*ആയുർവേദത്തിലെ ആഹാര നിയമങ്ങൾ* - ഭാഗം 2
*വളരെ വേഗത്തിലോ വളരെ സാവധാനത്തിലോ കഴിക്കരുത്.*
ഭക്ഷണം വളരെ തിടുക്കത്തിൽ കഴിക്കരുത്. ഭക്ഷണം ചവച്ചരച്ച് അതിന്റെ ഗുണദോഷങ്ങളറിഞ്ഞ് കഴിക്കണം. ഭക്ഷണത്തിന്റെ രുചി, ഗന്ധം അല്ലെങ്കിൽ കാഴ്ച അനുഭവിക്കുകയും ആസ്വദിക്കുകയും ചെയ്യുമ്പോൾ, അത് ഉമിനീർ സ്രാവത്തെയും ദഹനത്തെയും പ്രോത്സാഹിപ്പിക്കുന്നു. വളരെ സാവധാനത്തിൽ ഭക്ഷണം കഴിക്കുന്ന വ്യക്തി സ്വാഭാവികമായും കൂടുതൽ കഴിക്കാൻ പ്രവണത കാണിക്കുന്നു. ഭക്ഷണത്തിന്റെ താപനില അപ്പോഴേക്കും മാറുന്നു, അതായത്, ചൂടുള്ള വസ്തുക്കൾ തണുക്കുന്നു. ഇവയെല്ലാം ദഹനാഗ്നിയെ തടസ്സപ്പെടുത്തുന്നു.
*സംസാരിക്കാതെ, ചിരിക്കാതെ, വേണ്ടത്ര ഏകാഗ്രതയോടെ വേണം ഭക്ഷണം കഴിക്കാൻ* .
ദഹന പ്രക്രിയ പൂർണ്ണമായും ഒരു സൈക്കോഫിസിയോളജിക്കൽ പ്രതിഭാസമാണ്, അതിനാൽ മികച്ച മാനസികാവസ്ഥ മികച്ച ദഹനം നൽകും. ഒരാൾ സ്ഥിരവും സുഖകരവുമായ മാനസികാവസ്ഥയോടെ ഭക്ഷണം കഴിക്കണം. ശരിയായ അളവിൽ കഴിച്ചാലും ആരോഗ്യകരമായ മാനസികാവസ്ഥ ഇല്ലെങ്കിൽ ഭക്ഷണം ശരിയായി ദഹിക്കുന്നില്ല, ഉത്കണ്ഠ, ദുഃഖം, ഭയം, കോപം, അല്ലെങ്കിൽ ഉറക്കക്കുറവ് മൂലമുള്ള അസ്വസ്ഥത, അത്യാഗ്രഹം, അജ്ഞത, ആഗ്രഹങ്ങൾ, മതിവിഭ്രമം, അസൂയ, ലജ്ജ, അഹങ്കാരം, ആവേശം എന്നിവ മനസ്സിൽ വെച്ചുകൊണ്ട് ഒരാൾ ഭക്ഷണം കഴിക്കരുത്. പരമാവധി ശ്രദ്ധയോടെ ഭക്ഷണം കഴിക്കുകയും മാനസിക വ്യതിചലനങ്ങൾ ( ഇക്കാലത്ത് ടെലിവിഷൻ കാണുക, പത്രങ്ങൾ വായിക്കുക, ഇ- മെയിലുകൾ പരിശോധിക്കുക, മൊബൈലിൽ ചാറ്റ് ചെയ്യുക, ജോലി ചെയ്യുക തുടങ്ങിയവ) ഒഴിവാക്കുകയും വേണം. ഭക്ഷണ സമയത്ത് സംസാരിക്കുകയോ ചിരിക്കുകയോ ചെയ്യുന്നത് ഒഴിവാക്കണം.
*മുമ്പ് കഴിച്ച ഭക്ഷണം ദഹിച്ചതിനുശേഷം മാത്രം കഴിക്കുക*
മുൻ ഭക്ഷണം പൂർണ്ണമായും ദഹിച്ചതിനുശേഷം മാത്രം വീണ്ടും കഴിക്കുക, ഭാഗികമായി ദഹിച്ച ഭക്ഷണം പുതിയ ഭക്ഷണവുമായി കലരുന്നത് പരമാവധി തടയണം. ഇത് ശരീരകലകളുടെ സംരക്ഷണവും പോഷണവും മികച്ചതാക്കുന്നു. മിക്ക രോഗങ്ങൾക്കും മൂലകാരണമായത് ശരിയായ രീതിയിൽ നടക്കാത്ത ദഹനപ്രക്രിയയാണ്. ഇടക്കിടെ ഭക്ഷണം കഴിക്കുമ്പോൾ ഗ്രഹണിയും അജീർണ്ണവും ത്രിദോഷ കോപവും ഉണ്ടാകും.
*ഉചിതമായ സ്ഥലം*
ദഹനത്തിന് സമാധാനപരവും അനുകൂലവുമായ അന്തരീക്ഷം ഉറപ്പാക്കിക്കൊണ്ട് കഴിക്കാൻ ആവശ്യമായ എല്ലാ സാധന സാമഗ്രികളും നല്ലതാണെന്ന് ഉറപ്പാക്കി ശുചിയായ സ്ഥലത്ത് വച്ച് ഭക്ഷണം കഴിക്കുക. സുഖകരമായ ചുറ്റുപാടുകളിൽ സുഖകരമായ പരിസരഗന്ധത്തോടെ ഭക്ഷണം കഴിക്കണം. ഭക്ഷണം വിളമ്പുന്ന പരിചാരകർ വിശ്വസ്തരും, അച്ചടക്കമുള്ളവരും, വൃത്തിയുള്ളവരും, മികച്ച ചുറ്റുപാടുകൾ പ്രദാനം ചെയ്യാൻതയ്യാറുളളവരും ആയിരിക്കണം എന്ന ചരക സംഹിതയിലെ പരാമർശം ഇന്നത്തെ ഹോട്ടലുകൾക്കും ഫുഡ്കോർട്ടുകൾക്കും കൂടി ബാധകമാവുന്നുണ്ട്. സൂക്ഷ്മാണുക്കളുടെ വ്യാപനം ഒഴിവാക്കാൻ തിരക്കേറിയ സ്ഥലത്ത് ഭക്ഷണം കഴിക്കരുത്. വ്യക്തിയിൽ നിന്ന് മറ്റൊരാളിലേക്ക് സൂക്ഷ്മജീവികളുടെ അണുബാധ ഒഴിവാക്കാൻ ശാരീരിക അകലം പാലിക്കണം. ഭക്ഷണം കഴിക്കുമ്പോൾ സുഖവും സംതൃപ്തിയും അനുഭവിക്കേണ്ടത് പ്രധാനമാണ്. പാചകസ്ഥലവും ഭക്ഷണം സൂക്ഷിക്കുന്ന സ്ഥലവും കഴിക്കുന്നയിടവും ശുദ്ധവും വിശാലവും പവിത്രവുമായിരിക്കണം. നല്ല ലോഹങ്ങൾ കൊണ്ട് നിർമ്മിച്ച പാത്രങ്ങൾ ഉപയോഗിക്കണം. പാചകം ചെയ്ത ഭക്ഷണം സംസ്കരിച്ച് സൂക്ഷിക്കണം. ഭക്ഷണത്തിൽ സൂക്ഷ്മജീവികളുടെ മലിനീകരണവും അതുവഴി രോഗങ്ങളും ഒഴിവാക്കാൻ ശുചിത്വം അത്യന്താപേക്ഷിതമാണ്. ഭക്ഷണം പാകം ചെയ്യുന്നതിനും തയ്യാറാക്കുന്നതിനും സൂക്ഷിക്കുന്നതിനും ഉപയോഗിക്കുന്ന പാത്രങ്ങൾക്ക് ഭക്ഷണത്തിന് വിരുദ്ധമായ ഗുണങ്ങൾ ഉണ്ടാകരുത്.
ഭക്ഷണ സമയത്ത് മതിയായ അളവിൽ വെള്ളം കുടിക്കുന്നത് ദഹനനാളത്തിലൂടെ ഭക്ഷണം ശരിയായി കടന്നുപോകുന്നത് ഉറപ്പാക്കുന്നു, പല്ലുകൾ ക്ഷയിക്കുന്നത് തടയാനും ദുർഗന്ധം (ഹാലിറ്റോസിസ്) ഉണ്ടാകാതിരിക്കാനും, കഴിച്ചതിനുശേഷം വായ നന്നായി വൃത്തിയാക്കണം.
*അവനവന്റെ ആവശ്യങ്ങളനുസരിച്ച് മാത്രം വേണം കഴിക്കാൻ*
വ്യക്തിയുടെ ശരീരത്തിനും മനസ്സിനും യോജിച്ചതും, ശരീര പ്രകൃതി, ദഹനശേഷി, ബലം എന്നിവയ്ക്ക് അനുസരിച്ചതുമായ ഭക്ഷണമാണ് കഴിക്കേണ്ടത്. ഗർഭിണികൾ, കുട്ടികൾ, കായികാധ്വാനം കൂടിയവർ, വൃദ്ധന്മാർ, രോഗികൾ എന്നിങ്ങനെ സ്വയം മനസ്സിലാക്കി സ്വന്തം ഊർജ്ജത്തിന്റെയും പോഷണത്തിന്റെയും ആവശ്യകത അനുസരിച്ച് കഴിക്കണം. പ്രായമായവർക്ക് വിശപ്പ് കുറവാണ്, പക്ഷേ പോഷകസമൃദ്ധമായ ഭക്ഷണം ആവശ്യമാണ്. പ്രായപൂർത്തിയാകുമ്പോഴും കൗമാരത്തിലും ഗർഭകാലത്തും മുലയൂട്ടുന്ന സമയത്തും ഊർജ്ജ ആവശ്യകത വർദ്ധിക്കുന്നു. രോഗികളുടെ ഭക്ഷണക്രമം രോഗത്തിനനുസരിച്ച് ആയിരിക്കണം.
മുകളിൽ പറഞ്ഞ കാര്യങ്ങൾ നോക്കുമ്പോൾ, ആയുർവേദം എത്രയോ വർഷങ്ങൾക്ക് മുമ്പ് പറഞ്ഞ ശാസ്ത്രീയമായ ഭക്ഷണക്രമം ഇന്നും കൂടുതൽ പ്രസക്തമാവുന്നു എന്നു കാണാം. തെറ്റായ ഭക്ഷണക്രമം മൂലമുണ്ടാകുന്ന പല രോഗങ്ങളും തടയാൻ ഇതിലൂടെ കഴിയും. ആരോഗ്യകരമായ ഭക്ഷണശീലങ്ങൾ ടൈപ്പ്-2 പ്രമേഹം, ഹൃദ്രോഗം, പക്ഷാഘാതം, കാൻസർ, വന്ധ്യത, അമിതവണ്ണം മുതലായ നിരവധി ആരോഗ്യ പ്രശ്നങ്ങൾക്കുളള സാധ്യത കുറയ്ക്കാൻ സഹായിച്ചേക്കാമെന്ന് പഠനങ്ങൾ തെളിയിച്ചിട്ടുണ്ട്.
.ഡോ. കെ. എ. രവിനാരായണൻ
ബി. എ. എം. എസ്.
പി.ജി. ഡിപ്ലോമ ഇൻ ജേർണലിസം
kerala
SHARE THIS ARTICLE