All Categories

Uploaded at 1 year ago | Date: 21/04/2023 07:54:04

പരിചയം-
                         -----------------------

     *അനിൽ ബി കെ*


                    പുതിയ തലമുറ എന്ന അർത്ഥത്തിൽ ഇന്നിപ്പോൾ വ്യാപകമായിരിക്കുന്ന വാക്കാണ് "ന്യൂജെൻ". എന്നാൽ ഇതൊരു പുതിയ കണ്ടെത്തലല്ല എന്നാണ് എൻറെ പക്ഷം;കാരണം എല്ലാ കാലത്തും പുതിയ തലമുറ ഉണ്ട് എന്നതുതന്നെ. ജീവിതത്തിൻറെ ഭൗതിക സൗകര്യങ്ങൾ കണക്കറ്റ് വർധിച്ചപ്പോൾ വർത്തമാന കാലത്തു് ഇത് ഇടയ്ക്കൊക്കെ വലിയൊരു ചർച്ചാവിഷയമാകുന്നു എന്ന് മാത്രം.അല്ലാത്ത പുതുമകളൊന്നും ഇതിനില്ല;ചില വിചിത്രപദങ്ങൾ കണ്ടെത്തി പ്രചരിപ്പിച്ചു എന്നതൊഴിച്ചാൽ.(അതല്ലെങ്കിലും ഭാഷ നിരന്തരം മാറുമല്ലോ;ഈ മാറ്റത്തിൽ പെട്ട് ഇന്നത്തെ ന്യൂ ജെൻ കണ്ടെത്തിയ കൗതുകകരമായ ചില വാക്കുകളുമുണ്ട്-കട്ടയ്ക്ക് ,ശോകം ,തേച്ചു ,മ്യാരകം ,കിടുക്കാച്ചി ,അടിപൊളി ,നിഷ്കു ,അഡാർ ,സഹോ ,മിന്നിച്ചു ,ലോകതോൽവി ,സംഭവം ,നന്മമരം ,തള്ള് ,ദുരന്തം ഇങ്ങനെ പോകുന്നു ഇക്കാലത്തെ ന്യൂജെൻ വാക്കുകൾ.)
പറഞ്ഞു വരുന്നത് ഇതല്ല ഇന്നത്തെ പുതുതലമുറ അനുഭവിക്കുന്ന  സൗകര്യങ്ങൾ ഏറെ പ്രചരിക്കും മുൻപ് ഫാം ഇൻഫർമേഷൻ ബ്യുറോയിൽ എത്തിയ മിടുക്കനായ അന്നത്തെ ഒരു ന്യൂജെൻ വ്യക്തിയെ കുറിച്ചാണ്.

              വാസ്തവത്തിൽ അന്ന് ഫാം ഇൻഫർമേഷൻ ബ്യൂറോയ്‌ക്ക്‌ അത്ര നല്ല കാലം എന്ന് പറയാൻ കഴിയുമായിരുന്നില്ല.അതിനു കാരണങ്ങൾ പലതായിരുന്നു.അന്നത്തെ കൃഷിമന്ത്രി ഉദ്ദേശിക്കുന്ന പോലെ ബ്യൂറോയ്‌ക്ക്‌ പല കാരണങ്ങളാലും പ്രവർത്തിക്കാനോ ഫലങ്ങൾ കാട്ടാനോ കഴിഞ്ഞിരുന്നില്ല.അതിൻറെ തായ ഒരു ക്ഷീണം എല്ലാ തലത്തിലും ഉണ്ടായി എന്ന് പറഞ്ഞാൽ മതിയല്ലോ. 

ബ്യൂറോയുടെ പ്രവർത്തനങ്ങൾക്ക് തികച്ചും അനുയോജ്യരായ വ്യക്തികൾ ഉള്ളതാണ് ബ്യൂറോയുടെ സമഗ്രമായ ശക്തിക്കും കാര്യക്ഷമതയ്ക്കും നല്ലത് എന്ന യാഥാർഥ്യം ഭരണകർത്താക്കളും നയരൂപീകരണ വിദഗ്ദ്ധരും തിരിച്ചറിഞ്ഞു ചർച്ചകളും അന്നുതന്നെ തുടങ്ങിയിരുന്നു.ഇതേത്തുടർന്ന് പിന്നീട് ചില സമഗ്രമാറ്റങ്ങൾ ബ്യൂറോയിൽ ഭരണകർത്താക്കൾ തന്നെ വരുത്തിയിരുന്നു.നിലവിൽ തുടർന്നുപോരുന്നതും അന്ന് നിലവിൽ വന്ന മാറ്റങ്ങളാണ്.ഇത്തരം ഒരു ഘട്ടത്തിലാണ് യാദൃശ്ചികമായി നമ്മുടെ ഇന്നത്തെ അതിഥി ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ കൃഷി ഓഫീസറായി എത്തുന്നത്.ഇന്നത്തെ വിശിഷ്ട അതിഥി -അന്നത്തെ ന്യൂജെൻ പയ്യൻ ഇന്ന് പക്വത വന്ന സീനിയർ ഉദ്യോഗസ്ഥനായി മാറിയിരിക്കുന്നു ;ശ്രീ .അനിൽ ബി.കെ ആണ് ഇന്ന് "പരിചയം" പംക്തിയിലെ അതിഥി.ഇപ്പോൾ ബ്യൂറോയിൽ തന്നെ ശ്രദ്ധേയമായ മാധ്യമ പ്രചരണ വിഭാഗത്തിൻറെ ചുമതലക്കാരനായ മീഡിയ ലെയ്സൺ ഓഫീസർ.കൃഷി ഡെപ്യൂട്ടി ഡയറക്ടർ).

      സൗഹൃദങ്ങൾക്ക് ഏറെ വിലകല്പിച്ചിരുന്ന ശ്രീ.കെ.വിജയൻ ആയിരുന്നു ശ്രീ.അനിൽ ,ബ്യൂറോയിൽ എത്തുമ്പോൾ പ്രിൻസിപ്പൽ ഇൻഫർമേഷൻ ഓഫീസർ.സാത്വികനായ ഒരു വ്യക്തി.ഇദ്ദേഹം നേരത്തെ കാസർഗോഡ് പ്രിൻസിപ്പൽ കൃഷി ഓഫീസറായിരുന്നു. കാസർഗോഡ് നിന്ന് ഇദ്ദേഹത്തെ മാറ്റിയത് ബ്യൂറോയിലേക്കും. വളരെ നല്ല സൗഹൃദമായിരുന്നു കോട്ടയം കാണക്കാരി സ്വദേശിയായ വിജയൻ സാറും ഞാനുമൊക്കെ തമ്മിൽ. സഹപ്രവർത്തകർ അസ്വാരസ്യങ്ങൾ മറന്നു സൗഹൃദത്തോടെ ജോലി ചെയ്യണം എന്ന പക്ഷക്കാരനായിരുന്നു ഇദ്ദേഹം. ഇതിനുവേണ്ടി അദ്ദേഹം നിരവധി മുൻകൈ പ്രവർത്തനങ്ങൾ നടത്തുകയും ചെയ്‌തിരുന്നു.(ഇന്ന് വിജയൻ സാർ ജീവിച്ചിരിപ്പില്ല).

      കൃഷി ഓഫീസറുടെ ഗ്രേഡിലുള്ള "ടെക്‌നിക്കൽ  അസിസ്റ്റൻറ്" എന്ന തസ്തികയിലാണ് ശ്രീ.അനിൽ എത്തുന്നത്.അതുതന്നെ പുബ്ലിക്കേഷനുകളുടെ ചുമതലയിൽ. കേരളകർഷകൻ ഒഴികെയുള്ള പ്രസിദ്ധീകരണങ്ങളുടെ ചുമതല എന്ന് ചുരുക്കം. അനിലിൻറെ പിന്നീടുള്ള പ്രവർത്തനങ്ങൾ ശ്രദ്ധിച്ചപ്പോൾ എനിക്ക് ഒരു കാര്യം ബോധ്യമായി-അനിൽ എത്തിയിരിക്കുന്നത് തികച്ചും അനുയോജ്യമായ പദവിയിലാണെന്ന്. കാരണം ഞാൻ ശ്രദ്ധിച്ച അനിലിന് ലേഖനങ്ങളും കൃഷിപുസ്തകങ്ങളും എഴുതാനും അത് പ്രസിദ്ധീകരിക്കാനും അതിയായ ആഗ്രഹമായിരുന്നു.ഒരു ജൂനിയർ ഉദ്യോഗസ്ഥന് കിട്ടേണ്ട പ്രോത്സാഹനങ്ങൾ പലപ്പോഴും അനിലിന് കിട്ടിയിരുന്നോ എന്ന് വ്യക്തമല്ല;എങ്കിലും അനിൽ തൻറെ ഔദ്യോഗിക പ്രവർത്തനങ്ങളിൽ നിന്ന് ഒരിഞ്ചു പോലും പിന്നോട്ട് പോകാനോ വിമർശനങ്ങളിൽ അടിപതറാനോ ഇഷ്ടപ്പെട്ടിരുന്നില്ല.ഒരർഥത്തിൽ ഒരു ഓഫീസിൽ കുറേപ്പേരുടെയെങ്കിലും അനിഷ്ടം സമ്പാദിക്കാൻ ഇതുതന്നെ ധാരാളമാണല്ലോ!വർഷമേറെ കഴിഞ്ഞെങ്കിലും അനിലിനെ കുറിച്ചോർക്കുമ്പോൾ ഇന്നും എൻറെ ഓർമയിൽ ഓടിയെത്തുന്നത് വിവിധ വിഷയങ്ങളിൽ തയാറാക്കിയ ലീഫ്‌ലെറ്റുകളുടെയും മറ്റും കയ്യെഴുത്തുപ്രതിയുമായി അഭിപ്രായം ആരായാൻ വരുന്ന ഒരു ചെറുപ്പക്കാരൻറെ ചിത്രമാണ്.(ഇതിവിടെ എടുത്തുപറയാൻ ഒരു കാര്യം കൂടെയുണ്ട്.പുതിയ ഒരു മാസികയുടെ ചുമതലയുമായി ഞാൻ യാത്രകൾ നടത്തിയ ഒരവസരത്തിൽ അവിടെ കൃഷിയെഴുത്തിനെ സ്നേഹിക്കുന്ന ഒരു കൃഷി ഓഫീസർ തൻറെ ശേഖരത്തിലെ ബ്യൂറോയുടെ പഴയ പ്രസിദ്ധീകരണങ്ങൾ എന്നെ കാണിച്ചുതന്നു. അക്കൂട്ടത്തിൽ എന്നെ വളരെ ആകർഷിച്ചത് അനിൽ തയാറാക്കിയ ചില നല്ല  ചില പ്രസിദ്ധീകരണങ്ങളും ഉണ്ടായിരുന്നു എന്നതാണ് ).അനിലിന് വീഡിയോ പ്രൊഡക്ഷൻറെ ചുമതലയുമുണ്ടായിരുന്നു.ഏതു കാര്യവും സധൈര്യം ഏറ്റെടുക്കാനും സമയബന്ധിതമായി നടപ്പാക്കാനുമുള്ള അനിലിൻറെ കഴിവ് ശ്രദ്ധേയമായിരുന്നു. വിജയൻ സാറും ഞാനും അന്നത്തെ വീഡിയോഗ്രാഫർ ശ്രീ.ജി.രമേശൻനായരും ആയിരുന്നു പലപ്പോഴും അനിലിൻറെ അത്താണി എന്ന് തോന്നുന്നു.

           അധ്യാപകരായിരുന്ന മാതാപിതാക്കളിൽ നിന്നാണ് വായനയുടെ മഹത്വം മനസിലാക്കുകയും അതിലേക്ക് എത്തുകയും ചെയ്യുന്നത്.എങ്കിലും "ഭാഷാപോഷിണി" പോലെ ഗൗരവ വായനക്കുള്ള വിഭവം വരുത്തുകയും അത് വായിയ്ക്കണമെന്നും അത് അവതരിപ്പിക്കുകയും ചെയ്യണം എന്ന്  നിബന്ധന വരുകയും ചെയ്തപ്പോൾ ആദ്യസന്തോഷം ഇല്ലാതായി!എങ്കിലും അതൊക്കെയാണ് തനിക്കു ഭാഷയുടെ അടിത്തറയായത് എന്ന് അനിൽ ഓർക്കുന്നു.

പ്രീ ഡിഗ്രി പഠനത്തിന് ശേഷം ആസാം കാർഷിക സർവകലാശാലയിൽ നിന്ന് കൃഷി ശാസ്ത്രത്തിൽ ബിരുദവും തുടർന്ന് വെള്ളായണി കാർഷിക കോളേജിൽ നിന്ന് ഹോർട്ടികൾച്ചറിൽ ബിരുദാനന്തര ബിരുദവും നേടി അനിൽ 1996 ൽ കൃഷിവകുപ്പിൽ എത്തുന്നു. ഇടയ്ക്ക് ഉയർന്ന മാർക്കോടെ ജേണലിസം പരീക്ഷയും  വിജയിച്ചു. പിന്നീട് ബ്യൂറോയിലെ സേവനകാലമാണ് നേരത്തെ മനസ്സിൽ സൂക്ഷിച്ചിരുന്ന എഴുത്തിനും പുതുസൗഹൃദങ്ങൾക്കും വേദിയൊരുക്കിയത് എന്ന് അനിൽ ഓർക്കുന്നു.

അക്ഷരസ്നേഹം മനസ്സിൽ ഒരു കെടാക്കനലായി കിടന്നിരുന്നു എന്നതിന് ഉത്തമ ദൃഷ്ടാന്തമാണ്‌ ബ്യൂറോയിൽ അന്ന് ചെലവഴിച്ച നാലുവർഷക്കാലം കൊണ്ട് നൂറോളം സാങ്കേതിക ലഘുലേഖകളും ബുക്ക്ലെറ്റുകളും തയാറാക്കിയത്. കൂടാതെ അൻപതിലേറെ വീഡിയോ പ്രോഗ്രാമുകൾ തയാറാക്കി ദൂരദർശൻ വഴി സംപ്രേക്ഷണവും ചെയ്യാനായി.നിരവധി കൃഷിമാസികൾക്കു വേണ്ടി എഴുതുകയും ചെയ്തു.

          ഒരു വ്യാഴവട്ടക്കാലത്തെ പ്രവാസജീവിതമാണ് പിന്നീട് അനിലിനെ കാത്തിരുന്നത്. ദുബായിയിൽ  ലാൻഡ് സ്‌കേപിങ്ങുമായി ബന്ധപ്പെട്ട ഒരു ബഹുരാഷ്ട്ര കമ്പനിയുടെ ഡയറക്ടർ പദവി വരെ എത്തിയിട്ട് വീണ്ടും തൻറെ ഇഷ്ടലാവണത്തിലേക്കു അനിൽ ചേക്കേറി-ഫാം ഇൻഫർമേഷൻ ബ്യൂറോയിൽ അസിസ്റ്റൻറ് ഡയറക്ടർ ആയി.തുടർന്ന് ഡെപ്യൂട്ടി ഡയറക്ടറും. 

യു.കെയിൽ നിന്ന് ലാൻഡ്സ്‌കേപ്പിങ്ങിൽ സർട്ടിഫിക്കറ്റും ദുബായ് പ്രോജെക്ട് മാനേജ്മെൻറ് ഇൻസ്ടിട്യൂട്ടിൽ നിന്ന് സൗണ്ട് കോൺട്രാക്ട് മാനേജ്‌മെന്റിലും കോൺട്രാക്ട് അഡ്‌മിനിസ്ട്രേഷനിലും കോഴ്സുകൾ ഉയർന്ന മാർക്കോടെ വിജയിക്കുകയും ചെയ്‌തിട്ടുണ്ട്‌. 
 ഏകദേശം രണ്ടു ദശാബ്ദം മുൻപ് ബ്യൂറോയിൽ എത്തിയ ഉത്സാഹശാലിയായ ഈ ചെറുപ്പക്കാരൻ അന്ന് കൃഷിയെഴുതിയാണ് തുടക്കം കുറിച്ചതെങ്കിൽ ഇന്ന് ആ തലത്തിൽ നിന്ന് തെല്ലു മാറി ചില ചലച്ചിത്രങ്ങൾക്ക് തിരക്കഥയെഴുതാനും തയാറെടുക്കുന്നു. നെയ്യാറ്റിൻകര സ്വദേശിയായ അനിൽ ഇപ്പോൾ തിരുവനന്തപുരം ജില്ലയിൽ ആയുർവേദ കോളേജിനടുത്തു കുന്നുംപുറം എന്ന സ്ഥലത്താണ്  താമസം. 

       സ്ഥിരോത്സാഹവും പോസിറ്റീവ് മനോഭാവവും ഉള്ള ഒരാളെ എന്ത് കാര്യം പറഞ്ഞായാലും ആർക്കും ശാശ്വതമായി വഴിമുടക്കി നിർത്താൻ കഴിയില്ല. അങ്ങനെയായാലും അയാൾ പുതിയ ഭൂമിയും പുതിയ ആകാശവും തേടി ചിറകടിച്ചുയരും;ലക്ഷ്യത്തിലെത്തും. അതാണ് ജീവിതത്തിൻറെ ഒരു പ്രയാണവഴി.

(*സുരേഷ് മുതുകുളം*)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.