All Categories

Uploaded at 2 years ago | Date: 02/05/2022 08:34:49

യാത്രാ സ്മരണകൾ -1

 

        *കൈലാസനാഥൻ*

 

എനിക്ക് ദർശിക്കാൻ ഭാഗ്യം ലഭിച്ച കൈലാസനാഥനെ കുറിച്ച്  സ്മരിക്കട്ടെ.

 

 "എത്ര ധനം ഉണ്ടെങ്കിലും കൈലാസനാഥൻ അനുവദിച്ചാൽ മാത്രം ആ പുണ്യദർശനം ലഭിക്കുകയുള്ളൂ"

ഇത് പറഞ്ഞത് വിവേകാനന്ദ ട്രാവൽസിലെ  എം ടി നരേന്ദ്രൻ സാർ.  ആ വലിയ മനുഷ്യൻ നമ്മെ വിട്ടു പോയിട്ട് രണ്ടു മാസം കഴിഞ്ഞു. ആത്മാവിന് മുമ്പിൽ പ്രണാമങ്ങൾ അർപ്പിക്കുന്നു.

 

 എന്റെ മാതാപിതാക്കളുടെയും ഗുരുക്കന്മാരുടെയും പിതൃക്കളുടെയും പ്രകൃതിയുടെയും എന്റെ കണ്ണന്റെയും അനുഗ്രഹം കൊണ്ടാണ് ആ പുണ്യദർശനം എനിക്ക് ലഭിച്ചത്. 

 

 ഇന്ത്യയുടെ അതിർത്തി കർണാലി പുഴ, കണ്ണാടിപ്പുഴയുടെ തൂക്ക് പാലത്തിലൂടെ കടന്ന് ഇന്ത്യൻ പോലീസിന്റെ കയ്യിൽനിന്നും ചൈന പോലീസുകാരുടെ കൂടെ അവരുടെ ഗൈഡ് ഒരുമിച്ച് കസ്റ്റംസ് ചെക്കിങ്ങിലേക്ക്.

 എന്റെ ഈ പേര് ഏറ്റവും കൂടുതൽ ഉപകരിച്ചത് കൈലാസ് യാത്രയിലാണ്. ഷാനി ആയതുകൊണ്ട് എവിടെയും ഫസ്റ്റ് നമ്പർ ആയിരുന്നു. ഷാ യെന്നു തുടങ്ങുന്നത് അവരുടെ ആചാരത്തിൻ്റെ പ്രത്യേകതയാണ്. അതിനാൽ ആദ്യത്തെ വിസ അടിച്ചത് എനിക്കാണ്. 

 

അങ്ങനെ ചൈനക്കാരുടെ ഗൈഡും കൂടി ഞങ്ങൾ തക്കല കോട്ടയിൽ.  സഹിക്കാൻ പറ്റുന്നതിനേക്കാൾ തണുപ്പായിരുന്നു. അവിടെ നിന്ന് മാനസസരസ്സിലേക്കുള്ള യാത്ര. മാനസസരസ്സിൽ നോക്കി നിന്നാൽ ഭക്തി കൊണ്ട് നമ്മൾ സ്വയം മറന്നു പോകും. ആ നീലിമ ഇന്നും എന്റെ കണ്ണിനു കുളിരേകുന്നു. ശിവനും ശക്തിയും നീരാടുന്ന പൊയ്ക, അതിലൊന്നും മുങ്ങാൻ സാധിച്ചത് എത്രയോ പുണ്യം. തണുപ്പ് കൊണ്ട് മരവിച്ചു പോയെങ്കിലും ഭഗവാന്റെ പാദം പൂകി നിന്നു.  ഞാൻ കൂവളത്തില കൊണ്ട് പോയിരുന്നു. അതുകൊണ്ട് ഞങ്ങളുടെ കൂടെ ഉണ്ടായിരുന്ന തന്ത്രിയുടെ കൂടെ പൂജ ചെയ്തു. 

 

അതാ കൈലാസനാഥൻ തെളിഞ്ഞുവരുന്നു.  ഗൈഡ് പറയുന്നത് എല്ലാവർക്കും ആ ഭാഗ്യം കിട്ടണമെന്നില്ല എന്നാണ്. പിറ്റേദിവസം അവിടന്ന് കൈലാസ പരിക്രമണം. ഓക്സിജൻ ലെവൽ കുറയുന്നവരെ കൊണ്ടുപോകില്ല.  ഭാഗ്യം കൊണ്ട് ആ കടമ്പയും കടന്നു കിട്ടി. 

 

നേരെ പോകുന്നത് യമപുരി കടക്കാനാണ്. അത് കടന്നു നീങ്ങാൻ ഏറെ പ്രയാസം തന്നെ. നെഞ്ചിടിപ്പ് ക്രമാതീതമായി വർദ്ധിച്ചു, കൈകാലുകൾ കുഴഞ്ഞു.  മനസ്സുകൊണ്ട് പറഞ്ഞു -

"ഭഗവാനെ കണ്ണാ എന്നെ ആ ശിവലോകം എത്തിക്കണേ"

. പിന്നെ മനസ്സ് പതറാതെ പതുക്കെ പതുക്കെ നടന്നു .  കൂടെ നേപ്പാളിലെ ഗൈഡും, ഡോക്ടറും, വിവേകാനന്ദയുടെ ഗൈഡ് രവിച്ചേട്ടനും ഒപ്പം നടന്നു.

 

 ഓക്സിജൻ ലെവൽ ഇടയ്ക്ക് ചെക്ക്  ചെയ്യണമല്ലോ. നടന്ന് നടന്ന് സന്ധ്യ കഴിഞ്ഞു. ഞങ്ങൾ ദേരപുഖ് എത്തി. അതാ കൈലാസനാഥൻ അത്യുജ്ജല പ്രഭയോടെ ഞങ്ങളുടെ മുമ്പിൽ! കൈലാസം ഏറ്റവും അടുത്തുനിന്ന് ദർശനം തരുന്ന സ്ഥലം, കൺകുളിർക്കെ നോക്കിനിന്നു. പിന്നെ ഞാൻ വീണു പോയത് അറിഞ്ഞില്ല. ഓക്സിജൻ ലെവൽ വളരെ താഴ്ന്നു പോയിരിക്കുന്നു. ജ്യൂസുകളും ചൂടുള്ള കഞ്ഞിവെള്ളവും അവർ തന്നു. അഞ്ച് ജോഡി ഡ്രസ്സ്, പുറമേ വലിയ കിടക്കകളും ഇട്ടു മൂടി. കണ്ണുകൾ അടഞ്ഞു പോകുന്നു, ഏതോ അഗാധതയിലേക്ക് പോകുന്നതുപോലെ.

" ഈ കണ്ണുകൾ അങ്ങനെ അടഞ്ഞു പോവുകയാണോ എന്റെ കണ്ണാ "

 

 പിന്നെ ഞാനൊന്നും അറിഞ്ഞില്ല. മൂന്നു മണിക്ക് തെളിഞ്ഞ സൂര്യപ്രകാശത്തിൽ കൈലാസനാഥൻ നിന്ന് തിളങ്ങുന്ന കാഴ്ചയാണ് കണ്ണുതുറന്ന ഞാൻ കണ്ടത്. എണീറ്റ് ശിവനാമം കയ്യിലെടുത്ത് അഷ്ടോത്തരി ജപിച്ചു. അവിടെ അതാ സകുടുംബം ഭഗവാൻ എഴുന്നുള്ളി  മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്നത് കൈലാസ പർവതത്തിൽ ദർശിച്ചു.

 

" ഓം നമശിവായ ശിവ ശക്തി ഐക്യ സ്വരൂപിണ്യൈ നമഃ "

 

(ഷാനി നവജി)

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.