Uploaded at 23 hours ago | Date: 30/08/2025 22:56:20
കവിത
- മാപ്പ്-
ചിങ്ങ പെൺ കൊടിയെ
നിന്നെ വരവേൽക്കാനിനിയും
തേങ്ങലടങ്ങാത്ത മിഴി-
നീരുറവ വറ്റാത്ത ഒരൊറ്റ
മനുഷ്യനുമില്ലീ ചൂരൽ
മലയിലെന്നോർക്കണം .
മനസ്സിലിന്നും കരിനിഴൽ
മാഞ്ഞിട്ടില്ലെന്നോർക്ക…
മുക്കുറ്റിപ്പൂവിൻ കനക -
നാളങ്ങൾ തെളിയിക്കാൻ
അവശേഷിച്ചില്ല ഒരു
തൈച്ചെടി പോലുമേ
ഉരുൾ പൊട്ടിയും കുത്തി-
യൊലിച്ചും കടന്നുപോയി
ഉയിരൊട്ടുമേ ബാക്കിയാ -
ക്കാതെയെന്നറിയുക …
ചിങ്ങപ്പെൺ കൊടിയേ
നിനക്കു മുൻപേ പോയതാം
കള്ളക്കർക്കിടകത്തെ
പഴിക്കയല്ലാതിനിയെന്ത്
മനുഷ്യന്റെ ചെയ്തികളാ-
ണിതിനു കാരണമെന്ന്
അറിയായ്കയല്ല മറക്കുന്നു
എല്ലാം വെറുതെയങ്ങനെ
പൊറുക്കുക ചിങ്ങമേ…
നിന്നെ വരവേൽക്കാനുള്ളിൽ
ഒരു തരി വെട്ടവുമില്ലാതെ പോയ്
പൊറുക്കുക…ചിങ്ങമേ പൊറുക്കുക….
( മേരി തോമസ്)
peoms
SHARE THIS ARTICLE