All Categories

Uploaded at 11 months ago | Date: 13/05/2023 07:34:47

പരിചയം-
            ------------------------

   *ഡോ.ബി.ശശികുമാർ*


                                        രചനയുടെ വഴികളിൽ സർഗാത്മകതയുടെ മിന്നലാട്ടങ്ങൾ നമുക്ക് ആദ്യ വായനയിൽ തന്നെ മനസ്സിൽ തട്ടും;അതെത്ര നാൾ കഴിഞ്ഞാലും മറവിയിലേക്ക് പോകുകയുമില്ല.

ഏകദേശം രണ്ടു പതിറ്റാണ്ടെങ്കിലും മുൻപാണ്; പരന്ന വായനയുടെ കാലം. കയ്യിൽ കിട്ടുന്നതെന്തും വായിക്കുന്ന സമയം. ആനുകാലികങ്ങളും നോവലുകളും കഥകളും എന്നുവേണ്ട എല്ലാം പഥ്യം.കലാകൗമുദിയുടെ ഒരു സ്ഥിരം വായനക്കാരനായിരുന്നു അന്ന്.പുതിയ ലക്കം വായിച്ചു മുന്നേറുമ്പോഴാണ്‌ ചെറിയ ഇല്ലസ്ട്രേഷനോടെ രണ്ടോ മൂന്നോ പേജിൽ ഒരു ലേഖനം കണ്ടത്.വിഷയത്തിൻറെ വ്യത്യസ്തത കണ്ടപ്പോൾ വായിച്ചു. രാമായണത്തിൽ പ്രതിപാദിച്ചിട്ടുള്ള വൃക്ഷങ്ങളെയോ സസ്യജാലത്തെയോ കുറിച്ചുള്ളതാണ് വേറിട്ട ആ രചന.രാമായണം പലകുറി വായിക്കുന്നതെങ്കിലും അതിൽ  പ്രതിപാദിച്ചിരിക്കുന്ന വൈവിധ്യമാർന്ന സസ്യജാലത്തെ മികച്ച ഭാഷാശൈലിയിൽ കോർത്തിണക്കി തയ്യാറാക്കിയിട്ടുള്ള ആ ലേഖനം അന്നോളം വായിച്ചതിൽ നിന്ന് തീർത്തും വ്യത്യസ്തവും വേറിട്ടതും ആയിരുന്നു.എഴുത്തുകാരൻറെ പേര് നോക്കി;അത്ര പരിചിതനല്ല; കൃഷിശാസ്ത്രകാരൻ എന്ന നിലയിൽ പേര് കേട്ടിട്ടുണ്ട്.ആ തൂലികയ്ക്ക് വേറിട്ട വഴികളിലൂടെയുള്ള സഞ്ചാരം സാധിച്ചല്ലോ എന്നോർത്ത് അത്ഭുതം കൂറി.

                           കൃഷിശാസ്ത്രകാരൻ എന്ന ഗരിമയിൽ എത്തിനിൽക്കുമ്പോൾ തന്നെ വളരെ കൗതുകകരമായി ശാസ്ത്രവിഷയങ്ങൾ അനായാസം കൈകാര്യം ചെയ്തുവരുന്ന സവിശേഷ വ്യക്തിത്വമാണ് ഇന്ന് നമ്മുടെ  വിശിഷ്ട അതിഥി;ഒരു ശാസ്ത്രജ്ഞന് സർഗാത്മകമായി എഴുതാം എന്ന് തൻറെ പരശ്ശതം രചനകളിലൂടെ അടയാളപ്പെടുത്തുന്ന പ്രിയ സുഹൃത്തു് ഡോ.ബി.ശശികുമാർ.

നേരത്തെ സൂചിപ്പിച്ച ആദ്യലേഖനത്തിൻറെ വായനയിൽ നിന്ന് തുടങ്ങിയ സൗഹൃദം ഇന്നും അനർഗളം തുടരുന്നു. ചില കാര്യങ്ങൾ കൂടെ ഇവിടെ പറയേണ്ടതുണ്ട് ;രജതയെയും മഹിമയെയും വരദയെയും അറിയാത്ത കൃഷി ഉദ്യോഗസ്ഥരും ഗവേഷകരും കാണില്ല.ഇവരൊക്കെ ഇഞ്ചിയുടെ വിളപ്പൊലിമയുള്ള ഇനങ്ങളാണ്;ഇനി മഞ്ഞളിലേക്കു വന്നാലോ?പ്രഭയും പ്രതിഭയും ഉണ്ട്.ഐ.ഐ.എസ്.ആർ ആലപ്പി സുപ്രീം ,കേദാരം വേറെയുണ്ട്.രോഗപ്രതിരോധശേഷിയുള്ള ഐ.ഐ.എസ്.ആർ തേവം എന്ന കുരുമുളകിന് പുറമെ ഗിരിമുണ്ടയും മലബാർ എക്സെലും വേറെ.ഇങ്ങനെ അക്കമിട്ടു പറയാൻ തുടങ്ങിയാൽ ഈ ശാസ്ത്രപ്രതിഭയുടെ ഗവേഷണസപര്യയിൽ നിന്ന് ജന്മം കൊണ്ട സുഗന്ധവിളശ്രേണി എത്രയോ അമൂല്യം ,അതിദീർഘം .

                    പ്ളാൻറ് ബ്രീഡിങ് ആൻഡ് ജനറ്റിക്സിൽ ആനന്ദിലെ ഗുജറാത്ത് കാർഷിക സർവ്വകലാശാലയിൽ നിന്ന് പി.എച്ച്.ഡിയും പ്ളാൻറ് മോളിക്യൂലർ ബയോളജിയിൽ പോസ്റ്റ് ഡോക്ടറൽ ട്രെയിനിങ്ങും നേടിയ ഡോ .ശശികുമാർ 1984-85 കാലയളവിൽ റബ്ബർ ബോർഡിൽ പ്ളാൻറ് ബ്രീഡിങ് വിഭാഗത്തിൽ റിസർച്ച് അസിസ്റ്റൻറ് ആയാണ്  ഗവേഷണ ജീവിതത്തിന് തുടക്കം കുറിക്കുന്നത്.തുടർന്നാണ് മലയാളക്കരയുടെ മടിശീലയ്ക്ക് എക്കാലവും കരുത്തുപകർന്ന സുഗന്ധവിളകളുമായി രമ്യതയിലാകുന്നത്.കോഴിക്കോട് ഇന്ത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് സ്‌പൈസസ് റിസേർച്ചിലെത്തുന്നു.ഡിവിഷൻ ഓഫ് ക്രോപ് ഇമ്പ്രൂവ്മെൻറ് ആൻഡ് ബയോടെക്നോളജിയിൽ സസ്യപ്രജനന വിഭാഗം പ്രിൻസിപ്പൽ സയന്റിസ്റ്റ് ആകുന്നു.ഇടയ്ക്ക് തെക്കേ അമേരിക്കയിലെ ഗയാനയിൽ നാഷണൽ അഗ്രിക്കൾച്ചറൽ റിസർച്ച് ഇന്സ്ടിട്യൂട്ടിൽ സ്‌പൈസസ് എക്സ്പെർട്ട് ആയും സേവനമനുഷ്ഠിക്കുന്നു. പ്രിൻസിപ്പൽ സയന്റിസ്റ്റും ക്രോപ് ഇമ്പ്രൂവ്മെൻറ് ആൻഡ് ബയോടെക്നോളജി വിഭാഗം തലവനും സോഷ്യൽ സയൻസസ് മേധാവിയും കൃഷി വിജ്ഞാന കേന്ദ്രം ചുമതലയുള്ള ശാസ്ത്രജ്ഞനും ആയിരിക്കെ 2018 ലാണ് ഡോ.ശശികുമാർ വിരമിക്കുന്നത്.ഇപ്പോൾ കേന്ദ്ര സർക്കാരിൻറെ ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ്‌സ് അതോറിറ്റി ഓഫ് ഇന്ത്യയുടെ സയന്റിഫിക്ക് പാനൽ അംഗമാണ് ഇദ്ദേഹം.

                 നിരവധി പുതിയ മികച്ച സുഗന്ധവിള ഇനങ്ങൾക്ക് ജന്മം നൽകിയത് കൂടാതെ ഇവയുടെ പ്രജനനവുമായി ബന്ധപ്പെട്ട് ഇദ്ദേഹം കണ്ടെത്തിയ നൂതന വംശവർധന രീതികൾ ഇന്നും സജീവമായി നിലനിൽക്കുന്നു , തുടർന്നുവരുന്നു എന്നതാണ് ഏറ്റവും ശ്രദ്ധേയം. ഇഞ്ചിയുടെയും മഞ്ഞളിന്റെയും പുത്തൻ വിത്തുകളിൽ നിന്ന് ഡി.എൻ.എ വേർതിരിച്ചതും ,മഞ്ഞൾപ്പൊടിയിലെ മായംചേർക്കൽ ഒഴിവാക്കാൻ അതിൻറെ ഡി.എൻ.എ സഹായകമായതും ,ഇഞ്ചി തണ്ടിൽ നിന്ന് കൃത്രിമമായി പ്രോട്ടോകോൾ തയ്യാറാക്കിയതും ,കുരുമുളകുപൊടിയിലും മുളകുപൊടിയിലും മായം ചേർക്കാനാവാത്ത വിധം പ്രോട്ടോകോളുകൾ വികസിപ്പിച്ചതും , സുഗന്ധരാജനെ കളങ്കപ്പെടുത്താൻ പപ്പായ വിത്തുകൾ കലർത്തുന്നത് തടഞ്ഞതും തുടങ്ങി ഒരു ശാസ്ത്രജ്ഞന്  ചെയ്യാൻ കഴിയുന്ന നിരവധി മൗലികപരീക്ഷണങ്ങളും അവയുടെ ഫലങ്ങളും പ്രയോഗികതയിൽ എത്തിക്കാൻ കഴിഞ്ഞു എന്നതാണ് ഏറ്റവും ശ്രദ്ധേയമായ നേട്ടം. കേരളത്തിൻറെ പേരും പെരുമയും ലോകമെങ്ങും എത്തിച്ച അമൂല്യമായ സുഗന്ധവിളകളുടെ പുത്തൻ ഇനങ്ങൾ കണ്ടെത്തിയതിനോടൊപ്പം അവയുടെ സൽപ്പേരിന് കളങ്കം ചാർത്തുന്ന നടപടികൾ തടയാനാവും വിധം തൻറെ ഗവേഷണസപര്യ വഴിതിരിച്ചു വിടാൻ ഇദ്ദേഹം ശ്രദ്ധാലുവായിരുന്നു. സുഗന്ധവിള ഗവേഷണമേഖലയിൽ എക്കാലവും ഓർക്കാൻ ആരും ഇഷ്ടപ്പെടുന്ന നിരവധി നേട്ടങ്ങൾ സ്വന്തമാക്കിയാണ് ഇദ്ദേഹം തൻറെ ഔദ്യോഗികകാണ്ഡം പൂർത്തീകരിച്ചത്.

     എഴുത്തിൻറെ വഴികൾ 
    ---------------------------------------


                                           എത്ര ഗൗരവമുള്ള ഗവേഷണത്തിരക്കിനിടയിലും കാമ്പും കാതലുമുള്ള ലേഖനങ്ങൾ കൃത്യതയോടെ എഴുതിത്തരാൻ ഇദ്ദേഹം കാട്ടുന്ന വൈഭവം പ്രശംസനീയം എന്നേ പറയേണ്ടൂ.അങ്ങനെ എഴുതിത്തന്ന എത്രയോ മനോഹരമായ രചനകൾ. ഈടുറ്റ എഴുത്തിന് തിലകക്കുറി പോലെ തന്മയത്വമുള്ള തലക്കെട്ടുകൾ -ഇതാണ് ഡോക്ടറുടെ ഏറ്റവും വലിയ ഹൈലൈറ്റ് എന്ന് ധൈര്യമായി ഞാൻ പറയും. ഒരിക്കൽ ജാതിക്കൃഷിയെ കുറിച്ച് ഒരു ലേഖനം എഴുതിത്തന്നപ്പോൾ അതിന് ഇദ്ദേഹം കൊടുത്ത തലക്കെട്ട് ഇതായിരുന്നു-"മലയോരം ജാതിമയം!"-ഏറെ കൗതുകവും എന്നാൽ കാര്യമാത്ര പ്രസക്തവും.എഡിറ്റർ എന്ന നിലയ്ക്ക് എൻറെ(ഞങ്ങളുടെ) ആപത്ബാന്ധവൻ -അതാണ് ഡോ.ശശികുമാർ.എല്ലായിടത്തും നിരന്തരം ലേഖനങ്ങളിലൂടെ സുഗന്ധവിളകൾ പോലെ തൻറെ അമൂല്യമായ സൗഹൃദം നിലനിർത്തുന്നതിൽ ഇദ്ദേഹം ബദ്ധശ്രദ്ധനാണ്. പുസ്തകങ്ങൾ,നാനൂറോളം ശാസ്ത്ര ലേഖനങ്ങൾ ,നിരവധി ബുള്ളറ്റിനുകൾ തുടങ്ങി എഴുത്തിൻറെ വഴി ധന്യമാക്കിയ സംഭാവനകൾ ഏറെ. മലയാളത്തിലെ എല്ലാ കൃഷിമാസികകളുടെയും സ്ഥിരം രചയിതാവ്;കൂടാതെ നിരവധി മലയാളം -ഇംഗ്ലീഷ് ദിനപ്പത്രങ്ങളിലും നിരന്തരം എഴുതിവരുന്നു.സ്വർണത്തിന് സുഗന്ധം പോലെ എന്ന് നിസ്സംശയം പറയാം ഡോ.ശശികുമാറിൻറെ രചനാവൈഭവം.

                   വിവിധ സർവ്വകലാശാലകളിൽ നിരവധി ഗവേഷണവിദ്യാർഥികൾക്ക് പഠനം വിജയകരമായി പൂർത്തിയാക്കാൻ വഴികാട്ടിയുമായി ഇദ്ദേഹം.അംഗീകാരങ്ങൾ എത്രയെങ്കിലും ഇദ്ദേഹത്തെ തേടിയെത്തി എന്നതിൽ തെല്ലും അതിശയോക്തിയില്ല;മികച്ച കാർഷികമാധ്യമ പ്രവർത്തകനുള്ള സംസ്ഥാന സർക്കാരിൻറെ കർഷകഭാരതി അവാർഡ് ,സയൻസ് ആൻഡ് ടെക്നോളജിയിലെ കമ്മ്യൂണിക്കേഷൻ മികവിനുള്ള കേന്ദ്ര സർക്കാർ പുരസ്‌കാരം ,ഹോർട്ടികൾച്ചറിലെ മികവിനുള്ള ഐ.സി.എ.ആർ ടീം റിസർച്ച് അവാർഡ് ,മികച്ച ഗവേഷണ പ്രബന്ധത്തിനുള്ള അവാർഡുകൾ തുടങ്ങി നിരവധി. തിരുവനന്തപുരത്തു് ശാസ്തമംഗലത്തു് ഡോ.ശശികുമാർ സകുടുംബം താമസം.

( *സുരേഷ് മുതുകുളം*)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.