All Categories

Uploaded at 2 years ago | Date: 23/06/2021 13:59:33

ചെടികളില്‍ നല്ല ഭംഗിയുള്ള പൂക്കളുണ്ടാകാന്‍ ആവശ്യമായ നിരവധി ഘടകങ്ങളുണ്ട്. അതുപോലെ തന്നെയാണ് പച്ചക്കറികളുടെയും ഔഷധ സസ്യങ്ങളുടെയും കാര്യവും. ഇവയുടെയെല്ലാം വളര്‍ച്ചയ്ക്ക് അതിപ്രധാനമായ മൂലകമാണ് നൈട്രജന്‍. നൈട്രജന്റെ അഭാവമുണ്ടെങ്കില്‍ പ്രോട്ടീനും അമിനോ ആസിഡും സൃഷ്ടിക്കപ്പെടാതെ വരികയും ചെടികള്‍ക്ക് അതിജീവിക്കാന്‍ കഴിയാതാകുകയും ചെയ്യും. ചെടികളിലെ ഡി.എന്‍.എയുടെ പ്രവര്‍ത്തനം നൈട്രജനെ ആശ്രയിച്ചാണ് നടക്കുന്നത്. രാസവസ്തുക്കള്‍ ഉപയോഗിക്കാതെ മണ്ണില്‍ എങ്ങനെ സ്വാഭാവികമായി നൈട്രജന്‍ നല്‍കാമെന്നതാണ് ഇവിടെ വിശദീകരിക്കുന്നത്.

 

നൈട്രജന്റെ അഭാവം എങ്ങനെ മനസിലാക്കാം?

 

ചെടികള്‍ക്ക് ആവശ്യമായ നൈട്രജന്‍ ലഭിച്ചില്ലെങ്കില്‍ വളര്‍ച്ച മുരടിക്കുകയും സ്വാഭാവിക വളര്‍ച്ചയില്ലാതിരിക്കുകയും ചെയ്യും. ചെടികളില്‍ നൈട്രജന്‍ ഇല്ലാതായാല്‍ ചെടികള്‍ക്ക് അവയുടേതായ കോശങ്ങള്‍ നിര്‍മിക്കാന്‍ കഴിയില്ല.

 

അതുപോലെ ഇലകള്‍ക്ക് മഞ്ഞനിറം ബാധിക്കുകയും ചെയ്യും. ചെടികള്‍ വിളറി മുരടിപ്പ് ബാധിച്ച് വളരെ കുറഞ്ഞ പൂക്കളും പഴങ്ങളും മാത്രം ഉണ്ടാകുന്ന അവസ്ഥയിലെത്തും.

 

നൈട്രജന്‍ നല്‍കാനുള്ള വഴികള്‍

 

നൈട്രജന്‍ സ്ഥിരീകരണ ബാക്റ്റീരിയകളെ മണ്ണില്‍ കൂടുതല്‍ സൃഷ്ടിക്കാന്‍ കഴിവുള്ള പയര്‍ വര്‍ഗങ്ങള്‍ നട്ടുവളര്‍ത്തുന്നത് ഒരു മാര്‍ഗമാണ്.

 

അടുക്കളയിലെ മാലിന്യങ്ങള്‍ ഉപയോഗിച്ച് കമ്പോസ്റ്റ് നിര്‍മിച്ച് ചെടികള്‍ക്ക് നല്‍കിയാല്‍ മണ്ണിലെ നൈട്രജന്റെ അളവ് വര്‍ധിപ്പിക്കാന്‍ സഹായിക്കും.

 

പഴത്തൊലി കളയല്ലേ

 

കമ്പോസ്റ്റ് നിര്‍മിക്കുമ്പോള്‍ പഴത്തൊലി ഏറ്റവും അടിയിലായി ഇട്ടുകൊടുക്കാം. ചെടി നടുന്നതിന് മുമ്പായി കുഴി കുഴിച്ച് പഴത്തൊലി ഇട്ട് കുറച്ച് ദിവസം അഴുകാന്‍ വെക്കാം. ഇതില്‍ മണ്ണ് യോജിപ്പിച്ച് ചെടി നടാം.

 

മറ്റു ചില മാര്‍ഗങ്ങള്‍

 

കാപ്പിച്ചെടി നട്ടുവളര്‍ത്തിയാലും മണ്ണില്‍ നൈട്രജന്‍ നിലനില്‍ക്കും.

 

മത്സ്യങ്ങളുടെ അവശിഷ്ടങ്ങള്‍ നൈട്രജന്റെ നല്ല ഉറവിടമാണ്. അക്വേറിയം കഴുകുമ്പോള്‍ വെള്ളം ചെടികള്‍ക്ക് ഒഴിച്ചു കൊടുക്കാം.

 

മുട്ടത്തോട് സൂര്യപ്രകാശത്തില്‍ ഉണക്കുക. പൊടിച്ചെടുത്ത് മണ്ണില്‍ ചേര്‍ക്കുക. കുറഞ്ഞ അളവില്‍ നൈട്രജന്‍ മണ്ണിന് ലഭിക്കും. പക്ഷേ കാത്സ്യം വളരെ നന്നായിത്തന്നെ കിട്ടും.

 

അടുക്കളയിലെ ചാരവും മരങ്ങള്‍ കത്തിയ ശേഷമുള്ള ചാരവും മണ്ണില്‍ ചേര്‍ക്കാം. തോട്ടത്തില്‍ ചെറിയ പുല്ലുകള്‍ വളര്‍ത്താം. മുയല്‍, പശു, കുതിര,താറാവ് എന്നിവയുടെ വിസര്‍ജ്യങ്ങളില്‍ നിന്നും നൈട്രജന്‍ ധാരാളമുള്ള വളങ്ങള്‍ ഉണ്ടാക്കാം.

 

മനുഷ്യരുടെ മൂത്രവും ചെടികള്‍ക്ക് നൈട്രജന്‍ പ്രദാനം ചെയ്യുന്ന ഘടകമാണ്. വെള്ളത്തില്‍ നേര്‍പ്പിച്ച മൂത്രമാണ് ഉപയോഗിക്കേണ്ടത്. നേരിട്ട് ചെടിക്ക് ഒഴിച്ചാല്‍ കരിഞ്ഞു പോകും. ചായച്ചണ്ടി, പച്ചക്കറിത്തൊലി എന്നിവയും നൈട്രജന്‍ നല്‍കുന്നുണ്ട്.

 

agriculture

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.