All Categories

Uploaded at 1 week ago | Date: 26/04/2024 19:03:39


പുസ്തക പരിചയം 

        *ദേവാമൃതം* 

-അശോക് കുമാർ എസ് അൻ പൊലി-

(ശ്രീ നാരായണ ഗുരുദേവ കൃതികളുടെ നേരർത്ഥ പ്രദീപിക)

 നീണ്ട വർഷക്കാലം ശ്രീനാരായണ ഗുരുദേവൻ്റെ വചനങ്ങൾ ശ്രദ്ധയോടെ പഠിക്കുകയും മനനം ചെയ്യുകയും മറ്റുള്ളവരിലേക്ക് പകർന്നു കൊടുക്കുകയും ചെയ്തു കൊണ്ടിരിക്കുന്ന ഒരു ഗുരുഭക്തൻ്റെ ഗുരുദക്ഷിണ എന്ന് വിശേഷിപ്പിക്കാവുന്ന കൃതിയാണ് ദേവാമൃതം. 

പുരാണങ്ങളിലും ഇതിഹാസങ്ങളിലും വേദങ്ങളിലും കരുതിവച്ചിരിക്കുന്ന പരമമായ സത്യത്തെ സാധാരണക്കാർക്ക് മനസ്സിലാകുന്ന ഭാഷയിൽ 
അമൃതവാണികൾ ആയി ഗുരുദേവൻ വെളിപ്പെടുത്തുകയുണ്ടായി. അമൂല്യമായ അറുപത്തിനാലോളം കൃതികളാണ് ഗുരുദേവൻ രചിച്ചത്. ഇവയെല്ലാം അതുല്യവും അമൂല്യവുമാണ്. 
ഇവയിൽ അതിലളിതവും അതേസമയം തന്നെ അതി ഗഹനവുമായ കൃതികൾ ഉൾക്കൊള്ളുന്നുണ്ട്.

പുണ്യപാദനായ  ശ്രീനാരായണഗുരുദേവൻ്റെ ജീവിതവും കർമ്മവും ജ്ഞാനവും മനസ്സിലാക്കാനായി ജീവിതത്തിലെ ദീർഘകാലം ഉഴിഞ്ഞുവച്ച ഗ്രന്ഥകാരൻ താൻ മനസ്സിലാക്കിയ കാര്യങ്ങൾ സഹജീവികളുമായി പങ്കുവയ്ക്കുന്നതിനായുള്ള ശ്രമങ്ങൾ ഏറെക്കാലമായി നടത്തിവരികയാണ്.  ഗുരുദേവ കൃതികളുടെ ആഴം കണ്ടറിഞ്ഞ ശേഷം മറ്റുള്ളവരെ ഗുരുദേവകൃതികളിലേക്ക് അടുപ്പിക്കാൻ നടത്തിയ ശ്രമം 
ഏറെ വിജയം കാണുകയുണ്ടായി.  എന്നാൽ കൃതികളുടെ അർത്ഥം മനസ്സിലാക്കുന്നതിന് വളരെയധികം ബുദ്ധിമുട്ട് അനുഭവപ്പെടുന്നതായി പലരും അഭിപ്രായപ്പെടുകയുണ്ടായി. അപ്പോഴാണ് വായനക്ക് സഹായകമായ ഒരു രചന ആവശ്യമാണെന്ന ചിന്തയിലേക്ക് എത്തിയത്.  ഏതാണ്ട് അഞ്ചു വർഷത്തോളമുള്ള നിരന്തര പരിശ്രമത്തിൻ്റെ ഫലമായാണ് ദേവാമൃതം പൂർത്തീകരിക്കാൻ കഴിഞ്ഞത്.

 ആദ്യം മൂലകൃതി മുഴുവനായും ചേർത്തശേഷം ഓരോ ഖണ്ഡികയും എടുത്ത് പരഛേദം  ചെയ്തു ഇടതുഭാഗത്ത് ചേർത്ത് വലതു വശത്ത് അർത്ഥം രേഖപ്പെടുത്തിയിരിക്കുന്ന രീതിയാണ് അനുവർത്തിച്ചിരിക്കുന്നത്. പദാനുപദം അർത്ഥം ചോരാത്ത വിധത്തിൽ ഒഴുക്കോടെ വായിക്കുന്നതിനായി ആശയം വിന്യസിക്കാൻ നടത്തിയിട്ടുള്ള ശ്രമം വിജയം കണ്ടിരിക്കുന്നു. മൂലകൃതിയുടെ ഖണ്ഡിക ചൊല്ലി പരഛേദം വായിച്ച് അർത്ഥ ഗ്രഹണം നടത്തുന്ന രീതിയാണ് വായനക്കാർ പിന്തുടരേണ്ടതെന്ന് ഗ്രന്ഥകാരൻ സൂചിപ്പിക്കുന്നു.

 തിരുവിതാംകൂർ ദേവസ്വം ബോർഡിൽ നിന്ന് ഡെപ്യൂട്ടി ഡയറക്ടറായി വിരമിച്ച അശോക് കുമാർ എസ് അൻപൊലി ഗുരുദേവ കൃതികളുടെ പ്രഭാഷണവും ക്ലാസുകളും ആയി സംസ്ഥാനമൊട്ടാകെ സഞ്ചരിക്കുന്ന ആളാണ്.
 ഗുരു നിത്യ ചൈതന്യ യതി യെപ്പോലുള്ള മുനിമാരുടെ കൃതികൾ ചെറുപ്പത്തിൽ തന്നെ വായിക്കാൻ തുടങ്ങിയതോടെയാണ് വേദങ്ങളും ഉപനിഷത്തുകളും പഠിക്കാൻ തുടങ്ങിയത്. 

പഠനങ്ങളുടെ തുടർച്ചയായാണ് ഗുരുദേവ കൃതികളിലേക്ക് എത്തിച്ചേർന്നത്.

 ശ്രീനാരായണ ദർശന പാഠശാല എന്ന പേരിൽ ഗുരുദേവ കൃതികൾ പഠിപ്പിക്കുന്നതിനുള്ള ഒരു സംരംഭം അദ്ദേഹത്തിൻ്റെ നേതൃത്വത്തിൽ നടന്നു വരുന്നുണ്ട്. താല്പര്യമുള്ളവർക്കെല്ലാം പങ്കെടുക്കാൻ കഴിയും വിധം ഓൺലൈൻ ക്ലാസ്സുകൾ ആണ് നടത്തിവരുന്നത്.  അടുത്ത ബാച്ച് മെയ് മാസത്തിൽ ആരംഭിക്കും.

 ദേവാമൃതം എന്ന കൃതി വാങ്ങുന്നതിനും ഓൺലൈൻ ക്ലാസിൽ ചേരുന്നതിനും 9447790390 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.

(നോയൽ രാജ് ) 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.