All Categories

Uploaded at 10 months ago | Date: 21/05/2023 10:10:07

 പരിചയം 
                -----------------------
   *എം.ചന്ദ്ര പ്രകാശ്*

                       മലയാള സാഹിത്യത്തിലെ അതിപ്രമുഖരായ ഒട്ടുമിക്ക എഴുത്തുകാരുടെയും നോവലുകളുടെയും ചെറുകഥകളുടെയും നാടകങ്ങളുടെയും കവിതകളുടെയും അടിസ്ഥാന കഥാതന്തു കൃഷിയിലും കർഷകനിലും കാർഷികവൃത്തിയിലും ആഴത്തിൽ വേരോടി വളർന്നുവികസിച്ചവയാണ്  എന്ന് നിസ്സംശയം പറയാം.ഉദാഹരണങ്ങൾ എത്രയെങ്കിലുമുണ്ട്;തകഴിയുടെയും കേശവദേവിൻറെയും ഉറൂബിൻറെയും പാറപ്പുറത്തിന്റേയും എസ്.കെ .പൊറ്റക്കാടിൻറെയും മഹാകവികളായ നാലപ്പാടൻറെയും അക്കിത്തത്തിന്റേയും വൈലോപ്പിള്ളിയുടെയും ഒക്കെ കഥകളും നോവലുകളും കവിതകളും ഒക്കെ കൈരളിയെ ഈ വിധം എത്രയോ സമ്പന്നയാക്കി.കൃഷിയോളം മഹത്തരമായ മറ്റൊരു കലാരൂപം ലോകത്തിൽ മറ്റൊന്നില്ല എന്ന് സമർഥമായി പറഞ്ഞുവച്ചതും സാക്ഷാൽ വൈലോപ്പിള്ളി തന്നെ!എന്ന് മാത്രമല്ല മറ്റെല്ലാ കലാരൂപങ്ങളുടെയും ഉദയവും കാർഷികവൃത്തിയിൽ നിന്നും കൃഷിയിടങ്ങളിൽ നിന്നുമാണ്.പറഞ്ഞു വരുന്നത് കൃഷി-പരിസ്ഥിതി-പ്രകൃതി എഴുത്തുകാരുടെ ഈ വേറിട്ട സഞ്ചയത്തിൽ എത്തിപ്പെട്ട ഒരു സാഹിത്യപ്രതിഭയെ കുറിച്ചുസൂചിപ്പിക്കാൻ കൂടിയാണ്;അത് മറ്റാരുമല്ല-പ്രമുഖ മലയാള ചെറുകഥാകൃത്തും നോവലിസ്റ്റും കവിയും വിവർത്തകനും സാംസ്കാരിക പ്രവർത്തകനും ഒക്കെയായ എം.ചന്ദ്രപ്രകാശ് എന്ന പ്രതിഭയെക്കുറിച്ചാണ്.

കൃഷിയും സാഹിത്യവും തമ്മിലുള്ള നാഭീനാളബന്ധം യാഥാർഥ്യമെങ്കിൽ ചന്ദ്രപ്രകാശിന്‌ അനുയോജ്യമായ ഒരു രംഗസ്ഥലി തന്നെ ഫാം റൈറ്റേഴ്‌സ് ഫോറം എന്ന കൂട്ടായ്മ എന്ന കാര്യത്തിൽ സംശയമില്ല.അതെ ,ഇന്ന് പരിചയം പംക്തിയിലെ വിശിഷ്ട അതിഥി സാഹിത്യകാരനും കാസർഗോഡ് ജില്ലയിലെ മുളിയാർ സ്വദേശിയുമായ ശ്രീ.എം.ചന്ദ്രപ്രകാശ് ആണ്.

                       ഈ സാഹിത്യപ്രതിഭയെ ഞാൻ പരിചയപ്പെടുന്നത് കുറഞ്ഞത് ഒരു വ്യാഴവട്ടമെങ്കിലും മുൻപാണ്.അന്ന് ഈ കാസറഗോഡുകാരൻ അനന്തപുരിയിലായിരുന്നു.കേരളഭാഷാ ഇൻസ്റ്റിട്യൂട്ടിന്റെ "അറിവ് നിറവ്" എന്ന ശ്രദ്ധേയമായ പുസ്തകപ്രസാധന പരമ്പരയുടെ മുഖ്യചുമതലക്കാരനായിരുന്നു.അതേ സൗഹൃദം ഇന്നും പൂർവാധികം ഭംഗിയായി തുടരുന്നു.

     മലയാള സാഹിത്യത്തിൽ ബിരുദാനന്തര ബിരുദം ,ഭാരതീയ വിദ്യാഭവൻറെ ജേർണലിസം ഡിപ്ലോമ ,പ്രമുഖ അധ്യാപകനായിരുന്ന ഡോ.എം.വി .വിഷ്ണുനമ്പൂതിരിയുടെ "തെയ്യം-അനുഷ്‌ഠാനവും പാഠവും" എന്ന വിഷയത്തിൽ പൂർത്തീകരിക്കാത്ത ഗവേഷണം;കുട്ടികളുടെ മാസികയായ പൂമ്പാറ്റയുടെ സഹപത്രാധിപർ,മലയാളം മിഷൻ ഫാക്കൽറ്റി ,മിഷൻറെ പൂക്കാലം എന്ന വെബ് മാസികയുടെ സ്ഥാപക എഡിറ്റർ ,യു.എ.ഇയിലെ റാസൽഖൈമ ഇന്ത്യൻ ഹയർ സെക്കണ്ടറി സ്കൂളിൽ 10  വർഷം അധ്യാപകൻ, റാസൽഖൈമ റേഡിയോ മലയാള വിഭാഗത്തിൽ പ്രോഗ്രാം എക്സിക്യൂട്ടീവ് ,വാർത്താ അവതാരകൻ ,തുടങ്ങി കേരളാ സർക്കാരിൻറെ കൈറ്റ് വിക്ടേഴ്‌സ് ചാനലിൽ ചീഫ് പ്രൊഡ്യൂസർ ,ഓ.വി .വിജയൻ ,മാധവിക്കുട്ടി തുടങ്ങി പത്തോളം സാഹിത്യകാരന്മാരെ കുറിച്ചുള്ള ഡോക്യുമെന്ററി സംവിധായകൻ ,ലഘു ചിത്രങ്ങളുടെ സംവിധായകൻ ,ചലച്ചിത്ര അക്കാദമി ,ബാലസാഹിത്യ ഇൻസ്റ്റിറ്റ്യൂട്ട് എന്നിവയുടെ ഭരണസമിതി അംഗം ,വിദ്യാരംഗം മാസികയുടെ പത്രാധിപ സമിതി അംഗം ........ഇങ്ങനെ പറഞ്ഞാലും തീരാത്തത്ര പ്രതിഭയുടെ മിന്നലാട്ടവുമായി ചന്ദ്രപ്രകാശ് വിരാജിക്കുന്നു.

നിലവിൽ മഹാകവി പി.കുഞ്ഞിരാമൻ നായർ ,ഓ.വി.വിജയൻ തുടങ്ങിയവരുടെ ഫൗണ്ടേഷൻ ജനറൽ സെക്രെട്ടറിയുമാണ് ചന്ദ്രാജി.നിരവധി പുരസ്കാരങ്ങളും ലഭിച്ചിട്ടുണ്ട്.

സാഹിത്യകൃതികൾ ഏറെയുണ്ട് ഈ സാഹിത്യപ്രതിഭയുടെ തൂലികയിൽ നിന്ന് പിറവിയെടുത്തത്.ഇപ്പോൾ കാസർഗോഡ് കേന്ദ്രീകരിച്ചു ഒരു പുതിയ ബുക്ക് സ്റ്റാളും ആരംഭിച്ചു.കാസർഗോഡ് കോളേജിൽ അദ്ധ്യാപകനാണ്.

      ശ്രീ.ചന്ദ്രപ്രകാശിൻറെ "ദി സ്മാൾ ഗോഡ്‌സ് ആൻഡ് അദർ സ്റ്റോറീസ്" എന്ന കൃതി എം.ജി യൂണിവേഴ്സിറ്റിയിൽ ഇംഗ്ലീഷ് ബിരുദവിദ്യാർത്ഥികൾക്കു പാഠപുസ്തകവുമായിരുന്നു.ഹൃദയത്തിൻറെ നിറം എന്ന കവിതാസമാഹാരം ,നിശാശലഭങ്ങളുടെ സങ്കീർത്തനം ,പുഴ മത്സ്യത്തിൽ ഒഴുകുമ്പോൾ എന്ന കഥാസമാഹാരം ,ദൈവപ്പനി ,സരസ്വതി എന്നീ നോവലുകൾ ,പ്ലാവിലകൾ സ്വപ്നം കാണുന്ന പാത്തുമ്മ ,ഓർമ്മകൾ എന്നീ അനുഭവക്കുറിപ്പുകൾ തുടങ്ങി എണ്ണപ്പെട്ട കൃതികൾ ഇനിയുമേറെ.

       എം.ടി ,സക്കറിയ ,വിനയചന്ദ്രൻ തുടങ്ങിയ സാഹിത്യപ്രതിഭകൾ ചന്ദ്രപ്രകാശിനെ കുറിച്ചും ഇദ്ദേഹത്തിൻറെ രചനകളെ കുറിച്ചും പറഞ്ഞ നല്ല വാക്കുകളുമേറെ.

ഇങ്ങനെ എഴുതിയാലും തീരാത്തത്ര വിശേഷങ്ങളും വിശേഷണങ്ങളും വർത്തമാനങ്ങളുമായി ചന്ദ്രപ്രകാശ് എന്ന സാഹിത്യപ്രതിഭ തന്റെ എഴുത്തിൻറെയും വായനയുടെയും ലോകത്തിൽ വിഹരിക്കുന്നു.സ്നേഹമുള്ള മനസ്സും സ്നേഹം മാത്രം പ്രകടിപ്പിക്കുന്ന വാക്കുകളും ആർദ്രതയുള്ള ആശയങ്ങളുമായി ഒരു പച്ച മനുഷ്യൻ-അതാണ് വർഷങ്ങളായി ഞാനറിയുന്ന ശ്രീ.ചന്ദ്രപ്രകാശ്.

( *സുരേഷ് മുതുകുളം* )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.