Uploaded at 2 years ago | Date: 20/12/2022 16:45:44
ദില്ലി : ബിജെപി നേതാവും കേന്ദ്രമന്ത്രിയുമായ സ്മൃതി ഇറാനിക്ക് എതിരായ സ്ത്രീ വിരുദ്ധ പരാമർശത്തിൽ കോൺഗ്രസ് നേതാവ് അജയ് റായിക്കെതിരെ പൊലീസ് കേസ്. യുപി പോലീസാണ് എഫ്ഐആർ രജിസ്റ്റർ ചെയ്ത് കേസെടുത്തത്. അജയ് റായിയെ ചോദ്യം ചെയ്യുമെന്നും പൊലീസ് അറിയിച്ചു. സ്മൃതി ഇറാനി അമേഠിയിലെത്തുന്നത് നാട്യം കാണിക്കാനാണെന്നായിരുന്നു കോൺഗ്രസ് നേതാവ് അജയ് റായ് കഴിഞ്ഞ ദിവസം പറഞ്ഞത്. അമേഠിയിലെ ഫാക്ടറികൾ അടച്ചുപൂട്ടലിന്‍റെ വക്കിലാണ്. ഇതിലൊന്നും ശ്രദ്ധിക്കാതെ സ്മൃതി ഇറാനി ചില നാട്യങ്ങൾ കാണിക്കാനാണ് അമേഠിയിൽ എത്തുന്നതെന്നായിരുന്നു വിമർശനം. 'ലട്കയും ഝഡ്കയുമെന്ന് നൃത്തത്തിലെ ചില ചുവടുകളെ സൂചിപ്പിച്ച് കൊണ്ട് അജയ് പറഞ്ഞത്. പരാമർശത്തിനെതിരെ ബിജെപി രംഗത്തെത്തിയിരുന്നു. കോൺഗ്രസ് നേതാക്കളുടേത് സ്ത്രീ വിരുദ്ധമായ പരാമർശങ്ങളാണെന്നും പ്രയോഗം സ്മൃതി ഇറാനിയെ അപമാനിക്കുന്നതാണെന്നുമാണ് ബിജെപി വക്താവ് ഷഹദാദ് പുണെ വാല വിഷയത്തിൽ പ്രതികരിച്ചത്. അജയ് റായ് പ്രയോഗത്തിൽ മാപ്പ് പറയണമെന്നും ബിജെപി ആവശ്യപ്പെട്ടു. എന്നാൽ താൻ പറഞ്ഞ വാക്ക് അസഭ്യമല്ലെന്നും ആരെയും അപമാനിക്കാൻ ഉദ്ദേശിച്ചിട്ടില്ലെന്നുമാണ് അജയ് റായി പ്രതികരിച്ചത്.
INDIA
SHARE THIS ARTICLE