Uploaded at 2 years ago | Date: 16/12/2022 16:58:15
ദില്ലി: അഞ്ചാം ക്ലാസ് വിദ്യാർത്ഥിയെ സ്കൂളിന്റെ ഒന്നാം നിലയിൽ നിന്ന് താഴേക്ക് തള്ളിയിട്ട അധ്യാപിക അറസ്റ്റിൽ. ദില്ലിയിലെ ഒരു സർക്കാർ സ്കൂളിലാണ് സംഭവം. ഗീതാ ദേശ്വാൾ എന്ന അധ്യാപികയാണ് അറസ്റ്റിലായത്. അക്രമത്തിനിരയായ വന്ദന എന്ന കുട്ടിയുടെ നില ഗുരുതരമായി തുടരുകയാണ്. ഇന്ന് രാവിലെ പതിനൊന്നേകാലോടെയാണ് സംഭവം. ദില്ലി നഗർ നിഗം ബാലികാ വിദ്യാലയത്തിലെ അധ്യാപികയാണ് ഗീത. കെട്ടിടത്തിൽ നിന്ന് താഴേക്ക് തള്ളിയിടുന്നതിനു മുമ്പ് വിദ്യാർത്ഥിയെ ഗീത കത്രിക കൊണ്ട് ആക്രമിച്ചതായും ദൃക്സാക്ഷികൾ പറയുന്നു. വന്ദനയെ ആക്രമിക്കുന്നതിൽ നിന്ന് ഗീതയെ പിന്തിരിപ്പിക്കാൻ റിയ എന്ന സഹഅധ്യാപിക ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. ഇത്തരമൊരു ക്രൂരത കാട്ടാൻ അധ്യാപികയെ പ്രേരിപ്പിച്ചതെന്താണെന്ന് ഇനിയും വ്യക്തമായിട്ടില്ല. കുട്ടി മുകൾ നിലയിൽ നിന്ന് താഴേക്ക് വീഴുന്നതു കണ്ട് ഓടിക്കൂടിയവരാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. ബാരാ ഹിന്ദു റാവു ആശുപത്രിയിലാണ് സാരമായി പരിക്കേറ്റ് കുട്ടിയുള്ളത്. കുട്ടിയെ ആശുപത്രിയിലേക്കെത്തിച്ചവർ തന്നെയാണ് പോലീസിൽ വിവരമറിയിച്ചതും. പൊലീസ് അന്വേഷണം പുരോഗമിക്കുകയാണ്.
INDIA
SHARE THIS ARTICLE