കഥ
സ്വർഗത്തിൽ നിന്ന് എത്തിയ തൈ
-----------------------------
അനിൽ മണ്ണത്തൂർ
ചെറിയ ചാറ്റൽ മഴയുണ്ട്. പറമ്പിലൂടെ നടന്ന് അവൻ നട്ട പ്ലാവിൻ ചുവട്ടിലെത്തി. വലിയ പൊക്കമില്ലാത്ത മരത്തിൽ നിറയെ കുട്ടി ചക്കകൾ നിറഞ്ഞിരിക്കുന്നു. ആദ്യമായാണ് ചക്ക കായ്ക്കുന്നത്.
അവൻ എണ്ണാൻ നോക്കി
:വേണ്ട
:എണ്ണിയാൽ കായ കുറയുമെന്ന് മാമൻമാർ പറഞ്ഞിട്ടുണ്ട്.
പുതിയതല്ലേ കൗങ്ങിൻ പാള കൊണ്ട് കോണകം ഉടുപ്പിക്കണമെന്ന് അവൻ കേട്ടിട്ടുണ്ട്. കുറെ പാളകൾ ചീന്തി പ്ലാവിന് ചുറ്റും കോണകം തുക്കി.
അവൻ്റെ മനസ്സിലേക്ക് പതിയെ തൻ്റെ കുട്ടികാലമെത്തി. പിലാശ്ശേരി സ്കൂളിൽ പഠിക്കുമ്പോൾ പരിസ്ഥിതി ദിനത്തിൽ കുട്ടികൾക്ക് തൈകൾ നൽകിയിരുന്നു. പക്ഷേ അത് മൂന്നാം ക്ലാസ് മുതലുള്ള കുട്ടികൾക്ക് ആയിരുന്നു.
രണ്ടാം തരത്തിലുള്ള അവന് കിട്ടാത്തത് വലിയ സങ്കടമായ്. വീട്ടിൽ എത്തിയതോടെ കരച്ചിലോട് കരച്ചിൽ.
അവൻ്റെ അമ്മയും അനിയത്തിയും അച്ചൻ കിരണിനൊപ്പം പണിസ്ഥലത്താണ്.
അച്ചമ്മയും മേമയും കുടുബവുമാണ് അവൻ്റെ ആശ്രയം.
അവൻ്റെ കരച്ചിൽ കൂടി കൂടി വന്നപ്പോൾ അച്ചമ്മ പറഞ്ഞു "നാളെ രാവിലെ സ്വർഗത്തിൽ നിന്നും ഒരു തൈ വരുത്തി തരാം"
നിഷ്കളങ്കനായ അവൻ അത് വിശ്വസിച്ചു.
പിറ്റേന്ന് രാവിലെ അച്ചമ്മ അവനൊരു മുളച്ചു വന്ന ചക്കക്കുരു നൽകി.
ആ കുഞ്ഞു തൈ അവൻ പറമ്പിലെ ചെറിയ കുഴിയിൽ വച്ച് മണ്ണിട്ടു. ഏത് നേരത്തും അതിന് വെള്ളമൊഴിക്കൽ അവൻ ശീലമാക്കി. എവിടെ ചാണകം കണ്ടാലും അതിൻ്റെ ചുവട്ടിലെത്തിക്കും.
ചാണകം വാരാൻ മടിയില്ലാത്ത കുട്ടിയാണെന്ന് പറഞ്ഞ് എല്ലാവരും കളിയാക്കും. പിന്നീട് നട്ട പേരയും,ചാമ്പയും , ഇരുമ്പിൻ പുളിയുമൊക്കെ കായ്ക്കുമ്പോൾ അവൻ്റെ മനസ്സ് സങ്കടപ്പെട്ടു.
ഇന്നവൻ ആ സങ്കടമൊക്കെ മറന്നു.
അന്ന് കിട്ടിയ കുട്ടികളുടെ തൈകളൊക്കെ കായ്‌ച്ചോ ആവോ....
story
SHARE THIS ARTICLE