All Categories

Uploaded at 4 months ago | Date: 24/05/2023 16:30:49


പുസ്തക പരിചയം 

കിളിക്കൂട്ടിലെ കളിക്കൂട്ടുകാർ 

(ബാല നോവൽ) 

ജയനാരായണൻ തൃക്കാക്കര 

പേജ് 48 വില 70 രൂപ 

ചെറു സൂനം പുരസ്കാരം നേടിയ "ആരും അന്യരല്ല " എന്ന ബാല നോവലിൻറെ പുസ്തകരൂപമാണ് കിളിക്കൂട്ടിലെ കളി കൂട്ടുകാർ. 
പത്ത് അധ്യായങ്ങളിൽ അവസാനിക്കുന്ന ഈ നോവൽ ഒറ്റയിരിപ്പിൽ വായിച്ചു തീർക്കാൻ കഴിയുന്നതാണ്.  അദ്ധ്വാനനത്തിൻറെയും സ്നേഹത്തിൻറെയും സേവനത്തിന്റെയും മഹത്വം വിളിച്ചോതുന്ന ഈ നോവൽ
കുട്ടികൾക്ക് മാത്രമല്ല മുതിർന്നവർക്കും നന്നായി രസിക്കും.
 മാനുഷിക മൂല്യങ്ങളുടെ 
ഉജ്ജ്വല പ്രകാശം ഈ പുസ്തകത്തിൻറെ പ്രത്യേകതയാണ്.

 നോവൽ തുടങ്ങുന്നത് ഇങ്ങനെയാണ് 

"നന്മ നശിച്ചിട്ടില്ലാത്ത ആ ഗ്രാമത്തിലെ ഒന്നരയേക്കർ മണ്ണും ഉപേക്ഷിച്ചു പോകുന്ന കാര്യം ആലോചിച്ചപ്പോൾ കുഞ്ഞപ്പൻറെ കണ്ണു നിറഞ്ഞു . പക്ഷേ വയനാട്ടിൽ തന്നെ കാത്തു മൊട്ടക്കുന്ന്  ആണെങ്കിലും രണ്ടേക്കർ സ്ഥലമുണ്ടെന്ന് ആലോചിച്ചപ്പോൾ അയാൾ ഉത്സാഹ ഭരിതനായി."

 ഇന്ന് ആധുനിക കാലഘട്ടത്തിൽ ഏറ്റവും കൂടുതൽ ചർച്ച ചെയ്യപ്പെടുന്ന വിഷയമാണ് നഷ്ടപ്പെട്ടുകൊണ്ടിരിക്കുന്ന നന്മകൾ . ഭാര്യ റോസിയും മകൻ സണ്ണി കുട്ടിയും അടങ്ങിയ സംതൃപ്തമായ ഒരു കുടുംബത്തിൻറെ 
പശ്ചാത്തലത്തിലാണ് ഈ നോവൽ വികാസം പ്രാപിക്കുന്നത്. 

പുരയിടത്തിന് ജപ്തി ഭീഷണി വന്നപ്പോൾ അന്തംവിട്ടു നിന്ന അപ്പൻറെ മുന്നിൽ തുറന്ന വഴിയാണ് വയനാട്ടിലേക്കുള്ള പറിച്ചുനടൽ. ജോസ് അച്ഛൻ മുൻകൈയെടുത്താണ് വീടിൻറെ നടപടികൾ ഒഴിവാക്കി
ഇത്തരം ഏർപ്പാടുകൾ ചെയ്തത്. 

പകരമായി വയനാട്ടിൽ പള്ളിവക ഭൂമി അനുവദിച്ചു കൊടുത്തു. കുന്നായി  കിടക്കുന്ന സ്ഥലം നിരപ്പാക്കി നല്ല വിളവു തരുന്ന ഭൂമിയാക്കി മാറ്റി എടുക്കാൻ കുഞ്ഞപ്പന് കഴിയുമെന്ന് ജോസ് അച്ഛന് ഉറപ്പായിരുന്നു. 

അങ്ങനെ നാടും വീടും വിട്ട് കുടുംബം വയനാട്ടിലേക്ക് ചേക്കേറുകയാണ്. 

നിരപ്പ് ഇല്ലാത്ത ഭൂമി കുഞ്ഞപ്പൻ വെട്ടിയും കിളച്ചും കണ്ടാൽ കൊതിക്കുന്ന ഇടമാക്കി മാറ്റി. നാട്ടിലായിരുന്നപ്പോൾ കുഞ്ഞപ്പൻറെ കഥയും കവിതകളും കേൾക്കാൻ കുട്ടികൾ ധാരാളമായി എത്തുമായിരുന്നു. അതുപോലൊരു ആസ്വാദക കൂട്ടത്തെ വയനാട്ടിൽ ലഭിച്ചതും കുഞ്ഞപ്പന് ആശ്വാസമായിരുന്നു. 

ശാന്ത സുന്ദരമായ കാലാവസ്ഥയിൽ മുന്നോട്ടു പോയിക്കൊണ്ടിരിക്കുമ്പോൾ അപ്രതീക്ഷിത പ്രകൃതി ദുരന്തങ്ങൾ മനുഷ്യനെ കണ്ണീരിലാഴ്ത്താറുണ്ട്. അതുപോലെ എല്ലുമുറിയെ പണിയെടുത്ത് നല്ല രീതിയിൽ മുന്നോട്ടു പോകുന്നതിനിടെ കടന്നുവന്ന ദുരന്തം നിലവിട്ട കപ്പൽ പോലെ ജീവിതങ്ങളെ ആട്ടിയിലച്ചു. 
 അവരുടെ ദുരന്തത്തിൽ കണ്ണ് നനയാതെ വായനക്കാരന് പുസ്തകം മടക്കി വെക്കാൻ ആകില്ല. 

ഓരോ അധ്യായങ്ങളുടെ അവസാനത്തിലും ജയനാരായണൻ മനോഹരമായ നാലുവരി കവിതകൾ ചേർത്തിട്ടുണ്ട്. ഈ കവിതകളെല്ലാം തന്നെ വളരെയധികം മനോഹരമാണ്. എന്നാൽ ഓരോ അധ്യായവുമായി ബന്ധപ്പെട്ടു വരുന്ന തരത്തിലുള്ള കവിതകൾ ചേർത്തിരുന്നെങ്കിൽ അത് പുസ്തകത്തിന് വളരെയധികം മാറു കൂട്ടുമായിരുന്നു.

( വി ആർ നോയൽ രാജ് )

kerala

SHARE THIS ARTICLE

advertisment .....

 

copyrights © 2019 Gosree TV   All rights reserved.