ഓർമ്മച്ചെപ്പ് 19
"വേദനയുടെ താഴ് വരയിൽ "
മോഹൻ ചെറായി
mob. 97456 40456
നാടകം തുടങ്ങാറായി. ഞങ്ങളെല്ലാം മേക്കപ്പ് കഴിഞ്ഞിരിക്കുകയാണ്.
ക്ലബ്ബിന്റെ സെക്രട്ടറി വന്നു പറഞ്ഞു:
"ഹൗ...... നല്ല തിരക്കാണ്. കസേര കിട്ടാതെ ആൾക്കാര് നിൽക്കാണ്.
കുറച്ചു കസേര കൊണ്ടുവരണം ..."
ഞങ്ങളിൽ ചിലർ ചെന്ന് ഒളിഞ്ഞു നോക്കി. കൂട്ടത്തിൽ, ഞാനും ചെന്ന് ഒന്നു പാളിനോക്കി. പറഞ്ഞത് ശരിയാണ്. ആളുകൾ ഓഡിറ്റോറിയം നിറഞ്ഞു കവിഞ്ഞ്, പിറകിലായി കുറേപ്പേർ നിൽക്കുന്നു !
എന്റെ ചെവിക്കാരോ പിടിച്ചു. ഞാൻ തിരിഞ്ഞു നോക്കി . നെൽസൺ സാറാണ്. സാറ് ചിരിച്ചുകൊണ്ട് പറഞ്ഞു:
"കുറച്ചു കഴിഞ്ഞാൽ ഇവരെയെല്ലാം നിനക്ക് നേരിട്ട് കാണാമല്ലോ...വാ."
നെൽസൺ സാർ അടക്കം ഞങ്ങൾ എല്ലാവരും സ്റ്റേജിൽ വൃത്തത്തിൽ നിന്നു. നാടകകൃത്ത് C.L. ജോസ്
ഒരു പ്രാർത്ഥന പോലെ ചിലത് ഉരുവിട്ടു . നെൽസൺ സാർ എല്ലാവർക്കും ഷേക്ക് ഹാൻഡ് തന്നു. കയ്യുയർത്തിയ ശേഷം അവർ രണ്ടുപേരും അണിയറയിലേക്കു പോയി . ബെൽ മുഴങ്ങി. നാടകം തുടങ്ങി. ശ്രീ.C.L.ജോസിന്റെ ജനപ്രിയ
നാടകമായിരുന്നു "വേദനയുടെ
താഴ് വരയിൽ." അക്കാലത്ത് നാടകങ്ങൾ കുറവായതിനാൽ കൂടി ആവാം , നാടകം തുടങ്ങി ഏറെ വൈകാതെ തന്നെ കാണികളാകെ നാടകത്തോട് ഇഴുകിയിഴുകി
ചേരുകയായിരുന്നു. ചിരിച്ചും
പൊട്ടിച്ചിരിച്ചും, കരഞ്ഞും കയ്യടിച്ചും അവർ നാടകത്തിന്റെ കൂടെ കൂടുകയാണ്.....
അങ്ങനെ നല്ലരീതിയിൽ നാടകം പുരോഗമിച്ചുകൊണ്ടിരിക്കേയാണ്
അപ്രതീക്ഷിതമായി എനിക്ക് ഒരടി കിട്ടിയത്. അതും, കരണത്തു തന്നെ!
കള്ളുകുടിയനായ എന്റെ മൂത്ത
ചേട്ടനായത് ജേക്കബ്ബ് ചേട്ടനാണ്.
ജേക്കബ്ബ്ചേട്ടനോട് ആരോ പറഞ്ഞു, കള്ളുകുടിയന്റെ റോൾ നന്നാവാൻ ഒരിത്തിരി കഴിച്ചാൽ മതി , അഭിനയം കൂടുതൽ നന്നാവും എന്ന് ! പാവം അതുകേട്ടു വിശ്വസിച്ച് അല്പം ചാരായവും കുടിച്ച്, അതിന്റെ ഗന്ധം മറ്റുള്ളവർ അറിയാതിരിക്കാൻ , ഉള്ളി വായിലിട്ട് ചവച്ച് തുപ്പിയാണു വന്നത്.
മദ്യപനായ മൂത്തചേട്ടൻ കഥാപാത്രം,
രണ്ടാമത്തെ ചേട്ടൻ മദ്രാസിൽ നിന്ന് അപ്പന്റെ പേരിൽ അയക്കുന്ന പൈസ കള്ളൊപ്പിട്ടു വാങ്ങി കള്ളു
കുടിച്ചുവരുമ്പോൾ, ആ പൈസ കൊണ്ട് വീട്ടിലേക്ക് ആവശ്യമുള്ള എന്തെങ്കിലും കാര്യങ്ങൾ ചെയ്തു കൂടെ എന്ന് ബാബു ചോദിക്കുന്നത് ഇഷ്ടപ്പെടാതെ അവനെ തല്ലുന്നത്
ആണ് രംഗം. വളരെ ഭംഗിയായിട്ട് ആവർത്തിച്ച് ഞങ്ങൾ റിഹേഴ്സൽ ചെയ്തുറപ്പിച്ച ഭാഗമാണിത് . ആ രംഗത്ത് , ചേട്ടൻ കൈവീശുമ്പോൾ, കൈ എന്റെ മുഖത്ത് വരുന്ന നിമിഷം ഞാൻ തല വെട്ടിത്തിരിക്കും.അതേ സമയം അപ്പുറത്ത് ക്വാർട്ടർഫോമിനു പിന്നിൽ കാത്തു നിൽക്കുന്ന പോളി ചേട്ടൻ മുൻകൂട്ടി ഏർപ്പാട് ചെയ്ത പോലെ കൈ വെള്ളയിൽ മറുകൈ കൊണ്ട് അടിച്ച് ശബ്ദമുണ്ടാക്കും. പക്ഷേ, ചാരായം എല്ലാം തകിടം മറിച്ചു! ജേക്കബ് ഏട്ടന്റെ ആ അടി കൃത്യമായി എന്റെ കവിളത്ത് തന്നെ കൊണ്ടു ! കരണം പുകഞ്ഞ അടി !!
തല കറങ്ങുന്നു.. അപ്രതീക്ഷിതമായ അടിയിൽ തരിച്ചുപോയ ഞാൻ സ്റ്റേജിൽ മറിഞ്ഞു വീണു . എന്റെ വീഴ്ച കണ്ട്, കാണികളൊന്നടങ്കം കൈയടിച്ചു പ്രോത്സാഹിപ്പിച്ചു.
(അവരുടെ വിചാരം ഞാൻ തകർത്ത് അഭിനയിക്കുന്നു എന്നാണ്.)
ഭംഗിയായി ഞാനതു ചെയ്തിരുന്നു വെങ്കിലും ഇത് അതിനേക്കാൾ വളരെ മികച്ച തരത്തിലായി..... ഒരു നിമിഷം പതറിപ്പോയെങ്കിലും അടുത്ത നിമിഷം ഞാൻ രംഗത്ത് ആണെന്നും ഒട്ടേറെ ആളുകൾ, ഒരു വലിയ ജനസഞ്ചയംതന്നെ എന്നെ കണ്ടു കൊണ്ടിരിക്കുകയാണ് എന്നുമുള്ള ബോധം വീണ്ടെടുത്ത്, അടുത്തതായി പറയാനുള്ള ഡയലോഗും ഓർത്തെടുത്ത്, ഞാൻ പതിയെ എഴുന്നേൽക്കാൻ ശ്രമിച്ചു. പകുതി ആയപ്പോഴേക്കും ഞാൻ വീണ്ടും വീണുപോയി ! (അപ്പോഴും വൻ കരഘോഷം !!)തെറിച്ചുപോയ വടി കൈകൊണ്ട് പരതിയെടുത്ത്,
ഞാൻ സാവധാനം എഴുന്നേറ്റു .
കൃത്യമായി പറയേണ്ട ഡയലോഗ്
കരഞ്ഞുകൊണ്ടു തന്നെപറഞ്ഞു :
"എന്തിനാ ചേട്ടാ എന്നെ തല്ലുന്നത് "
(എന്റെ സംഭാഷണം കേട്ട് അമ്മമാർ
കരഞ്ഞുവത്രേ..) എന്നെ അടിച്ചതിൽ ശരിക്കും പകച്ചുപോയിരുന്നു പാവം
ജേക്കബ്ബ്ചേട്ടൻ. ഒരു ഡയലോഗ് പറയാൻ ഉള്ളത് പോലും മറന്ന്, വെട്ടിത്തിരിഞ്ഞ് അണിയറയിലേക്ക് പോയി. പിന്നീട് അണിയറയിൽ ചെല്ലുമ്പോൾ കാണുന്നത്, ജേക്കബ്ബ് ചേട്ടനെ സംവിധായകൻ പുകച്ചു നിർത്തിയിരിക്കുന്നതാണ്. എന്നെ കണ്ടപാടേ, പുള്ളിക്കാരൻ ഓടി വന്ന് എന്നെ കെട്ടിപ്പിടിച്ച് , 'എന്റെ പൊന്നു മോനെ ക്ഷമിക്കെടാ... അബദ്ധം
പറ്റിപ്പോയതാടാ ....ചേട്ടനോട് ക്ഷമിക്ക് ' എന്നൊക്കെ പറയാൻ തുടങ്ങി. വേദന മറന്ന് ഞാൻ ജേക്കബ്ബേട്ടനെ സമാധാനിപ്പിച്ചു:
'സാരമില്ലാ... സാരമില്ലന്നേ... പിന്നെ സംസാരിക്കാം ....ആളുകള്..... '
ഞാനൊരു വലിയ ആളേപ്പോലെ
ജേക്കബ്ബേട്ടനെ ആശ്വസിപ്പിക്കുന്നതു കണ്ട് നെൽസൺ സാർ വന്ന്, എന്റെ കവിളിൽ തലോടി.....
ആളുകൾക്കെല്ലാം നാടകം ഏറെ ഇഷ്ടപ്പെട്ടു. പിറ്റേന്നു രാവിലെ
പുറത്തിറങ്ങിയപ്പോൾ എന്നെ കണ്ട ഒട്ടേറെ വല്ല്യമ്മമാരും ചേച്ചിമാരും
"ബാബുമോനെ,കണ്ണ് ശരിയായോടാ" എന്ന് വാത്സല്യപൂർവ്വംചോദിച്ചപ്പോൾ അനുഭവിച്ച ആ ഒരു സന്തോഷം ഉണ്ടല്ലോ, അത് വല്ലാത്ത ഒരു അനുഭവമായിരുന്നു ! ജീവിതത്തിൽ മറക്കാനാവാത്ത ഒരേട് !!
പക്ഷേ, എന്റെ ഒരു വർഷത്തെ
സ്കൂൾ വിദ്യാഭ്യാസം അതോടെ വെള്ളത്തിലാവുകയായിരുന്നു.....
___________________________________
kerala
SHARE THIS ARTICLE