Uploaded at 1 year ago | Date: 15/08/2022 15:07:39
പത്തനംതിട്ട: തിരുവല്ല താലൂക്ക് ആശുപത്രിയിൽ നിന്ന് ആലപ്പുഴ മെഡിക്കൽ കോളജ് ആശുപത്രിയിലേക്ക് റഫർ ചെയ്ത രോഗി ആംബുലൻസിൽ ഓക്സിജൻ കിട്ടാതെ മരിച്ചെന്ന ആരോപണത്തിൽ റിപ്പോർട്ട് തേടി ആരോഗ്യ മന്ത്രി വീണ ജോർജ്. പത്തനംതിട്ട ജില്ല മെഡിക്കൽ ഓഫിസറോട് ആണ് റിപ്പോർട്ട് തേടിയത്. അതിനിടെ മരിച്ച പടിഞ്ഞാറെ വെൺപാല സ്വദേശി രാജന്‍റെ ബന്ധുക്കൾ പൊലീസിൽ പരാതി നൽകി. പരാതിയുടെ അടിസ്ഥാനത്തിൽ തിരുവല്ല പുളിക്കീഴ് പോലീസ് രാജന്‍റെ ബന്ധുക്കളുടെ മൊഴി രേഖപ്പെടുത്തി. അസ്വഭാവിക മരണത്തിന് കേസ് എടുത്തതായും കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിലെ പോസ്റ്റ്മോർട്ടത്തിന് ശേഷം തുടർ നടപടികൾ സ്വീകരിക്കുമെന്നും പുളിക്കീഴ് പോലീസ് അറിയിച്ചു. ഇന്നലെ രാത്രി പതിനൊന്നരയോടെയാണ് സംഭവം. ശ്വാസംമുട്ടലിനെ തുടർന്ന് രാജനെ തിരുവല്ല താലൂക്ക് ആശുപത്രിയിൽ എത്തിച്ചു. രോഗം മൂർച്ഛിച്ചതോടെ വണ്ടാനം മെഡിക്കൽ കോളേജിലേയ്ക്ക് കൊണ്ടുപോകാൻ ഡോക്ടർമാർ നിർദേശിച്ചു. എന്നാൽ താലൂക്ക് ആശുപത്രിയിൽ നിന്ന് പുറപ്പെട്ട് പത്ത് മിനിട്ട് കഴിഞ്ഞപ്പോഴേയ്ക്കും രോഗിയുടെ ആരോഗ്യനില കൂടുതൽ വഷളായി. ശ്വാസമെടുക്കാൻ കഴിയാത്ത അവസ്ഥ എത്തിയപ്പോൾ ഓക്സിജൻ ആവശ്യപ്പെട്ടെങ്കിലും ആംബുലൻസിൽ ഓക്സിജൻ സിലിണ്ടർ കാലിയാണെന്ന് ഡ്രൈവർ അറിയിച്ചുവെന്നും ബന്ധുക്കൾ പറഞ്ഞു. തൊട്ടടുത്തുള്ള മറ്റേതെങ്കിലും ആശുപത്രിയിലെത്തിക്കാൻ കുടുംബം ആവശ്യപ്പെട്ടപ്പോൾ ഇക്കാര്യം കേൾക്കാനും ഡ്രൈവർ തയ്യാറായില്ലെന്നും ആരോപണമുണ്ട്.

kerala
SHARE THIS ARTICLE