*ഓർമ്മച്ചെപ്പിനുള്ളിൽ*
✍️സുനിൽരാജ്സത്യ
പഴയോരെൻ നാടിന്റെ ചന്തം
ഓർത്തിരിക്കാനൊരാനന്ദം.!!
സ്വപ്നങ്ങൾ തൂവും മരന്ദം,
സ്വർഗ്ഗത്തേക്കാളേറെ ഹൃദ്യം!!
പാടവരമ്പല്ലോ, പാത! പണ്ട്-
പള്ളിക്കൂടത്തിലങ്ങെത്താൻ....
തോട് കടക്കാൻ ചാടേണം, ചേറിൽ-
തൊട്ട്തൊടാതപ്രമെത്താൻ...!!
മഴയത്ത് ചേമ്പില ചൂടി, പല-
മാമരചില്ലക്ക് കീഴിൽ
തങ്ങിത്തണുത്ത് വിറയ്ക്കും
കുഞ്ഞി കുസൃതിക്കളി നല്ലൊരോർമ്മ.
പോകും വഴിക്കെത്ര കാട്,
പാമ്പിന്റെ കാവെന്ന് പേര്...
വേനലാണെങ്കിലും തണുവേകി
വന്മരമാകെ പടർന്നൂ...
കിളികൾ ചിലയ്ക്കും സ്വരങ്ങൾ-
തളകൾ കിലുക്കും വസന്തം.
ദീപം തെളിക്കും നിലാവിൽ
മന്ദാനിലകാവ്യ സല്ലാപം.
പഴയോരെൻ നാടിന്റെ ചന്തം
ഓർത്തിരിക്കാനൊരാനന്ദം.!!
peoms
SHARE THIS ARTICLE