All Categories

Uploaded at 1 year ago | Date: 13/05/2022 18:06:16

ആലപ്പുഴ: വിദ്യാ‍ത്ഥികൾക്കെതിരെ ലൈംഗിക അധിക്ഷേപമുണ്ടായെന്ന പരാതി ഉയർന്ന ചേർത്തല എസ്എച്ച് നഴ്സിംഗ് കോളേജ് അധികൃതര്‍ക്കെതിരെ നടപടി. ആരോപണ വിധേയയായ വൈസ് പ്രിൻസിപ്പാളിനെ സസ്പെന്‍റ് ചെയ്തു. നഴ്സിംഗ് കൗൺസിലിന്‍റേതാണ് നടപടി. കോളേജിനെതിരെയും നടപടി വന്നേക്കും.

ചേർത്തല എസ്.എച്ച്. നഴ്സിംഗ് കോളേജിലെ വൈസ് പ്രിൻസിപ്പാൾ ലൈംഗിക അധിക്ഷേപം നടത്തിയെന്നതുൾപ്പെടെയുള്ള ഗുരുതര ആരോപണങ്ങളുമായി വിദ്യാർത്ഥിനികൾ രംഗത്ത് വന്നിരുന്നു. വൈസ് പ്രിൻസിപ്പല്‍ ലൈംഗിക അധിക്ഷേപം നടത്തിയതുൾപ്പടെ ഗുരുതര കുറ്റങ്ങൾ ചൂണ്ടിക്കാട്ടി ആലപ്പുഴ ചേർത്തല എസ്എച്ച് നഴ്സിംഗ് കോളേജിനെതിരെ ആരോഗ്യ സർവകലാശാലയ്ക്ക് നഴ്സിംഗ് കൗൺസിൽ റിപ്പോർട്ട് നൽകിയിരുന്നു. ഒരുമിച്ച് നടക്കുകയോ പഠിക്കുകയോ ചെയ്താൽ കുട്ടികൾ തമ്മിൽ സ്വവർഗ ലൈംഗിക ബന്ധമാണെന്ന് വൈസ് പ്രിൻസിപ്പല്‍ ചിത്രീകരിക്കുന്നതായി കുട്ടികൾ പരാതിപ്പെട്ടതായി റിപ്പോർട്ടിലുണ്ട്. അധ്യാപകരുടെ ചെരിപ്പും ഓപ്പറേഷൻ തിയേറ്ററിലെ കക്കൂസും വരെ വിദ്യാർത്ഥിനികളെ കൊണ്ട് വൃത്തിയാക്കിക്കുന്നുവെന്നും വീട്ടിൽ പോകാൻ പോലും അനുവദിക്കാറില്ലെന്നും വിദ്യാർത്ഥികൾ പറഞ്ഞിരുന്നു. 

 

'ഒരുമിച്ച് പഠിക്കുന്നത്, സംസാരിക്കുന്നത്, നടക്കുന്നത്, ഇതൊന്നും കാണാൻ പാടില്ല. കണ്ടാൽ അത് വിദ്യാർത്ഥികൾ തമ്മിലുള്ള സ്വവർഗ ലൈംഗിക ബന്ധമായി വൈസ് പ്രിൻസിപ്പൽ ചിത്രീകരിക്കും എന്നായിരുന്നു ആരോപണം. വസ്ത്രത്തില്‍ ചുളിവുകൾ കണ്ടാലും ഇതേ സ്ഥിതിയാണെന്നാണ് മൂന്നാം വർഷ, നാലാം വർഷ നഴ്സിംഗ് വിദ്യാർത്ഥിനികൾ ആരോപിക്കുന്നത്. വിശ്വസിക്കാൻ പ്രയാസമുള്ള തരത്തിൽ ഞെട്ടിക്കുന്നതാണ് വിദ്യാര്‍ത്ഥികളുടെ ഓരോ വരിയും. ജയിലിന് സമാനമെന്നാണ് പരിശോധനയിൽ ഹോസ്റ്റലിനെ വിവരിച്ചിരിക്കുന്നത്. ക്ലിനിക്കൽ ഡ്യൂട്ടിയിലുള്ള കുട്ടികൾ ലേബർ റൂമിലെയും സർജിക്കൽ വാർഡിലെയും ഓപ്പറേഷൻ തിയേറ്ററിലെയും വരെ വാഷ്ബേസിനും ടോയ‍്ലറ്റും വൃത്തിയാക്കണം. അവധി ദിനത്തിൽപ്പോലും പുറത്തോ വീട്ടിലോ പോകാനാകില്ല. പോയാൽ പിഴ ഈടാക്കുന്നതാണ് ഇവിടുത്തെ പതിവ്.

ദിവസേന നിർബന്ധമായും പ്രാർത്ഥനാ ചടങ്ങുകളിൽ പങ്കെടുക്കണം. ഒരു മണിക്കൂർ മാത്രമാണ് മൊബൈൽ ഫോൺ ഉപയോഗിക്കാന്‍ അനുവദിച്ചിരിക്കുന്നത്. ഹോസ്റ്റൽ മുറി തിങ്ങി നിറഞ്ഞതിൽ പരാതി പറഞ്ഞാൽ പിന്നെ ഇരുട്ട് മുറിയിലേക്ക് മാറ്റും. മാനസിക പീഡനവും മനുഷ്യാവകാശ ലംഘനവും എന്ന് തുറന്നെഴുതിയാണ് ആരോഗ്യ സർവകലാശാലയുടെ കൂടി ഇടപെടൽ കൗൺസിൽ തേടിയത്. ഈ സാഹചര്യത്തിലാണ് ഇന്ന് ആരോഗ്യ സർവകലാശാലയിലെ പ്രതിനിധികളെ കൂടി ഉൾപ്പെടുത്തി പിടിഎ യോഗം ചേരുന്നത്. നഴ‍്സസ് കൗൺസിലിന് ഒരു കുട്ടിയയച്ച മെസേജിലൂടെയാണ് ഇപ്പോഴത്തെ ഇടപെടലുണ്ടായത്. 

 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.