ഓർമ്മച്ചെപ്പ് 17
"എന്റെ പരീക്ഷണങ്ങൾ "
മോഹൻ ചെറായി.
mob.97456 40456
ആദ്യമേ ഞാൻ സൂചിപ്പിച്ച
പോലെ എനിക്ക് ഏഴു മാസം പ്രായം ഉള്ളപ്പോഴാണ് കുഴുപ്പിള്ളിയിൽ സ്ഥലം വാങ്ങി അച്ഛൻ വീടു വെച്ചത് . വീടുപണിയിൽ ഒപ്പം സഹകരിച്ച ഒരു മരപ്പണിക്കാരൻ പണി കഴിഞ്ഞ് പിരിയുകയായിരുന്നു. കണക്കു നോക്കിയപ്പോൾ അയാൾ
അധികമായി കൈപ്പറ്റിയ കുറേ
പൈസ അച്ഛനു കൊടുക്കാനുണ്ട്. ആ പൈസ തിരിച്ചു തന്നിട്ട് കൊണ്ടു പൊയ്ക്കോളാം എന്നു പറഞ്ഞ് അയാൾ പണിയായുധങ്ങൾമുഴുവൻ വീട്ടിൽ വച്ചിട്ട് പോകാൻ ഒരുങ്ങി. അച്ഛൻ എത്ര പറഞ്ഞിട്ടും മാന്യനായ ആ മനുഷ്യൻ അത് കൊണ്ടു പോയതേയില്ല.
അൽപം മുതിർന്നപ്പോൾ ഞാനാ
പണി സഞ്ചി എടുത്ത് നോക്കാനും അതിലെ ടൂൾസെടുത്ത് കൈകാര്യം ചെയ്യാനും തുടങ്ങി. ഒരു ദിവസം വീതുളി എടുത്ത് ഐപ്പു ചേട്ടൻ സ്കൂളിൽ മണിയടിക്കും പോലെ അനുകരിച്ചു. അമ്മ ഇതു കണ്ടു. 'കൈ മുറിയും ' എന്നുപറഞ്ഞ് അമ്മ
അതെല്ലാം വാങ്ങി വച്ചു.
കുറെക്കൂടി മുതിർന്നപ്പോൾ ഞാൻ വീണ്ടും ഈ പണിയായുധങ്ങൾ എടുത്തു പ്രയോഗിക്കാൻ തുടങ്ങി. അപ്പോഴേക്കും അച്ഛൻ മരിച്ചിരുന്നു.
അമ്മയുടെ നിർദ്ദേശമനുസരിച്ച് ചന്ദ്രൻ ചേട്ടൻ ഈ ആശാരിയെ കണ്ട്, ആ പണിയായുധങ്ങൾ എടുത്തുകൊണ്ടു പൊക്കോ.
അല്ലെങ്കിൽ അനിയൻ കൊച്ച് അവന്റെ കൈ മുറിക്കും എന്നു പറഞ്ഞപ്പോൾ അയാൾ വീട്ടിൽ വന്നു .
വരുമ്പോൾ, ഞാനൊരു മരവണ്ടി
ഉണ്ടാക്കാനുള്ള ശ്രമത്തിലാണ്. എന്റെ പണി കുറേ നേരം കണ്ടുനിന്ന
ആ നല്ല മനുഷ്യന് പണിയായുധങ്ങൾ
പിടിച്ചു വാങ്ങി കൊണ്ടു പോകാൻ
മനസ്സു വന്നില്ല. അവയെല്ലാം എടുത്തു കൊടുക്കാൻ ശ്രമിച്ച ചേട്ടനെ തടഞ്ഞുകൊണ്ടയാൾ പറഞ്ഞു:
"കഴിവൊള്ള കൊച്ചാ. ഉളി പിടിക്കണ
കണ്ടാലറിയാം....മിടുക്കനാവും ! "
വാത്സല്യപൂർവ്വം എന്റെ തലയിൽ തലോടിയിട്ട്, വീതുളികൾ മാത്രം എടുത്തുകൊണ്ട് അയാൾ പോയി, ബാക്കിയുള്ളതെല്ലാം എനിക്ക് സമ്മാനമായി തന്നുകൊണ്ട്....
ഞാൻ ഈ ആയുധങ്ങളുപയോഗിച്ച് അറക്കക്കാരൻ വണ്ടികൾ ഉണ്ടാക്കി.
അതുകഴിഞ്ഞപ്പോൾ പൂമ്പാറ്റകൾ ചിറകുവിരിച്ചാടുന്ന രണ്ടുചക്ര വണ്ടി ഒക്കെ ഉണ്ടാക്കി. ഒടുവിൽ ഞാനൊരു ബസ്സും ഉണ്ടാക്കി.
ആകൃതിയിൽ അത് ആയിടെ ഇറങ്ങിയ കോമറ്റ് ബസ് പോലെ ആയിരുന്നു. ഞാൻ ഈ ബസ്സ് കെട്ടി വലിച്ചു നടന്നപ്പോൾ, ഇത് കണ്ട്
തോമസ് മാഷുടെ വീട്ടിൽ വിരുന്നു വന്ന ഒരു ബന്ധുവിന്റെ മകന് അത് വേണം എന്നായി. ഞാൻ കൊടുത്ത
ബസ്സിനു പ്രതിഫലമായി അയാൾ എനിക്ക് രണ്ടു രൂപ തന്നു. വേണ്ടാ എന്നുപറഞ്ഞിട്ടും നിർബന്ധിച്ച് പോക്കറ്റിൽ ഇട്ടുതന്ന ആ ആദ്യത്തെ പ്രതിഫലം അമ്മയെഏൽപ്പിച്ചു. അമ്മയുടെ പ്രതികരണം
"ആ കൊച്ചിന് അതു വെറുതെ കൊടുത്താൽ പോരായിരുന്നോ" എന്നായിരുന്നു. ചോദ്യത്തിന് എന്റെ മറുപടി വളരെ കൃത്യം :
"അവർ പാവങ്ങൾ അല്ലല്ലോ വെറുതേകൊടുക്കാൻ "
അമ്മ ചിരിച്ചു.....
അക്കാലം തൊട്ടേ എനിക്ക് ഇതു പോലുള്ള പരീക്ഷണ നിരീക്ഷണങ്ങളിൽ വലിയ താല്പര്യം ആയിരുന്നു. ചിലത് അപകടകരവും
ആയിരുന്നു. ഏഴാം ക്ലാസിൽ പഠിക്കുമ്പോൾ ഉണ്ടായ ഒരു പരീക്ഷണം ഈ ഗണത്തിൽ
പെടുന്നതായിരുന്നു. (വയറു കീറി
കുടൽ പുറത്തു ചാടുമായിരുന്ന ആ
പരീക്ഷണത്തേപ്പറ്റി പറയാം......)
ഈയക്കടലാസും ചുണ്ണാമ്പും വെള്ളവും ഉപയോഗിച്ച് ഹൈഡ്രജൻ ഉണ്ടാക്കാമെന്നും, ഈ ഹൈഡ്രജൻ ബലൂണിൽ സംഭരിച്ചാൽ, വീർപ്പിച്ച്
കെട്ടി ഉയർത്തി വിടാമെന്നും ബലൂൺ മുകളിലേക്ക് പറന്നു പോകും എന്നും മനസ്സിലാക്കിയത് അക്കാലത്താണ്.
പലതരം ബലൂണുകൾ മുകളിലേക്ക് പറത്തിവിടുകയും കൂടെ സ്വന്തം പേര്
എഴുതിയ കാർഡ് തൂങ്ങിക്കിടന്ന്
കറങ്ങുംവിധം വിടുകയും ചെയ്ത ഏറെ ആസ്വാദ്യകരമായ കാലം. അങ്ങനെ ഇരിക്കുമ്പോഴാണ് വീട്ടിൽ വളരെ കാലമായി ഉപയോഗിക്കാത്ത
നല്ല വലുപ്പമുള്ള ഒരു കുപ്പിയിൽ
കണ്ണുടക്കിയത്. പണ്ട്, എനിക്കു പ്രിയപ്പെട്ട ഒരു ആടിനെ കൊന്ന് ഉണ്ടാക്കിയ ബ്രാത്ത് സൂക്ഷിച്ചിരുന്ന ആ കുപ്പി കാണുന്നതേ എനിക്കു വെറുപ്പ് ആയിരുന്നു. ഇന്നത്തെ രീതി അനുസരിച്ച് മൂന്നു ലിറ്റർ എങ്കിലും കൊള്ളും . വർഷങ്ങൾ കടന്നതോടെ
വെറുപ്പ് കുറഞ്ഞിരുന്നു. കിട്ടിയ ഒരു
വാൽവുപിടിപ്പിക്കാൻ പറ്റിയ വാവട്ടം.
വാൽവു വെച്ചുകെട്ടുന്നതിനു മുമ്പ്
കുപ്പിക്കുള്ളിൽ തങ്കക്കടലാസ്സെന്നു വിളിച്ച,അലൂമിനിയംഫോയിലും
(തേയില പെട്ടിയുടെ ഉള്ളിൽ ഈർപ്പം
കയറാതിരിക്കാൻ ഒരു പാളി
ഈയക്കടലാസ് ഉണ്ടാകുമായിരുന്നു)
വിലക്കുവാങ്ങിയ ചുണ്ണാമ്പും കുറേ വെള്ളവുംചേർത്ത് ഹൈഡ്രജൻ നിർമ്മാണം നടത്താൻ സംവിധാനം ഒപ്പിച്ചുവച്ചു. വാൽവ് കുപ്പിയുടെ വാ വട്ടത്തിൽ ഫിറ്റുചെയ്തുവെച്ചു.
ഇൻസുലേഷൻ ടേപ്പ് ഉപയോഗിച്ച് അത് ഭംഗിയായി സീൽ ചെയ്തും വച്ചു .ഒടുവിൽ രാസപ്രവർത്തനം
ഏറെയായപ്പോൾ, കുറെയേറെ ഹൈഡ്രജൻ ആയി കഴിഞ്ഞ പശ്ചാത്തലത്തിൽ ഒരു കൈകൊണ്ട് കുപ്പി വയറ്റത്ത് ചേർത്തു പിടിച്ചിട്ട്
മറുകൈകൊണ്ട് തീപ്പെട്ടി ഉരച്ചു കത്തിച്ച് തീ വാൽവിൽ കാണിച്ച്
വാൽവു തുറന്നു. ഹൈഡ്രജൻ മിനുങ്ങി മിനുങ്ങി കത്തുന്നത് കണ്ട് ആഹ്ലാദിച്ചു കൊണ്ടിരിക്കെ, കത്തൽ പെട്ടെന്നു നിന്നു. ഒരു ബാക്ക് ഫയർ ഉണ്ടാകാം എന്ന് തിരിച്ചറിയാനുള്ള ബോധം അന്നുണ്ടായിരുന്നില്ല! വലിയ ശബ്ദത്തോടെ കുപ്പി പൊട്ടിച്ചിതറി.
കൈയുടെ പല ഭാഗവും മുറിഞ്ഞു
ഷർട്ട് കീറിപ്പൊളിഞ്ഞു. ഷർട്ട് ഇട്ടിരുന്നതു കൊണ്ടുമാത്രം വയറു കീറി കുടൽമാല പുറത്തു ചാടിയില്ല! പക്ഷേ കുപ്പി ശക്തമായി വയറ്റിൽ അടിച്ചതിനാൽ , വല്ലാത്ത വേദനയും
വയറിന്മേൽ ചുവന്ന പാടുകളും
അവശേഷിപ്പിച്ചിരിക്കുന്നു എന്റെ പരീക്ഷണം!
ശബ്ദം കേട്ട് അമ്മ ഓടി വന്നു.
ഉടഞ്ഞ കുപ്പിയുടെ മേലെ കയറി അമ്മയുടെ കാലു മുറിയാതിരിക്കാൻ വേണ്ടി ഞാൻ വിളിച്ചുപറഞ്ഞു:
"അമ്മ വരല്ലേ! കുപ്പിച്ചില്ല് കിടപ്പുണ്ട് "
അക്കാലത്ത് ഒരുവിധം ചെറിയ മുറിവുകൾക്കെല്ലാം പ്ലാസ്റ്ററിന്റെ ഉപയോഗനിർവഹണം , തെങ്ങിൻ മടലിന്റെ പൊരിപ്പ് എന്ന കനം കുറഞ്ഞ സ്പോഞ്ച് പോലുള്ള ഒരു സാധനംകൊണ്ടാണ് . മുറിവിൽ വച്ചാൽ അത് അവിടെയിരുന്ന് രക്തപ്രവാഹം തടഞ്ഞ്, ആ മുറിവ് കരിയുന്നതാണ് അനുഭവം. വലിയ
മുറിവിൽ പഞ്ചസാരയും പൊത്തും.
കയ്യിലും കാലിലും ഒക്കെ അമ്മ
അതെല്ലാം കൊണ്ട് പ്രഥമ ശുശ്രൂഷ ചെയ്തു തന്നു. തകർന്നു പോയ ഒരു സ്വപ്നത്തിന്റെ അവശേഷിപ്പായ പിച്ചള വാൽവും നോക്കി, വേദന കടിച്ചമർത്തി ഞാനിരുന്നു......
___________________________________
kerala
SHARE THIS ARTICLE