കവിത
ഒരുജന്മംകൂടി
*
( ജയനാരായണൻ തൃക്കാക്കര)
മഴയുടെപാട്ടിൽ, താരാട്ടിൽ
മണ്ണിൻമാറിലുറങ്ങാനും
കുഞ്ഞോളങ്ങൾ കുസൃതികൾകാട്ടും
പുഴയുടെ പടവിലിരിക്കാനും
രാക്കിളിപാടും വനവീഥികളിൽ
രാത്രിയിലൊന്നുനടക്കാനും
താഴ് വാരത്തിൽ തനിയെയിരുന്നെൻ
തംബുരുമീട്ടിപ്പാടാനും
കൂടെനടക്കും കുഞ്ഞിക്കാറ്റിൻ
കാതിൽ കാരിയമോതാനും
കുന്നിലെ നല്ലൊരു മുത്തശ്ശീടെ
കുട്ടിക്കവിതകൾ കേൾക്കാനും
അരയാലിലകൾ നാമംചൊല്ലും
അമ്പലനടയിലിരിക്കാനും
മാനസവീണമുറുക്കീട്ടെന്നുടെ-
യീശനെവാഴ്ത്തിപ്പാടാനും
മൺചെരാതുകൾ മിഴിപൂട്ടുമ്പോൾ
മാടംപൂകി മയങ്ങാനും
വെറുതേപറയുകയല്ലീമണ്ണിൽ
വേണമെനിക്കിനിയൊരുജന്മം!
peoms
SHARE THIS ARTICLE