All Categories

Uploaded at 1 year ago | Date: 17/07/2022 15:52:22

ആദി കൈലാസ യാത്ര - 4

 

  *ഗുഞ്ചിലേക്കുള്ള കഠിന യാത്ര*

 

 "കർപ്പൂര ഗൗരം കരുണാവതാരം 

സംസാര ഹാരം ഭൂജ ഗേന്ദ്ര ഹാരം 

സദാ വസന്തം ഹൃദയാരവിന്ദം 

ഭവം ഭവാനി സഹിതം നമാമി "

 

 22..6.22 ഇന്ന് ബുധനാഴ്ച. നാലുമണിക്ക്  ഥാർച്ചുലയിൽ പ്രസന്നമായി  ആദിത്യൻ ഉദിച്ചുയർന്നു. രാത്രിയിലെ മഴ ഭയപ്പെടുത്തിയെങ്കിലും ആ അന്തരീക്ഷം എല്ലാം മാറി -  പ്രകൃതി ഞങ്ങളുടെ യാത്രക്കുള്ള ആശിർവാദം തന്നത് പോലെ .

 

 പ്രഭാതകൃത്യങ്ങൾ കഴിഞ്ഞ് നാമജപവും കഴിഞ്ഞ താഴേക്ക് പോയി. കുറച്ചുസമയം കാളി നദിയെ നോക്കിയിരുന്നു. മൂടൽമഞ്ഞിൽ പൊതിഞ്ഞു കിടക്കുന്ന മലകൾ . താഴെ കാളിയുടെ അലർച്ച . പച്ചപുതച്ച മലകളിൽ നിന്നും മന്ദമാരുതൻ  തലോടി പോകുന്നു. എത്രസമയം അവിടെ ഇരുന്നാലും മതി വരില്ല. ഇവിടെനിന്നും പോകേണ്ട സമയം അടുക്കുന്നു. അതികഠിനമായ യാത്രയാണ് ഇനി തുടരേണ്ടത്.  ഇവിടെ നിന്ന് പുറപ്പെട്ടാൽ ഫോൺ കണക്ഷൻ  ഉണ്ടാകില്ല. എല്ലാ ബന്ധങ്ങളും ഇവിടെ അവസാനിക്കുക യാണ.  ഇനിയങ്ങോട്ട് ഭഗവാൻ മാത്രമാണ് ഒപ്പമുണ്ടാവുക.

 കുറച്ച് സമയം കൂടി അവിടെ ഇരുന്നു.  പ്രാതൽ കഴിച്ച് റെഡിയായി. അവർ തന്ന ടീഷർട്ടും അണിഞ്ഞ് താഴെ വന്നു. അപ്പോഴേക്കും ഞങ്ങൾക്കുള്ള വണ്ടികൾ വന്നെത്തിയിരുന്നു.  ഇവിടുന്നങ്ങോട്ട് ബൊലോറോ വണ്ടിയാണ്. 

 

 ഞങ്ങളുടെ ബാഗ്  വണ്ടിയിൽ കയറ്റി. ആദ്യം കിടന്ന പുതിയ വണ്ടിയിൽ ആയിരുന്നു ഞങ്ങളുടെ സീറ്റ് . ഞാനും ചേട്ടനും മനോജും ഗവർമെന്റ് ഗൈഡ് ഗൗരവവുമാണ് ആദ്യത്തെ വണ്ടിയിൽ . ഇത്രയും ദിവസം മുംബൈക്കാർ ഒന്നിച്ചുള്ള യാത്രയായിരുന്നു. ഓരോ വണ്ടിയിലും ഡ്രൈവറെ കൂടാതെ നാലുപേർ...

 അങ്ങനെ ഭഗവാന് ജയ് വിളിച്ചു വണ്ടി നീങ്ങിത്തുടങ്ങി. ഞങ്ങളുടെ വണ്ടിയാണ് മറ്റു വണ്ടികളെ നയിച്ചു കൊണ്ട് മുന്നിൽ പോയത്. ചെറിയൊരു പയ്യനാണ് ഡ്രൈവർ.  അവൻ ഭക്തിഗാനം ഇട്ട് തന്നു . വണ്ടി ഓടി തുടങ്ങിയതും മൊബൈൽ കണക്ഷൻ എല്ലാം വേർപെട്ടു.  

 

കാളി നദീതീരത്ത് കൂടിയാണ് യാത്ര . ആകാശം മുട്ടി നിൽക്കുന്ന മലകൾ, ഒരു വശത്ത് കാളി നദിയുടെ അലർച്ച , മറുവശം വഴിയിലുടനീളം മലയിടിച്ചിൽ . ചില സ്ഥലങ്ങളിൽ വഴി പോലുമില്ല .ആടിയുലയുന്ന വണ്ടി . 

 മല ഇടിയുമ്പോൾ ഭീമാകാരമായ കല്ലുകൾ പൊടിച്ച് വഴി ഉണ്ടാക്കി തരുന്ന ബോർഡർ റോഡ് ഓർഗനൈസേഷൻ (B. R. O.) അർദ്ധസൈനിക വിഭാഗമായ ഇവരെ  മാത്രം നമുക്ക് വഴിയിൽ കാണാം.  നമ്മുടെ നാട്ടിൽ ഒരു വർഷംകൊണ്ട് ചെയ്യുന്ന   കാര്യം മണിക്കൂറുകൾ കൊണ്ട് അവർ ചെയ്തു നമ്മെ യാത്രയാക്കുന്നു.

 

 ഇടിയുന്ന പാറകൾ അവിടെ നിന്നും മാറ്റിയാൽ മാത്രമേ ആ ഇടുങ്ങിയ വഴിയിൽ കൂടി പോകാനാകു. അങ്ങനെ പല പല സ്ഥലങ്ങളും കടന്നാണ് പോയിക്കൊണ്ടിരിക്കുന്നത്. 

കുമയൂൺ മലകളിലൂടെയുള്ള യാത്ര പ്രകൃതി സൗന്ദര്യത്തിലും നമ്മുടെ ഭയം വർദ്ധിപ്പിക്കുന്ന താൽ അത്യുന്നതിയിലുമാണ്. ഇതൊന്നും കാണാതെ കണ്ണുകളടച്ച് ഇരിക്കാൻ എനിക്ക് കഴിഞ്ഞില്ല. ഇത്രയധികം ഉയരത്തിലൂടെ നമ്മൾ യാത്ര ചെയ്യുന്നു. അഗാധതയിൽ കാളി നദി കലിതുള്ളി അവസാനം ഇല്ലാത്ത വിധം ഒഴുകുന്നു. ഏതുസമയവും ഇടിഞ്ഞു വീഴാൻ നിൽക്കുന്ന സൈഡിലൂടെ വണ്ടിയുടെ ഓട്ടം. ഓടിക്കൊണ്ടിരിക്കുമ്പോൾ ഒരുവശം എപ്പോൾ വേണമെങ്കിലും  മലകൾ ഇടിഞ്ഞു വീഴാം.    നമ്മുടെ ഈ യാത്ര ഭക്തിയുടെ പരമോന്നത തലങ്ങളിലേക്ക് നമ്മെ എത്തിക്കും. 

 

ഈ പർവ്വതനിരകൾ മനുഷ്യന്റെയും ദേവന്മാരുടെയും ഇടയിലുള്ള അവസ്ഥാന്തരങ്ങൾ ആണ് . ആ ആത്മീയതയോട് കൂടി മാത്രമേ ഈ പർവതനിരകളിലൂടെ യാത്ര ചെയ്യാനാവു. ഈ ഭയാനകത നിറഞ്ഞ യാത്രയിൽ കണ്ണുകളിലൂടെ പോകുന്ന കാഴ്ചകൾ കണ്ടിരിക്കുമ്പോഴും  മനസ്സ് വളരെ ശാന്തമായിരുന്നു.  അവിടെ എന്റെ കണ്ണൻ എന്നിൽ അലിഞ്ഞു. ഞാൻ കണ്ണനോട് മാനസം ചേർത്തുവെച്ചതിനാൽ മനസ്സിലൊരു തണുപ്പായിരുന്നു. പല സ്ഥലങ്ങളിലുള്ള മലയിടിച്ചിലും കാളിയുടെ രൗദ്രഭാവവും .  ഇവൾ എന്തിനിത്ര അലറിപ്പാഞ്ഞു വരുന്നു എന്ന് നമുക്ക് തോന്നിപ്പോകും. 

 

 യാത്രയിലെ അതി ഭയാനക വഴിയിലൂടെ പോകുന്നത് കണ്ണുകളിൽ പതിഞ്ഞാൽ രാമചന്ദ്രൻ സാറിന്റെ ബുക്കിലെ വരികൾ എത്രയോ സത്യം എന്ന് നമുക്ക് അനുഭവമാകും.  സാർ ഈ വഴികളിലൂടെ എല്ലാം നടന്നാണ് പോയത്. ആ പാദങ്ങളെ മനസ്സുകൊണ്ട് നമിക്കുന്നു. 

 പഞ്ചാക്ഷരി ജപിച്ചു മാത്രമേ ഈ വണ്ടിയിൽ ഇരിക്കാൻ പറ്റു . വിശപ്പും ദാഹവും ഒക്കെ ഒരുപാടുണ്ടെങ്കിലും ഒന്നും അറിയുന്നില്ല. കയ്യിലുള്ള ബദാമും, കശുവണ്ടിയും ഡ്രൈവർക്കും ഗൈഡിനും കൊടുത്തു.

 

 പല ഗ്രാമങ്ങളും കടന്നുപോയി. നാലു മണിയോടെ ഞങ്ങൾ ബുധി പട്ടാളക്യാമ്പിൽ എത്തി. അവിടെയാണ് ഞങ്ങൾക്കുള്ള ഭക്ഷണം. എല്ലാവർക്കും നല്ല വിശപ്പുണ്ട്.  ചപ്പാത്തി, പരിപ്പുകറി, പൊട്ടറ്റോ കറി, സാലഡ്, ചുട്ട പപ്പടം എല്ലാം ഉണ്ട് . എനിക്കു തീരെ ഭക്ഷണം കഴിക്കാൻ സാധിക്കാറില്ല. എല്ലാവരും പുറത്തിറങ്ങി വന്നപ്പോൾ പട്ടാളക്കാരെ കണ്ടു. തൊഴുകയ്യോടെ അവരോട് ആദരവ് പ്രകടിപ്പിച്ചു. ഞങ്ങളുടെ യാത്ര മുഴുവൻ അതിർത്തിയിലൂടെ ആണല്ലോ ഏറ്റവും കൂടുതൽ നമ്മൾ കാണുന്നത് പട്ടാളക്കാരെയും റോഡ് പണിക്കാരെയും ആണു. ഏത് തണുപ്പിലും അതിർത്തി കാക്കുന്നവർ.  ഇവിടെ ആക്രമണം ഉള്ള സ്ഥലം ആണെന്ന് പറഞ്ഞു.

 ഭക്ഷണം കഴിഞ്ഞ് എല്ലാവരും വേഗം വണ്ടിയിൽ കയറി. വീണ്ടും ഭയാനകമായ വഴികളിലൂടെ യാത്ര തുടർന്നു. ഇനി ഗുഞ്ചി എത്തണം. അവിടെയാണ് ഞങ്ങളുടെ സ്റ്റേ. ശക്തിയായ തണുപ്പും തുടങ്ങി. ഇരുട്ട് പരക്കാൻ തുടങ്ങിയപ്പോഴേക്കും ഞങ്ങൾ ഗുഞ്ചിയിൽ എത്തി. 

 

ശക്തിയായ തണുപ്പ്.  മഞ്ഞു പൊതിഞ്ഞ മലകൾക്ക് നടുവിൽ കുറച്ചു ടെൻറുകൾ . ഞങ്ങൾ ചെന്നപ്പോൾ തന്നെ ചൂടുള്ള ചായ തന്നു . അതിനുശേഷം മുറികൾ തന്നു .  തണുപ്പുകൊണ്ട് കിടക്ക പുതച്ച് അതിനുള്ളിലേക്ക് കയറി. എല്ലാവരേയും വിളിച്ച് പുറത്തിറക്കി.  എല്ലാവരും പുറത്തുവന്ന് ഈ തണുപ്പിനോട് യോജിക്കാൻ പറഞ്ഞു. 

 യാത്രാക്ഷീണവും തണുപ്പും വിശപ്പും എല്ലാംകൂടി വല്ലാത്ത ഒരു അവസ്ഥയായിരുന്നു. എല്ലാവരും ഭക്ഷണം കഴിക്കാൻ ചെന്നു. നല്ല ആഹാരമാണ് പക്ഷെ കഴിക്കാൻ പറ്റുന്നില്ല. നാട്ടിൽനിന്ന് കൊണ്ടുപോയ എൻഷുവർ കുറച്ചു കലക്കി കുടിച്ചു. ഇന്ന്  അധികം സംസാരിച്ച് ഊർജ്ജം നഷ്ടപ്പെടുത്തരുതെന്ന് നിർദ്ദേശം കിട്ടി.  തണുപ്പു കൊണ്ട് വെള്ളം പോലും വായിൽ കൊള്ളാൻ പറ്റുന്നില്ല. ഉറങ്ങാൻ കിടന്നിട്ടും ശക്തിയായ തണുവിനാൽ  ഉറക്കവും വരുന്നില്ല. രാവിലെ അഞ്ചരക്ക് ബ്രേക്ഫാസ്റ്റ് കഴിച്ചു ആറു മണിക്ക് പുറപ്പെടണം എന്ന് പറഞ്ഞു. ശക്തിയായ തണുപ്പിൽ തണുത്തുറഞ്ഞ് ഇരിക്കുന്ന കിടക്കയും . 

 

ഒന്നു മയങ്ങി പോകുമ്പോൾ യാത്രയിൽ അനുഭവപ്പെട്ട ഗർത്തങ്ങളിലേക്ക് വീണുപോകുന്ന ഞെട്ടലായിരുന്നു. ആദി കൈലാസനാഥനെ കാണുന്നതിനു മുൻപുള്ള ഈ ഭയാനകമായ യാത്രയും .

ഗുഞ്ചിലെ തണുപ്പുള്ള രാത്രിയിൽ എപ്പോഴോ കണ്ണുകളടഞ്ഞു പോയി.

ഇപ്പോൾ ഞങ്ങൾ 10,500 അടി ഉയരത്തിലാണ്.

 

(ഷാനി നവജി )

9497035122

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.