കഥ
കടലമ്മ
അയിരൂർ സുബ്രഹ്മണ്യൻ
അവൾ നിറമിഴികളോടെ ആ കൂരിരുട്ടിൽ കടലമ്മയോട് തന്റെ സങ്കടം പറഞ്ഞു.
' പ്രണയ ചിറകുകൾ അറ്റുപോയി ഞാനിന്ന് ഏകയായിരിക്കുന്നു...'
കടലമ്മയപ്പോൾ ആർദ്രമായി.
' പെണ്ണേ ആരു പറഞ്ഞു നിനക്ക് ആരുമില്ലെന്ന്....'
ഒരു വലിയ തിര വന്ന് അവളിൽ നനവ് പടർത്തി. കത്തി നിന്ന മനസ്സിലെ ചൂടിനപ്പോൾ ഒരു ശമനം വന്നതുപോലെ...
' വയ്യ മോളെ ഇനിയും ഈ കടലമ്മയ്ക്ക് താങ്ങാനാവില്ല. ഈ മടിത്തട്ടിൽ അത്രയും കണ്ണീരും തേങ്ങലുകളുമുണ്ട്... മടങ്ങിപ്പോകൂ...'
'ഇല്ല കടലമ്മേ... ഞാനിനി ജീവിക്കുന്നതിൽ എന്തർത്ഥം... എവിടെയും കൂരിരുട്ടാണ്. ഈ ശൂന്യതയിൽ നിന്നും എനിക്ക് മോചനം വേണം.'
'ജീവിതം അങ്ങനെയാണ് മോളെ, തിളക്കമുള്ളതെല്ലാം മുത്തുകളല്ലെന്ന് തിരിച്ചറിയാനുള്ള കണ്ണുകൾ ഉണ്ടാവണം...'
'ഒരു കടലോളം സ്നേഹമുണ്ടായിരുന്നു ഹൃദയത്തിൽ... എന്നിട്ടും ഈ ജീവിതത്തില്‍ ഞാൻ ഏകയായി...'
'എല്ലാവരും ഏകയാണ് മോളെ... കൂടെയുണ്ട് എന്നത് നമ്മളുടെ തോന്നലുകൾ മാത്രമാണ്. ജീവിതം സ്വയം പൊരുതി നേടി എടുക്കേണ്ട ഒന്നാണ്.'
'ഞാനിപ്പോൾ അശക്തയാണ് കടലമ്മേ... തകർക്കപ്പെട്ട ഈ ഹൃദയവുമായി എനിക്കിനി ഒന്നിനുമാവില്ല...'
അവൾ പിന്നെയും കാലുകളെടുത്തു വച്ചു. കടലമ്മയുടെ മാതൃത്വം പിടച്ചു.പെട്ടെന്ന് ഒരു വലിയ തിര അവളെയും കോരിയെടുത്തു കരയിലേക്ക് ആഞ്ഞടിച്ചു. ഉണങ്ങിയ മണൽ പരപ്പിലൊരിടത്ത് അവളെ കിടത്തി. ഒരു പ്രഹരത്തിന്റെ അബോധാവസ്ഥയിലെന്നപോലെ ചുരുണ്ടു കൂടിയ അവൾക്ക് ചുറ്റും കാവലാളെ പോലെ ഒരു നിലാവപ്പോൾ പ്രത്യക്ഷപ്പെട്ടു....
story
SHARE THIS ARTICLE