All Categories

Uploaded at 2 years ago | Date: 23/06/2021 13:55:07

 

 പ്രമുഖ കൃഷി ശാസ്ത്രജ്ഞാനും കാർഷിക ലേഖകനും ആയ സുരേഷ് മുതുകുളം രചിച്ചിരിക്കുന്ന ഈ പുസ്തകം വാഴ കൃഷിയെ സംബന്ധിച്ച് സാധാരണക്കാരന്റെ വിജ്ഞാനകോശമാണ്. 

 

 നാലു പതിറ്റാണ്ടുകാലത്തെ കാർഷികരംഗത്തെ അനുഭവസമ്പത്തുള്ള ഗ്രന്ഥകാരൻ വളരെ ആധികാരികമായും സരളമായും രചന നിർവ്വഹിച്ചിരിക്കുന്നു.

 

ആഗോളതലത്തിൽ വാഴക്കൃഷിയിൽ ഇന്ത്യക്ക് ഒന്നാം സ്ഥാനം ആണുള്ളത്. ഇന്ത്യയിൽ മഹാരാഷ്ട്ര ഒന്നാം സ്ഥാനത്തും കേരളം ഒമ്പതാം സ്ഥാനത്തും നിൽക്കുന്നു.  വാഴയും വാഴപഴവും മലയാളിയുടെ ദൈനംദിന ജീവിതത്തിൽ ഭക്ഷണത്തിലും സാമൂഹ്യ ആചാരങ്ങളിലും അലിഞ്ഞുചേർന്നിരിക്കുന്നു. 

 

ഇന്ന് നമ്മുടെ നാട്ടിൽ വിവിധയിനം നാടനും വിദേശിയുമായ പഴങ്ങൾ ലഭ്യമാണ്. ഇവയിൽ പലതും നമ്മുടെ നാട്ടിൽ വളർത്തിയെടുക്കാനും വിളവെടുക്കാനുമുള്ള  പരിശ്രമങ്ങളും വിജയം കാണുന്നുണ്ട്. എങ്കിൽ പോലും നമ്മുടെ നാടിന്റെ തനതായ പഴങ്ങൾ ആയ വാഴപ്പഴം, മാമ്പഴം, ചക്ക, ആത്തപ്പഴം,സീതപ്പഴം, ചാമ്പക്ക, പേരക്ക 

കപ്പങ്ങ ഇവയെല്ലാം എന്നും സമൃദ്ധമായി വളർന്നു നമ്മെ തീററിപ്പോറ്റുന്നുണ്ട്.

 

 ഇതിൽ വാഴപ്പഴത്തെ സ്വർഗീയ ഫലം എന്നാണ് വിശേഷിപ്പിക്കുന്നത്. മലയാളിയുടെ ജീവിതത്തിൽ ഏറ്റവും സ്വാദോടെയും സുലഭമായും ലഭിക്കുകയും കഴിക്കുകയും ചെയ്യുന്നതാണ് വാഴപ്പഴം. വർഷത്തിൽ 365 ദിവസവും എന്ന് പറയുന്ന തരത്തിൽ ഏതു കാലത്തും ഏതു കാലയളവിലും ,ഏതു കാലാവസ്ഥയിലും സുലഭമായി ലഭിക്കുന്ന പഴം വാഴപ്പഴം ഒന്നുമാത്രമാണ് . സീസൺ ഇല്ലാതെ എപ്പോഴും നാട്ടിലും മാർക്കറ്റിലും ലഭ്യമാണ്. 

 

വീടുവിട്ട് യാത്രചെയ്യേണ്ടി വരുന്നവരിൽ പുറത്തുനിന്ന് ഭക്ഷണം കഴിക്കാൻ വിമുഖത ഉള്ളവർക്ക് എന്നും സ്വർഗീയ ഫലമായിരുന്നിട്ടുള്ളത് നമ്മുടെ നാട്ടിൽ സുലഭമായ വിവിധങ്ങളായ വാഴപ്പഴങ്ങൾ തന്നെ. 

 കേരളത്തിൽ വ്യാപകമായി കാണുന്ന പഴമാണ് നേന്ത്രപ്പഴം. ഏത്തപ്പഴം എന്നും പറയുന്നു. മറ്റൊന്നാണ് പാളയൻകോടൻ. ആദ്യകാലങ്ങളിൽ ഈ രണ്ടു പഴങ്ങളാണ് നമ്മുടെ നാട്ടിൽ സുലഭമായിരുന്നത്. കുറഞ്ഞ രീതിയിൽ പൂവൻ പഴവും ഉണ്ടായിരുന്നു. പിന്നീട് റോബസ്റ്റ ഏറെ വ്യാപകമായി. ഇപ്പോൾ കടകളിൽ ലഭ്യമാകുന്നതിൽ നേന്ത്രപ്പഴത്തിനും ഞാലിപ്പൂവനും ആണ് മുൻഗണന.

 

 വാഴപ്പഴത്തിന്റെ  ചരിത്രത്തെക്കുറിച്ച് ആദ്യ അധ്യായത്തിൽ വിശദമായി പ്രതിപാദിക്കുന്നുണ്ട്.  നാടിന് ഇണങ്ങിയ വാഴകൾ എന്ന അധ്യായത്തിൽ ഇന്ത്യയിലെ വിവിധ സംസ്ഥാനങ്ങളിലെ വാഴ കൃഷികളെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്. ഏതാണ്ട് അഞ്ഞൂറോളം ഇനം വാഴപ്പഴങ്ങൾ ഇന്ത്യയിൽ കൃഷിചെയ്യുന്നുണ്ട്. ഇവയിൽ പ്രധാന ഇനങ്ങളെ കുറിച്ച് വിശദീകരിക്കുന്നുണ്ട്. 

 

കൃഷിയെ കുറിച്ച് ആധികാരികമായി പറയുന്ന സർവ്വകലാശാലകൾ നിലവിൽ വരുന്നതിനു മുമ്പേ തന്നെ നല്ല രീതിയിൽ വാഴ കൃഷി നടന്നിരുന്നു. തലമുറകളായി കൈമാറിപ്പോന്ന നാട്ടറിവുകൾ അമൂല്യങ്ങളാണ്. അത്തരം അറിവുകളുടെ ഒരു ശേഖരം തന്നെയാണ് , വാഴ- നാട്ടറിവിന്റെ നീരുറവകൾ എന്ന അധ്യായത്തിൽ പ്രതിപാദിച്ചിരിക്കുന്നത്. ഇവയെല്ലാംതന്നെ നമ്മുടെ പൂർവികർ പരീക്ഷിച്ച് വിജയം കണ്ടതായതിനാൽ നമുക്കും ധൈര്യമായി പ്രയോഗത്തിൽ വരുത്താവുന്നതാണ്. 

 

വാഴ വളർത്തി പെരുമ നേടിയവർ എന്ന അവസാന അധ്യായം നല്ല കർഷകരോടുള്ള ആദരവ് പ്രകടിപ്പിക്കുന്നതാണ്. വാഴ വളർത്തി പേരും പെരുമയും നേടിയ ചിലരെ ചൂണ്ടി കാണിക്കുകയാണ് ഈ അധ്യായത്തിൽ.  

 

വാഴകൃഷിക്ക് തെരഞ്ഞെടുക്കേണ്ട ഇനങ്ങളുടെ സവിശേഷത, നടേണ്ട രീതികൾ, കൃഷിച്ചെലവ് കുറയ്ക്കാവുന്ന മാർഗ്ഗങ്ങൾ, ടിഷ്യുകൾച്ചർ വാഴയുടെ പ്രത്യേകതകൾ, വളപ്രയോഗം, കളനിയന്ത്രണവും കണ്ണ് നശിപ്പിക്കലും, ഇതര പരിചരണങ്ങൾ, രോഗങ്ങളും രോഗ നിയന്ത്രണവും, കീടങ്ങളുടെ ഉപദ്രവം, വാഴത്തോട്ടത്തിലെ ഇടവിളകൾ, വാഴപ്പഴത്തിൽ നിന്ന് ഉണ്ടാക്കാവുന്ന സ്വാദും മൂല്യവുമുള്ള ഭക്ഷ്യോൽപ്പന്നങ്ങൾ, വാഴനാരിൽ നിന്ന് ഉണ്ടാക്കാവുന്ന വിവിധതരം ഉത്പന്നങ്ങൾ, പൂവാഴകൾ തുടങ്ങി വാഴയെക്കുറിച്ചും വാഴകൃഷിയെ കുറിച്ചും ചുരുക്കം  വാക്കുകളിൽ എന്നാൽ സമഗ്രമായി പ്രതിപാദിച്ചിരിക്കുന്ന കൃതിയാണിത്. 

 

മലയാളിയുടെ ഭക്ഷണ രീതിയിൽ എന്തൊക്കെ മാറ്റങ്ങൾ വരുത്തിയാലും ഒരിക്കലും ഒഴിവാക്കാൻ കഴിയാത്തതാണ് വാഴപ്പഴം. ഒരു രുചി ഇഷ്ടപ്പെടാത്തവർക്ക് വിവിധ രുചികളുമായി വ്യത്യസ്ത ഇനം വാഴ പഴങ്ങൾ നമുക്കുമുന്നിൽ ഏതുസമയവും ലഭ്യമാണ്. 

 

 എന്തൊക്കെ മാറിയാലും മലയാളിയുടെ ജീവിതത്തിൽ നിന്ന് മാറാതെ ഉണ്ടാകും വാഴപ്പഴം.  അതുകൊണ്ടുതന്നെ ഈ പുസ്തകത്തിന്റെ പ്രസക്തിയും എന്നുമുണ്ടാകും.  വാഴ കൃഷി ചെയ്യാൻ ആഗ്രഹിക്കുന്ന ആർക്കും  തീർച്ചയായും ശുപാർശ ചെയ്യാൻ കഴിയുന്ന ഒരു പുസ്തകമാണിത്.

 

( വി ആർ നോയൽ രാജ് )

agriculture

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.