All Categories

Uploaded at 1 year ago | Date: 08/03/2023 13:56:33

രുചിക്കൂട്ടിൻ പെരുമയിൽ
ഒരു തീര മൈത്രി സംരംഭം

പറവൂർ : മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സമഗ്ര വികസനത്തിനും ശാക്തീകരണത്തിനും ഉതകുന്ന ബദൽ ജീവനോപാധി പദ്ധതികൾ 2005 മുതൽ ആവിഷ്കരിച്ച് നടപ്പിലാക്കി വരുന്ന ഫിഷറീസ് വകുപ്പിന് കീഴിലെ സ്ഥാപനമാണ് സൊസൈറ്റി ഫോർ അസിസ്റ്റൻസ് ടു ഫിഷർ വിമെൻ (സാഫ്). മത്സ്യത്തൊഴിലാളി മേഖലയിലെ പിന്നോക്കാവസ്ഥ പരിഹരിച്ച് മത്സ്യത്തൊഴിലാളി വനിതകളെ മുഖ്യധാരയിലേക്ക് എത്തിക്കുക എന്നതാണ് സാഫിന്റെ ലക്ഷ്യം. എണ്ണായിരത്തോളം മത്സ്യത്തൊഴിലാളി വനിതകൾ സാഫിന്റെ ഗുണഭോക്താക്കൾ ആയിട്ടുണ്ട്. സാഫിന് കീഴിൽ 18000ഓളം ചെറുകിട സംരംഭക യൂണിറ്റുകൾ ഇതുവരെ ആവിഷ്കരിച്ചിട്ടുണ്ട്. ചെറുകിട തൊഴിൽ സംരംഭങ്ങൾ ആരംഭിക്കുന്നതിനായി അഞ്ചുപേർ അടങ്ങുന്ന ഗ്രൂപ്പിന് 5 ലക്ഷം രൂപയും (ഒരംഗത്തിന് ഒരു ലക്ഷം) വരെ ഗ്രാൻഡ് ആയി നൽകുന്നു. പദ്ധതിയുടെ 75% ആണ് സാഫ് ധനസഹായമായി നൽകുന്നത്. 20 ശതമാനം ബാങ്ക് ലോണും അഞ്ചു ശതമാനം ഗുണഭോക്തൃ വിഹിതവും ആയിരിക്കും. ഏഴിക്കര പഞ്ചായത്തിലെ നികത്തിൽ ലൈസ സാബു,നികത്തിൽ ഹിമ സജേഷ്,എടമ്പാടത്ത് ജ്യോതി മധു,നികത്തിൽ കടവ് ആശ വിനീഷ്,കരിക്കുംപറമ്പ് സിംല റിജേഷ് എന്നീ 5 വനിതകളാണ് ഈ സംരംഭത്തിന്റെ സാരഥികൾ. 5 ലക്ഷം രൂപ സാഫ് ധനസഹായവും 1,33,000 രൂപ രൂപ ബാങ്ക് ലോണും,
33,000 രൂപ ഗുണഭോക്തൃ വിഹിതവും ആയിരുന്നു സംരംഭത്തിന്റെ ആദ്യ മുതൽമുടക്ക്. രുചികരമായ നാടൻ വിഭവങ്ങൾ ഗുണമേന്മ ഉറപ്പു വരുത്തി വാഴയിലയിൽ വിളമ്പി കൊണ്ടാണ് സംരംഭം മുന്നേറുന്നത്. പറവൂരിൽ ഉച്ചയൂണിന് പേര് കേട്ട വൃത്തിയുടെ പര്യായമായ ഹോട്ടലിൽ മത്തി,അയില,കൊഴുവ വറുത്തത്,കേര,
പൂമീൻ,വെള മീൻ കുടംപുളിയിട്ട് വറ്റിച്ചത്,പപ്പടം ചെറുതായി അരിഞ്ഞ് മുളകിട്ട് വറുത്തതും,ചെമ്മീൻ ചമ്മന്തിയും,കടൽ,കായൽ മത്സ്യങ്ങളും ഇവിടെയുണ്ട്. മോരും സാമ്പാറും മീൻ ചാറും റെഡി.
ഞണ്ട്,ചെമ്മീൻ,കൂന്തൽ,കരിമീൻ തുടങ്ങിയ സ്പെഷ്യൽ കറികളും ഉണ്ട്. സ്വാദിഷ്ടമായ ഊണായതിനാൽ ഉച്ചക്ക് തന്നെ ഭക്ഷണം തീരും. ഹോട്ടൽ ബിസിനസിന് ഒപ്പം കാറ്ററിങ് വർക്കുകളും ഇവർ ചെയ്തു വരുന്നു. രണ്ടരലക്ഷം മുതൽ മൂന്നുലക്ഷം വരെ പ്രതിമാസ വിറ്റു വരവുള്ള ഈ സംരംഭത്തിലൂടെ ഓരോ അംഗത്തിനും പ്രതിമാസം 15,000 മുതൽ 20,000രൂപ വരെ വരുമാനം ലഭിക്കുന്നുണ്ട്. ഇതിലൂടെ സാമ്പത്തികവും സാമൂഹികവുമായ ഉന്നമനം ഈ വനിതകൾ ഉറപ്പാക്കുന്നു. പെരുമ്പടന്ന കവലയിലാണ്  റസ്റ്റോറന്റ് പ്രവർത്തിക്കുന്നത്. ഓൺലൈൻ മാർക്കറ്റിങ്ങും ഉൾപ്പെടുത്തുമെന്ന് സാഫ് ജില്ലാ കോഡിനേറ്റർ പി.ആർ.രേഷ്മ പറഞ്ഞു. 

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.