**കേരള ആരോഗ്യശാസ്ത്ര കായിക മാമാങ്കം: കോഴിക്കോടിന് കിരീടം, കുന്നംകുളത്ത് വർണാഭമായ കൊടിയിറക്കം*-
കുന്നംകുളം: യുവത്വത്തിന്റെ കായിക ആവേശത്തിന് തിരികൊളുത്തി പന്ത്രണ്ടാമത് കേരള ആരോഗ്യശാസ്ത്ര സർവകലാശാല (KUHS) ഇന്റർ കോളീജിയേറ്റ് അത്‌ലറ്റിക് മീറ്റിന് കുന്നംകുളം ഗവ. ബോയ്സ് ഹൈസ്കൂൾ സ്റ്റേഡിയത്തിൽ വർണാഭമായ സമാപനം. മൂന്നു ദിവസങ്ങളിലായി (ഡിസംബർ 12-14) നടന്ന കായിക മാമാങ്കത്തിൽ കോഴിക്കോട് സർക്കാർ മെഡിക്കൽ കോളേജ് ഓവറോൾ ചാമ്പ്യന്മാരായി കിരീടം ചൂടി.
ആദ്യ ദിനം മുതൽ ലീഡ് നിലനിർത്തിയ കോഴിക്കോട് ടീം സർവകലാശാലാ തലത്തിലെ തങ്ങളുടെ ആധിപത്യം ഒരിക്കൽ കൂടി ഉറപ്പിച്ചു. ടി.ഡി. മെഡിക്കൽ കോളേജ് ആലപ്പുഴ രണ്ടാം സ്ഥാനവും, കോലഞ്ചേരി മെഡിക്കൽ കോളേജ് മൂന്നാം സ്ഥാനവും നേടി. സർവകലാശാലയ്ക്ക് കീഴിലുള്ള വിവിധ കോളേജുകളിൽ നിന്നായി ആയിരത്തോളം വിദ്യാർത്ഥികളും അധ്യാപകരും പങ്കെടുത്ത മേള കായിക പ്രേമികൾക്ക് വിരുന്നായി.
സമാപന സമ്മേളനത്തിൽ ഗ്രാൻഡ് മാസ്റ്റർ നിഹാൽ സരിൻ വിശിഷ്ട അതിഥിയായിരുന്നു. വിജയികൾക്ക് ട്രോഫികളും സമ്മാനങ്ങളും അദ്ദേഹം വിതരണം ചെയ്തു. കേരള ആരോഗ്യ ശാസ്ത്ര സർവകലാശാല വിദ്യാർത്ഥി കാര്യ ഡീൻ ഡോ. ആശിഷ് രാജശേഖരൻ അധ്യക്ഷത വഹിച്ചു.
തൃശൂർ സർക്കാർ മെഡിക്കൽ കോളേജ് പ്രിൻസിപ്പൽ കെ.ബി സനൽകുമാർ സ്വാഗതം ആശംസിച്ചു. തൃശൂർ മെഡിക്കൽ കോളജ് കായിക വിഭാഗം മേധാവി ഡോ. എം.വി. അജയ്ഘോഷ് മീറ്റിന്റെ വിശദമായ റിപ്പോർട്ട് അവതരിപ്പിച്ചു. സ്പോർട്സ് കോർഡിനേറ്റർ ഡോ. എം.എസ്. ഗോവിന്ദൻകുട്ടി, സി-സോൺ കൺവീനർ ഇ.ജെ. ജോർജ്, പ്രസിഡന്റ് ബാലൻ എന്നിവർ സന്നിഹിതരായിരുന്നു. സർക്കാർ മെഡിക്കൽ കോളേജ് തൃശ്ശൂരിലെ സ്പോർട്സ് സെക്രട്ടറി മനീഷ് മേനോൻ ചടങ്ങിൽ നന്ദി രേഖപ്പെടുത്തി.
kerala
SHARE THIS ARTICLE