ആരോഗ്യം
അമിത വണ്ണം
അമിതവണ്ണം കുറയ്ക്കാൻ ആയുർവേദത്തിൽ നിരവധി മാർഗ്ഗങ്ങളുണ്ട്. വ്യായാമം, ശരിയായ ഭക്ഷണം, ഔഷധങ്ങൾ എന്നിവ ഇതിൽ ഉൾപ്പെടുന്നു. ശരീരഭാരം കുറയ്ക്കാൻ സഹായിക്കുന്ന അനേകം ആയുർവേദ ഔഷധങ്ങളും, ചികിത്സകളും, ഭക്ഷണക്രമീകരണങ്ങളും ഉണ്ട്. അമിതഭാരവും പൊണ്ണത്തടിയും ഇപ്പോൾ പലരേയും അലട്ടുന്ന പ്രധാന പ്രശ്നമാണ്. ശരീരഭാരം വർദ്ധിക്കുന്നതിലൂടെ ഉണ്ടാകുന്ന അപകടസാധ്യതകൾ വളരെക്കൂടുതലാണ്. പൊണ്ണത്തടി രോഗാവസ്ഥ എന്ന നിലയിലും ശ്രദ്ധിക്കേണ്ടതാണ്. ഇതൊക്കെക്കൊണ്ടാണ് ശരീരഭാരം കുറക്കാനും മികച്ച ശരീരഘടന ഉറപ്പാക്കാനും സഹായിക്കുന്ന ജിംനേഷ്യങ്ങൾ, യോഗാകേന്ദ്രങ്ങൾ, എയ്റോബിക് വ്യായാമ കേന്ദ്രങ്ങൾ എന്നിവ ഇപ്പോൾ ധാരാളമായിക്കണ്ടുവരുന്നത്.
കഫദോഷത്തെയും ധാതുമേദസ്സിനെയും വർധിപ്പിക്കുന്ന ഭക്ഷണക്രമവും ജീവിതശൈലിയുമാണ് പൊണ്ണത്തടിയുടെ പ്രധാന കാരണങ്ങൾ. വെണ്ണ, നെയ്യ്, വെളിച്ചെണ്ണ, പാൽ, ക്രീം, ചീസ്, ശുദ്ധീകരിച്ച മാവ്, ചുവന്ന മാംസം എന്നിവ ഉപയോഗിച്ച് തയ്യാറാക്കുന്ന ഭക്ഷണം ബോഡി മാസ് ഇൻഡക്സ് വർദ്ധിപ്പിക്കുന്നു. ശരീരത്തിലെ ആകെ കൊഴുപ്പിന്റെ ഏകദേശ അളവാണ് ബോഡി മാസ് ഇൻഡക്സ് (BMI). പിസ്സ, ബർഗർ, സോഫ്റ്റ് ഡ്രിങ്കുകൾ, ഐസ്ക്രീമുകൾ തുടങ്ങിയ എല്ലാ ജങ്ക് ഫുഡുകളും, മധുരപലഹാരങ്ങളും, വറുത്ത ഭക്ഷണങ്ങളും പൊണ്ണത്തടിക്ക് കാരണമാകും. പകൽ സമയത്തെ ഉറക്കം, ഭക്ഷണത്തിനിടയിലുള്ള ഭക്ഷണം, ഡ്രൈ ഫ്രൂട്ട്സ്, ചിപ്സ് പോലുള്ള ഉയർന്ന കലോറി ഭക്ഷണങ്ങൾ കഴിക്കൽ, ഉദാസീനമായ ജീവിതശൈലി, വ്യായാമക്കുറവ്, സമ്മർദ്ദം, അമിത ഭക്ഷണം എന്നിവ അമിതവണ്ണത്തിന് കാരണമാകുന്നു. ഹോർമോൺ - മെറ്റബോളിക് തകരാറുകൾക്ക് കാരണമാകുന്ന രോഗങ്ങളും (ഹൈപ്പോതൈറോയിഡിസം, കുഷിംഗ് സിൻഡ്രോം, നെഫ്രോളജിക്കൽ ഡിസോർഡേഴ്സ്), പോളിസിസ്റ്റിക് ഓവേറിയൻ ഡിസീസ്, ആർത്തവ ക്രമക്കേടുകൾ തുടങ്ങിയവ ഉണ്ടാക്കുന്ന സ്ത്രീ ഹോർമോൺ തകരാറുകളും പൊണ്ണത്തടിക്ക് കാരണമാകുന്നു. ഹോർമോൺ തെറാപ്പി, സ്റ്റിറോയിഡ് തെറാപ്പി എന്നിവയും പൊണ്ണത്തടിയിലേക്ക് നയിക്കാറുണ്ട്. പാരമ്പര്യവും ഒരു പ്രധാന ഘടകമാണ്.
ഉയർന്ന രക്തസമ്മർദ്ദം, ഉയർന്ന എൽഡിഎൽ കൊളസ്ട്രോൾ അളവ്, കുറഞ്ഞ എച്ച്ഡിഎൽ കൊളസ്ട്രോൾ അളവ്, അല്ലെങ്കിൽ ഉയർന്ന അളവിലുള്ള ട്രൈഗ്ലിസറൈഡുകൾ, ടൈപ്പ് 2 പ്രമേഹം, കൊറോണറി ഹൃദ്രോഗം, ഹൃദയാഘാതം, പിത്തസഞ്ചി രോഗം, ഓസ്റ്റിയോ ആർത്രൈറ്റിസ് മുതലായ പല ഗുരുതര ഗോഗാവസ്ഥകൾക്കും പൊണ്ണത്തടി കാരണമാകാറുണ്ട്.
ഉപവാസം, യോഗയും പ്രാണായാമവും, ശരിയായ ഭക്ഷണം, എന്നിവ അടിസ്ഥാനമാക്കി ആയുർവേദരീതിയിലുളള ദിനചര്യകൾ പിന്തുടരുന്നത് അമിതവണ്ണം കുറക്കുന്നു. ശരീരഭാരം കുറയ്ക്കാൻ ഏറ്റവും നല്ല ആയുർവേദ ചികിത്സ ഏതാണ്, ആയുർവേദ ഭക്ഷണക്രമങ്ങൾ ആരോഗ്യകരമാണോ, ശരീരഭാരം കുറയ്ക്കാൻ കൗമാരകാലം മുതലേ ആയുർവേദ ഭക്ഷണക്രമം പിന്തുടരുന്നത് എങ്ങനെയാണ്, ത്രിഫല, ഗുൽഗ്ഗുലു, മുതലായ നിരവധി ആയുർവേദ മരുന്നുകൾ എപ്രകാരമാണ് പൊണ്ണത്തടി നിയന്ത്രിക്കുന്നത്, സ്വാഭാവികമായി 7 ദിവസം മുതൽ 21 ദിവസം വരെയുളള ചികിത്സകളിലൂടെ എങ്ങനെ ശരീരഭാരം കുറയ്ക്കാൻ കഴിയും, വയറിലെ കൊഴുപ്പ് എങ്ങനെ കുറയ്ക്കാം, കർക്കിടക ചികിത്സ ശരീരഭാരം എപ്രകാരം ക്രമപ്പെടുത്തും, അമിതവണ്ണവുമായി ബന്ധപ്പെട്ട ശാരീരിക, വൈകാരിക പ്രശ്നങ്ങൾക്ക് എന്താണ് പരിഹാരം, ജനിതക പ്രശ്നങ്ങൾക്കുളള പരമ്പരാഗത ഔഷധങ്ങൾ ഏതൊക്കെയാണ് എന്നിങ്ങനെ അമിതവണ്ണവുമായി ബന്ധപ്പെട്ട എല്ലാ നിർദ്ദേശങ്ങൾക്കും വിദഗ്ധരായ ആയുർവേദ ചികിത്സകരുടെ ഉപദേശങ്ങൾ സ്വീകരിക്കുക.
Dr. കെ.എ. രവി നാരായണൻ BAMS, PG Dip in Journalism
kerala
SHARE THIS ARTICLE