All Categories

Uploaded at 6 months ago | Date: 06/07/2024 06:40:00

സംസ്ഥാനത്തെ പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള പദ്ധതി കാര്യക്ഷമമായി നടപ്പാക്കാന്‍ സര്‍ക്കാര്‍ പ്രതിജ്ഞാ ബദ്ധം: മന്ത്രി മുഹമ്മദ് റിയാസ്

പറവൂര്‍: 

സംസ്ഥാനത്ത് അങ്ങോളമിങ്ങോളമുള്ള പൈതൃക അവശേഷിപ്പുകളെ വീണ്ടെടുക്കാനുള്ള പദ്ധതി ഏറ്റവും കാര്യക്ഷമവും സമയബന്ധിതവും പ്രദേശിക ജനവിഭാഗങ്ങള്‍ക്ക് ഉപയോഗ പ്രദവുമായ വിധത്തില്‍ നടപ്പാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ പ്രതിജ്ഞാബദ്ധമാണെന്ന് പൊതുമരാമത്ത്, ടൂറിസം മന്ത്രി പി.എ മുഹമ്മദ് റിയാസ് പറഞ്ഞു. മുസിരിസ് ഹെറിറ്റേജ് പ്രൊജക്ടിന്റെ ഭാഗമായി പുതുക്കി പണിത പാലിയം ഊട്ടുപുര, കൊക്കര്‍ണി എന്നിവയുടെയും ചേന്ദമംഗലം ഹോളിക്രോസ് പള്ളി, വിവിധ ആരാധനാലയങ്ങളുടെ അടിസ്ഥാന സൗകര്യവികസനങ്ങള്‍ എന്നിവ പാലിയം ഊട്ടുപുരയില്‍ ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി. മുസിരിസില്‍ ഒരുങ്ങുന്ന വിവിധ സ്മാരക മ്യൂസിയങ്ങളിലൂടെ സഞ്ചരിച്ച് പാലിയം സമരഭൂമി വരെ എത്തിച്ചേരുന്ന ഒരു സഞ്ചാരിക്ക് കേരളചരിത്രത്തിന്റെ 3000 വര്‍ഷങ്ങളുടെ പരിച്ഛേദം പകര്‍ന്ന് നല്‍കാന്‍ സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

കേരളത്തിന്റെ പൈതൃക ഗ്രാമമായി മാറാന്‍ ചേന്ദമംഗലത്തിന് കഴിയുമെന്ന് ചടങ്ങില്‍ അധ്യക്ഷനായിരുന്ന പ്രതിപക്ഷ നേതാവ് വി.ഡി സതീശന്‍ ചൂണ്ടിക്കാണിച്ചു. ക്ഷേത്രകലകളുടെ താവളമായി, വലിയ സംസ്‌കാരിക കേന്ദ്രമായി പാലിയം ഊട്ടുപുരയ്ക്ക് മാറാന്‍ കഴിയും. മുസിരിസ് പദ്ധതിക്ക് വേണ്ടി രാഷ്ട്രീയ കക്ഷിഭേദങ്ങള്‍ മറന്ന് മുഴുവനാളുകളും ഒന്നിക്കുമെന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു. ടൂറിസം വകുപ്പ് ഡയറക്ടര്‍ ശിഖ സുരേന്ദ്രന്‍, മുസിരിസ് പൈതൃക പദ്ധതിയുടെ മാനേജിങ് ഡയറക്ടര്‍ ഡോ.മനോജ് കുമാര്‍ കെ, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് മനോജ് മൂത്തേടന്‍, ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് കമല സദാനന്ദന്‍, ചേന്ദമംഗലം ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ലീന വിശ്വം, എ എസ് അനില്‍കുമാര്‍, ഷാരോണ്‍  പനക്കല്‍, വി യു ശ്രീജിത്,  ഫസല്‍ റഹ്മാന്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ചടങ്ങിന് മുന്നോടിയായി പാലിയം ഊട്ടുപുരയില്‍ കലാമണ്ഡലം നയനന്‍ അവസരിപ്പിച്ച ഓട്ടന്‍ തുള്ളലും നോര്‍ത്ത് പറവൂര്‍ അര്‍ജുന പയറ്റ് കളരിയിലെ കുട്ടികളുടെ മെയ് പയറ്റും മെയ്യഭ്യാസ ചുവടുകളുടെ പ്രദര്‍ശനവും നടന്നു.

കാര്യക്ഷമമായി പദ്ധതി പൂര്‍ത്തീകരിക്കാന്‍ സഹായിച്ച കോണ്‍ട്രാക്റ്റര്‍മാരായ ലിജോ കുര്യന്‍, ജിതിന്‍ സുധാകൃഷ്ണന്‍, ജംഷീദ് എം എന്നിവരേയും കലാകാരന്മായേയും ചടങ്ങില്‍ ആദരിച്ചു.

കൊടുങ്ങല്ലൂര്‍ മുതല്‍ പറവൂര്‍ വരെയുള്ള പ്രദേശങ്ങളിലെ വിവിധ പൈതൃക സ്മാരകങ്ങള്‍ സംരക്ഷിക്കുന്നതിന്റെ ഭാഗമായി 2007-മുതല്‍ കേരള വിനോദ സഞ്ചാരവകുപ്പിന് കീഴില്‍ മുസിരിസ് പദ്ധതി നടപ്പാക്കി കൊണ്ടിരിക്കുന്ന വികസന, സംരക്ഷണ, നവീകരണ പരിപാടികളുടെ തുടര്‍ച്ചയായാണ് പോര്‍ച്ചുഗീസ് കാലത്ത് കോട്ടയില്‍ കോവിലത്ത് നിര്‍മ്മിക്കപ്പെട്ട ഹോളിക്രോസ് പള്ളിയുടെ പുനുരുദ്ധാരണ പരിപാടി ആരംഭിച്ചത്. ജെസ്യൂട്ട് പാതിരിമാര്‍ 1577-ല്‍ നിര്‍മ്മിച്ച ഈ പള്ളിയുടെ പുരാതന പ്രൗഡിക്ക് കോട്ടം വരുത്താതെയാണ് മുഖപ്പും മേല്‍ക്കൂരയും പടിപ്പുരയും നവീകരിച്ചിട്ടുള്ളത്. പാലിയച്ചനായിരുന്ന അഷ്ടമിയച്ചന്റെ കാലത്ത് നിര്‍മ്മിച്ച പാലിയം ഊട്ടുപുരയും സമീപത്തെ ജലസ്രോതസായ കൊക്കര്‍ണിയും നാശോന്മുഖമായ അവസ്ഥയിലായിരുന്നു. മുസരിസ് പദ്ധതിയുടെ ഭാഗമായി ഇവ നവീകരിച്ചു. ആറങ്കാവ് ക്ഷേത്രം, ചേന്ദമംഗലം ഭഗവതി ക്ഷേത്രം, പാലിയം ശ്രീകൃഷ്ണ സ്വാമി ക്ഷേത്രം, കുന്നത്ത് തളി മഹാദേവ ക്ഷേത്രം, പുതിയ തൃക്കോവ് ശിവക്ഷേത്രം, മൂകാംബിക ക്ഷേത്രം, കോട്ടക്കാവ് പള്ളി, ഗോതുരുത്ത് ചെറിയ പള്ളി, ഗോതുരുത്ത് വലിയ പള്ളി, ചേന്ദമംഗലം ഹോളിക്രോസ് പള്ളി എന്നീ ആരാധനാലയങ്ങളുടെ അടിസ്ഥാന വികസനവും ഉദ്ഘാടനം ചെയ്യപ്പെട്ടു.

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.