All Categories

Uploaded at 2 weeks ago | Date: 09/08/2025 18:23:07

ആരോഗ്യം

    ഗോൾഡൻ മിൽക്ക് 


നിരവധി ആരോഗ്യ ഗുണങ്ങളുള്ള ഒരു ആയുർവേദ പാനീയമാണ് ഇത്. മഞ്ഞളിലെ സജീവ സംയുക്തമായ കുർക്കുമിന്റെ ആന്റി-ഇൻഫ്ലമേറ്ററി, ആന്റിഓക്സിഡന്റ് ഗുണങ്ങൾ പാലിന്റെ പോഷക ഗുണങ്ങളുമായി സംയോജിപ്പിക്കുന്നു എന്നതാണ് ഇതിന്റെ മേന്മ. കോവിഡ് കാലത്ത്   ആരോഗ്യസംരക്ഷണത്തിനായി കേന്ദ്ര ആയുഷ് വകുപ്പ് ഈ പാനീയം എല്ലാവർക്കും ദിവസേന കഴിക്കുവാനായി നിർദ്ദേശിച്ചിരുന്നു. വീക്കവും സന്ധി വേദനയും കുറയ്ക്കുന്നു, പ്രതിരോധശേഷി വർദ്ധിപ്പിക്കുന്നു, ദഹനവും ചെറുകുടലിന്റെ ആരോഗ്യവും മെച്ചപ്പെടുത്തുന്നു, ചർമ്മ ആരോഗ്യം സംരക്ഷിക്കുന്നു, സമ്മർദ്ദവും ഉത്കണ്ഠയും കുറയ്ക്കുന്നു, ഹൃദയാരോഗ്യത്തെ നിലനിർത്തുന്നു, ഓർമ്മശക്തിയും തലച്ചോറിന്റെ പ്രവർത്തനവും മെച്ചപ്പെടുത്തുന്നു എന്നിവയാണ് ഇതിന്റെ പ്രധാനഗുണങ്ങൾ. 
പശുവിൻ പാൽ   150 മി.ലീ, നാടൻ മഞ്ഞൾപ്പൊടി 2 ഗ്രാം എന്ന അളവിൽ ചേർത്ത് തിളപ്പിച്ച് എളുപ്പത്തിൽ ഇത് തയ്യാറാക്കാം. 
 (ഇഞ്ചി, കറുവപ്പട്ട, ഏലം, കുരുമുളക് തുടങ്ങിയ സുഗന്ധവ്യഞ്ജനങ്ങൾ പൊടിച്ച് ചേർക്കുന്നത് കൂടുതൽ നല്ലതാണ്. ½ ടീസ്പൂൺ അളവിൽ ചേർക്കാം). മഞ്ഞളിലെ കുർക്കുമിന്റെ ആഗിരണം വർദ്ധിപ്പിക്കുന്നതിന് പലപ്പോഴും കുരുമുളക് പൊടി മാത്രമായി ചേർക്കാറുണ്ട്. 2ഗ്രാം വരെ ചേർക്കാം.
തേൻ അല്ലെങ്കിൽ തവിട്ട് നിറത്തിലുളള പഞ്ചസാര ചേർക്കാം (പാൽ തണുത്തതിനുശേഷം മാത്രമേ തേൻ ചേർക്കാൻ പാടുളളൂ). 
കുർക്കുമിൻ, ഡെമീത്തോക്സികുർക്കുമിൻ, ബിസ്ഡെമീത്തോക്സികുർക്കുമിൻ മുതലായ കുർക്കുമിനോയിഡുകൾ മഞ്ഞളിലുണ്ട്.  ആൽഫ - ടർമറോൺ, ബീറ്റ - ടർമറോൺ എന്നീ ബാഷ്പശീല എണ്ണകളും യുകോൺ എ, ബി, സി പോളിസാക്കറൈഡുകളും, കുർലോൺ, ടെർപിനോലീൻ, ഫെറുലിക് ആസിഡ്, കൊമാരിക് ആസിഡ് എന്നിവയും ഇതിൽ വിവിധ അളവുകളിൽ അടങ്ങിയിരിക്കുന്നു. മഞ്ഞളിൽ പൊട്ടാസ്യം, ഫോസ്ഫറസ്, കാൽസ്യം, മഗ്നീഷ്യം, ഇരുമ്പ് തുടങ്ങിയ ധാതുക്കളും അടങ്ങിയിട്ടുണ്ട്.
വാത പിത്ത കഫങ്ങളുടെ പ്രവർത്തനങ്ങൾ ക്രമീകരിച്ച് ശാരീരികവും മാനസികവുമായ  സന്തുലിതാവസ്ഥ എളുപ്പത്തിൽ സാധ്യമാക്കൽ, രക്തത്തിന്റെയും ശരീരകലകളുടെയും ശുദ്ധീകരണം, കരളിൻറെ പ്രവർത്തനങ്ങളെ ഉത്തേജിപ്പിക്കുന്നതിലൂടെ ശരീരത്തിലെ വിഷാംശങ്ങളുടെ നിർഹരണം,  എക്സിമ, സോറിയാസിസ്,  ചൊറിച്ചിൽ, വ്രണങ്ങൾ, നിറഭേദങ്ങളോടുകൂടിയ പാടുകൾ മുതലായ ചർമ്മരോഗങ്ങളുടെ ശമനം,  ത്വക്കിന്റെ നിറവും തിളക്കവും മെച്ചപ്പെടുത്തുന്ന കോശങ്ങളുടെ പ്രവർത്തനം ത്വരിതപ്പെടുത്തൽ , ബാഹ്യവും ആന്തരികവുമായ മുറിവുകൾ വേഗം സുഖപ്പെടുത്തൽ,  ഹീമോഗ്ലോബിൻ ശതമാനം വർധിപ്പിക്കൽ, ആരോഗ്യകരമായ രക്തോൽപ്പാദനത്തെയും രക്തചംക്രമണത്തെയും  ക്രമീകരിക്കൽ, പ്രമേഹനിയന്ത്രണം, വാർധക്യസഹജമായി ശരീരകോശങ്ങൾക്കുണ്ടാകുന്ന കേടുപാടുകൾ  ചെറുക്കൽ, അൽഷിമേഴ്സ് പോലുള്ള രോഗ സാധ്യത കുറയ്ക്കലും ഓർമ്മ ശക്തി വർധിപ്പിക്കലും കൊളസ്ട്രോൾ കുറയ്ക്കാൻ സഹായിക്കലൂം ധമനികൾക്ക് സംരക്ഷണം നൽകലും, ട്യൂമറുകളുടെ വളർച്ച തടയൽ , ചില വിഭാഗം കാൻസറുകളുടെ പ്രതിരോധം, ഉത്കണ്ഠ അകറ്റി മാനസികനില മെച്ചപ്പെടുത്തൽ , ചുമ, ആസ്ത്മ, പലതരം അലർജികൾ എന്നിവയുടെ ശമനം മുതലായ നിരവധി ഗുണങ്ങൾ  മഞ്ഞളിനുണ്ട്. ആയുർവേദ ഗ്രന്ഥങ്ങളിൽ ഇതിന്റെ വിവരണങ്ങൾ കാണാം. തിക്ത കടു രസ പ്രധാനവും, ലഘു, രൂക്ഷ ഗുണവും ഉഷ്ണ വീര്യവും  കടു വിപാകവുമുളള ഔഷധമായാണ് ഇതിനെ വർഗ്ഗീകരിച്ചിരിക്കുന്നത്.
100 മിലീ പാലിൽ നിന്ന് ഏകദേശം 61-64 കലോറിയും, 3.2-3.6 ഗ്രാം കൊഴുപ്പും, 3.2-3.3 ഗ്രാം പ്രോട്ടീനും ഏകദേശം 113-120 മില്ലിഗ്രാം കാത്സ്യവും, ഫോസ്ഫറസ്, പൊട്ടാസ്യം, സോഡിയം, മഗ്നീഷ്യം, സിങ്ക്  എന്നിവയും റൈബോഫ്ലേവിൻ, ബി 12 തുടങ്ങിയ വിറ്റാമിനുകളും ലഭിക്കും. 4.8 ഗ്രാം കാർബോഹൈഡ്രേറ്റ്, 5.1 ഗ്രാം പഞ്ചസാര എന്നിവയും ഇതിൽ ഉണ്ട്.
രസ വിപാകങ്ങളിൽ മധുരവും, ശീതവീര്യവുമുളള ദ്രവ്യമാണ് പാൽ. വാത പിത്തശമനത്തിനും നേരിയ കഫവർധനവിനും കാരണമാകുന്നു. സ്നിഗ്ധഗുണമുളളതും ഓജസ്സിനെ വർധിപ്പിക്കുന്നതുമാണ്. ക്ഷീണിതർക്കും, ശ്വാസകാസരോഗികളിലും, ജീർണ്ണ ജ്വരാവസ്ഥയിലും, മൂത്രരോഗങ്ങളിലും, രക്തപിത്തത്തിലും തലകറക്കം, മദാവസ്ഥകൾ എന്നിവയിലും ഫലപ്രദമാണ് പാൽ എന്ന് ആയുർവേദത്തിൽ പറയുന്നുണ്ട്. 
നിത്യജീവിതത്തിൽ പലതരം രോഗങ്ങളിൽ നിന്നും അസ്വസ്ഥതകളിൽ നിന്നും സമരക്ഷിക്കുകയും ആരോഗ്യം നിലനിർത്താൻ സഹായിക്കുകയും ചെയ്യുന്നതും എളുപ്പത്തിൽ തയ്യാറാക്കാനാവുന്നതുമായ ഇത്തരം നിരവധി ഔഷധയോഗങ്ങളുണ്ട്. ഗോൾഡൻ മിൽക് അവയിൽ ഒന്നാണ്. ദിവസം ഒരു പ്രാവശ്യമോ രണ്ടു പ്രാവശ്യമോ കഴിക്കാം. അതിനുമുമ്പ് ഒരു ആയുർവേദ ഡോക്ടറുടെ നിർദ്ദേശം സ്വീകരിക്കുന്നത് അഭികാമ്യമാണ്.

Dr. കെ.എ. രവി നാരായണൻ BAMS, PG Dip in Journalism
ഫോൺ - 8301040304

kerala

SHARE THIS ARTICLE

advertisment .....

en24tv advertisment
 

copyrights © 2019 Gosree TV   All rights reserved.