കൊടുങ്ങല്ലൂർ:
സംസ്ഥാന വിനോദ സഞ്ചാര വകുപ്പ് കീഴിലെ മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത ചേന്ദമംഗലം ഹോളിക്രോസ് പള്ളി, പാലിയം ഊട്ടുപുര, കൊക്കണി എന്നിവയുടെയും വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനങ്ങളുടേയും ഉദ്ഘാടനം വെള്ളിയാഴ്ച വൈകീട്ട് ഒൻപത് മണിക്ക് പാലിയം ഊട്ടുപുരയിൽ നടക്കുന്ന ചടങ്ങിൽ സംസ്ഥാന ടൂറിസം, പൊതുമരാമത്ത് വകുപ്പ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് നിർവ്വഹിക്കും. പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശൻ ചടങ്ങിൽ അധ്യക്ഷനായിരിക്കും. എറണാകുളം എം.പി ഹൈബി ഈഡനാണ് മുഖ്യാതിഥി.
കൊടുങ്ങല്ലൂർ മുതൽ പറവൂർ വരെയുള്ള പ്രദേശങ്ങളിലെ വിവിധ പൈതൃക സ്മാരകങ്ങൾ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2007-മുതൽ കേരള വിനോദ സഞ്ചാരവകുപ്പിന് കീഴിൽ മുസിരിസ് പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന, സംരക്ഷണ, നവീകരണ പരിപാടികളുടെ തുടർച്ചയായാണ് പോർച്ചുഗീസ് കാലത്ത് കോട്ടയിൽ കോവിലത്ത് നിർമ്മിക്കപ്പെട്ട ഹോളിക്രോസ് പള്ളിയുടെ പുനുരുദ്ധാരണ പരിപാടി ആരംഭിച്ചത്. ജെസ്യൂട്ട് പാതിരിമാർ 1577-ൽ നിർമ്മിച്ച ഈ പള്ളിയുടെ പുരാതന പ്രൗഡിക്ക് കോട്ടം വരുത്താതെയാണ് മുഖപ്പും മേൽക്കൂരയും പടിപ്പുരയും നവീകരിച്ചിട്ടുള്ളത്. പാലിയച്ചനായിരുന്ന അഷ്ടമിയച്ചന്റെ കാലത്ത് നിർമ്മിച്ച പാലിയം ഊട്ടുപുരയും സമീപത്തെ ജലസ്രോതസായ കൊക്കർണിയും നാശോന്മുഖമായ അവസ്ഥയിലായിരുന്നു. മുസരിസ് പദ്ധതിയുടെ ഭാഗമായി ഇവയുടെ നവീകരണം പൂർത്തിയായി. ആറങ്കാവ് ക്ഷേത്രം, ചേന്ദമംഗലം ഭഗവതി ക്ഷേത്രം, പാലിയം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കുന്നത്ത് തളി മഹാദേവ ക്ഷേത്രം, പുതിയ തൃക്കോവ് ശിവക്ഷേത്രം, മൂകാംബിക ക്ഷേത്രം, കോട്ടക്കാവ് പള്ളി, ഗോതുരുത്ത് ചെറിയ പള്ളി, ഗോതുരുത്ത് വലിയ പള്ളി, ചേന്ദമംഗലം ഹോളിക്രോസ് പള്ളി എന്നീ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനവും പൂർത്തിയായി.
ഈ വികസന, സംരക്ഷണ, നവീകരണ പദ്ധതികളുടെ സംയുക്തമായ ഉദ്ഘാടനമാണ് മന്ത്രി പി.എ.മുഹമ്മദ് റിയാസ് വെള്ളിയാഴ്ച വൈകീട്ട് നിർവ്വഹിക്കുക. പ്രതിപക്ഷ നേതാവ് അഡ്വ.വി.ഡി.സതീശന്‍, ടൂറിസം വകുപ്പ് പ്രിൻസിപ്പൽ സെക്രട്ടറി കെ.ബിജു, ടൂറിസം വകുപ്പ് ഡയറക്ടർ ശിഖ സുരേന്ദ്രൻ, മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിങ് ഡയറക്ടർ ഡോ.മനോജ് കുമാർ കെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടൻ, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദൻ, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം, പറവൂർ നഗരസഭ ചെയർപേഴ്‌സൺ ബീന ശശിധരൻ, ജില്ലാ പഞ്ചായത്ത് മെമ്പര്‍ എ എസ് അനില്‍കുമാര്‍ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുക്കും.
ചടങ്ങിന് മുന്നോടിയായി പാലിയം ഊട്ടുപുരയിൽ കലാമണ്ഡലം നയനൻ അവസരിപ്പിക്കുന്ന ഓട്ടൻ തുള്ളലും നോർത്ത് പറവൂർ അർജുന പയറ്റ് കളരിയിലെ കുട്ടികളുടെ മെയ് പയറ്റും മെയ്യഭ്യാസ ചുവടുകളുടെ പ്രദർശനവും നടക്കും.
kerala
SHARE THIS ARTICLE