All Categories

Uploaded at 1 year ago | Date: 03/05/2022 15:36:28

കൊച്ചി: തൃക്കാക്കര ഉപതെരഞ്ഞെടുപ്പില്‍  ഇടത് മുന്നണി വിജയിക്കുമെന്ന് എൽഡിഎഫ് കൺവീനര്‍ ഇ പി ജയരാജൻ. തൃക്കാക്കരയിലൂടെ കേരള നിയമസഭയില്‍ എല്‍ഡിഎഫ് മൂന്നക്കം തികയ്ക്കുമെന്ന് ഇ പി ജയരാജൻ പറഞ്ഞു. തൃക്കാക്കരയിൽ സഹതാപത്തെ മാത്രം ആശ്രയിച്ച് മത്സരിക്കുന്നവരോട് ഒന്നും പറയാനില്ല. എൽഡിഎഫ് വികസനത്തിൻ്റെ രാഷ്ട്രീയം പറഞ്ഞാണ് തെരഞ്ഞെടുപ്പിനെ നേരിടുക. തെരഞ്ഞെടുപ്പില്‍ കെ റെയിൽ ചർച്ച ചെയ്യട്ടെയെന്നും കെ റെയിൽ ജനവികാരം അനുകൂലമാക്കുമെന്നും അദ്ദേഹം പറഞ്ഞു. തൃക്കാക്കര യുഡിഎഫിൻ്റെ പൊന്നാപുരം കോട്ടയാണെങ്കിൽ അത് ഇടിച്ച് തകർക്കുമെന്നും അത് തലയിൽ വീഴാതെ ചെന്നിത്തല നോക്കട്ടെയെന്നും ഇ പി ജയരാജൻ പരിഹസിച്ചു.

തൃക്കാക്കര ഉപതെരഞ്ഞെടുപ്പിനായി എൽഡിഎഫും യുഡിഎഫും ഒരുക്കങ്ങൾ തുടങ്ങി. പി ടി തോമസിന്‍റെ മരണത്തോടെ സംജാതമായ ഉപതെരഞ്ഞെടുപ്പിൽ പി ടി തോമസിന്റെ ഭാര്യ ഉമ തോമസിനെ തന്നെ കളത്തിലറക്കി മണ്ഡലം നിലനിർത്താനാണ് കോൺ​ഗ്രസ് നീക്കം. സഹതാപ തരം​ഗം കൂടി മുതലെടുക്കാനാണ് ഈ നീക്കം. കോൺ​ഗ്രസ് സ്ഥാനാർത്ഥി നിർണയ ചർച്ചകളിലേക്ക് കടന്നിട്ടുണ്ട്. ഉമ തോമസിന്റെ പേര് ഔദ്യോ​ഗികമായി തീരുമാനിച്ച് ഹൈക്കമാണ്ടിനെ അറിയിച്ച് പ്രഖ്യാപനം നടത്തുകയാണ് ചർച്ചയുടെ ലക്ഷ്യം. നാളെ ഔ​ദ്യോ​ഗിക പ്രഖ്യാപനം ഉണ്ടാകുമെന്ന് കെ പി സി സി അധ്യക്ഷൻ കെ സുധാകരൻ പറഞ്ഞു. രൂപീകൃതമായ ശേഷം ഇതുവരേയും കൈവിടാത്ത മണ്ഡലം ഇത്തവണയും ഒപ്പം നിർത്തുമെന്ന പ്രതീക്ഷയിലാണ് കോൺ​ഗ്രസ് നേതൃത്വം.

അതേസമയം സിപിഎമ്മിൽ നിന്ന് സ്ഥാനാർഥി ആരാകുമെന്നതിൽ ഇതുവരെ അന്തിമ തീരുമാനം ആയിട്ടില്ല. ഉമ തോമസ് ആണ് സ്ഥാനാർഥി എങ്കിൽ ഒരു വനിതയെ തന്നെ കളത്തിലിറക്കാനും സി പി എം ആലോചിക്കുന്നുണ്ട്. തെരഞ്ഞെടുപ്പിന്റെ ഏകോപന ചുമതല എൽ ഡി എഫ് കൺവീനറായ ഇ പി ജയരാജനാണ്. എൽ ഡി എഫ് പ്രചരണം ഇ പി ജയരാജൻ ഏകോപിപ്പിക്കും. മന്ത്രി പി രാജീവ്, സംസ്ഥാന സെക്രട്ട്രറിയേറ്റ് അംഗം എം സ്വരാജ് എന്നിവർ മണ്ഡലത്തിൽ കേന്ദ്രീകരിച്ച് പ്രവർത്തിക്കാനും തീരുമാനമായി. വികസനം വിഷയമാക്കിയാകും എല്‍ഡിഎഫിന്‍റെ പ്രചാരണം. കെ റെയിൽ അടക്കമുളള വിഷയങ്ങൾ മണ്ഡലത്തിൽ വോട്ടാക്കി മാറ്റാനാണ് എൽഡിഎഫ് തീരുമാനം. ഉപതെരഞ്ഞെടുപ്പിനുള്ള പ്രാരംഭ തയ്യാറെടുപ്പുകൾ ബിജെപി ഇതിനോടകം തുടക്കമിട്ടെങ്കിലും ഇതുവരേയും ഒരു സ്ഥാനാർത്ഥിയിലേക്ക് അവർ എത്തിയിട്ടില്ല. 

രണ്ടാം പിണറായി സർക്കാർ അധികാരത്തിൽ വന്ന ശേഷം നടക്കുന്ന ആദ്യത്തെ ഉപതെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. ഈ തെരഞ്ഞെടുപ്പ് ജയിക്കാനായാൽ നിയമസഭയിലെ എൽഡിഎഫ് അംഗബലം നൂറാവും. നൂറ് സീറ്റുകളോടെ സർക്കാരിൻ്റെ ഒന്നാം വാർഷികം ആഘോഷിക്കാനുള്ള സുവർണാവസരമായിട്ടാണ് സിപിഎം തെരഞ്ഞെടുപ്പിനെ കാണുന്നത്. അതേസമയം സിൽവർ ലൈൻ വിഷയം വലിയ ചർച്ചയായ ശേഷമുള്ള ആദ്യ തെരഞ്ഞെടുപ്പാണ് എന്നതും രാഷ്ട്രീയമായ വെല്ലുവിളിയായി സർക്കാരിന് മുന്നിലുണ്ട്. പാർട്ടി കോണ്ഗ്രസ് വരെ സംഘടനാ പരിപാടികളെല്ലാം വിജയകരമായി പൂർത്തിയാക്കിയെങ്കിലും ഒന്നാം പിണറായി സർക്കാരുമായി ബന്ധപ്പെട്ട് ഉണ്ടായ വിവാദപരമ്പരകൾ ജനങ്ങളെ എത്രത്തോളം സ്വാധീനിച്ചു എന്നതും തെരഞ്ഞെടുപ്പിൽ വ്യക്തമാവും എന്നതിനാൽ അട്ടിമറി ജയം ലക്ഷ്യമിട്ടുള്ള കടുത്ത പോരാട്ടത്തിനാണ് എൽഡിഎഫ് ഇറങ്ങുന്നത്. 

പാർട്ടിയിലെ നേതൃമാറ്റത്തിന് ശേഷം കോണ്‍ഗ്രസ് നേരിടുന്ന ആദ്യ തെരഞ്ഞെടുപ്പാണ് തൃക്കാക്കരയിലേത്. പാർട്ടിയുടെ ഉറച്ച മണ്ഡലമായി വിലയിരുത്തുന്ന തൃക്കാക്കരയിൽ 2021 നേക്കാളും മികച്ച ഭൂരിപക്ഷത്തിലുള്ള ഒരു വിജയം ലഭിച്ചില്ലെങ്കിൽ കെ സുധാകരനും വി ഡി സതീശനും കടുത്ത തിരിച്ചടിയാവും. ഉമ തോമസിനെ സ്ഥാനാർത്ഥിയാക്കിയാൽ പാർട്ടിയേയും മുന്നണിയേയും ഒറ്റക്കെട്ടായി തൃക്കാക്കരയിൽ രംഗത്തിറക്കാം എന്ന് കെപിസിസി അധ്യക്ഷന്‍ കെ സുധാകരൻ കണക്കുകൂട്ടുന്നു. സെമി കേഡർ സംവിധാനത്തിലേക്ക് പാർട്ടിയെ മാറ്റുമെന്ന് അവകാശപ്പെടുന്ന സുധാകരനും സതീശനും തൃക്കാക്കരയിൽ എണ്ണയിട്ട യന്ത്രം പോലെ യുഡിഎഫും കോണ്‍ഗ്രസും പ്രവർത്തിക്കുന്നുവെന്ന് ഉറപ്പാക്കേണ്ടതുണ്ട്. ഉപ തെരഞ്ഞെടുപ്പിൽ തിരിച്ചടി നേരിട്ടാൽ പിണറായി വിജയൻ നയിക്കുന്ന എൽഡിഎഫിന് മുന്നിൽ തുടർച്ചയായി പരാജയപ്പെടുന്നു എന്ന അവസ്ഥ കൂടിയാവും. പാർട്ടിയുമായി പിണങ്ങി നിൽക്കുന്ന മുതിർന്ന നേതാവ് കെ വി തോമസ് തൃക്കാക്കരയിൽ എന്ത് നിലപാട് സ്വീകരിക്കും എന്നതും കണ്ടറിയണം. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.