All Categories

Uploaded at 2 months ago | Date: 15/11/2021 17:51:19

എറണാകുളം : വൈപ്പിൻ ദ്വീപിലെ സംരംഭകത്വ - തൊഴിലവസര സാധ്യതകൾ പരിചയപ്പെടുത്തി   ശിൽപശാല നടത്തി.  വൈപ്പിൻ ദ്വീപ് സംരക്ഷണവും സുസ്ഥിര വികസനവും ശില്പശാലയുടെ രണ്ടാം ദിനത്തിൽ നൈപുണ്യ വികസനം - സംരംഭകത്വം,  നേട്ടങ്ങൾ എന്ന വിഷയത്തിൽ കുഫോസ് രജിസ്ട്രാർ പ്രൊഫ . ഡോ. ബി. മനോജ്കുമാറാണ്  മത്സ്യബന്ധനവുമായി ബന്ധപ്പെട്ട നൂതന തൊഴിൽ - സംരംഭകത്വ  സാധ്യതകൾ വിശദീകരിച്ചത്.

സംസ്ഥാനത്ത് ഗുണമേന്മയുള്ള മത്സ്യത്തിന്റെ ലഭ്യത കുറഞ്ഞ് വരികയാണ്. അതിനാൽ തന്നെ മത്സ്യ ഉൽപാദനത്തിന് ഏറ്റവും അനുയോജ്യമായ വൈപ്പിനിൽ ബയോഫ്ലോക് , കൂട്, അലങ്കാര മത്സ്യകൃഷികൾക്ക് സാധ്യത ഏറെയാണ്. കയറ്റുമതി രംഗത്ത് നല്ല ഡിമാൻഡുള്ള വനാമി ചെമ്മീൻ  വീട്ടുമുറ്റത്തും വിളവെടുക്കാനാകും. ഓരു വെള്ള ലഭ്യതയുള്ളതിനാൽ ബയോഫ്ലോക് വഴി ചെമ്മീൻ കൃഷി നടത്താനാകും. 7 മാസം കൊണ്ട് വിളവെടുക്കുകയും ചെയ്യാം. കൂടാതെ കൂട് കൃഷിയുടെ സാധ്യതകളും വളരെ വലുതാണ്. ശരിയായ രീതിയിൽ പൊക്കാളി കൃഷി വ്യാപിപ്പിക്കുന്നതോടൊപ്പം പൊക്കാളി പാടങ്ങളിൽ ചെമ്മീൻ കൃഷിയുടെ കൂടെ കൂട് കൃഷിയും നടത്താനാകും.  മാത്രമല്ല അക്വാപോണിക്സ് കൃഷി രീതിയും തൊഴിൽ സാധ്യത വർദ്ധിപ്പിക്കുന്നു. 

ഗുണമേന്മയേറിയ മത്സ്യ വിത്തുകളുടെ ഉൽപാദനവും മത്സ്യതീറ്റയുടെ സംരംഭങ്ങൾ വഴിയും  തൊഴിൽ അവസരങ്ങൾ സൃഷ്ടിക്കാം. കടൽ വിഭവങ്ങളുടെ മൂല്യവർദ്ധിത ഉൽപന്നങ്ങളും കയറ്റുമതി സാധ്യതയും തൊഴിലവസരങ്ങൾ സൃഷ്ടിക്കുന്നു. ഇതിന് പുറമെ ബോട്ട് ബോഡി മെയിന്റനൻസ്, തേങ്ങയുമായും പാലുമായും ബന്ധപ്പെട്ട മൂല്യവർദ്ധിത ഉൽപന്നങ്ങൾ, പൊക്കാളി അരിയുടെ മൂല്യ വർദ്ധിത ഉൽപ്പന്നങ്ങൾ എന്നിവ വഴിയും തൊഴിൽ  അവസരങ്ങൾ സൃഷ്ടിക്കാം. 

ടൂറിസം മേഖലയിലും വൈപ്പിനിൽ സുസ്ഥിര വികസനം അനിവാര്യമാണ്. അതിനായി ദ്വീപിന്റെ സംസ്ക്കാരം, ചരിത്രം പാരമ്പര്യം, പൊക്കാളി കൃഷി, ജലസ്രോതസ്സ് തുടങ്ങിയവ കോർത്തിണക്കി ഉൾനാടൻ ടൂറിസം സാധ്യതകൾ പരമാവധി പ്രയോജനപ്പെടുത്താം. ജനസാന്ദ്രത കൂടുതലുള്ളതിനാൽ ദ്വീപിൽ ഇലക്ട്രോണിക്, ജൈവപച്ചക്കറി, മാലിന്യ സംസ്ക്കരണം എന്നീ മേഖലകളിൽ ചെറുകിട വ്യവസായങ്ങൾ ആരംഭിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു. നൈപുണ്യ വികസനത്തിനായി കേന്ദ്ര - സംസ്ഥാന സർക്കാരുകൾ നടത്തുന്ന നൈപുണ്യ വികസന കോഴ്സുകൾ പ്രയോജനപ്പെടുത്തണം എന്നും അദ്ദേഹം കൂട്ടിച്ചേർത്തു. 

കാലാവസ്ഥ വ്യതിയാനത്തിന്റെ ഭാഗമായി തുടർച്ചയായി ഉണ്ടാകുന്ന കടൽക്ഷോഭവും വേലിയേറ്റവും മൂലം വൈപ്പിൻ ദ്വീപിന്റെ നിലനിൽപ്പ് കണക്കിലെടുത്താണ് ത്രിദിന ശിൽപശാല  സംഘടിപ്പിച്ചിരിക്കുന്നത്. 

 കുഴുപ്പിള്ളി സെന്റ് അഗസ്റ്റിൻ ഓഗസ്റ്റിൻ ഹാളിൽ നടക്കുന്ന ശില്പശാല ഇന്ന് (16 ന് ) സമാപിക്കും.

ജില്ലാ വ്യവസായ കേന്ദ്രം മാനേജർ ബിജു പി എബ്രഹാം , ലീഡ് ബാങ്ക് മാനേജർ സി. സതീഷ്, സെൽഫ് എംപ്ലോയ്മെന്റ് ഓഫീസർ സജയൻ എന്നിവർ ചർച്ചകൾക്ക് നേതൃത്വം നൽകി. സിഎംഎഫ്ആർഐ മൊളസ്കൻ വിഭാഗം മുൻ മേധാവി ഡോ. സുനിൽ  മുഹമ്മദ് മോഡറേറ്ററായി. 

വൈപ്പിൻ  ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് തുളസി സോമൻ അദ്ധ്യക്ഷത വഹിച്ചു. വൈസ് പ്രസിഡന്റ് കെ.എ സാജിത്ത്, ബ്ലോക്ക് ഡെവലപ്മെന്റ് ഓഫീസർ ശ്രീദേവി കെ നമ്പൂതിരി, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങൾ , പഞ്ചായത്ത് പ്രസിഡന്റുമാർ, വിവിധ വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ പങ്കെടുത്തു.

വൈപ്പിൻ

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.