All Categories

Uploaded at 1 year ago | Date: 15/06/2022 20:23:10

 

 

പുസ്തക പരിചയം 

 

  *വളയുന്ന അഞ്ച് നേർ രേഖകൾ* 

                        (കഥകൾ)

                      *ഷിജു കെ.പി*

 

എൻജിനീയറും അധ്യാപികയുമായ ഷിജു കെ.പി. എഴുതിയ 45 വ്യത്യസ്തമായ കഥകളുടെ സമാഹാരമാണ് വളയുന്ന അഞ്ച് നേർരേഖകൾ.

 

 കോവിഡ് പ്രതിസന്ധി കാലത്ത് ഓൺലൈൻ മാധ്യമങ്ങൾ മാനവരാശിയെ തുണച്ചതും വളർത്തിയതും കുറച്ചൊന്നുമല്ല.  ഷിജുവിലെ കഥാകാരിയെ കണ്ടെത്തി വികസിപ്പിച്ചതും മറ്റാരുമല്ല. 

 

ഈ പുസ്തകത്തിലെ 45 കഥകളെ അഞ്ച് രേഖകളായി ചിത്രീകരിച്ചിരിക്കുകയാണ്. അതും വളയുന്ന രേഖകൾ.   പ്രത്യാശ ശോകം, മരണം, നർമ്മം, ചിന്ത എന്നിങ്ങനെയാണ് ഈ രേഖകളെ തരംതിരിച്ചിരിക്കുന്നത്. യഥാക്രമം 15, 5, 9, 12 ,4 എന്നിങ്ങനെയാണ് കഥകൾ ഓരോ വിഭാഗത്തിലും ഉള്ളത്.

 

പ്രത്യാശ വിഭാഗത്തിൽ കുടുംബസംഗമം മൂക്കുപൊടി ആദ്യചുംബനം എൻറെ ഇഷ്ടങ്ങൾ ആനന്ദം അഭിമാനം മതിൽക്കെട്ടുകൾ തകർന്നു വീഴുമ്പോൾ ആദ്യത്തെ അത്താഴം വാഹന ലബ്ധി മുഖം ഒറ്റക്കൊരു അമ്മ കണ്ണാടി മുഖച്ഛായ തോൽക്കാൻ മനസ്സില്ല അച്ഛൻറെ മകൾ കഥകളാണ് നിരത്തിയിരിക്കുന്നത് 

 

പ്രത്യാശ വിഭാഗത്തിൽ കുടുംബസംഗമം മൂക്കുപൊടി ആദ്യചുംബനം എൻറെ ഇഷ്ടങ്ങൾ ആനന്ദം അഭിമാനം മതിൽക്കെട്ടുകൾ തകർന്നു വീഴുമ്പോൾ ആദ്യത്തെ അത്താഴം വാഹന ലബ്ധി മുഖം ഒറ്റക്കൊരു അമ്മ കണ്ണാടി മുഖച്ഛായ തോൽക്കാൻ മനസ്സില്ല അച്ഛൻറെ മകൾ കഥകളാണ് നിരത്തിയിരിക്കുന്നത് 

 

ശാന്തമായി ജീവിച്ചു പോകുന്ന പ്രണയ വിവാഹിതരായ സന്തോഷിന്റേയും ഭാര്യയുടേയും ശാന്തമായ ജീവിതത്തിന് ഇടയിലേക്ക് ബന്ധുക്കൾ കയറി വരാൻ തുടങ്ങിയതോടെ നഷ്ടമായിക്കൊണ്ടിരിക്കുന്ന കുടുംബ സ്വസ്ഥത വീണ്ടെടുക്കാനായി 

ഇരുവരും ചേർന്ന് തീരുമാനിക്കുന്ന കുടുംബ സംഗമം എന്ന കഥ 

വളരെ അർത്ഥവത്താണ് എന്ന് പറയാവുന്നതാണ്. 

 

ഇരട്ട പെൺകുട്ടികൾ സൗഹൃദത്തിൽ കഴിഞ്ഞു വന്നിരുന്നവരാണ്. അതിൽ ഒരു കുട്ടി അന്യമതസ്ഥനെ വിവാഹം കഴിച്ചു എന്നതിൻറെ പേരിൽ സൗഹൃദം നഷ്ടമായെങ്കിലും അത് വീണ്ടും ശരിയായി വരും എന്ന് അടയാളപ്പെടുത്തുന്ന കഥയാണ് ചോക്കുപൊടി . 

 

കുഞ്ഞു ജനിച്ചപ്പോൾ അനക്കമില്ലാത്ത കുഞ്ഞിനെ എന്താണ് ചെയ്യുക എന്നോർത്ത് പകച്ചുനിൽക്കുന്ന ഡോക്ടർമാർക്കരികിൽ കുട്ടിയെ ആദ്യ ചുംബനം കൊണ്ട് സൗഖ്യത്തിലേക്ക് നയിച്ച  ആദ്യചുംബനം എന്ന കഥ അത്ഭുതകരമായ കഥയാണ്. 

 

വേലക്കാരിയായ ഒരു സ്ത്രീയോട് 36 വർഷത്തെ ജീവിതത്തിനിടയിൽ എന്താണ് നിൻറെ ഇഷ്ടം എന്ന് ഒരു വീട്ടുടമ ചോദിച്ചാൽ  തോന്നിയ ധന്യതയാണ് 

 എൻറെ ഇഷ്ടങ്ങൾ . 

 

ആനന്ദം അഭിമാനം എന്ന് രണ്ടു ഖണ്ഡിക മാത്രമുള്ള കഥ ഒരു നോവൽ ആകുവാൻ വേണ്ടുമുള്ള ആശയം കുത്തിനിറച്ച കഥയാണ്. പെൺകുട്ടി ജനിച്ചപ്പോൾ 

വീടും തറവാടും നഷ്ടമായെന്ന് ചീത്തപ്പേര് ഏൽക്കേണ്ടിവന്നു. എന്നാൽ  വളർന്നുവലുതായി സ്വന്തം പരിശ്രമവും വാശിയും കൊണ്ട് മാളിക വീട് തിരിച്ചു വാങ്ങുന്ന ഒരു കുട്ടിയുടെ കഥയാണ് ആനന്ദം അഭിമാനം . അച്ഛന്  അറിയാവുന്ന അടക്ക ബിസിനസ്സ് വിട്ട് അറിയാൻ പാടില്ലാത്ത കിടക്ക ബിസിനസ് ചെയ്തു ബിസിനസ് നഷ്ടം വന്നതിനാണ് ഈ കുട്ടി പഴി കേൾക്കേണ്ടി വന്നതെന്നത് യാഥാർത്ഥ്യം. 

 

 അകലത്തെ ബന്ധുവിനേക്കാൾ അടുത്തുള്ള ശത്രുവാണ് ഉപകാരപ്പെടുക എന്ന പഴഞ്ചൊല്ല് അന്വർത്ഥമാക്കുന്ന കഥയാണ മതിൽക്കെട്ടുകൾ തകർന്നു വീഴുമ്പോൾ .

 

 എന്നും വച്ചു വിളമ്പുന്ന അമ്മ മകന്റെ വിവാഹശേഷം മരുമകളുമൊത്ത് ആസ്വദിച്ചു കഴിക്കുന്ന അത്താഴത്തിന്റെ കഥ പറയുന്നതാണ് ആദ്യത്തെ അത്താഴം .

 

കണ്ടറിയാത്തവൻ കൊണ്ടറിഞ്ഞതിന്റെ ഫലമാണ് വാഹന ലബ്ധി എന്ന കഥയിൽ കാണുന്നത്.

 

 മനസ്സിലാണ് ഭംഗി എന്ന് ജീവിതംകൊണ്ട് തെളിയിച്ച മുഖം എന്ന കഥ മോട്ടിവേഷൻ കഥ തന്നെയാണ്.

 അമ്മയെ കൈപിടിച്ച് ജീവിതത്തിലേക്ക് നയിച്ച ഒറ്റക്കൊരു അമ്മ സന്തോഷം തരുന്ന കഥയാണ്.

 

സെയിത്സ് ഗേളിന്റെ ചാതുരിയും ചുറുചുറുക്കും വഴി ആത്മവിശ്വാസം പകർന്നു നേടുന്ന കഥയാണ് കണ്ണാടി .

 

 മുൻഭാര്യയുടെ മുഖച്ഛായ കണ്ട് വിവാഹം കഴിഞ്ഞ് പിന്നീട് യാഥാർത്ഥ്യങ്ങളിലേക്ക് നടക്കുവാൻ ഡോക്ടറുടെ ഉപദേശം മുഖച്ഛായ എന്ന കഥയിൽ. ലോകത്തിനു മുന്നിൽ തോറ്റു പോകാതെ പൊരുതുന്ന പെൺകുട്ടി തോൽക്കാൻ മനസ്സില്ല 

 

ഒടുവിൽ തിരിച്ചെത്തിയ അച്ഛനെ രണ്ടു കൈയ്യും നീട്ടി സ്വീകരിക്കുന്ന മക്കൾ.

 

ഇത്രയും കഥകൾ പ്രത്യാശ വിഭാഗത്തിൽപ്പെടുന്നവയാണ്. അതുകൊണ്ടുതന്നെ ഇവയിലെല്ലാം സന്തോഷത്തിന്റെയും സമാധാനത്തിന്റെയും വിജയത്തിന്റെയും പൊറുക്കലിന്റെയും പാഠങ്ങളാണ് നമ്മൾ വായിച്ചെടുക്കുന്നത്. 

 

ശോകം വിഭാഗത്തിൽ അഞ്ച് കഥകളേ ഉള്ളൂ.

 കുപ്പി , പാട്ട പേപ്പർ എടുക്കുന്ന തമിഴത്തിയുടെ വണ്ടിയിൽ അലസമായി ഒരു കുട്ടി കിടന്നുറങ്ങുന്ന കണ്ടപ്പോൾ പെട്ടെന്ന് ഞെട്ടലാണ് ഉണ്ടാകുന്നത്.   

 

പി എസ് സി പരീക്ഷയെഴുതുമ്പോൾ  തീയതി എഴുതിയപ്പോൾ മാത്രമാണ് ഇന്നു തന്റെ ജന്മദിനം ആണെന്ന് അവൾ ഓർത്തത്. ആരും അവൾക്ക് ആശംസകൾ നേരാനും ഇല്ല.  പിന്നെ ഹൃദയം നുറുങ്ങുന്ന ആശംസകൾ സ്വന്തമായി നേരുകയാണവൾ.  

 

 എംപ്ലോയി ഓഫ് ദി മന്ത് ചില ദൗർബല്യങ്ങൾക്കടിമയായി മറ്റൊരാളിലേക്ക് മാറിപ്പോകുന്നത് അവൾ വിഷമത്തോടെയാണ് മനസ്സിലാക്കുന്നത്. എന്നാൽ എല്ലാവരുടേയും സെയിത്സ് കണക്കുകൾ ആർക്കും അറിയാവുന്നതാണല്ലോ എന്ന സംശയം വായനക്കാരിൽ ഉണ്ടായാൽ തെറ്റുപറയാനാകില്ല.

 

മല്ലിക കഷ്ടപ്പെടാൻ വേണ്ടി മാത്രമാണ് ജീവിക്കുന്നത്. മക്കൾക്കുവേണ്ടി ചോര നീരാക്കുന്ന സ്ത്രീയാണ്. വിയർപ്പിന്റെ അസുഖമുള്ള മക്കൾക്ക് വേണ്ടി ഒരു നിയോഗംപോലെ പണിയെടുത്തു കൊണ്ടേയിരിക്കുന്നു. 

 

കഥയില്ലാത്ത പെണ്ണ് എന്തും സഹിക്കാൻ തയ്യാറാവുന്ന സ്ത്രീകളുടെ പ്രതിനിധിയാണ്. 

 

മരണം എന്ന ശീർഷകത്തിൽ 12 കഥകൾ ആണുള്ളത്.  ഉമ്മക്കുലുസുവിന്റെ മാതാവിൻറെ മരണം സ്വന്തം മരണ ദിനം പോലെ തന്നെ ആയി മാറുന്നു. 

 

രണ്ടാം ഭാര്യക്ക് സ്വന്തം മകൾ ഭാരമായി തുടങ്ങിയപ്പോൾ അവളെ പണിക്കു കൊണ്ടുപോകുവാൻ ചിലർ  വരുമ്പോൾ അവൾ അമ്മയുടെ വഴിയിലേക്ക് യാത്ര തിരിക്കുകയാണ്. 

 

അറിയാതെതന്നെ കൊലപാതകി ആയിത്തീർന്ന നിസ്സഹായനായ മനുഷ്യന്റെ കഥയാണ് കൊലപാതകം. 

 

 അമ്മയുടെ മരണം തൊട്ടടുത്തുതന്നെ വാഹനാപകടം ആയി എത്തുന്ന നിർഭാഗ്യവാന്റെ കഥയാണ് അമ്മ . 

 

എല്ലാവരും  അപരനായി കണ്ടതിനാൽ സ്വന്തം വ്യക്തിത്വം വെളിച്ചത്തു കൊണ്ടുവരാനാകാതെ വിഷമിക്കുന്ന യുവാവ്. വിവാഹ കാര്യത്തിൽ പോലും അയാൾ പിന്തള്ളപ്പെടുന്നു. ഈ ലോകം തനിക്ക് അനുയോജ്യമല്ല എന്ന് 

ധരിച്ച് അദ്ദേഹം ഈ ലോകം വിട്ടു പോവുകയാണ്.

അൽഷിമേഴ്സ് എന്ന കഥയിലെ നായകൻ എല്ലാമുണ്ടായിട്ടും സ്നേഹ പാലിയേററീവ് കെയറിലേക്ക് നടന്നുവന്ന് അനാഥനെപ്പോലെ ജീവൻ വെടിയുകയാണ്.

 ഔചിത്യം ഇല്ലാത്ത അതിഥിയായി മോഷ്ടിക്കാൻ എത്തിയെങ്കിലും കുടംബ നാഥനോടൊപ്പം ജീവത്യാഗം ചെയ്യേണ്ടിവന്ന ഹതഭാഗ്യനായി! 

 

 കരുണ ആശുപത്രിയിലെ കരുണയില്ലായ്മ നമ്മുടെ ആരോഗ്യരംഗത്തെ പരസ്യമായ രഹസ്യത്തിലേക്ക് വിരൽ ചൂണ്ടുന്നതാണ്.

 

രക്ഷിതാക്കളെ വിട്ട് കാമുകന്റെ കൂടെ പോയി ചതിയിൽ പെട്ട സാധാരണ സംഭവങ്ങളുടെ ആവർത്തനം തന്നെയാണ് അവളുടെ ഡയറിക്കുറിപ്പുകൾ എന്ന കഥ 

 

സ്വിഗിയും ചിക്കൻ ബിരിയാണിയും പഴങ്കഞ്ഞിയുമൊക്കെ ചേർന്ന് നർമ്മവിഭാഗത്തിലെ ആദ്യ കഥ ഓണസദ്യ രസകരം ആവുകയാണ്. 

 

ഊർജം കൂടിയ കുട്ടിയെ  സ്കൂളിലേക്ക് അയച്ച് സമാധാനിച്ചെങ്കിലും  

കുട്ടി വീട്ടിലില്ലാത്ത വിഷമം അതിനും മേലെയാകുന്ന കഥയും രസകരം തന്നെ. 

 

ഋതുഭേദങ്ങളിൽ  പ്രകൃതിയുടെ മാറ്റങ്ങൾക്കനുസരിച്ച് കാലാവസ്ഥയിൽ നല്ല വ്യതിയാനങ്ങൾ സംഭവിച്ചിട്ടുണ്ട്.

എന്നാൽ പരീക്ഷയിൽ ഉത്തരം എഴുതുമ്പോൾ പുസ്തകത്തിൽ ഉള്ളതു തന്നെ വേണമെന്ന്  കുട്ടിയെ ബോധ്യപ്പെടുത്തുകയാണ് . 

 

അരങ്ങേറ്റം എന്ന കഥ  രസകരമാണ്. വേണ്ടപ്പെട്ടയാളുടെ  കുട്ടിയെ കഴിവില്ലെങ്കിലും പാട്ടിനു പ്രാധാന്യത്തോടെ ഇരുത്താൻ ശ്രമിക്കുമ്പോൾ അത് ഒഴിവാക്കാൻ പെടാപ്പാടുപെടുന്ന 

അധ്യാപികയുടെ നിസ്സഹായത ഹൃദ്യമാണ്. 

 

പുളി ഉള്ള പായസം ഉണ്ടാക്കിയ പ്ലിംഗ് കഥയാണ് ഒരു പായസത്തിന്റെ കഥ . 

 

ഫോർവേഡ് മെസ്സേജുകൾ കൊണ്ട് പൊറുതിമുട്ടുന്നവർക്ക് നന്നായി ഇഷ്ടപ്പെടുന്ന സമകാലീന ഓൺലൈൻ 

യാഥാർഥ്യമാണ് ബെസ്റ്റ് ഫ്രണ്ട് എന്ന കഥ.

 

"എൻ ജീവാംശം നീയേ പ്രിയേ

എൻ സ്വന്തം നീയേ പ്രിയേ...." 

 

പാട്ടിൽ പറഞ്ഞതിൽ നിന്നു വ്യത്യസ്തമായി ജീവാംശം ജീവനാംശത്തിലേക്ക്  വഴി മാറുന്ന കഥയാണിത് . 

 

 പിന്നെ അതാരാ ? 

ചെറുപ്പകാലത്ത് പ്രേത കഥകൾ മനസ്സിൽ നിറയുന്നതിന്റെ പ്രതിഫലനമാണ് ഈ കഥയിൽ .

 

ഭയം മൂലം ഉറങ്ങാത്ത രാത്രികളിൽ ഘടികാരത്തിന്റെ പെൻറുലശബ്ദം നെഞ്ചിടിപ്പും, മണിയടി അതിന്റെ മൂർദ്ധന്യവുമാകുന്ന യാഥാർത്ഥ്യം ഘടികാരം എന്ന കഥയാവുകയാണ്.

 

 

കുട്ടിയുടെ ചോദ്യത്തിന് ഉത്തരം തേടി നടന്നു അമ്മ. ഝില്ലിക എന്ന വാക്കിൻറെ അർത്ഥം അന്വേഷിച്ചാണ്  വിഷമിച്ചത്. ഗൂഗിൾ പോലും മറുപടി കൊടുത്തില്ല. ടീച്ചറോട് ചോദിച്ചപ്പോഴല്ലേ ഈ പാവത്തിനെ ഝില്ലികയാക്കിയതറിഞ്ഞത്! 

 

 

 

തൃശൂർ റൗണ്ട് എന്ന് പറയുന്നത്  സാംസ്കാരിക തലസ്ഥാനമായ തൃശൂരിൽ ഹൃദയഭാഗമാണ്. അവിടുത്തെ വടക്കുംനാഥക്ഷേത്രം വളരെ പ്രശസ്തമാണ്.  ഓം നമശിവായ എന്ന ബോർഡ് എഴുതിതിനു നേരെ 

നിൽക്കുന്നു എന്നു പറയുമ്പോൾ നാലുവശവും ഓം നമശിവായ എന്ന് എഴുതിയിട്ടുണ്ടെന്ന് പാവം അറിയുന്നില്ല!  

 

ഡ്രൈവിംഗ് പഠനത്തിൽ ധൈര്യം സംഭരിക്കാൻ ആവാതെ 

തോറ്റു പിന്മാറുന്നതിനുപകരം ധൈര്യത്തോടെ പിന്നോട്ട് പോകാനുള തീരുമാനം.   എല്ലാ കഴിവും ദൈവം ഒരുമിച്ച് കൊടുക്കില്ലല്ലോ എന്ന ആശ്വാസത്തോടെ പിന്നോട്ടു പോകുന്ന ഒരു അനുഭവ കഥ. 

 

ചിന്താ എന്ന വിഭാഗത്തിൽ 

ഈ മാസ്ക് ആളു കൊള്ളാലോ , എന്തൊരു പ്രഹസനം ആണെടോ,ഭൂമിക്കൊരു താരാട്ട്, രണ്ടാമൂഴം എന്നീ കഥകളാണ് ചേർത്തിട്ടുള്ളത് . എന്നാൽ ഒരു സാധാരണ വായനക്കാരനെ സംബന്ധിച്ചിടത്തോളം ഇതിനെ കഥകൾ എന്ന ഗണത്തിൽ ഉൾപ്പെടുത്താൻ ബുദ്ധിമുട്ടാണ്. ഓരോ വിഷയങ്ങളിലുള്ള കുറിപ്പോ, ലേഖനമോ എന്നു പറയുവാനാണ് എനിക്ക് തോന്നുന്നത്. 

 

ചിന്ത എന്ന വിഭാഗത്തിൽ ഒഴികെയുള്ള ഇതിലെ ഓരോ കഥകളും എത്രയും അനായാസമാണ് വായനക്കാരന് അനുഭവവേദ്യമാകുക എന്നത് ശ്രദ്ധേയമാണ്.

 

 

അതി വർണ്ണനകളും വളച്ചുകെട്ടലുകളും ഇല്ലാതെ വായനക്കാരുടെ മനസ്സിലേക്ക് കടന്നു ചെല്ലുന്ന കഥകൾ ചെറിയ ചലനങ്ങളുണ്ടാക്കി കൊണ്ടാണ് കടന്നു പോകുന്നത്.

 

കൊച്ചു കൊച്ചു കഥകളിലൂടെ മറ്റുള്ളവരുടെ മനസ്സിലേക്ക് വേദനയും നൊമ്പരവും ആശ്വാസവും പ്രതീക്ഷയും കടത്തിവിടാൻ കെൽപ്പുള്ള ഒരു കഥാകാരിയെ മലയാള ഭാഷയ്ക്ക് ലഭിച്ചിരിക്കുന്നു എന്ന് നിസ്സംശയം പറയാവുന്നതാണ്. 

കുടുംബ സമേതം വായിക്കാവുന്ന കഥകളാണ് ഷിജുവിന്റേതെന്നു പറയാനുളള ധൈര്യം എനിക്കുണ്ട്. 

 

ഇനിയും ആർഭാടങ്ങൾ കുറഞ്ഞ ലളിതമായ  കഥകൾ ഷിജുവിന്റെ തൂലികയിൽനിന്ന് ഉതിർന്ന് വീഴട്ടെ എന്ന് ആഗ്രഹിക്കുന്നു.

 

(വി ആർ നോയൽ രാജ് )

 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.