All Categories

Uploaded at 1 year ago | Date: 06/08/2022 17:42:34

തിരുവനന്തപുരം:  കൊവിഡ് വ്യാപനത്തിൽ കേരളമുൾപ്പടെ 7 സംസ്ഥാനങ്ങൾക്ക് കത്തയച്ച് കേന്ദ്രം. ഒരു മാസമായി കേരളത്തിൽ പ്രതിദിന കൊവിഡ് വർധന മാറ്റമില്ലാതെ തുടരുകയാണെന്നും സ്വീകരിക്കേണ്ട പ്രതിരോധ മാർഗങ്ങൾ സംബന്ധിച്ച് ആവർത്തിച്ച് അറിയിപ്പ് നൽകിയെന്നും വ്യക്തമാക്കിയാണ് കേന്ദ്ര ആരോഗ്യ മന്ത്രാലയം കത്തയച്ചിട്ടുള്ളത്. സംസ്ഥാനത്ത് അഞ്ച് ജില്ലകളിൽ പത്ത് ശതമാനത്തിന് മുകളിലാണ് പോസിറ്റിവിറ്റി നിരക്ക് എന്നും കേന്ദ്രം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. പതിമൂന്ന് ജില്ലകളിൽ പരിശോധന കുറഞ്ഞതായും കേന്ദ്രം വിലയിരുത്തുന്നു. 1364 കേസുകളാണ് സംസ്ഥാനത്ത് ഇന്നലെ റിപ്പോ‍ർട്ട് ചെയ്തത്. രാജ്യത്തെ പ്രതിവാര കേസുകളുടെ 7.8 ശതമാനം കേരളത്തിലാണെന്നും കേന്ദ്രം ചൂണ്ടിക്കാട്ടുന്നു. സംസ്ഥാനത്തെ 10 ജില്ലകളിൽ ഓഗസ്റ്റ് 4നും 28നും ഇടയിലുള്ള കാലയളവിലെ പരിശോധനകളുടെ എണ്ണത്തിലെ കുറവ് ചൂണ്ടിക്കാട്ടിയാണ് കേന്ദ്രത്തിന്റെ വിമർശനം. അ‍ഞ്ച് ജില്ലകളിലെ ഈ കാലയളവിലെ പ്രതിവാര കേസുകളുടെ എണ്ണത്തിലെ വർധനയും കേന്ദ്രം ചൂണ്ടിക്കാണിച്ചിട്ടുണ്ട്. ഓണം ഉൾപ്പെടെയുള്ള ആഘോഷങ്ങളുടെ ഭാഗമായി വരും ദിവസങ്ങളിൽ ആളുകൾ ഒത്തുചേരാനുള്ള സാഹചര്യം നിലനിൽക്കുന്നതിനാൽ പ്രതിരോധ നടപടികൾ ഊർജിതമാക്കണമെന്നാണ് കേന്ദ്രത്തിന്റെ നിർദേശം. സംസ്ഥാനത്തിനകത്തും പുറത്തും നിരവധി പേർ യാത്ര ചെയ്യാനുള്ള സാഹചര്യവും നിലനിൽക്കുകയാണ്. സംസ്ഥാനത്ത് പരിശോധനയും വാക്സിനേഷനും കൂട്ടാനും കേന്ദ്ര ആരോഗ്യ മന്ത്രാലയം നിർദേശം നൽകിയിട്ടുണ്ട്. കൂടുതൽ കേസുകൾ റിപ്പോർട്ട് ചെയ്യുന്ന ജില്ലകളിൽ നിരീക്ഷണം ശക്തമാക്കാനും നിർദേശം നൽകി. ടിപിആർ കൂടിയ ഇടങ്ങൾ, രോഗ ക്ലസ്റ്ററുകൾ എന്നിവ കേന്ദ്രീകരിച്ച് പ്രതിരോധ നടപടികൾ ഊർജിതമാക്കാനും ആരോഗ്യ മന്ത്രാലയം സംസ്ഥാനത്തോട് ആവശ്യപ്പെട്ടു. പതിനെട്ട് വയസ്സിന് മുകളിലുളളവർക്ക് കേന്ദ്രം പ്രഖ്യാപിച്ചിട്ടുള്ള സൗജന്യ കരുതൽ ഡോസ് പ്രയോജനപ്പെടുത്താൻ കൂടുതൽ ഊർജിതമായി വാക്സിനേഷൻ ഡ്രൈവുകൾ സംഘടിപ്പിക്കാനും കേന്ദ്രം നിർദേശിച്ചു.


kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.