All Categories

Uploaded at 1 year ago | Date: 04/08/2022 15:21:09

ആദി കൈലാസ യാത്ര -7

   *മനസ്സു നിറഞ്ഞ മടക്കയാത്ര*

"പർവ്വത നന്ദിനി  പ്രിയ 
വദനാ ദേവാ
മമ പാപ ഹരാ തവ ശരണം കരുണാലയ കൈലാസ നിവാസ ശരണാഗത തവ പദ ശരണം "

 ഇന്ന് 25.. 6.. 22. ശനിയാഴ്ച . ഞങ്ങൾ നാഭിധാങ് വിട്ടുപോരുമ്പോൾ അവിടത്തെ നല്ല ഗ്രാമീണരും പ്രകൃതി സൗന്ദര്യവും ഗാംഭീര്യത്തോടെ തലയുയർത്തി നിൽക്കുന്ന പർവ്വത ശിഖരങ്ങൾ ഉദയ സൂര്യന്റെ കിരണങ്ങളേറ്റു വെട്ടിത്തിളങ്ങുന്നു. ഒരു  വശത്ത് പച്ചപുതച്ച മലകൾ കണ്ണിനു കുളിർമയേകുന്നു. ഇതിലേ കടന്നു പോകുന്ന കൈലാസ് മാനസസരസ്സ് യാത്രക്കാർക്കും ആദി കൈലാസയാത്ര ക്കാർക്കും പകർന്നുതരുന്ന ആത്മസാക്ഷാത്കാരം എത്രയോ മഹത്തരമാണ്.

"ഓംകാരം " അഥവാ പ്രണവമന്ത്രം, അത് പരബ്രഹ്മത്തിൽ നിന്നും ഉത്ഭ വിച്ചതാണ്. മഹേശ്വരന്റെ അവയവങ്ങൾ ഓംകാരത്തിൽ അടങ്ങിയിരിക്കുന്ന ബീജ വർണ്ണങ്ങളാണ്. ഓംകാര ജപത്തിന് ഒരുപാട് മഹത്വമുണ്ട്. ഈ പർവതത്തിന്റെ അന്തരീക്ഷത്തിൽ ഇരിക്കുമ്പോൾ നമുക്ക് അനുഭവപ്പെടുന്ന പരമശിവൻ തന്നെയാണ് ഈ ഓംകാര പൊരുൾ. ഇത്രയും ഉയരത്തിൽ നിന്ന് ഞങ്ങൾ യാത്ര ചെയ്യുമ്പോഴും മനസ്സുനിറയെ ആദി കൈലാസ ദർശനവും ഓങ്കാര പർവ്വതവും കാലാപാനിയിലെ കാളി ക്ഷേത്രം കാളി നദി ഉത്ഭവിക്കുന്ന കാളി പാദം കഴുകിയ സ്ഥലവുമെല്ലാം മനസ്സിനെ ഭക്തിയുടെ ഉത്തുംഗതയിൽ എത്തിച്ചിരുന്നു. 

ലിപുലേഖ് ചുരം കടന്നു കഴിഞ്ഞാൽ ചൈന ഭരണത്തിലുള്ള ടിബറ്റ് ആയി .
 ഞങ്ങളുടെ വണ്ടി എല്ലാ ഭീകര വഴികളും കടന്നു പോയിക്കൊണ്ടിരിക്കുകയാണ്. ഡ്രൈവർ സാഗർ സിംഗ് ഗുജ്ജൽ ഭക്തിഗാനം വച്ച്  വഴിയിൽ കാണുന്ന റോഡ് പണി ക്കാരോടും , പട്ടാളക്കാരെ കണ്ടാൽ അവരോടും ചിരിച്ചും എന്തെങ്കിലും സംസാരിച്ചു മൊക്കെയാണ്  വണ്ടിയോടിച്ചു കൊണ്ടിരിക്കുന്നത്. റോഡ് പണി ചെയ്യുന്നവരിൽ സ്ത്രീകളുമുണ്ട്.  സുന്ദരികളായ അവരുടെ മുഖവും നിഷ്കളങ്കമായ ചിരിയും വളരെ മനോഹരമായിരുന്നു. ചുവന്ന പൊട്ടു തൊട്ട് സിന്ദൂരം ചാർത്തി അഴകോടെ പണിയിൽ ഏർപ്പെട്ടിരിക്കുകയാണവർ. ഞങ്ങൾ അവരുടെ കുറെ ഫോട്ടോയെടുത്തു. 

മലയിടിച്ചലുകളിൽ മുകളിൽ നിന്ന് ഒലിച്ചുവരുന്ന കുത്തിയൊഴുകുന്ന വെള്ളത്തിൽ കൂടിയും  സാഗർ മനോധൈര്യത്തോടെ വണ്ടി ഓടിച്ചു കൊണ്ടിരിക്കുന്നു. ഞങ്ങൾ നേടിയ പുണ്യ ദർശനത്തിൽ അലിഞ്ഞ് അറിയാതെ പർവ്വതങ്ങളെ തരണം ചെയ്തു കൊണ്ടിരിരുന്നു. 
ഇന്നത്തെ യാത്രയിൽ ഞങ്ങൾക്ക് ഥാർചുലയിൽ എത്തണം.

 പല ഗ്രാമങ്ങളും ചെക്ക് പോസ്റ്റുകളും പിന്നിട്ട് ആടിയുലഞ്ഞു കഷ്ടപ്പെട്ട് വണ്ടി ഓടിക്കൊണ്ടിരുന്നു. ഞങ്ങളുടെ കയ്യിലുള്ള ഡ്രൈ ഫ്രൂട്ട്സ് ഡ്രൈവർക്കും ഗൈഡിനും ഇടക്ക് കൊടുക്കും.  വഴിയിൽ ഒരുപാട് ആട്ടിൻപറ്റങ്ങളെ  കാണാം. ഗോതമ്പും ചോളവും പച്ചക്കറിയും ഇലകളും എല്ലാം കൃഷി ചെയ്യുന്ന ഗ്രാമീണർ . ആറുമാസമേ ഇവർക്ക് ഇവിടെ ജീവിതം ഉള്ളൂ. അതുകഴിഞ്ഞാൽ ദർച്ചുലയിലേക്ക് കുടിയേറും. അങ്ങനെ ജീവിക്കുന്നവരാണ് ഗ്രാമീണർ .

ഉച്ച കഴിഞ്ഞ് ഞങ്ങൾ ഥാർചുലാ കെ എം വി ക്കൻ ഗസ്റ്റ് ഹൗസിലെത്തി.  നാട്ടിൽ നിന്നു കൊണ്ടുവന്ന ബാഗുകൾ  അവിടെയാണ് വച്ചിരിക്കുന്നത്. ഞങ്ങളുടെ ബൊലേറോ വണ്ടി ഇവിടെ വരെയുള്ളൂ. തിരിച്ചു വന്ന ഞങ്ങളെ വീണ്ടും അവർ സ്വീകരിച്ചു. ഞങ്ങൾക്കുള്ള ഭക്ഷണവും റെഡിയായിരുന്നു. ഒ ഫ്രഷായി വരാനുള്ള സമയം അനുവദിച്ചു.  മൂന്നു ദിവസങ്ങളായി ഞങ്ങൾക്ക് ഫോൺ കണക്ഷൻ   ഇല്ലായിരുന്നു. ഇവിടെ എത്തിയപ്പോഴാണ് വീണ്ടും നെറ്റ് വർക്ക് ശരിയായത് . കഴിഞ്ഞ മൂന്നു ദിവസങ്ങൾ ആരുമായും ബന്ധമില്ലാതെ ഉള്ള യാത്രയായിരുന്നു.  എല്ലാവരും ഫോൺ ചെയ്യാനുള്ള തിരക്കിലായിരുന്നു. ഇവിടത്തെ ഗസ്റ്റ് ഹൗസ് കാളി നദിയോട് ചേർന്ന് കിടക്കുന്നു. ബാൽക്കണിയിൽ ഇരുന്ന് കാളി നദിയുടെ ഭംഗി ആസ്വദിക്കാം. അതിനപ്പുറം നേപ്പാൾ ആണ് . ഒരു തൂക്ക് പാലത്തിലൂടെ നേപ്പാളിലേക്ക് കടക്കാം. അവിടെയും ചെക്കിങ് ഉണ്ട് . ഇതുവഴി ഇന്ത്യക്കാർ അങ്ങോട്ടും അവർ ഇങ്ങോട്ടും യാത്ര ചെയ്യുന്നു. ഇന്ത്യൻ മണി കൊടുത്താലും നേപ്പാളിൽ നിന്ന് സാധനങ്ങൾ വാങ്ങാം. ഭക്ഷണം കഴിഞ്ഞ് എല്ലാവരോടും വേഗം വണ്ടിയിൽ കയറാൻ പറഞ്ഞു. ഞങ്ങൾക്കുള്ള ട്രാവലർ എത്തിയിരുന്നു. വീണ്ടും ഞങ്ങൾ മുംബൈകാരുടെ കൂടെ ട്രാവലറിൽ കയറി .എല്ലാവരും സന്തോഷത്തിലാണ്. ജീവന്മരണ പോരാട്ടത്തിലൂടെയുള്ള യാത്രയായിരുന്നല്ലോ. ഇത്രയും തരണം ചെയ്തു എത്തിയതിൽ ഉള്ള സന്തോഷം എല്ലാവരിലുമുണ്ട്. പ്രകൃതി സൗന്ദര്യം ആസ്വദിച്ച് വേറൊരു വഴിയിലൂടെ ഞങ്ങൾ യാത്ര തുടരുന്നു.  പ്രകൃതീ ,അമ്മേ നിന്റെ മടിത്തട്ടിലുടയുള്ള യാത്രയിൽ ഞങ്ങൾ അമ്മയിൽ അലിയുന്നു. ഞാൻ വണ്ടിയിൽ ഇരുന്ന് പ്രകൃതിയെ കുറിച്ച് കവിത എഴുതി. ആരുടെ മനസ്സിലും ഭാവന വന്നു പോകും. എന്തെല്ലാം വർണ്ണങ്ങളാണ് ഈ പ്രകൃതി ഒരുക്കിയിരിക്കുന്നത്. 

 ചായ കുടിക്കാനായി വണ്ടി നിർത്തി .എല്ലാവരും ഇറങ്ങി. ഓരോരുത്തരുടെ കൈയിലുള്ള പലഹാരങ്ങൾ  പങ്കുവെച്ച് കഴിച്ചു കുറച്ചുസമയം അവിടെ കഴിച്ചു. വീണ്ടും യാത്ര .ഡി ഡി  ഹട്ടിൽ ഉള്ള ചൗകോരി ഗസ്റ്റ് ഹൗസിലാണ് വൈകിട്ട് എത്തിയത്.  ഗസ്റ്റ് ഹൗസും കോട്ടേജുകളും ഉണ്ട് . ഞങ്ങൾക്ക് മൂന്നു പേർക്കുള്ള കോട്ടേജ് ആണ് കിട്ടിയത്. നിറയെ പൂക്കളാൽ മനോഹരമായ സ്ഥലം. ഊട്ടിയിലെ പോലുള്ള ഒരു പ്രതീതി തോന്നി. എല്ലാവരും മുറികളിലേക്ക് പോയി കുളിച്ചു ഫ്രഷായി  ഡിന്നറിന് ഒത്തുകൂടി . കുറേസമയം സംസാരിച്ചിരുന്നു.

 എല്ലാവരും മുറികളിലേക്ക് പോയി. ഉറക്കം വരുന്നതിനു മുൻപേ മനസ്സിൽ ഓർത്തു , ഇത്രയും വഴികൾ പിന്നിട്ട് ഭഗവാൻ ഇവിടെ വരെ സുഖമായി എത്തിച്ചു. എന്തെല്ലാം അനുഭവങ്ങൾ മനസ്സിന്റെ മാന്ത്രിക ചെപ്പിൽ ഒരിക്കലും മങ്ങാതെ മായാതെ ....

 ആത്മീയ നിർവൃതി തന്ന യാത്രയുടെ സുഖം മരണവും അതു കഴിഞ്ഞാൽ ഉള്ള ദേഹിയുടെ പ്രയാണത്തിൽ ഈ തീർഥ യാത്ര കൂടി ചേർത്തു വെക്കട്ടെ.. നേപ്പാൾ. ചൈന. ടിബറ്റ് എന്നീ അതിർത്തികളിലൂടെ വടക്കോട്ടുള്ള യാത്ര അവിസ്മരണീയം തന്നെ. ഈ പർവ്വതനിരകളിൽ നിന്നുകിട്ടിയ ഊർജ്ജം ജീവിതയാത്രയിൽ തളരാതിരിക്കാൻ ഉമാമഹേശ്വരൻ അനുഗ്രഹിക്കട്ടേ. 
യാത്ര ചെയ്ത് വീഥികളിലൂടെ ഒരു മിന്നായം പോലെ കടന്നുപോയാൽ 2000 അടി താഴെ കൂടി കാളി നദി അലറി കുതിച്ചൊഴുകുന്ന ആ കാഴ്ച കണ്ണുകളിൽ ഭയത്തെ ജനിപ്പിക്കും. മറുവശം തലക്കുമീതെ ചെങ്കുത്തായ പാറകൾ,അതിനിടയിൽ കൂടെയുള്ള വഴികൾ , ഇടിഞ്ഞു കൊണ്ടിരിക്കുന്ന മലകൾ.... ജീവിതത്തിൽ എന്തൊക്കെയോ നേടി എന്നൊരു തോന്നൽ. ഇതെല്ലാം തരണം ചെയ്യിപ്പിച്ച ഒരു ശക്തി ഉണ്ടല്ലോ അത് പിറവിയിൽ തന്നെ ശിരോലിഖിതം ആയി കുറിച്ചിട്ടതാകാം. മുജ്ജന്മ കർമ്മ ബന്ധങ്ങളിലൂടെ വന്ന പുണ്യവുമാകാം. ഇതെല്ലാം മനസ്സിലൂടെ കടന്നുപോയി. സുഖമുള്ള ആ കോട്ടേജിൽ കിടന്നിട്ടും ഉറക്കത്തെക്കാൾ കൂടുതൽ മനസ്സിൽ നല്ല 
സ്വപ്നങ്ങൾ ആയിരുന്നു.
 ഇനി നാളത്തെ യാത്ര പാതാള ഭൂമിയിലേക്ക് ആണ്.. 

"ഹര ഹര മഹാദേവ.. നമ പാർവ്വതി പതയേ നമ " 

അവിടുത്തെ പാദങ്ങളിൽ അർപ്പിക്കുന്നു.

(ഷാനി നവജി )
9497035122

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.