വൈപ്പിൻ:- സിപിഐ എം ജില്ലാ കമ്മിറ്റി അംഗവും പട്ടികജാതി ക്ഷേമ സമിതി ജില്ലാ പ്രസിഡന്റുമായ എടവനക്കാട് മുള്ളുവാതുക്കല്‍ എം കെ ശിവരാജന്‍ (77) അന്തരിച്ചു. ഒരു മാസം എറണാകുളം ജനറല്‍ ആശുപത്രിയില്‍ പ്രമേഹരോഗത്തിന് ചികിത്സയിലായിരുന്നു. ഭേദമായതിനെതുടര്‍ന്ന് പിന്നീട് വീട്ടിലെത്തിച്ച ശിവരാജനെ ദേഹാസ്വാസ്ത്യത്തെതുടര്‍ന്ന് തിങ്കളാഴ്ച രാവിലെ എടവനക്കാട്ടെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പകല്‍ മൂന്നിനു അന്ത്യം സംഭവിച്ചു.
ചൊവ്വ രാവിലെ ഒമ്പതിന് എടവനക്കാട് പഞ്ചായത്ത് ഓഫീസിലും തുടര്‍ന്ന് രണ്ടുവരെ സെയ്ദു മുഹമ്മദ് റോഡിലുള്ള എസ്എന്‍ ഓഡിറ്റോറിയത്തിലും പൊതുദര്‍ശനത്തിനു ശേഷം വൈകിട്ട് അഞ്ചിന് എടവനക്കാട്ടെ വീട്ടുവളപ്പില്‍ സംസ്കാരം നടക്കും.
ഭാര്യ: പരേതയായ രമണി. മക്കള്‍: ജയലാല്‍ (പ്രീമിയര്‍ മറൈന്‍ ഫുഡ്സ്, ആലപ്പുഴ), ജീന. മരുമക്കള്‍: മനിജ, അനില്‍കുമാര്‍ (കൊച്ചിന്‍ റിഫൈനറി). സിനിമാ നടന്‍ ചേതന്‍ ലാല്‍ കൊച്ചുമകനാണ്. സിപിഐ എം നേതാവും എംപിയും എംഎല്‍എയും മന്ത്രിയുമൊക്കെ ആയിരുന്ന എം കെ കൃഷ്ണന്റെ ഇളയ സഹോദരനാണ് ശിവരാജന്‍.
എടവനക്കാട് പഞ്ചായത്ത് പ്രസിഡന്റ്, കൊച്ചിന്‍ ദേവസ്വം ബോര്‍ഡ് അംഗം, ഹൗസിങ് ബോര്‍ഡ് അംഗം, സിപിഐ എം ലോക്കല്‍ സെക്രട്ടറി, ഏരിയ കമ്മിറ്റി അംഗം, കെഎസ്കെടിയു ജില്ലാ പ്രസിഡന്റ്, സെക്രട്ടറി, പികെഎസ് ജില്ലാ സെക്രട്ടറി, എം കെ കൃഷ്ണന്‍ സ്മാരക ട്രസ്റ്റ് സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്.
Death
SHARE THIS ARTICLE