻ കഴിഞ്ഞില്ലെങ്കിൽ വലിയൊരു നഷ്ടമാകുമായിരുന്നു. അത്രയധികം ഈശ്വരൻ എന്റെ കൂടെ ഉണ്ടായിരുന്നു. എന്നെ താഴെ വീഴാതെ കാത്ത്  ജോളികോങ്ങിൽ വീണ്ടും എത്തിച്ച ആ അദൃശ്യശക്തി എന്റെ ജീവിതത്തെ എപ്പോഴും മുന്നോട്ടു നയിക്കുമല്ലോ ....

  കൈലാസ് മാനസരോവര യാത്രയിൽ യമ ദ്വാർ കടന്നു കിട്ടിയാൽ ശിവലോകം പ്രാപിക്കും. പിന്നെ ഭഗവാൻ തന്നെ കൈലാസനാഥന്റെ അടുത്ത് എത്തിക്കുമെന്നാണ് വിശ്വാസം. അത് സത്യമാണെന്ന് എനിക്ക് ഈ യാത്രയിൽ അനുഭവപ്പെട്ടു. അങ്ങനെ ആദി കൈലാസവും ദർശിക്കുവാനുള്ള ഭാഗ്യമുണ്ടായി.
 ഞങ്ങൾ താഴെ ഇറങ്ങി വന്നപ്പോൾ മുകളിൽ കയറാത്തവർ താഴെ ഇരുന്ന് ഭഗവാനെ ദർശിച്ചു എങ്കിലും അവർക്കും ഓക്സിജന്റെ പ്രശ്നം അനുഭവപ്പെട്ടിരുന്നു. ചേട്ടനും ഒരുപാടു വിഷമിച്ചു എന്ന് പറഞ്ഞു താഴെ ഞങ്ങൾ എത്തിയപ്പോൾ ഞങ്ങൾക്കുള്ള ഭക്ഷണവുമായി ടെൻഡിൽ കുമയൂൺ മണ്ഡൽ വികാസ് സ്റ്റാഫുകൾ തയ്യാറായിരുന്നു.
വളരെയധികം സ്നേഹത്തോടെ ഞങ്ങൾക്കു ഭക്ഷണം തന്നു . നല്ല ഭക്ഷണം ആയിരുന്നെങ്കിലും എന്റെ അവസ്ഥയിൽ എനിക്ക് ഒന്നും കഴിക്കാൻ സാധിച്ചില്ല. ചായ ഒരു കപ്പ് കുടിച്ചു.  എന്റെ മനസ്സ് നിറയെ ദൈവിക ശക്തിയുടെ അനുഗ്രഹങ്ങളെക്കുറിച്ചുള്ള ചിന്തകളായിരുന്നു. ആശക്തിയാണ് എന്നെ താഴെയെത്തിച്ചതെന്ന് ഉറപ്പാണ്. അവിടെ വച്ചു എനിക്കുണ്ടായ അനുഭവങ്ങൾ എന്റെ വാക്കുകൾ കൊണ്ടോ എഴുത്തു കൊണ്ടോ എനിക്ക് വിവരിക്കുവാൻ സാധിക്കുന്നില്ല. ചൈതന്യത്തിൽ അലിഞ്ഞുചേരാൻ ഈ ജന്മം പോരാ ഭഗവാനേ അവിടന്ന് ചൊരിഞ്ഞ കൃപ അവിടുത്തെ പാദങ്ങളിൽ തന്നെ ഞാൻ അർപ്പിക്കുന്നു...

 "ശിവ ശിവ ശംഭോ,, ഹര ഹര മഹാദേവ "

(ഷാനി നവജി)
9497035122

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.